ADVERTISEMENT

ഇന്ത്യയിലെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വില്‍പ്പനയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചേക്കവുന്ന പുതിയ ബിസിനസ് തന്ത്രം അവതരിപ്പിച്ചിരിക്കുകയാണ് ഷഓമി. കോവിഡ്-19 ഇന്ത്യയിലെ ഓണ്‍ലൈന്‍ വിതരണ ശൃംഖലകളെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലുള്ള ഇന്‍വെന്ററികളില്‍ നിന്ന് പ്രൊഡക്ട് എത്തിക്കുന്ന രീതിയാണ് ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ ഇതുവരെ അനുവര്‍ത്തിച്ചു വന്നത്. ഇനി അത് എത്രമാത്രം പിടിച്ചു നില്‍ക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും മഹാവ്യാധികള്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ചരക്കുനീക്കം തടസപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ പുതിയ രീതിക്ക് പ്രചാരമേറാനുള്ള സാധ്യത കാണാം.

 

ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ ഷഓമി ഇനി തങ്ങളുടെ ഫോണുകള്‍ വാട്‌സാപിലൂടെ വില്‍ക്കും. ജിയോയുടെ വാട്‌സാപ് വില്‍പ്പനയോട് സമാതനയുള്ളതാണ് ഷഓമിയുടെ രീതിയെന്നു വേണമെങ്കില്‍ പറയാം. അവരുടെ വെബ്‌സൈറ്റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുന്ന, ഫോണ്‍ അടക്കമുള്ള ഷഓമിയുടെ പ്രൊഡക്ടുകള്‍ നിങ്ങളുടെ അടുത്തുള്ള കടകളില്‍ നിന്ന് നല്‍കുന്ന തന്ത്രമായിരിക്കും ഇവിടെ പ്രയോഗിക്കുക. ഇതിനായി എംഐ കൊമേഴ്‌സ് (https://local.mi.com/) എന്ന പുതിയ വെബ് ആപ്പ് കമ്പനി തുടങ്ങിയിരിക്കുകയാണ്. വെബ്‌സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുകയാണ് ഷഓമിയുടെ ഉദ്ദേശം.

 

ഇത് ഉപയോഗിച്ചു ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വാട്‌സാപിലൂടെ  '+91 8861826286' എന്ന ഷഓമിയുടെ ബിസിനസ് അക്കൗണ്ട് നമ്പറിലേക്ക് മെസേജ് അയയ്ക്കണം. തുടര്‍ന്ന് മുകളില്‍ പറഞ്ഞ വെബ് ആപ്പില്‍ ലോഗ്-ഇന്‍ ചെയ്യാം. ഇതിലൂടെ അടുത്തുളള ഷഓമി വില്‍പ്പനക്കാരനുമായി ഇടപെടാം. തങ്ങള്‍ക്കു വേണ്ട പ്രൊഡക്ട് അവിടെയുണ്ടോ എന്ന് അന്വേഷിക്കാം. തങ്ങള്‍ക്ക് പ്രൊഡക്ട് വേണമെന്ന് അറിയിച്ചാല്‍ വില്‍പ്പനക്കാരന്‍ നേരിട്ട് ഫോണിലേക്ക് വിളിച്ച് ഓര്‍ഡര്‍ ഉറപ്പിക്കുകയും എപ്പോള്‍ എത്തിച്ചു തരാനാകുമെന്ന് പറയുകയും ചെയ്യും. ഭാഗ്യമുണ്ടെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളിലോ മിനിറ്റുകള്‍ക്കുള്ളിലോ ഷഓമിയുടെ ഉപകരണങ്ങള്‍ വീട്ടിലെത്തും. സ്റ്റോറിലെ ലഭ്യതയും നേരത്തെ ആളുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളുമായിരിക്കും ഇതു തീരുമാനിക്കുക.

 

ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷനും ഉണ്ടായിരിക്കും. കൊണ്ടുവരുന്ന സ്റ്റാഫ് വൃത്തി ഉറപ്പാക്കി മാത്രമായിരിക്കും ഉപകരണങ്ങള്‍ നല്‍കുക. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ വില്‍പ്പനക്കാരുടെ രീതിയില്‍ നിന്ന് വ്യത്യസ്തമായ രീതിയല്‍ വില്‍ക്കാനാണ് ഷഓമിയുടെ നീക്കം. ഇതിലൂടെ ഷഓമിയുടെ പ്രാദേശിക കടക്കാര്‍ക്ക് ഓണ്‍ലൈനായി തങ്ങളുടെ ഫോണുകളും മറ്റും വിറ്റഴിക്കാം.

 

തങ്ങള്‍ക്ക് ഒരു പ്രൊഡക്ട് ഇഷ്ടമുണ്ടെന്നു പറഞ്ഞാല്‍ മറ്റു കാര്യങ്ങളെല്ലാം ഓഫ് ലൈനായാണ് നടക്കുക. എന്നുപറഞ്ഞാല്‍, പ്രൊഡക്ടുമായി കടക്കാരന്റെ പ്രതിനിധി നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തുന്നു. യുപിഐ തുടങ്ങിയ പണമടയ്ക്കല്‍ സംവിധാനമായിരിക്കാം പ്രയോജനപ്പെടുത്തുക. ഇതിനെ ഓണ്‍ലൈന്‍ 'ഓഫ്‌ലൈന്‍ പ്രൊഡക്ട് ഡിസ്‌കവറി' എന്നാണ് കമ്പനി വിളിക്കുന്നത്. ഇതിലൂടെ ഓഫ്‌ലൈന്‍ കടക്കാരും ഓണ്‍ലൈന്‍ വില്‍പ്പനയുടെ ഭാഗമാകുകയാണ്. ഇപ്പോള്‍ ഇന്ത്യയിലെ ഗ്രീന്‍, ഓറഞ്ച് സോണുകളിലായിരിക്കും ഇത് തുടങ്ങുക. തങ്ങളുടെ സ്‌റ്റോറുകളില്‍ 60 ശതമാനവും ഈ സോണുകളിലാണ് ഇപ്പോള്‍ ഉള്ളതെന്ന് കമ്പനി അറിയിച്ചു.

 

ലോക്ഡൗണിനിടയിലും സ്മാര്‍ട് ഫോണ്‍ കടക്കാരുടെ വീടുകള്‍ അന്വേഷിച്ചു കണ്ടുപിടിച്ച്, ഒരു ഫോണ്‍ കിട്ടുമോ എന്ന് അന്വേഷിക്കുന്ന കേരളത്തില്‍ പോലും ഉണ്ടായിരുന്നു. ഷഓമിയുടെ പുതിയ തന്ത്രം കോവിഡ്-19തിന്റെ പശ്ചാത്തലത്തില്‍ തുടങ്ങിയതാണെങ്കിലും അത് പല രീതിയില്‍ ഫോണ്‍ വില്‍ക്കാനുള്ള അവരുടെ ശ്രമത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ കഴിഞ്ഞാലും തുടരും. ഭാവിയില്‍ വന്നേക്കാവുന്ന ചില പ്രശ്‌നങ്ങളും മുന്നില്‍ കണ്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. കൊറോണാവൈറസ് പടര്‍ന്നതോടെ ഓണ്‍ലൈന്‍ വില്‍പ്പന മുഴുവന്‍ പ്രതിസന്ധിയിലാണ്. റിലയന്‍സ് അടക്കം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പുതിയ വില്‍പ്പനാ ശൈലി പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പനക്കാരുടെ നട്ടെല്ലൊടിച്ചേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com