sections
MORE

വണ്‍പ്ലസ് 8 സീരിസ് പുറത്തിറക്കി; 5ജി, വയര്‍ലെസ് ചാര്‍ജിങ് അടക്കം ഫീച്ചറുകൾ നിറഞ്ഞ മോഡലുകള്‍

OnePlus_8
SHARE

ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരമായ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ വണ്‍പ്ലസ് തങ്ങളുടെ 2020ലെ ഏറ്റവും പുതിയ മോഡലുകള്‍ പുറത്തിറക്കി. മറ്റു പല കമ്പനികളും കൊറോണാവൈറസ് ബാധമൂലം പുതിയ പ്രൊഡക്ടുകള്‍ വിപണിയിലെത്തിക്കാന്‍ ഒരു തിടുക്കവും കാട്ടാത്ത സമയമാണ് എന്നാലും, ചൈനീസ് നിര്‍മാതാവായ വണ്‍പ്ലസ്, 5ജി, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങി പല ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് പുതിയ സീരിസ് പുറത്തിറക്കിയിരിക്കുന്നത്. ക്വാല്‍കമിന്റെ ഇപ്പോള്‍ ലഭ്യമായ സ്‌നാപ്ഡ്രാഗണ്‍ 865 പ്രോസസറാണ് വണ്‍പ്ലസ് 8/പ്രോ മോഡലുകള്‍ക്ക് ശക്തി പകരുന്നത്.

രണ്ടു മോഡലുകള്‍

വണ്‍പ്ലസ് 8, വണ്‍പ്ലസ് 8 പ്രോ എന്നിങ്ങനെ രണ്ടു മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രോ മോഡലിന് അത്യാകര്‍ഷകമായ 6.78-ഇഞ്ച് ക്വാഡ് എച്ഡി പ്ലസ് ഫ്‌ളൂയിഡ് അമോലെഡ് ഡിസ്‌പ്ലെയാണ് നല്‍കിയിരിക്കുന്നത്. സ്‌ക്രീനിന്റെ ഉപയോഗ സുഖം വര്‍ധിപ്പിക്കാനായി 120 ഹെട്‌സ് റിഫ്രെഷ് റെയ്റ്റും നല്‍കിയിട്ടുണ്ട്. 3ഡി കോണിങ് ഗൊറിലാ ഗ്ലാസ് സംരക്ഷണം സ്‌ക്രീനിനു കമ്പനി നല്‍കുന്നുണ്ട്. പിന്നില്‍ നാലു ക്യാമറകളാണ് ഉളളത്. 48എംപി റെസലൂഷനാണ് പ്രധാന ക്യാമറയ്ക്ക് ഉള്ളത്. സഹ ക്യാമറകളുടെ റെസലൂഷന്‍ ഇപ്രകാരമാണ്- 48എംപി + 8എംപി + 5എംപി. മുന്‍ ക്യാമറയ്ക്ക് 16 എംപി റെസലൂഷനാണുള്ളത്. 4,510 എംഎഎച് ബാറ്ററിയും, റിവേഴ്‌സ് ചാര്‍ജിങും (വയര്‍ലെസ് ചാര്‍ജിങ് ഉള്ള മറ്റു ഫോണുകളെ ഇതിനു മുകളില്‍ വച്ചാല്‍ ചാര്‍ജ് ചെയ്‌തെടുക്കാം) ഉണ്ട്. 30w ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഉണ്ട്. ആന്‍ഡ്രോയിഡ് 10 കേന്ദ്രമാക്കി നിര്‍മ്മിച്ച ഓക്‌സിജന്‍ ഒഎസ് ആണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം.

വണ്‍പ്ലസ് 8

പ്രോ വേരിയന്റിന്റെ പല ഗുണങ്ങളും വണ്‍പ്ലസ് 8 മോഡലിനും ഉണ്ട്. 6.55 ഇഞ്ച് ആണ് സ്‌ക്രീന്‍ വലുപ്പം. ഇതിന്റെ റിഫ്രെഷ് റെയ്റ്റ് 90 ഹെട്‌സ് ആണ്. ട്രിപ്പിള്‍ ക്യാമറ സെറ്റ്-അപ് ആണ് പിന്നില്‍- 48എംപി+2എംപി+16എംപി. 4,300 എംഎഎച് ബാറ്ററിയുളള ഈ മോഡലിനും 30w ഫാസ്റ്റ് ചാര്‍ജിങും ഉണ്ട്. രണ്ടു മോഡലുകളുടെയും നൈറ്റ് മോഡ് മികവുറ്റതാക്കിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

അവസാനം വയര്‍ലെസ് ചാര്‍ജിങ്

ഐഫോണുകളടക്കം ലോകത്തെ ഏറ്റവും മികച്ച മോഡലുകളെ വെല്ലുവിളിക്കാനെന്ന് അവകാശപ്പെട്ട് ഇറക്കുന്നവയാണ് വണ്‍പ്ലസ് മോഡലുകള്‍. എന്നാല്‍, ഇവയ്ക്ക് മുന്‍വര്‍ഷങ്ങളില്‍ വയര്‍ലെസ് ചാര്‍ജിങ് പിന്തുണ ഇല്ലായിരുന്നു. ഇതേക്കുറിച്ച് കമ്പനിയുടെ മേധാവി പീറ്റെ ലൂവിനോട് ചോദിച്ചപ്പോള്‍ അല്‍പനേരം ചിന്താധീനനായിരുന്ന ശേഷം നല്‍കിയ മറുപടി, ചൈനയില്‍ ഇപ്പോള്‍ ലഭ്യമായ വയര്‍ലെസ് ചാര്‍ജിങ് ടെക്‌നോളജിയില്‍ തനിക്കു തൃപ്തിയില്ല എന്നായിരുന്നു. കൂടുതല്‍ സൗകര്യമാണെങ്കിലും പ്ലഗില്‍ കുത്തിയിട്ടാല്‍ എടുക്കുന്നതിന്റെ ഇരട്ടി സമയമെങ്കിലും എടുത്തു മാത്രമേ ചാര്‍ജാകൂ. എന്നാല്‍, ഈ വര്‍ഷം തങ്ങളുടെ വിശ്വസ്തരായ ഉപയോക്താക്കളുടെ ആവശ്യം മാനിക്കാന്‍ തന്നെ കമ്പനി തീരുമാനിക്കുകയായിരുന്നു.

ഡിസ്‌പ്ലെ

ഡിസ്‌പ്ലേകളുടെ കാര്യത്തില്‍ പലപ്പോഴും വണ്‍പ്ലസ് ഒരു പിടി മുന്നിലായിരുന്നു. ഈ വര്‍ഷം കമ്പനി 120 ഹെട്‌സ് ഡിസ്‌പ്ലെയാണ് പ്രോ മോഡലിനു നല്‍കിയിരിക്കുന്നത്. ഗെയ്മിങ് പ്രേമികള്‍ക്ക് സുഗമമായ രീതിയില്‍ മുഴുകിയിരുന്ന് കളിക്കാന്‍ ഈ ഡിസ്‌പ്ലെ ഉപകരിക്കും. ഐഫോണ്‍ 11 സീരിസ്, സാംസങ് എസ്20 സീരിസ് തുടങ്ങിയവയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനാണ് കമ്പനി ശ്രമിക്കുന്നത്.

OnePlus-8-Pro-vs-OnePlus-8

വില

ഈ ഫോണുകള്‍ ഏപ്രില്‍ 21 മുതല്‍ ലഭ്യമാക്കാനാണ് ഉദ്ദേശം. എന്നാല്‍, ഇന്ത്യയില്‍ കടകളും മറ്റും അടഞ്ഞു കിടക്കുന്നതിനാല്‍ എന്ന് എത്തുമെന്നറിയില്ല. ഓണ്‍ലൈന്‍ വില്‍പ്പനക്കാരും തത്കാലം പിന്‍വലിഞ്ഞു നില്‍ക്കുന്നു.
വില വിവരങ്ങൾ
∙ വണ്‍പ്ലസ് 8 (8ജിബി+128ജിബി) - 699 ഡോളര്‍
∙ വണ്‍പ്ലസ് 8 (12ജിബി+256ജിബി) - 799 ഡോളര്‍
∙ വണ്‍പ്ലസ് 8 പ്രോ (8ജിബി+128ജിബി) - 899 ഡോളര്‍
∙ വണ്‍പ്ലസ് 8 (12ജിബി+256ജിബി )- 999 ഡോളര്‍

വില ആയിരുന്നു വണ്‍പ്ലസ് മോഡലുകളെ ഏറ്റവും ആകര്‍ഷകമാക്കിയിരുന്നത്. കേവലം 299 ഡോളറിനാണ് വണ്‍പ്ലസ് വണ്‍ മോഡല്‍ അവതരിപ്പിച്ചത്. ഇതിനാകട്ടെ, അധികവില നല്‍കേണ്ട, അക്കാലത്തെ ഏറ്റവും മികച്ച മോഡലുകളെ നാണിപ്പിക്കുന്ന തരത്തിലുള്ള ഫീച്ചറുകളും ഉണ്ടായിരുന്നു. എന്നാല്‍, വണ്‍പ്ലസ് ഇപ്പോള്‍ വിലയുടെ കാര്യത്തിലും വമ്പന്‍ കമ്പനികളെ അനുകരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA