sections
MORE

ആപ്പിളിനെ കൊറോണ നാണംകെടുത്തി, ഫെയ്‌സ്‌ഐഡി പരാജയം; തോല്‍ക്കാന്‍ ചൈനയെ കിട്ടില്ല

face-id
SHARE

കൊറോണാവൈറസ് ആപ്പിളിനെ കുറച്ചൊന്നുമല്ല നാണംകെടുത്തിയത്. അവര്‍ക്കെന്നല്ല, ആര്‍ക്കും ഈ മഹാവ്യാധി വരുമെന്ന് അറിയില്ലായിരുന്നുവെങ്കിലും പല ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളും തങ്ങളുടെ മുന്തിയ ഫോണുകളില്‍ ഇന്‍-സ്‌ക്രീന്‍ ടച്‌ഐഡിക്കും ഇടം നല്‍കിയിരുന്നു. അതിപ്പോള്‍ അവര്‍ക്ക് ഗുണകരമാകുകയാണ്. എന്നാല്‍, മാസ്‌ക് ധരിച്ചിരിക്കുമ്പോള്‍ ആപ്പിളിന്റെ ഫെയ്‌സ്‌ഐഡി ഉള്ള ഫോണുകള്‍ ഉടമകളെ തിരിച്ചറിയാന്‍ പലപ്പോഴും വിഷമം കാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് കമ്പനി ഇക്കാര്യത്തില്‍ ഒരു പരിഹാരം അടുത്ത് ഇറക്കാന്‍ പോകുന്ന ഐഒഎസ് 13.5 നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നേരത്തെ ഉണ്ടായിരുന്ന ടച്ച്‌ഐഡിയ്ക്കു പകരമായാണ് ആപ്പിള്‍ ഫെയ്‌സ്‌ഐഡി അവതരിപ്പിച്ചത്. 

എന്നാല്‍, കോവിഡ്-19 ബാധ പടര്‍ന്നതിനെ തുടര്‍ന്ന് മിക്ക രാജ്യങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണല്ലോ. പാസ്‌വേഡ് എന്റര്‍ചെയ്യേണ്ടതായി വരുന്നുവെന്നും അത് സമയനഷ്ടമുണ്ടാക്കുന്നുവെന്നും പല ഐഫോണ്‍ ഉപയോക്താക്കളും പറഞ്ഞതിനെ തുടര്‍ന്നാണ് പുതിയ, താത്കാലിക പരിഹാരവുമായി ആപ്പിള്‍ എത്തുന്നത്. പൊതു സ്ഥലങ്ങളിലും ഓഫിസുകളിലും മാസ്‌ക് നീക്കി ഫെയ്‌സ് അണ്‍ലോക് ഉപയോഗിക്കുന്നത് അപകടകരവുമാണല്ലോ.

ആന്‍ഡ്രോയിഡില്‍ ഫെയ്‌സ്‌ഐഡി

ഫെയ്‌സ്‌ഐഡിയുള്ള എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ടച്‌ഐഡിയും (ഫിംഗര്‍പ്രിന്റ് സ്‌കാനര്‍) ഉള്ളതിനാല്‍ അവര്‍ക്ക് പാസ്‌വേഡ് നല്‍കാതെ അണ്‍ലോക് ചെയ്യാനാകും. ആപ്പിള്‍ പുതിയതായി ഇറക്കിയ ഐഫോണ്‍ എസ്ഇ ഫോണില്‍ ടച്ച്‌ഐഡിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഈ വര്‍ഷം ഇറങ്ങേണ്ട ഐഫോണ്‍ 12 സീരിസില്‍ ടച്‌ഐഡിയും ഉള്‍ക്കൊള്ളിച്ചേക്കുമെന്നാണ് ചില അഭ്യൂഹങ്ങള്‍ പറയുന്നത്. എന്നാല്‍, പല മുന്‍നിര ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലും ഉള്ളതു പോലെയുള്ള ഇന്‍-സ്‌ക്രീന്‍ ഫിങ്ഗര്‍പ്രിന്റ് സ്‌കാനര്‍ ആപ്പിള്‍ ഇന്നേവരെ ഇറക്കിയിട്ടില്ല. ഐഫോണ്‍ എസ്ഇ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന തരത്തിലുള്ള പഴയ രീതിയിലുള്ള ഫിസിക്കല്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുമായി ഐഫോണ്‍ 12 സീരിസിലും മറ്റും വരാനുമാകില്ല.

ചുരുങ്ങിയ കാലത്തിനുള്ളില്‍ ആപ്പിളിന്റെ എൻജിനിയര്‍മാര്‍ക്ക് കുറ്റമറ്റ ഇന്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് ഐഡി ഉണ്ടാക്കാനാകുമോ എന്ന കാര്യം കണ്ടുതന്നെ അറിയണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ വര്‍ഷം ഇറക്കാന്‍ ഉദ്ദേശിക്കുന്ന ഫോണുകളുടെ കാര്യത്തില്‍ ആപ്പിൾ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതായിരിക്കുമെന്നു പറയുന്നു. ഐഫോണ്‍ X മോഡലിലാണ് ആപ്പിള്‍ ആദ്യമായി ഫെയ്‌സ്‌ഐഡി അവതരിപ്പിക്കുന്നത്. അന്ന് ആപ്പിളിന്റെ എൻജിനീയര്‍മാര്‍ കുറ്റമറ്റ ഇന്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് റീഡര്‍ ഉണ്ടാക്കാന്‍ പരാജയപ്പെട്ടതായി ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, ഫെയ്‌സ്‌ഐഡി നല്ലവണ്ണം പ്രവര്‍ത്തിച്ചു വന്നിരുന്നതിനാല്‍ ആപ്പിള്‍ ഐഫോണ്‍ 11 സീരിസിലും ടച്ച്‌ഐഡിയെ തിരിച്ചുകൊണ്ടുവരുന്ന കാര്യം പരിഗണിച്ചില്ല. അതേസമയം, ഇന്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകളില്‍ അതാദ്യം ഓപ്ടിക്കര്‍ ഇമേജിങ് ആണ് ഉപയോഗിച്ചിരുന്നതെങ്കില്‍, പിന്നീട് അള്‍ട്രാസോണിക് ഡിറ്റെക്ഷനിലേക്ക് മാറുകയും ചെയ്തു. ഇത് ഇനി ഇറങ്ങാന്‍ പോകുന്ന എല്ലാ മുന്തിയ ആന്‍ഡ്രോയിഡ് ഫോണുകളിലും ഉറപ്പായി ഉണ്ടാകുകയും ചെയ്യും.

എന്താണ് ഐഒഎസ് 13.5ലെ പരിഹാരം?

ഐഒഎസ് 13.5 ബീറ്റാ വേര്‍ഷന്‍ ഇപ്പോള്‍ ലഭ്യമാണ്. മാസ്‌ക് ധരിച്ച ആള്‍ ഐഫോണ്‍ മുഖത്തിനു നേരെ പിടിക്കുമ്പോള്‍ ഫോണിന് ആളെ തിരിച്ചറിയാനായില്ലെങ്കില്‍ എത്രയും പെട്ടെന്ന് പാസ്‌കോഡ് ഓപ്ഷന്‍ സ്‌ക്രീനില്‍ തെളിയും. വേഗം തന്നെ പാസ്‌വേഡ് ടൈപ് ചെയ്ത് ഫോണ്‍ ഉപയോഗിക്കാനാകും.

(ഇതില്‍ കീബോര്‍ഡ് കാണാത്തത് സ്‌ക്രീന്‍ റെക്കോഡിങ്ങില്‍ ആപ്പിള്‍ അത് ഹൈഡു ചെയ്യുന്നതിനാലാണ്.) ജോലി സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടവരുന്നവരാണ് ഫെയ്‌സ്‌ഐഡി ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ വിഷമിക്കുന്നത്.

പിക്‌സല്‍ 4 വന്‍ പരാജയം

സാംസങ് തുടങ്ങിയ കമ്പനികള്‍, തങ്ങളുടെ ഫെയ്‌സ്‌ഐഡി ഉള്ള ഫോണുകളില്‍ ടച്ച്‌ഐഡിയും നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നല്‍, ആപ്പിളിന്റെ ഫെയ്‌സ്‌ഐഡിയെ അനുകരിച്ച് എടുത്തു ചാടി ഉണ്ടാക്കിയ ഗൂഗിളിന്റെ പിക്‌സല്‍ 4 മോഡലുകള്‍ (ഭാഗ്യവശാല്‍ ഇവ ഔദ്യോഗികമായി ഇന്ത്യയില്‍ വില്‍പ്പനയ്ക്കു വന്നിരുന്നില്ല) ഫെയ്‌സ് മാസ്‌ക് ധരിച്ചവർക്ക്, പ്രത്യേകിച്ചും വീട്ടിലുണ്ടാക്കിയ മുഖം മുഴുവന്‍ പൊതിഞ്ഞു നില്‍ക്കുന്ന മാസ്‌ക് ധരിക്കുന്നവര്‍ക്ക് വലിയ തലവേദനായാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ തങ്ങളുടെ ഫെയ്‌സ്‌ഐഡി പരിപൂര്‍ണ്ണമായും ഉപയോഗശൂന്യമാണെന്ന് ഗൂഗിള്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

മറ്റു പരീക്ഷണങ്ങള്‍

ചില പുതിയ എന്‍95 കസ്റ്റം റെസ്പിരേറ്ററി മാസ്‌കുകളില്‍ മുഖം പ്രിന്റു ചെയ്ത് പരീക്ഷണം നടത്തുന്നുണ്ട്. മഷി ഉപയോഗിച്ച് ഉപയോക്താവിന്റെ മുഖത്തിന്റെ മറഞ്ഞിരിക്കുന്ന ഭാഗങ്ങള്‍ പ്രിന്റു ചെയ്തു ചേര്‍ക്കുയാണ് ചെയ്യുന്നത്. സ്വാഭാവിക ഡൈ ഉപയോഗിച്ചിരിക്കുന്നതിനാല്‍ വിഷംശ്വസിക്കേണ്ടതായും വരുന്നില്ലെന്നു പറയുന്നു. ഇത് ആശുപത്രി ജോലിക്കാര്‍ക്കും മറ്റും ഏറെ ഉപകാരപ്രദമായിരിക്കും.

ഐ റെക്കഗ്നിഷന്‍

നിലവിലുള്ള ഫെയ്‌സ് ഐഡി കണ്ണും മുക്കും വായും എല്ലാം അടങ്ങുന്ന ഡേറ്റയാണ് ഉപയോഗിക്കുന്നത്. ഇനി ഒരു പക്ഷേ കണ്ണിനെ ചുറ്റിപ്പറ്റിയുള്ള ഡേറ്റയില്‍ മാത്രം ശ്രദ്ധിച്ചായിരിക്കാം ഫെയ്‌സ്‌ഐഡി ഇറക്കുക.

ഫെയ്‌സ്മാസ്‌ക് അണിഞ്ഞാലും ചൈനീസ് ക്യാമറ കണ്ണുകളെ പറ്റിക്കാനാവില്ല

ചൈനയുടെ നിരീക്ഷണ ക്യാമറകളില്‍ ചിലതിന് ഫെയ്‌സ് മാസ്‌ക് അണിഞ്ഞിരിക്കുന്നവരെ പോലും ഇപ്പോള്‍ത്തന്നെ തിരിച്ചറിയാനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആളുകള്‍ മാസ്‌ക് അണിഞ്ഞു നില്‍ക്കുന്ന ഫോട്ടോകൂടി ഉള്‍പ്പെടുത്തി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് നല്‍കുകയാണ് ചെയ്തിരിക്കുന്നതത്രെ. ഇങ്ങനെ ചെയ്താല്‍ ഇപ്പോള്‍ 95 ശതമാനം കൃത്യതയോടെ ആളെ തിരിച്ചറിയാനാകുമെന്നാണ് ചില ചൈനീസ് കമ്പനികള്‍ അവകാശപ്പെട്ടിരിക്കുന്നത്. ഒരു പക്ഷേ, ഇത്തരം സാധ്യതകള്‍ സ്മാര്‍ട് ഫോണ്‍ കമ്പനികളും ഇനി ഉള്‍പ്പെടുത്തുമായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA