ADVERTISEMENT

ആപ്പിളിന്റെ ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ വാച്ച്, മാക്ക് എന്നീ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്. സിന്ധി ഭാഷയിലെ അക്ഷരങ്ങളും ഇറ്റലിയുടെ പതാകയുടെ ഇമോജിയും അടങ്ങുന്ന ഒരു സന്ദേശം ലഭിക്കുമ്പോഴാണ് പ്രശ്‌നമാകുന്നത്. ഐഒഎസ് 13.4.1ല്‍ പ്രവര്‍ത്തിക്കുന്ന ഐഒഎസ് ഉപകരണങ്ങളെയാണ് ഇതു ബാധിക്കുന്നത്. ഇതിനുള്ള പ്രതിമരുന്ന് അടുത്ത ഐഒഎസ് അപ്‌ഡേറ്റില്‍ നല്‍കാനായി ആപ്പിള്‍ ഒരുക്കുന്നു. ഇതിനര്‍ഥം ഈ പ്രശ്‌നത്തെക്കുറിച്ച് ആപ്പിളിന് അറിവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാച്ച് ഇപ്പോഴുള്ളത് ബീറ്റാ ഘട്ടത്തിലാണ്. അധികം താമസിയാതെ ഇതു ഉപയോക്താക്കള്‍ക്കു നല്‍കിയേക്കും.

ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുള്ളതിനാല്‍ ഈ അക്ഷരങ്ങളുടെ ചിത്രം പല വെബ്‌സൈറ്റുകളും പുറത്തുവിടുന്നില്ല. 9ടു5 മാക് വെബ്‌സൈറ്റില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം, ഒരു ഐഫോണിലോ, ഐപാഡിലോ, മാക്കിലോ, ആപ്പിള്‍ വാച്ചിലോ ഈ അക്ഷരങ്ങള്‍ കൂട്ടിയിണക്കിയ ടെക്സ്റ്റ് സന്ദേശം ലഭിച്ചാല്‍ അവയ്ക്ക് പ്രശ്‌നങ്ങള്‍ സംഭവിക്കാം. ചിലപ്പോള്‍ ഉപകരണം ക്രാഷ് ആകും. ചിലപ്പോള്‍ ടച്ച് സ്‌ക്രീനിന്റെ പ്രവര്‍ത്തനം പരിപൂര്‍ണമായും നിലയ്ക്കും. മറ്റു പ്രശ്‌നങ്ങളും കാണിക്കുന്നുണ്ട്.

ഈ ടെസ്റ്റ് സന്ദേശം എവിടെ ഉടലെടുത്താതാണ് എന്നതിനെക്കുറിച്ച് ഇപ്പോള്‍ വിവരമില്ല. ചില ടെലിഗ്രാം ഗ്രൂപ്പുകളാണ് ഇതിനു പിന്നിലെന്നാണ് ആദ്യ സൂചനകള്‍. ഇതിന്റെ പ്രവര്‍ത്തനം കാണിക്കുന്ന വിഡിയോകള്‍ ട്വിറ്ററിലും മറ്റും ലഭ്യമാണ്. എവരിതിങ് ആപ്പിള്‍പ്രോ എന്ന ഉപയോക്താവ് ഇറ്റാലിയന്‍ പതാക ഇല്ലെങ്കിലും ഫോണിനെ ക്രാഷ് ആക്കാമെന്നു കാണിക്കുന്ന ട്വിറ്റര്‍ പോസ്റ്റ് ഇവിടെ കാണാം: https://bit.ly/2Y2kVrX

താത്കാലികമായി മേല്‍പ്പറഞ്ഞ ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ചെയ്യാവുന്ന ഒരു കാര്യം നോട്ടിഫിക്കേഷന്‍സ് ഡിസേബിള്‍ ചെയ്യുക എന്നതാണ്. ഇനി ഈ സന്ദേശം നോട്ടിഫിക്കേഷനായി ലഭിച്ചാല്‍ത്തന്നെ അതു തുറക്കാതെ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ മതിയാകുമെന്നും പറയുന്നു. റീസ്റ്റാര്‍ട്ട് ചെയ്ത ശേഷം മിക്കവരുടെ കാര്യത്തിലും ഫോണിന്റെ പ്രവര്‍ത്തനം സാധാരണഗിതിയിലായെന്നും പറയുന്നു.

ഇതാദ്യമായല്ല ഇത്തരം പ്രശ്‌നം ആപ്പിള്‍ ഉപകരണങ്ങള്‍ക്കു വരുന്നതെന്ന് ഓര്‍ക്കുന്നുണ്ടാവുമല്ലോ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരം ചില പ്രശ്‌നങ്ങള്‍ ആപ്പിള്‍ ഡിവൈസുകള്‍ നേരിട്ടിരുന്നു. ഇതിനു മുൻപ്, 2018ല്‍ തെലുങ്കു ഭാഷയിലുള്ള അക്ഷരങ്ങളായിരുന്നു ഫോണ്‍ ക്രാഷാക്കിയിരുന്നത്. സ്പ്രിങ്‌ബോര്‍ഡ് (ഹോം സ്‌ക്രീന്‍ നിയന്ത്രിക്കുന്ന സിസ്റ്റം സോഫ്റ്റ്‌വെയര്‍) ക്രാഷാകുകയായിരുന്നു. അന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പിള്‍ ഫിക്‌സ് നല്‍കിയിരുന്നു. ഇതു കൂടാതെ 2015ല്‍ 'എഫക്ടീവ് പവര്‍' ടെക്സ്റ്റ് സ്ട്രിങും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ വരില്ലെന്ന വീരവാദമാണ് തകരുന്നതെന്നു പറഞ്ഞ് ഇതൊരു ആഘോഷമാക്കുന്ന ആന്‍ഡ്രോയിഡ് ഉപയോക്താക്കളും ഫോറങ്ങളില്‍ സജീവമാണ്.

മെയില്‍ ആപ്പിലും പ്രശ്‌നം

ഐഒഎസിലെ മെയില്‍ ആപ്പിലും പ്രശ്‌നമുണ്ടെന്ന് സെകോപ്‌സ് ഇങ്ക് (ZecOps Inc) കണ്ടെത്തി. ഇതിലൂടെ ഹാക്കര്‍മാര്‍ക്ക് ഐഒഎസ് ഉപകരണത്തിലേക്ക് നുഴഞ്ഞു കയറാമെന്നാണ് അവരുടെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ ആപ്പിള്‍ ഒരു അന്വേഷണം നടത്തുകയും ഇതു ശരിയാണെന്ന് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കമ്പനി അവകാശപ്പെടുന്നത് ഇതുവരെ ആരും ഈ പ്രശ്‌നം മുതലെടുത്തിട്ടില്ല എന്നാണ്. ഇതിനുള്ള ഫിക്‌സും കമ്പനി തയാര്‍ ചെയ്യുന്നുണ്ട്. ഗവേഷകന്റെ റിപ്പോര്‍ട്ട് തങ്ങള്‍ പഠിച്ചുവെന്നും എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയെന്നും, അത് ഉപയോക്താക്കള്‍ക്ക് പെട്ടെന്നൊരു ഭീഷണിയാവില്ലെന്നും കമ്പനി അവകാശപ്പെട്ടു. മൂന്നു പ്രശ്‌നങ്ങളാണ് ഗവേഷകന്‍ കണ്ടെത്തിയത്. എന്നാല്‍, ഇതുകൊണ്ടു മാത്രം ഐഫോണുകളുടെ സുരക്ഷ തകര്‍ക്കാനാവില്ലെന്നും കമ്പനി പറഞ്ഞു. പക്ഷേ, ഈ സുരക്ഷാ വീഴ്ച ദുരുപയോഗപ്പെടുത്തിയിട്ടുണ്ടാകാം എന്നാണ് ഗവേഷകര്‍ പറയുന്നത്. എന്തായാലും, തങ്ങളുടെ വാദം അംഗീകരിച്ചതിനും അതിനുള്ള പാച്ച് ഒരുക്കുന്നതിനും ഗവേഷകര്‍ ആപ്പിളിന് നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com