ADVERTISEMENT

കൊറോണാവൈറസ് ബാധയെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന സ്മാര്‍ട് ഫോണ്‍ വിപണിയിലേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കുക എളുപ്പമാവില്ല എന്നതു മുന്നില്‍ക്കണ്ട് അത്യാകര്‍ഷകമായ നിരക്കുകളില്‍ ഫോണുകള്‍ വില്‍ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണ് വിവിധ കമ്പനികളെന്നു പറയുന്നു. ലോക്ഡൗണിനു ശേഷം വിപണി തുറക്കുമ്പോഴും പലരുടെയും ചിന്ത ഒരു പുതിയ ഫോണ്‍ വാങ്ങിയേക്കാം എന്നതായിരിക്കില്ല. ഉള്ള ഫോണ്‍ എത്രകാലം കൂടെ ഉപയോഗിച്ചേക്കാം എന്നതായിരിക്കാനാണ് വഴി. ഈ മാനസികാവസ്ഥ തങ്ങളുടെ നിലനില്‍പ്പിനെ സാരമായി ബാധിച്ചേക്കാമെന്ന തിരിച്ചറിവില്‍ വമ്പന്‍ വിലക്കുറവും മറ്റു സമ്മാനങ്ങളും നല്‍കി ഉപയോക്താക്കളെ ആകര്‍ഷിച്ചു നിർത്താനുള്ള തന്ത്രങ്ങളാണ് കമ്പനികള്‍ ഇപ്പോള്‍ ആവിഷ്‌കരിച്ചുവരുന്നതെന്നു പറയുന്നു.

 

പലരെയും സംബന്ധിച്ച് ജോലി കാണുമോ, ശമ്പളം കുറയുമോ എന്നൊക്കെയുള്ള ഭീതിയും അനിശ്ചിതാവസ്ഥയുമാണ് ഇപ്പോള്‍ ഉള്ളത്. ഇതിനാല്‍ തന്നെ വിപണി തുറക്കുമ്പോള്‍ വമ്പന്‍ വിലക്കുറവില്‍ ഓണ്‍ലൈനിലൂടെയും ഓഫ്‌ലൈനിലൂടെയും ഫോണുകള്‍ വിറ്റഴിക്കാന്‍ കമ്പനികള്‍ ശ്രമിച്ചേക്കുമെന്നാണ് കൗണ്ടര്‍പോയിന്റ് റീസേര്‍ച്ചിന്റെ നീല്‍ ഷാ പറയുന്നത്. പുതിയ ഫോണുകള്‍ അവതരിപ്പിക്കുന്നതും പല കമ്പനികളും വേണ്ടന്നു വച്ചിരിക്കുകയാണ്. ഒപ്പോ എന്‍കോ എം31, വിവോ വി19, റിയല്‍മി നാര്‍സോ, ഷഓമി മി 10 തുടങ്ങിയവ അടക്കമുള്ള ഫോണുകളാണ് ലോഞ്ചിങ് ചെയ്യാനിരിക്കുന്നത്.

 

കോവിഡ്-19 സാഹചര്യം ഏപ്രിലില്‍ മെച്ചപ്പെടുന്നുവെങ്കില്‍ പ്രോഡക്ടുകള്‍ അതിനനുസരിച്ച് അവതരിപ്പിക്കാനാണ് കമ്പനികള്‍ ആഗ്രഹിക്കുന്നത്. ഇത്ര നാള്‍ തുടര്‍ന്ന രീതിയിൽ ഫോണ്‍ വാങ്ങല്‍ ഇനി ഉണ്ടാവില്ല. ആവശ്യമുണ്ടെങ്കില്‍ മാത്രം ഫോണ്‍ വാങ്ങാന്‍ തന്നെയായിരിക്കും ബഹുഭൂരിപക്ഷം പേരും തീരുമാനിക്കുക. എന്നാല്‍, ഉടനടി ഡിസ്‌കൗണ്ട് നല്‍കുക എന്നതും കമ്പനികള്‍ക്ക് വന്‍ വെല്ലുവിളിയായിരിക്കും എന്നാണ് ടെക്എആര്‍സിയുടെ വിശകലന വിദഗ്ധന്‍ ഫൈസല്‍ കവൂസ പറയുന്നത്. ഏപ്രില്‍ 1 മുതല്‍ ജിഎസ്ടി 6 ശതമാനം വര്‍ധിപ്പിച്ചിരിക്കുകയാണ്. അതും കണക്കിലെടുക്കണം. എന്നാല്‍, ഉത്സവ സീസണുകളില്‍ ഡിസ്‌കൗണ്ട് മേളകള്‍ പ്രതീക്ഷിക്കാമെന്നു തന്നെയാണ് അദ്ദേഹത്തിന്റെയും അഭിപ്രായം.

 

സർക്കാർ ഉത്തേജന പാക്കേജുകള്‍ അവതരിപ്പിക്കണം

 

അതേസമയം, ഐടി വ്യവസായത്തിന്റെ സംഘടനയായ നാസ്‌കോം പറയുന്നത് സർക്കാർ ഉത്തേജന പാക്കുകള്‍ അവതരിപ്പിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നാണ്. ഇതിലൂടെയായിരിക്കും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുക. ലോക്ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത നാസ്‌കോം പറഞ്ഞത് അകലം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുക തന്നെ വേണമെന്നാണ്.

 

കോവിഡ്-19 അനിയന്ത്രിതമായി പകരാതിരിക്കാന്‍ അകലം പാലിക്കല്‍ ഉപകരിച്ചിരിക്കുന്നു. എന്നാല്‍, ഇനിയും വന്‍ യുദ്ധം വെട്ടിയാല്‍ മാത്രമായിരിക്കും ആഘാതം കുറച്ചു നിർത്താനാകുക, അവര്‍ പറയുന്നു. ഗ്രീന്‍ സോണുകളില്‍ ഇളവു പ്രഖ്യാപിച്ചേക്കുമെന്നതും തങ്ങള്‍ക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍, ഇതോടൊപ്പം സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്താനുള്ള ഉത്തേജന പാക്കുകളും അവതരിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു.

 

രാജ്യത്തെ എല്ലാ സുരക്ഷാ നടപടികളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പല ഐടി കമ്പനികളും ജോലിക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഐടി വ്യവസായം തുടര്‍ന്നും കോവിഡ്-19ന് എതിരെയുള്ള യുദ്ധത്തില്‍ സർക്കാരിനൊപ്പം ഉണ്ടാകും. എന്നാല്‍, ലോക്ഡൗണിനു ശേഷം എല്ലാവരുടെയും ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ പുതിയ നടപടിക്രമങ്ങള്‍ വേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com