sections
MORE

‘ഐഫോണ്‍ എസ്ഇ അതിവേഗ ആന്‍ഡ്രോയിഡ് ഫോണിനേക്കാളും മികച്ചത്’

iphone-apple
SHARE

ആപ്പിള്‍ അടുത്തിടെ അവതരിപ്പിച്ച വില കുറഞ്ഞ സ്മാര്‍ട് ഫോണ്‍ മോഡലായ ഐഫോണ്‍ എസ്ഇ, നിലവിലുള്ള ഏറ്റവും വേഗം കൂടിയ ആന്‍ഡ്രോയിഡ് ഫോണിനേക്കാള്‍ മികച്ചതാണെന്ന് കമ്പനി മേധാവി ടിം കുക്ക് അവകാശപ്പെട്ടു. കമ്പനിയുടെ രണ്ടാം പാദത്തിലെ വിറ്റുവരവിന്റെ കണക്കുകള്‍ അവതരിപ്പിക്കവേയാണ് ഈ അവകാശവാദം ഉന്നയിച്ചത്. ജെപി മോര്‍ഗന്റെ സമിക് ചാറ്റര്‍ജിയാണ് കുക്കിനോട്, പുതിയ ഐഫോണ്‍ എസ്ഇ2 നെക്കുറിച്ച് എന്തു പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നതെന്നു ചോദിച്ചത്. ഇന്ത്യയില്‍ ഈ മോഡലിന്റെ തുടക്ക വില 42,500 രൂപയാണ്.

ശരാശരി വാര്‍ഷിക വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ പുതിയ ഫോണിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കുക്ക് വെളിപ്പെടുത്തി. ആപ്പിളിന്റെ നിലവിലുള്ള ഏറ്റവും ശക്തമായ പ്രോസസറായ എ13 ബയോണിക്ക് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഈ മോഡല്‍ കരുത്തിന്റെ കാര്യത്തില്‍ മറ്റു ഫോണുകളേക്കാള്‍ ഒട്ടും പിന്നിലല്ലെന്നും ഇത് ഐഒഎസിലേക്ക് ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്നു കരുതുന്നുവെന്നുമെല്ലാമുള്ള പ്രതീക്ഷകളാണ് കുക്ക് പങ്കുവച്ചത്. ലോക്ഡൗണ്‍ മൂലം ആപ്പിളിന് തങ്ങളുടെ ഐഫോണ്‍ എസ്ഇ ഓണ്‍ലൈനിലൂടെ അവതരിപ്പിക്കേണ്ടിവന്നു. എന്നാല്‍, പുതിയ ഫോണിനു ലഭിക്കുന്ന സ്വീകരണത്തില്‍ താന്‍ സംതൃപ്തനാണെന്നും കുക്ക് പറഞ്ഞു.

കാര്യങ്ങള്‍ അനിശ്ചിതത്വത്തിലേക്കെന്നും കുക്ക്

എന്നാല്‍, മൊത്തത്തില്‍ കമ്പനിയുടെ കാര്യങ്ങള്‍ അത്ര ശുഭസൂചകമല്ലെന്നും കുക്ക് സമ്മതിച്ചു. വാള്‍ സ്ട്രീറ്റിന്റെ പ്രവചനത്തെക്കാളും മികച്ച പ്രകടമാണ് ആപ്പിള്‍ ഇപ്പോള്‍ നടത്തിയിരക്കുന്നത്. ചൈനയിലാകട്ടെ കൊറോണാവൈറസിന്റെ ആഘാതത്തിനു ശേഷം കമ്പനിയുടെ വില്‍പ്പന സാധാരണഗതിയിലേക്കാകുകയും ചെയ്യുകയാണ്. പക്ഷേ, കമ്പനിയുടെ ഈ പാദത്തിലെ മൊത്തം പ്രകടനം പ്രവചിക്കാനാവില്ല എന്ന നിലപാടാണ് ആപ്പിള്‍ മേധാവി ടിം കുക്ക് സ്വീകരിച്ചത്. കമ്പനിയുടെ ഓഹരി വില 2.4 ശതമാനം താഴുകയും ചെയ്തിരിക്കുകയാണ്. ഒരു ആഗോള ബ്രാന്‍ഡ് എന്ന നിലയില്‍ കൊറോണ വൈറസിന്റെ ആഘാതം ഏറ്റവുമധികം ഏല്‍ക്കേണ്ടി വന്നിരിക്കുന്ന കമ്പനികളിലൊന്നാണ് ആപ്പിള്‍. അവരുടെ പ്രധാന പ്രൊഡക്ടായ ഐഫോണിന്റെ വില്‍പ്പന മാര്‍ച്ച് പാദത്തില്‍ താഴേക്കു പോയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പല സ്ഥലങ്ങളിലും കടകളിലൂടെയുള്ള വില്‍പ്പന നിർത്തി ഓണ്‍ലൈന്‍ സെയില്‍ മാത്രമാക്കിയിരിക്കുകയാണ് അവര്‍.

iPhone-SE2

സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ ആപ്പിളിന് അനുകൂലം

അതേസമയം, കമ്പനിയുടെ ടെലിവിഷന്‍ കണ്ടെന്റ്, ആപ്പിള്‍ മ്യൂസിക് തുടങ്ങിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ പൈസ വാരുകയാണ്. ആളുകള്‍ വീടുകളില്‍ അടച്ചിട്ടിരിക്കുകയായതിനാല്‍ ഇത്തരം സേവനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു. ഇത് കമ്പനിയുടെ മൊത്തം വരുമാനം പിടിച്ചു നിർത്താന്‍ സഹായിച്ചു.‌

ചൈനയിലെ സ്ഥിതി

ആപ്പിളിന്റെ മൊത്തം വരുമാനത്തിന്റെ ആറില്‍ ഒന്നും ചൈനയില്‍ നിന്നാണ് എന്നത് കമ്പനിക്ക് ചൈന എത്ര പ്രധാനപ്പെട്ട ഭൂപ്രദേശമാണെന്നു മനസ്സിലാക്കിത്തരുന്നു. കൂടാതെ കമ്പനിക്കായി പ്രൊഡക്ടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന കോണ്‍ട്രാക്ട് കമ്പനികളേറെയും പ്രവര്‍ത്തിക്കുന്നതും ചൈന കേന്ദ്രമായാണ്. ചൈനയില്‍ കമ്പനി പുതിയ കണക്കുകള്‍ പ്രകാരം 946 കോടി ഡോളറാണ് വിറ്റുവരവു നേടിയിരിക്കുന്നത്. ഇത് മുന്‍ വര്‍ഷം ഇതേ സമയത്തേതിനേക്കാള്‍ 100 കോടി ഡോളര്‍ കുറവാണ്. ഓരോ രാജ്യത്തു നിന്നും കൊറോണാവൈറസ് പോയിക്കഴിയുമ്പോള്‍ ആപ്പിളിന് വന്നേക്കാവുന്ന ആഘാതത്തിന്റെ സൂചനയായി ഇതിനെ കാണാമെന്ന വാദവും ഉയരുന്നു. ചൈനയിലെ വില്‍പ്പന കമ്പനി മാര്‍ച്ച് പകുതിയോടെയാണ് വീണ്ടും ആരംഭിച്ചത്.

tim-cook

ചൈന, തയ്‌വാന്‍, ഹോങ്കോങ്, ദക്ഷിണ കൊറിയ എന്നിവടങ്ങളിലൊഴികെയുള്ള ആപ്പിള്‍ സ്റ്റോറുകള്‍ അടഞ്ഞു കിടക്കുകയാണ്. ഓസ്ട്രിയയിലെയും ഓസ്‌ട്രേലിയയിലേയും സ്‌റ്റോറുകള്‍ അടുത്ത ആഴ്ചകളില്‍ തുറക്കുന്ന കാര്യം കമ്പനി പരിഗണിക്കുകയാണെന്ന് കുക്ക് പറഞ്ഞു. അമേരിക്കയിലെ ചില സ്റ്റോറുകളും തുറന്നേക്കും. ഭാവിയില്‍ ഫോണുകളും മറ്റും നിര്‍മ്മിക്കാനുള്ള ഘടകഭാഗങ്ങളുടെ ലഭ്യതയെക്കുറിച്ച് ആപ്പിളിന് ആധിയുണ്ടോ എന്ന ചോദ്യത്തിന് കുക്ക് വ്യക്തമായ മറുപടി പറയാന്‍ വിസമ്മതിച്ചു. എന്നാല്‍, തങ്ങളുടെ സപ്ലൈ ചെയിന്‍ മാര്‍ച്ച് അവസാനം മുതല്‍ പൂര്‍വ്വ സ്ഥതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആപ്പിളിന്റെ 5000 കോടി മൂല്യത്തിനുള്ള ഓഹരി തിരിച്ചു വാങ്ങാന്‍ തുടങ്ങുകയാണ് കമ്പനി എന്നും അദ്ദേഹം വെളിപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA