ADVERTISEMENT

ഐഫോണുകളില്‍ ഉപയോഗിക്കുന്ന ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിൽ ഏറ്റവുമധികം കാലം നിലനിന്ന ഒരു ഭേദ്യതയാണ് സുരക്ഷാ വിദഗ്ധരായ സെക്ഓപ്‌സ് (ZecOps) കണ്ടെത്തിയിരിക്കുന്നത്. ഐഒഎസിലെ മെയില്‍ ആപ്പിലൂടെ ഫോണിലേക്ക് നുഴഞ്ഞുകയറ്റം സാധ്യമാകുമെന്നാണ് സെക്ഓപ്‌സ് കണ്ടെത്തി. ഇത് ആപ്പിള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതുമാത്രംകൊണ്ട് വലിയ പ്രശ്‌നമൊന്നും ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഉണ്ടാവില്ല എന്ന ഉഴപ്പന്‍ പ്രതികരണത്തിലൂടെ കമ്പനി അത് തള്ളികളയുകായിരുന്നു.

ഇപ്പോഴിതാ ഈ പ്രശ്‌നം മുതലെടുത്ത് ഐഫോണ്‍ ഉപയോക്താക്കള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സെക്ഓപ്‌സ് വീണ്ടും എത്തിയിരിക്കുന്നത്. ഈ ഭേദ്യത ഏത് ഐഫോണിനും ബാധകമാണ് എന്നതിനാല്‍ അത് ഇന്നേവരെ വില്‍ക്കപ്പെട്ടുവെന്ന് പറയുന്ന 90കോടി ഐഫോണുകളെയും ബാധിച്ചേക്കാമെന്നാണ് ഗവേഷക സംഘത്തിന്റെ നിഗമനം.

എന്നാല്‍, ആദ്യ പ്രതികരണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് തങ്ങളെന്നാണ് ആപ്പിള്‍ പറഞ്ഞിരിക്കുന്നത്. ഇത് സെക്ഓപ്‌സ് കണ്ടെത്തിയതായി അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് ആപ്പിൾ കമ്പനി പറയുന്നു. സെക്ഓപ്‌സ് കൂടുതലായി കണ്ടെത്തിയെന്നു പറയുന്ന കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു. 2010 മുതല്‍ ഐഫോണ്‍ ഉടമകള്‍ ഇതിന് ഇരയാകുന്നു എന്നാണ് സെക്ഓപ്‌സ് പുതിയതായി ആരോപിച്ചിരിക്കുന്നത്. ആപ്പിള്‍ ഇതിനുള്ള പ്രതിവിധി അടുത്തിറങ്ങാന്‍ പോകുന്ന ഐഒഎസ് 13.5ല്‍ നല്‍കുകയും ചെയ്യും. എന്നാല്‍, മുന്‍ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ദശലക്ഷക്കണക്കിന് ഐഫോണുകള്‍ക്ക് വേണ്ടതു ചെയ്യുമെന്ന് കമ്പനി പറയുന്നില്ല എന്നതാണ് ഇപ്പോഴത്തെ പുതിയ പ്രശ്‌നങ്ങളിലൊന്ന്.

ആപ്പിള്‍ ഈ പ്രശ്‌നം നിസാരവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ജര്‍മനിയുടെ ഫെഡറല്‍ ഓഫിസ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി (ബിഎസ്‌ഐ) പുറത്തിറക്കിയ നിര്‍ദേശപ്രകാരം ഐഒഎസിലെ മെയില്‍ ആപ് ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്നാണ്. ഈ ഭേദ്യത വളരെ പ്രശ്‌നമുള്ളതാണെന്ന് ബിഎസ്‌ഐ നിരീക്ഷിക്കുന്നു. ഇതു ബാധിക്കപ്പെട്ട ഉപകരണങ്ങളിലുള്ള മെയില്‍ മുഴുവന്‍ ചോര്‍ത്താനാകുമെന്നാണ് അവരുടെ കണ്ടെത്തല്‍. നിലവില്‍ ഇതിന് പാച്ച് ഒന്നും ആപ്പിള്‍ അയച്ചിട്ടുമില്ല. നിരവധി ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ ഈ ഭീഷണി നേരിടുന്നു. അവരെ വ്യക്തികളോ, കമ്പനികളോ, സർക്കാരുകളോ ലക്ഷ്യം വയ്ക്കാമെന്നാണ് ബിഎസ്‌ഐ പറയുന്നത്. തങ്ങള്‍ കമ്പനിയോട് ഇക്കാര്യത്തില്‍ പ്രതികരണം ആരാഞ്ഞു കഴിഞ്ഞെന്നും വേഗം ഇതിനു പരിഹാരം കാണാന്‍ ആവശ്യപ്പെട്ടുവെന്നും ബിഎസ്‌ഐ അറിയിച്ചു.

ഏതു സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും തങ്ങള്‍ ഗൗരവമായി മാത്രമാണ് എടുത്തിട്ടുള്ളത് എന്നാണ് ആപ്പിള്‍ പറയുന്നത്. സാക്ഓപ്‌സിന്റെ റിപ്പോര്‍ട്ട് തങ്ങള്‍ ആഴത്തില്‍ പഠിച്ചുവെന്നും അതില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഭീഷണിയുള്ളതായി തോന്നിയില്ല എന്നുമാണ് കമ്പനിയുടെ വാദം. സെക്ഓപ്‌സ് മെയില്‍ ആപ്പില്‍ മൂന്നു പ്രശ്‌നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവമാത്രം വച്ച് തങ്ങള്‍ ഐഒഎസില്‍ ഉപയോഗിച്ചിരിക്കുന്ന സുരക്ഷാവലയം ഭേദിക്കാനൊന്നും സാധ്യമല്ലെന്ന് കമ്പനി പറയുന്നു. തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ അത്തരം ആക്രമണം നടന്നതിന് ഒരു തെളിവും കണ്ടിട്ടില്ല. എന്നാല്‍, ഈ പ്രശ്‌നങ്ങളെ തങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നില്ല. അവയ്ക്കുള്ള പരിഹാരം താമസിയാതെ എത്തും. തങ്ങള്‍ സെക്ഓപ്‌സ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള സഹകരണം തുടരുമെന്നും തങ്ങളുടെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിച്ചതിന് സാക്ഓപ്‌സിന്റെ പഠനം ഗുണം ചെയ്തതായി അംഗീകരിക്കുന്നുവെന്നും ആപ്പിള്‍ പറയുന്നു.

അതേസമയം, ഐഒഎസില്‍ കണ്ടെത്തിയ മെയില്‍ഡീമന്‍ ഭേദ്യതയുടെ ഗവേഷണവുമായി തങ്ങള്‍ മുന്നോട്ടുപോകുകയാണെന്ന് സെക്ഓപ്‌സ് അറിയിച്ചു. തങ്ങള്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ വിശദമായി തന്നെ അവര്‍ പറയുന്നുമുണ്ട്. ആപ്പിളിന്റെ ആദ്യ ഫോണായ 2ജി ഐഫോണില്‍ പ്രവര്‍ത്തിക്കുന്ന ഐഒഎസ് 3.1.3 മുതലാണ് ഈ പ്രശ്‌നം കണ്ടു തുടങ്ങുന്നത്. 2010 മുതല്‍ ഇത് ഉപയോഗിച്ച് കടന്നുകയറ്റങ്ങളും നടന്നിട്ടുണ്ടെന്ന നിലപാടാണ് സെക്ഓപ്‌സ് സ്വീകരിക്കുന്നത്.

ഐഒഎസ് 13.5ല്‍ എല്ലാം പരിഹരിക്കാമെന്നാണ് ആപ്പിളിന്റെ വാദം. ഇത് ഐഫോണ്‍ 6എസ് മുതലുള്ള ഫോണുകള്‍ക്കു മാത്രമേ ലഭിക്കൂ. പുതിയ ഫോണുകള്‍ സംരക്ഷിക്കപ്പെടും. എന്നാല്‍, ആപ്പിളിന്റെ ഏറ്റവുമധികം വിറ്റ മോഡലായ ഐഫോണ്‍ 6 മുതല്‍ പിന്നിലേക്കുള്ള ഫോണുകളെ എങ്ങനെ സംരക്ഷിക്കുമെന്നാണ് പുതിയ ചോദ്യം. ഐഫോണ്‍ ഉപയോക്താക്കളോട് സെക്ഓപ്‌സിനു പറയാനുള്ളത് ആപ്പിളിന്റെ മെയില്‍ തത്കാലം ഉപയോഗിക്കാതിരിക്കുക എന്നതാണ്. പകരം കൂടുതല്‍ സുരക്ഷിതമായ ഔട്ട്‌ലുക്ക്, ജിമെയില്‍ തുടങ്ങിയവയുടെ ഐഒഎസ് ആപ്പുകള്‍ ഉപയോഗിക്കാനാണ് അവര്‍ നല്‍കുന്ന ഉപദേശം. എന്നാല്‍, മുന്‍വര്‍ഷത്തെ മോഡലുകള്‍ ഉപയോഗിക്കുന്നവരോട് ആപ്പിളിന്റെ സമീപനം എന്തായിരിക്കുമെന്ന് ഉറ്റു നോക്കുകയാണ് ടെക് ലോകം.

English Summary: 900 Million iPhones Affected By Updated Apple iOS Warning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com