ADVERTISEMENT

ചരിത്രത്തിലെ ഏറ്റവും കാശുകാരനായ ക്രിമിനല്‍ എന്നറിയപ്പെടുന്ന, കൊളംബിയന്‍ മയക്കുമരുന്ന് കച്ചവടക്കാരന്‍ പാബ്ലോ എസ്‌കൊബാറിന്റെ സഹോദരന്‍ സ്വന്തമായി സ്മാര്‍ട് ഫോണ്‍ നിര്‍മിച്ചു വിൽക്കുന്നുണ്ട്. ഇതിന്റെ പേര് എസ്‌കൊബാര്‍ ഫോണ്‍ എന്നാണ്. ഒന്നര ലക്ഷം രൂപയും മറ്റും വിലമതിക്കുന്ന സാംസങ്ങിന്റെയും മറ്റും ഫോണുകളൊട് കിടപിടിക്കുന്നതാണിവ. വില്‍ക്കുന്നതോ ഏകദേശം 25,000 രൂപയൊക്കെ വിലയ്ക്കും. ഇതു തുടര്‍ന്നാല്‍ സാംസങ്ങിന്റെയും ആപ്പിളിന്റെയും കട പൂട്ടേണ്ടിവരില്ലെ എന്നാണ് യുട്യൂബര്‍മാരും മറ്റും ചോദിക്കുന്നത്. ഇത് ഉപയോക്താക്കളില്‍ ജിജ്ഞാസ ഉണര്‍ത്തിക്കഴിഞ്ഞു. എന്താണ് നടക്കുന്നതെന്നറിയാനുള്ള തന്റെ ജിജ്ഞാസ അടക്കിവയ്ക്കാനാകാതെയാണ് എംകെബിഎച്ഡി (MKBHD) എന്ന യുട്യൂബറും ഒരെണ്ണം ഓര്‍ഡര്‍ ചെയ്യാന്‍ തീരുമാനിച്ചത്.

ആദ്യം മുതല്‍ പറയാം

കാര്യങ്ങളില്‍ ദുരൂഹത ആദ്യമേ മണത്തിരുന്നു. ആദ്യ എസ്‌കോബാര്‍ ഫോണ്‍ ഇറങ്ങിയപ്പോള്‍ അതിന്റെ ചിത്രങ്ങള്‍ക്ക് റൊയോള്‍ ഫ്ലെക്‌സ്‌പൈ (Royole Flexpai) എന്ന, ആദ്യമായി വില്‍പ്പനയെക്കെത്തിയ ഫോള്‍ഡബിള്‍ ഫോണ്‍ എന്ന പേരുള്ള മോഡലിനോട് സാമ്യമൊക്കെ തോന്നിയിരുന്നു. എല്ലാം നേരിട്ടു കണ്ടറിയാനാണ് എംകെബിഎച്ഡി ഫോണിന്റെ വിലയായ 349 ഡോളര്‍ ഓണ്‍ലൈനായി അടച്ചത്. പൈസയടച്ച് കാത്തിരുന്നതല്ലാതെ ഫോണ്‍ കിട്ടിയില്ല. ഓണ്‍ലൈന്‍ സ്റ്റാറ്റസ് 'പെന്‍ഡിങ്' എന്നായിരുന്നു കാണിച്ചുകൊണ്ടിരുന്നത്. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്.

അങ്ങനെ നില്‍ക്കുമ്പോഴാണ് ഫെബ്രുവരി മാസം എസ്‌കൊബാര്‍ 2 എന്ന പേരില്‍ രണ്ടാമത്തെ ഫോണ്‍ കമ്പനി അവതരിപ്പിച്ചത്. ഇത്തവണ അതിന്റെ ചിത്രങ്ങള്‍ 2,000 ഡോളര്‍ വിലയുള്ള സാംസങ് ഗ്യാലക്‌സി ഫോള്‍ഡിനെ അനുസ്മരിപ്പിച്ചു. കാര്യമായ ശ്രദ്ധയൊന്നുമില്ലാതെ പതിച്ച എസ്‌കൊബാർ ബ്രാന്‍ഡ് ലോഗോ ഫോണിനു മുകളില്‍ കാണുകയും ചെയ്യാം. വിലയാകട്ടെ 399 ഡോളറും (ഏകദേശം 30,000 രൂപ). ഇതിന്റെ രഹസ്യമെന്താണെന്ന് അറിയണമല്ലോ എന്നു കരുതി എംകെബിഎച്ഡി വീണ്ടും തുകയടച്ചു. വീണ്ടും സ്റ്റാറ്റസ് പെന്‍ഡിങ്.

എംകെബിഎച്ഡി ഒരു പണി ചെയ്തു. തന്റെ അനുഭവങ്ങളൊക്കെ കാണിച്ച് ഒരു ട്വീറ്റ് അങ്ങു നടത്തി. അതു ഫലം കണ്ടു. ട്വീറ്റ് നടത്തി തന്റെ സ്റ്റുഡിയോയിലെത്തിയതും ഫോണ്‍ എംകെബിഎച്ഡിയെ തേടി വന്നു. അദ്ദേഹം ഞെട്ടിപ്പോയി. എന്നാല്‍, അത് വരാനിരിക്കുന്ന ഞെട്ടലുകളുടെ തുടക്കം മാത്രമായിരുന്നു. ഒട്ടും ആകര്‍ഷകമല്ലാത്ത ഫോൺ പാക്കറ്റ് അദ്ദേഹം അഴിച്ചു. ഫോണിനൊപ്പം ചാര്‍ജറും ഉണ്ടായിരുന്നു. സൂക്ഷ്മ നിരീക്ഷണത്തില്‍ അത് ഗ്യാലക്‌സി ഫോള്‍ഡിന്റെ സാംസങ് തന്നെ പുതുക്കിയ വേര്‍ഷന്‍ തന്നെയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി.

അദ്ദേഹം ഫോണിന്റെ പിന്നിലൊട്ടിച്ചിരുന്ന സ്‌കിന്‍ ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്തപ്പോള്‍ സാംസങ് പരിപൂര്‍ണ്ണമായും അനാവൃതമായി. പക്ഷേ, ഇതെങ്ങനെ സാധിക്കും? എസ്‌കൊബാറിന്റെ സഹോദരന്‍ എന്താ ടെക്‌നോളജി ലോക കള്ളനോ, 2000 ഡോളറിന്റെ ഫോണ്‍ വാങ്ങി 400 ഡോളറിനു വില്‍ക്കാന്‍? വിലകൂടിയ ടെക്‌നോളജി താരതമ്യേന കാശു കുറഞ്ഞവരും ആസ്വദിക്കട്ടെ എന്ന ഉദാരമനസ്‌കതയാകുമോ ഈ കള്ളന്റെ മനസ്സില്‍? അതോ, സമ്പൂര്‍ണ്ണമായും പരാജയപ്പെട്ട ഒരു ബിസിനസ് തന്ത്രമാണോ?

Escobar-Fold-1

ഇത് ഒന്നാന്തരം തട്ടിപ്പു തന്നെ

തന്റെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് എംകെബിഎച്ഡി വിഡിയോ ഇറക്കി. അതില്‍ അദ്ദേഹം പറയുന്നത് എസ്‌കൊബാര്‍ ഫോണിന് ഓര്‍ഡര്‍ നല്‍കിയവരില്‍ തന്നെപ്പോലെയുള്ള മറ്റു യുട്യൂബര്‍മാരുമുണ്ട്. അവരില്‍ ചിലരാണ് ഈ ഫോണ്‍ ഉയര്‍ത്തിക്കാണിക്കുന്നവര്‍. യുട്യൂബര്‍മാരും ചില സെലബ്രിറ്റികളുമൊഴികെ ആരും ഈ ഫോണ്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളില്ല. ഇതില്‍ നിന്ന് കാര്യങ്ങള്‍ കൂടുതല്‍ സ്പഷ്ടമാകുകയാണ്. പ്രശസ്തരുടെയും യുട്യൂബര്‍മാരുടെയും കയ്യില്‍ ഫോണ്‍ കാണുന്നത് കുറഞ്ഞ വിലയ്ക്ക് ഫോള്‍ഡബിള്‍ ഫോണ്‍ വേണമെന്നുള്ളവരെ ആകര്‍ഷിക്കും.

എസ്‌കോബാര്‍ ബ്രാന്‍ഡ് 2000 ഡോളറിന്റെ ഫോണ്‍ 400 ഡോളറിന് എത്ര പേര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട് എന്നറിയില്ല. അത്തരം ഒരു ഭാഗ്യപരീക്ഷണം നടത്തുകയും വേണ്ട. 400 ഡോളര്‍ എറിഞ്ഞാല്‍ മാത്രമെ നിങ്ങളെക്കാത്ത് അത്തരമൊരു ഭാഗ്യം ഇരിപ്പുണ്ടോ എന്ന് അറിയാനാകൂ. എന്തായാലും അതു ചെയ്യേണ്ടെന്നാണ് പൊതുവെ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com