sections
MORE

വില കുറഞ്ഞ ഐഫോണ്‍ ഇന്ന് അവതരിപ്പിച്ചേക്കും? എയര്‍ ടാഗ്‌സും ഈ വര്‍ഷം?

iPhone-se
SHARE

കൊറോണാവൈറസ് ലോകത്തെ പ്രതിസന്ധിയിലാക്കിയിരുന്നില്ലെങ്കിൽ നേരത്തെ അവതരിപ്പിക്കാമായിരുന്ന പല ഉപകരണങ്ങളും ഉണ്ട് അവയിലൊന്നാണ് വില കുറഞ്ഞ ഐഫോണ്‍. ഈ ഡിവൈസിന് ഇന്ത്യയില്‍ എന്തു വിലയായിരിക്കും എന്നറിയാന്‍ ജിജ്ഞാസപൂണ്ട നിരവധി ആപ്പിള്‍ ആരാധകരുണ്ട്.

ഫോണിന്റെ പേരെന്ത്?

ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ മോഡലിന് ഐഫോണ്‍ 9 എന്ന പേരു നല്‍കിയേക്കാമെന്നാണ് പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍, പുതിയ ചില ശക്തമായ തെളിവുകള്‍ പ്രകാരം അതിന്റെ പേര് ഐഫോണ്‍ എസ്ഇ (എസ്ഇ2?) എന്നായിരിക്കും. അടുത്തിടെ ആപ്പിള്‍ സ്റ്റോറും ഇക്കാര്യം സ്ഥിരീകരിച്ചതായി വാര്‍ത്തയുണ്ട്. ആപ്പിളിന്റെ ഓണ്‍ലൈനിന്‍ സ്‌റ്റോറില്‍ ഇപ്പോള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന ബെല്‍ക്കിന്റെ സ്‌ക്രീന്‍ പ്രൊട്ടക്ടര്‍ ഐഫോണ്‍ 7, 8, എസ്ഇ എന്നീ മോഡലുകള്‍ക്കുള്ളതാണ്. ഇതില്‍ നിന്നു നേരത്തെ പറഞ്ഞുകേട്ട മറ്റൊരു കാര്യം കൂടെ ശരിയാണെന്നു വരുന്നു- ഐഫോണ്‍ 8ന്റെ സ്‌ക്രീന്‍ സൈസ് ആയിരിക്കും പുതിയ മോഡലിനെന്ന്. (ആദ്യ എസ്ഇ മോഡലിന് 4-ഇഞ്ച് വലുപ്പമാണുള്ളത്. ഐഫോണ്‍ 7, 8 മോഡലുകള്‍ക്ക് 4.7-ഇഞ്ച് വലുപ്പമാണ്.)

ഫോണിന്റെ പേര് എസ്ഇ എന്നായിരിക്കുമെന്നതിന് നിലവില്‍ ലഭിച്ചിരിക്കുന്ന ഏറ്റവും ശക്തമായ തെളിവാണ് സ്‌ക്രീന്‍ പ്രൊട്ടക്ടറിന്റെ പേജ്. ഐഫോണ്‍ 9 പേരിനെക്കാള്‍, ഐഫോണ്‍ എസ്ഇ എന്ന പേര് ആപ്പിള്‍ ഉപയോഗിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ടത്രെ. ആപ്പിളിന്റെ വില കുറഞ്ഞ ഫോണ്‍ ശ്രേണിയാണ് എസ്ഇ. അപ്പോള്‍ അതു തുടരട്ടെ എന്നതാവാം അവരുടെ ചിന്ത എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യ ഐഫോണ്‍ എസ്ഇ 2016ല്‍ ആണ് അവതരിപ്പിച്ചത്. ഐഫോണ്‍ 6എസ്‌ന്റെ പ്രോസസര്‍ ഉപയോഗിച്ച് അതിനെക്കാള്‍ അല്‍പ്പം ചെറിയ ഫോണിറക്കുകയാണ് അന്ന് കമ്പനി ചെയ്തത്.

വില

പുതിയ ഫോണിന് മൂന്നു കളറുകളായിരിക്കും ഉണ്ടായിരിക്കുക എന്നു പറയുന്നു - ബ്ലാക്, വൈറ്റ്, പ്രൊഡക്ട് റെഡ്. മൂന്നു സ്റ്റോറേജ് ശേഷിയാണ് പ്രതീക്ഷിക്കുന്നത് - 64ജിബി, 128ജിബി, 256ജിബി. പുതിയ റിപ്പോര്‍ട്ടില്‍ ഫോണിന്റെ വില പറയുന്നില്ല. എന്നാല്‍ നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 399 ഡോളറായിരിക്കും വില എന്നാണ് പറഞ്ഞുകേട്ടിരുന്നത്. ഇന്ത്യയിലെ വില 30,000 രൂപയായിരിക്കാം എന്നാണ് അന്നു പറഞ്ഞു കേട്ടിരുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ചിറക്കുകയാണെങ്കില്‍ ആ വില പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു ഒരു വാദം. എന്നാലിപ്പോള്‍ ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മാണശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. അപ്പോള്‍ ഫോണ്‍ ഇറക്കുമതി ചെയ്യാനുള്ള സാധ്യതയാണ് കൂടുതല്‍. അങ്ങനെ വരുമ്പോള്‍ പരിഗണിക്കേണ്ട കാര്യം 2016ലെ ഐഫോണ്‍ എസ്ഇ അവതരിപ്പിച്ചപ്പോള്‍ ഇതിന്റെ വില 39,999 രൂപയായിരുന്നു എന്നതാണ്. ഇപ്പോഴാണെങ്കില്‍ ജിഎസ്ടിയും വര്‍ധിപ്പിച്ചു. ഇതിനാല്‍ വില അല്‍പ്പം കൂടിയാലും അദ്ഭുതപ്പെടേണ്ട.

ഐഫോണ്‍ 11 പ്രോ മാക്‌സ് മോഡലിന് ശക്തി പകരുന്ന അതേ ആപ്പിള്‍ എ13 ബയോണിക് പ്രോസസറായിരിക്കും പുതിയ എസ്ഇ മോഡലിനും എന്നും അഭ്യൂഹങ്ങളുണ്ട്. ഇക്കാരണത്താല്‍ ഈ ഫോണ്‍ ഐഫോണ്‍ 8 തുടങ്ങിയ മോഡലുകളെക്കാള്‍ പ്രിയങ്കരമാകാന്‍ സാധ്യതയുണ്ട്. ഫോണ്‍ ഇന്ന് അവതരിപ്പിച്ചേക്കുമെന്ന വാര്‍ത്തകളുണ്ടെങ്കിലും പെട്ടെന്നു മാറിമറിയുന്ന സാഹചര്യങ്ങളിലൂടെയാണ് ലോകം ഇപ്പോള്‍ കടന്നുപോകുന്നത് എന്നതിനാല്‍ മാറ്റിവയ്ക്കപ്പെട്ടാലും അദ്ഭുതമില്ലെന്നും വാദമുണ്ട്.

എയര്‍ടാഗ്‌സ് (AirTags)

ഒരു യു1 ലൊക്കേറ്റര്‍ ചിപ്പ് (U1 locator chip) അടങ്ങുന്ന ചെറിയ ഉപകരണമാണ് എയര്‍ടാഗ്‌സ്. ഇത് കീചെയിനുകള്‍, സൂട്ട്‌കെയ്‌സ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ പിടിപ്പിക്കാം. ഇവ എവിടെയെങ്കിലും വച്ചു മറന്നാല്‍ ഐഫോണിന്റെ ഫൈന്‍ഡ് മൈ ആപ് ഉപയോഗിച്ച് കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ഉപകരണമാണിത്. ഇതിന് ഒരു ഓഫ്‌ലൈന്‍ മോഡ് ഉണ്ട് എന്നതാണ് ഏറ്റവുമധികം ജിജ്ഞാസയുണര്‍ത്തുന്ന കാര്യം. സാധാരണ ഇത്തരം ഉപകരണങ്ങള്‍ക്ക് ബ്ലൂടൂത്ത്, വൈ-ഫൈ തുടങ്ങിയ കണക്ടിവിറ്റിയായിരിക്കും നല്‍കാന്‍ പരിഗണിക്കുക. ഇതാകട്ടെ ഫോണിന്റെയും അത്തരം ഉപകരണത്തിന്റെയും ബാറ്ററിചാര്‍ജ് എളുപ്പത്തില്‍ തീര്‍ത്തുകളയുകയും ചെയ്യും. എന്നാല്‍ നിത്യോപയോഗ സാധനങ്ങള്‍ എവിടെയാണ് എന്നു കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഈ ഉപകരണം ഓഫ്‌ലൈനായി പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നത് ഇതിന് ആവശ്യക്കാര്‍ കൂടാന്‍ ഇടയായേക്കും. ഇതിനായി ഓഗ്മെന്റഡ് റിയാലിറ്റി ഇന്റര്‍ഫെയ്‌സാണ് ആപ്പിള്‍ ഉപയോഗിക്കുന്നതെന്നും പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA