ADVERTISEMENT

ഏകദേശം ഒരേ സമയത്തിറങ്ങിയ ആപ്പിളിന്റെ പുതിയ ഐഫോണ്‍ എസ്ഇ മോഡലും വണ്‍പ്ലസ് 8 മോഡലും തമ്മില്‍ ഇന്ത്യയിൽ 500 രൂപയുടെ വില വ്യത്യാസമേയുള്ളൂ. ഇരുകമ്പനികളുടെയും വ്യത്യസ്തമായ തന്ത്രങ്ങളാണ് ഇവിടെ വെളിപ്പെടുന്നത്. ആപ്പിള്‍ തങ്ങളുടെ പ്രീമിയം ഉപകരണങ്ങളുടെ നിര്‍മാതാവ് എന്ന പേര് വിറ്റു കാശാക്കാന്‍ ശ്രമിക്കുമ്പോള്‍ വണ്‍പ്ലസാകട്ടെ ഇന്ത്യക്കാര്‍ കമ്പനിയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം മുതലാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, വണ്‍പ്ലസ് ഇപ്പോള്‍ പ്രീമിയം ഫോണുകള്‍ വിലകുറച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നില്ലെന്ന ആരോപണവും നേരിടുന്നു. ചില കാര്യങ്ങള്‍ പരിശോധിക്കാം:

വില

ഇരു മോഡലുകളുടെയും ഡോളര്‍ വില നോക്കുമ്പേള്‍ കാണാനാകുന്നത് മറ്റൊരു ചിത്രമാണ് – എസ്ഇ തുടക്ക മോഡലിന് 399 ഡോളറും വണ്‍പ്ലസ് 8 തുടക്ക മോഡലിന് 699 ഡോളറുമാണ്. ഇന്ത്യയിലാകട്ടെ വണ്‍പ്ലസ് 8ന്റെ തുടക്ക മോഡലിന് 41,999 രൂപയാണ് വില. ഐഫോണ്‍ എസ്ഇയ്ക്ക് 42,500 രൂപയും. വണ്‍പ്ലസ് തങ്ങളുടെ അമേരിക്കന്‍ കസ്റ്റമര്‍മാര്‍ക്ക് ഡോളറിന്റെ വിനിമയ നിരക്കു നോക്കിയാല്‍ 11,000 രൂപ കൂട്ടിയാണ് വിലയിട്ടിരിക്കുന്നതെന്നു കാണാം. ഇന്ത്യക്കാര്‍ക്ക് വില കുറച്ചായിരിക്കും ഇടുക എന്ന് വണ്‍പ്ലസ് മേധാവി പീറ്റെ ലൗ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ കാരണമെന്താണ് എന്നും ഇപ്പോള്‍ ചോദ്യമുയരുന്നുണ്ട്.

OnePlus-8-Pro-vs-OnePlus-8

പഴയ ഐഫോണ്‍ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക്

ആപ്പിളിന്റെ ഏറ്റവും വില കുറഞ്ഞ പുതിയ മോഡലാണ് ഐഫോണ്‍ എസ്ഇ. ഇതാകട്ടെ കമ്പനിയുടെ പ്രീമിയം മോഡലുകള്‍ക്ക് ഒരു രീതിയിലും വെല്ലുവിളി ഉയര്‍ത്തില്ലെന്ന കാര്യം ഉറപ്പാക്കിയ ശേഷമാണ് ഇറക്കിയിരിക്കുന്നത്. എന്നാല്‍, കുറഞ്ഞ ചെലവില്‍ ആര്‍ക്കെങ്കിലും ആപ്പിളിന്റെ സവിശേഷ മൊബൈല്‍ പ്ലാറ്റ്‌ഫോമിലേക്ക് കയറണമെങ്കില്‍ എസ്ഇ മോഡലാണ് വഴി. ഇത് ആകര്‍ഷകമാക്കാന്‍ വേണ്ട നിരവധി കാര്യങ്ങള്‍ കമ്പനി ഫോണില്‍ ഒരുക്കിയിട്ടുമുണ്ട്. നിലവില്‍ പഴയ മോഡല്‍ ഐഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ ഫോണ്‍ ആകര്‍ഷകമാണ്. ഐഫോണ്‍ XR, 11 എന്നീ മോഡലുളിലേതെങ്കിലും വാങ്ങാത്തവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണിത്. നിരവധി ഐഫോണ്‍ 6, 6എസ്, ആദ്യ എസ്ഇ മോഡലുകളുടെ ഉടമകള്‍ക്ക് ഐഒഎസില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിശ്ചയമായും പരിഗണിക്കാം. അവര്‍ക്ക് വളരെ പരിചിതമായ ഫീച്ചറുകള്‍ എല്ലാം എസ്ഇ മോഡലില്‍ ആവര്‍ത്തിക്കുന്നതു കാണാം, ഹോം ബട്ടണ്‍ അടക്കം.

iphone-se

എന്നാല്‍, ഐഫോണ്‍ 11 സീരിസില്‍ ഉപയോഗിച്ചിരിക്കുന്ന ആപ്പിളിന്റെ എ11 ബയോണിക് പ്രോസസറിന്റെ ശക്തിയും, ഇരട്ട സിം (ഒരെണ്ണം ഇസിം), പോര്‍ട്രെയ്റ്റ്‌മോഡ്, വയര്‍ലെസ് ചാര്‍ജിങ്, ഫാസ്റ്റ് ചാര്‍ജിങ് തുടങ്ങിയവയെല്ലാം ലഭിക്കും. കുറഞ്ഞത് 4 വര്‍ഷത്തേക്ക് ഒഎസ് അപ്‌ഡേറ്റും ലഭിക്കും. പ്രീമിയം ഫോണുകള്‍ മാത്രം ഇറക്കിയാല്‍ മതി എന്ന കടുംപിടുത്തവുമായി നിന്നിരുന്ന ആപ്പിളിന്റെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സില്‍ നിന്ന് ബാറ്റണ്‍ പുതിയ മേധാവി ടിം കുക്കിലേക്ക് എത്തി എന്നതിന്റെ ആദ്യ സൂചനകളിലൊന്നായിരുന്നു ആദ്യ എസ്ഇ മോഡല്‍. വൈകിയാണെങ്കിലും ഇതിനൊരു അപ്‌ഡേറ്റ് നല്‍കാനുള്ള തീരുമാനം വഴി, ഫോണിനായി ധാരാളം പൈസ മുടക്കാനില്ലാത്തവരെയും ഐഒഎസിന്റെ വണ്ടിയില്‍ കയറ്റാന്‍ പുതിയ മേധാവിക്കുള്ള താത്പര്യം കൂടെയാണ് തെളിയുന്നത്. തങ്ങളുടെ പ്രിയ ഉപയോക്താക്കള്‍ മറ്റു പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാതിരിക്കാന്‍ കൂടിയാണ് പുതിയ ഐഫോണ്‍ എസ്ഇ മോഡല്‍ ഇറക്കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക്

എന്നാല്‍, നിങ്ങള്‍ ഐഫോണ്‍ ഉപയോക്താവല്ല എങ്കിലാണ് കാര്യങ്ങള്‍ കൂടുതല്‍ വിഷമകരമാണ്. നേരത്തെ പറഞ്ഞതുപോലെ, രണ്ടാം തലമുറയിലെ എസ്ഇ ഒരു പ്രീമിയം ഫോണല്ല. എന്നാല്‍, വണ്‍പ്ലസ് 8 മോഡല്‍, ആ കമ്പനിയുടെ പ്രീമിയം മോഡലുകളുടെ ശ്രേണിയുടെ തുടക്കമാണ്. വിലയുടെ കാര്യത്തില്‍ ആപ്പിളിന്റെ നേര്‍ വിപരീത ദിശയിലാണ് വണ്‍പ്ലസ് നീങ്ങുന്നതെന്ന് കാണാം. വണ്‍പ്ലസ് മികച്ച ഫോണുകളാണ് ഇറക്കുന്നതെങ്കിലും അവയുടെ വില കുതിച്ചുയര്‍ന്നു പോകുന്നതു കാണാം. അമേരിക്കന്‍ മാര്‍ക്കറ്റില്‍ വിജയം കൊയ്യാന്‍ ലക്ഷ്യമിട്ടിറക്കിയിരിക്കുന്ന പുതിയ 8-സീരിസ് സാംസങ് പോലത്തെ കമ്പനികള്‍ക്ക് ഭീഷണിയാകുകയും ചെയ്‌തേക്കാം. പക്ഷേ, വില കൂടുന്നതിനാല്‍ ഇന്ത്യയിലെ അവരുടെ പ്രീയ ഉപയോക്താക്കള്‍ കമ്പനിയെ ഉപേക്ഷിക്കുമോ എന്നകാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. സ്‌നാപ്ഡ്രാഗണ്‍ 865 പ്രോസസറിനടക്കം ഘടകഭാഗങ്ങള്‍ക്ക് വില കൂടിയതാണ് ഫോണിന്റെ എംആര്‍പി കൂട്ടേണ്ടിവരുന്നതെന്ന് കമ്പനി വാദിച്ചേക്കാം. എന്തായാലും വില കുറഞ്ഞ പ്രീമിയം ഫോണ്‍ ഇറക്കുന്ന കമ്പനികളുടെ കൂട്ടത്തില്‍ ഇനി വണ്‍പ്ലസിന്റെ പേരുണ്ടാവില്ല. വണ്‍പ്ലസ് 8ന്റെ വില കുറച്ചിട്ടതിന്റെ ഒരു കാരണം രണ്ടാം തലമുറിയിലെ ഐഫോണ്‍ എസ്ഇ ഉയര്‍ത്തിയ വെല്ലുവിളിയായിരിക്കാം. എസ്ഇ ശരിക്കും ഇന്ത്യക്കാര്‍ക്കായി ഇറക്കിയിരിക്കുന്ന മോഡലാണ്. എന്നാല്‍, കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ ലോകത്തും ഈ മോഡലിന് ധാരാളം ആരാധകര്‍ കണ്ടേക്കും.

OnePlus_8

ആരു ജയിക്കും?

പഴയ ഐഫോണ്‍ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ വണ്‍പ്ലസ് 8 വാങ്ങാന്‍ ഇഷ്ടപ്പെട്ടേക്കില്ല എന്നാണ് വിലയിരുത്തല്‍. അതേപോലെ, പഴയ വണ്‍പ്ലസ് മോഡലുകല്‍ ഉപയോഗിക്കുന്നവര്‍ ഐഫോണ്‍ (വണ്‍പ്ലസ് 5, 6 തുടങ്ങിയവ) എസ്ഇ വാങ്ങാനും ഇഷ്ടപ്പെടാനുള്ള സാധ്യത കുറവാണെന്നും പറയുന്നു. അങ്ങനെ നോക്കിയാല്‍ ഇതൊരു ടൈ ആയിരിക്കാനാണ് സാധ്യത. മൊത്തം വില്‍പ്പനയുടെ കാര്യമെടുത്താല്‍ വിജയം ഐഫോണ്‍ എസ്ഇക്കു തന്നെയായിരിക്കും. കാരണം അതിനുള്ള കൂട്ടുകളെല്ലാം ആപ്പിള്‍ ആ ഫോണില്‍ ഒരുക്കിയിട്ടുണ്ട്.

ആപ്പിളിനാകാമെങ്കില്‍ വണ്‍പ്ലസ് എന്തിനു മാറി നില്‍ക്കണം?

കുറഞ്ഞ വിലയ്ക്ക് മുന്തിയ ഫോണുകളുടെ ഫീച്ചറുകള്‍ നല്‍കി പേരെടുത്ത വണ്‍പ്ലസിന്റെ ഫോണുകളുടെ വില ഉയര്‍ന്നുയര്‍ന്നു പോകുകയാണ്. ആപ്പിളിന്, തങ്ങളുടെ പ്രീയ ഉപയോക്താക്കള്‍ക്കായി വില കുറഞ്ഞ മോഡല്‍ ഇറക്കാമെങ്കല്‍ എന്തുകൊണ്ട് വണ്‍പ്ലസിന് തങ്ങളുടെ ആരാധകര്‍ക്കായി 20,000 രൂപയ്ക്ക് ഒരു ഫോണിറക്കി കൂടാ എന്ന ചോദ്യവും ഉയരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com