ADVERTISEMENT

സാംസങ്, വാവെയ് മോട്ടറോള തുടങ്ങിയ കമ്പനികള്‍ പുറത്തിറക്കിയ ഫോള്‍ഡബിള്‍ ഫോണുകള്‍ക്ക് തരക്കേടില്ലാത്ത പ്രതികരണമാണ് ലഭിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ആപ്പിള്‍ കമ്പനിയും തങ്ങളുടെ ആദ്യ ഫോൾഡിങ് സ്മാര്‍ട് ഫോണിന്റെ നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കുന്നുണ്ടെന്ന അഭ്യൂഹം പരന്നിരിക്കുകയാണ്. കുപ്പര്‍ട്ടിനോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ സമര്‍പ്പിച്ചു പുതിയ പേറ്റന്റ് അപേക്ഷയാണ് ഈ സൂചന നല്‍കിയിരിക്കുന്നത്. അമേരിക്കയിലെ 'പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫിസ്' ആപ്പിളിന് 'ഫോള്‍ഡബിള്‍ കവറും ഡിസ്‌പ്ലെയുമുള്ള ഇലക്ട്രോണിക് ഉപകരണത്തി'നാണ് പുതിയതായി അനുവദിച്ച പേറ്റന്റ് അവകാശം കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് ആപ്പിള്‍ ഒരു ഫോള്‍ഡബിള്‍ ഫോണ്‍ നിര്‍മ്മിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണെന്നു കരുതുന്നു.

 

പേറ്റന്റ് അപേക്ഷയില്‍ നിന്നു മനസ്സിലാക്കാവുന്നത് പുതിയ ഉപകരണത്തിന‌ു വളയ്ക്കാവുന്ന ഡിസ്‌പ്ലെയും പുറമെ ഒരു കവറും ഉണ്ടായിരിക്കുമെന്നാണ്. സ്റ്റാന്‍ഡ് ബൈ മോഡില്‍ ഇരിക്കുമ്പോള്‍ ഫോണിന്റെ പ്രധാന ഡിസ്‌പ്ലെ സെന്‍സറുകള്‍ ഉപയോഗിച്ച് പരിപൂര്‍ണ്ണമായി ഓഫു ചെയ്തുവയ്ക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നാണ്. ഡിസ്‌പ്ലെ തലത്തിലും കവര്‍ തലത്തിലും ഫോണ്‍ വ്യത്യസ്ഥ രീതിയിലായിരിക്കാം പ്രവര്‍ത്തിക്കുക. വിജാഗിരി പോലെ പ്രവര്‍ത്തിക്കുന്ന ഭാഗമാണ് ഫോള്‍ഡബിള്‍ ഫോണുകളുടെ ഏറ്റവും പ്രശ്‌നം സംഭവിക്കാവുന്ന ഇടം. ആപ്പിള്‍ ഇവിടം രാസവസ്തുക്കള്‍ ഉപയോഗിച്ച്ശക്തമാക്കാന്‍ ഉദ്ദേശിക്കുന്നു. ഇവിടെ ഗ്ലാസ്, സഫിര്‍ (sapphire), സെറാമിക് ഘടകം എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാനാണ് ആപ്പിളിന്റെ ശ്രമമെന്നും മനസ്സിലാകുന്നു. ഫോണിന്റെ കവര്‍ ഭാഗം പ്രധാന ഡിസ്‌പ്ലെയ്ക്ക് കേടില്ലാതിരിക്കാന്‍ ശ്രമിക്കുന്നുവെന്നതു കൂടാതെ ഘടനാപരമായ ദൗത്യവും നിര്‍വഹിക്കും.

 

കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ഫയല്‍ ചെയ്ത പേറ്റന്റുകള്‍ ശ്രദ്ധിച്ചാലും മനസ്സിലാകുന്നത് ഒരു ഫോള്‍ഡബിൾ ഫോണിനായി എല്ലാ രീതിയിലുമുള്ള സാധ്യതകള്‍ ആപ്പിള്‍ ആരായുന്നുണ്ട് എന്നാണ്. പല തവണ തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോള്‍ വരാവുന്ന പ്രശ്‌നമാണ് ആപ്പിളിന് ഏറ്റവും വലിയ തലവേദന എന്നാണ് മനസ്സിലാകുന്നത്. സാംസങ് ഇറക്കിയ ആദ്യ ഫോള്‍ഡിങ് ഫോണിന് ഈ പ്രശ്‌നം ഉണ്ടായിരുന്നു. റിവ്യൂവര്‍മാര്‍ക്കു നല്‍കിയ ഫോണുകളുടെ 'വിജാഗിരി' ഭാഗത്ത് പെട്ടെന്നു തന്നെ പ്രശ്നം വന്നതിനാൽ അവ മാര്‍ക്കറ്റിലെത്തിക്കേണ്ട എന്ന തീരുമാനമാണ് കമ്പനി എടുത്തത്. തുടര്‍ന്ന്, പുതിയ രീതിയിലാണ് ഇവ പുറത്തിറക്കിയത്. വളരെ തണുപ്പുള്ള പ്രദേശത്ത് ഉപയോഗിക്കുമ്പോള്‍ സ്‌ക്രീനിനു വരാവുന്ന പ്രശ്‌നങ്ങളിലാണ് ആപ്പിളിന്റെ ഇപ്പോഴത്തെ ആശങ്കയെന്നു പറയുന്നു. ഫോണിന്റെ ഹിഞ്ജിന്റെ (hinge) പ്രദേശത്ത് ചൂട് എത്തിക്കാനുള്ള സാധ്യതയാണ് കമ്പനിയിപ്പോള്‍ തേടുന്നതെന്നും റിപ്പോർട്ടുകളുണ്ട്. തങ്ങള്‍ പ്രതീക്ഷിക്കുന്ന ഗുണനിലവാരം കൊണ്ടുവരാനാകുന്നില്ലെങ്കില്‍ ഈ മോഡല്‍ ആപ്പിള്‍ പുറത്തിറക്കണമെന്നില്ല.

 

ഡേറ്റിങ്, ഏമ്പക്കം ആപ്പുകള്‍ ആവശ്യത്തിനായി

 

ആപ് സ്റ്റോറിലേക്ക് ആപ്പുകള്‍ സൃഷ്ടിക്കുന്നവര്‍ക്കായി ആപ്പിള്‍ ഇറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ചില വിഭാഗത്തിലേക്ക് ഇനി ആപ്പുകള്‍ വേണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. വൃത്തികെട്ട ശബ്ദം (fart), ഏമ്പക്കം, ഫ്‌ളാഷ്‌ലൈറ്റ്, ഭാവി പ്രവചനം നടത്തല്‍, ഡേറ്റിങ്, കാമസൂത്ര തുടങ്ങിയവ ആപ്‌സ്റ്റോറില്‍ ഇപ്പോള്‍ത്തന്നെ ആവശ്യത്തിനായിരിക്കുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. ആപ് നിര്‍മ്മാതാക്കളോട് കമ്പനി പറയുന്നത് പുതിയ ആപ്പുകള്‍ക്ക് എന്തെങ്കിലും സവിശേഷതകള്‍ ഇല്ലെങ്കില്‍ അവ സ്വീകരിക്കില്ല എന്നാണ്. അനന്യവും, മികച്ച ക്വാളിറ്റിയുമുള്ളവയല്ലെങ്കില്‍ അവ സ്വീകരിക്കപ്പെടില്ലെന്നും കമ്പനി ആപ് ഡെവലപ്പര്‍മാരോട് പറഞ്ഞിരിക്കുകയാണ്.

 

ആപ്പുകളുടെ കാര്യത്തില്‍ ആപ്പിളിന്റെ കടുംപിടുത്തും ഡെവലപ്പര്‍മാര്‍ക്ക് പുതിയ കാര്യമൊന്നുമല്ല. അടുത്തകാലത്താണ് ക്ലൗഡ് ഗെയ്മിങ് സേവന ആപ്പായ ഷാഡോ ആപ് സ്റ്റോറില്‍ നിന്ന് പുറത്തുകളഞ്ഞത്. ഷാഡോ ഉപയോഗിച്ച് പിസി ഗെയ്മുകള്‍ സ്മാര്‍ട് ഉപകരണങ്ങളിലേക്കു പോലും സ്ട്രീംചെയ്യാന്‍ സാധിക്കുമായിരുന്നു. മാക്, പിസി, ആപ്പിള്‍ടിവി തുടങ്ങിയവയും ഷാഡോ സപ്പോര്‍ട്ട് ചെയ്തിരുന്നു. ഗൂഗിളിന്റെ സ്‌റ്റേഡിയ, മൈക്രോസോഫ്റ്റിന്റെ പ്രൊജക്ട് എക്‌സ്‌ക്ലൗഡ് (Project xCloud) തുടങ്ങിയവയോട് സമാനമായിരുന്നു ഷാഡോയും എന്നാണ് മനസ്സിലാകുന്നത്. ഐഫോണിലും ഐപാഡിലും പ്രവര്‍ത്തിപ്പിക്കുന്നതു മാത്രമാണ് ഇപ്പോള്‍ വിലക്കിയിരിക്കുന്നത്. എന്നാല്‍, ആപ്പിള്‍ ടിവിയില്‍ ഷാഡോ തുടര്‍ന്നും ഉപയോഗിക്കാം. ആപ് സ്റ്റോറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാനാകാതിരുന്നതാണ് തങ്ങള്‍ക്കു പറ്റിയ കുഴപ്പമെന്ന് ഷാഡോക്കു പിന്നില്‍പ്രവര്‍ത്തിച്ചവര്‍ പറഞ്ഞു.

 

അടുത്തിടെ നീക്കം ചെയ്ത മറ്റൊരു ആപ്പാണ് യുഎഇയിൽ നിന്നനനനുള്ള ടോടോക്ക് (ToTok). ഇതൊരു സ്‌പൈവെയറാണെന്നാണ് ദി ന്യൂ യോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സാപിന്റെതിനു സമാനമായ ഫീച്ചറുകളായിരുന്നു ടോടോക്കിന് ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com