sections
MORE

പിക്സലിന്റെ പേരിൽ തമ്മിലടി, ലെവോയ് ഗൂഗിളിൽ നിന്ന് പടിയിറങ്ങി

marc-levoy
SHARE

കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫി എന്ന പ്രയോഗം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടത് ഗൂഗിള്‍ പിക്‌സല്‍ ഫോണുകളുടെ കാര്യത്തിലാണ്. പിക്‌സല്‍ 3 വരെയുള്ള ഫോണുകളിലെ ക്യാമറകള്‍ എതിരാളികളെക്കാള്‍, വെളിച്ചക്കുറവുള്ള സ്ഥലത്തെ ഫൊട്ടോഗ്രാഫി അടക്കം ചില കാര്യങ്ങളില്‍ മികച്ചു നില്‍ക്കുക തന്നെ ചെയ്തു. ഇവ ഫൊട്ടോഗ്രാഫി അറിയാവുന്നവര്‍ക്ക് ഇഷ്ടപ്പെട്ട സ്മാര്‍ട് ഫോണുകളുമായിരുന്നു.

എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത് ഗൂഗിളിന്റെ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫി വിഭാഗത്തിലെ പ്രധാനിയായിരുന്ന മാര്‍ക് ലെവോയ്, ഫോണ്‍ ഹാര്‍ഡ്‌വെയര്‍ ടീമിലെ പ്രധാനിയായിരുന്ന മരിയോ ക്വെയ്‌റോസ് എന്നിവര്‍ കമ്പനി വിട്ടു എന്നാണ്. ഗൂഗിള്‍ വളരെ പ്രതീക്ഷവച്ചുപുലര്‍ത്തിയ സ്മാര്‍ട് ഫോണ്‍ മോഡലായിരുന്നു പിക്‌സല്‍ 4. ഇതു പുറത്തെത്തുന്നതോടെ, പിക്‌സല്‍ ഫോണുകള്‍ ഐഫോണ്‍ 11നെതിരെ തലയെടുപ്പോടെ നില്‍ക്കുമെന്നാണ് കമ്പനി കരുതിയിരുന്നത്. എന്നാല്‍, ഈ മോഡലിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകാതെ വന്നതിനാല്‍, കമ്പനിക്കുള്ളലില്‍ ഉദ്യോഗസ്ഥരെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറ്റാനാണ് ഗൂഗിള്‍ തീരുമാനിച്ചതെന്നു പറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ലെവോയ് പുറത്തുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പിക്‌സല്‍ മോഡലുകളുടെ വിഖ്യാതമായ ക്യാമറയ്ക്കു പിന്നില്‍ മാര്‍ക് ലെവോയ്‌യുടെ തലയായിരുന്നു. സ്മാര്‍ട് ഫോണുകളില്‍ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫി അവതരിപ്പിച്ചതും ഇദ്ദേഹമായിരുന്നു. എച്ഡിആര്‍ പ്ലസ്, പോര്‍ട്രെയ്റ്റ് മോഡ്, നൈറ്റ് സൈറ്റ് തുടങ്ങിയ ഫീച്ചറുകള്‍ പിക്‌സല്‍മ മോഡലുകള്‍ക്ക് മുതല്‍ക്കൂട്ടായിരുന്നു. ലെവോയ്‌യുടെ ലിങ്ക്ട്ഇന്‍ പേജില്‍ താന്‍ മാര്‍ച്ചില്‍ ഗൂഗിള്‍ വിട്ടാതായി പറഞ്ഞിട്ടുമുണ്ട്. 2014ലില്‍ ഗൂഗിളിലെത്തുന്നതിനു മുൻപ്, അദ്ദേഹം സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്നു. അദ്ദേഹത്തിന്റെ ഒരു പദ്ധതിയായിരുന്നു പിന്നീട് ഗൂഗിള്‍ സ്ട്രീറ്റ്‌വ്യൂ എന്ന പേരില്‍ അവതരിപ്പിച്ചത്. പിന്നീട് അടുത്ത വര്‍ഷങ്ങളില്‍ അദ്ദേഹം ഗൂഗിളില്‍ കൂടിയ പോസ്റ്റുകളിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പിക്‌സല്‍ ടീമിന്റെ പ്രധാന അംഗങ്ങളില്‍ ഒരാളാകുകയായിരുന്നു.

ക്വെയ്‌റോസിന്റെത് മറ്റൊരു കഥയാണ്. എച്പി വിട്ടാണ് അദ്ദേഹം 2005ല്‍ ഗൂഗിളില്‍ ചേക്കേറുന്നത്. അദ്ദേഹം ഗൂഗിളിലെ തന്റെ അവസാന വര്‍ഷങ്ങളില്‍ പിക്‌സല്‍ ഫോണിന്റെ ഹാര്‍ഡ്‌വെയറിന്റെ കാര്യങ്ങള്‍ പരിഗണിക്കുന്ന ടീമിലെ രണ്ടാമനായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം പിക്‌സല്‍ ടീമില്‍ നിന്നു മാറിയ അദ്ദേഹം രണ്ടു മാസത്തിനു ശേഷം ഗൂഗിള്‍ വിടുകയായിരുന്നു. ഇരുവരുടെയും പുറത്തുപോക്ക് ഗൂഗിളിന്റെ പിക്‌സല്‍ ഫോണുകളുടെ മൊത്തം ഗതികേടിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നു നിരീക്ഷിക്കുന്നവരുമുണ്ട്. ആദ്യ പിക്‌സല്‍ ഫോണിന് മികച്ച റിവ്യൂ ആയിരുന്നു ലഭിച്ചത്. എന്നാല്‍, പിന്നീട് ക്യാമറയുടെ ഗുണമൊഴിച്ചാല്‍ പിക്‌സല്‍ ഫോണുകള്‍, ഐഫോണുകള്‍ അടക്കമുള്ള മറ്റു മികച്ച ഫോണുകള്‍ക്കു മുന്നില്‍ സവിശേഷ മികവൊന്നും പ്രദര്‍ശിപ്പിക്കാതെ വന്നുപോകുകയായിരുന്നു. പിക്‌സല്‍ 3 വരെ ക്യാമറയുടെ കാര്യത്തില്‍ പുലര്‍ത്തിവന്ന മികവും പിക്‌സല്‍ 4ല്‍ കണ്ടില്ല. പിക്‌സല്‍ 4, പിക്‌സല്‍ 4 എക്‌സ്എല്‍ എന്നീ മോഡലുകള്‍ രണ്ടും കൂടെ ഏകദേശം 20 ലക്ഷം എണ്ണം മാത്രമാണ് മാര്‍ച്ച് വരെ പുറത്തിറക്കിയത് എന്നത് ഗൂഗിളിന്‍ നാണക്കേടുണ്ടാക്കിയ കാര്യമായിരുന്നു.

ലെവോയ്‌യും, ക്വെയ്‌റോസും കമ്പനി വിടുന്നതിനു മുൻപ് തന്നെ പിക്‌സല്‍ സ്മാര്‍ട് ഫോണിനു വേണ്ടി നിയോഗിച്ചിരുന്ന ടീമില്‍ തമ്മിലടി ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം പിക്‌സല്‍ 4 അവതരിപ്പിക്കാന്‍ തുടങ്ങുന്നതിനു മുൻപ് നടത്തിയ ഒരു മീറ്റിങില്‍ ഹാര്‍ഡ്‌വെയര്‍ മേധാവി റിക് ഓസ്റ്റര്‍ലോ ഈ മോഡലിന്റെ നിര്‍മ്മിതിയെക്കുറിച്ച് തന്റെ ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. കൊട്ടിഘോഷിച്ചു വന്ന ഈ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതുമില്ല.

അടുത്ത ദിവസങ്ങളില്‍ ഗൂഗിള്‍ തങ്ങളുടെ വില കുറഞ്ഞ പിക്‌സല്‍ 4എ മോഡലല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങവെയാണ് ഫോണ്‍ വിഭാഗത്തിലെ രണ്ടു പ്രധാനികള്‍ കമ്പനി വിടുന്നത്. ഈ മോഡല്‍ മാര്‍ച്ചില്‍ അവതരിപ്പിക്കാനാണ് ഇരുന്നത്. പിക്‌സല്‍ 3എ ഈ വര്‍ഷം അവതരിപ്പിച്ച ഐഫോണ്‍ എസ്ഇ 2020, സാംസങ് ഗ്യാലക്‌സി എ51, വണ്‍പ്ലസ് 8 തുടങ്ങിയ മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ഗൂഗിള്‍ കരുതുന്നത്. ഇതിന്റെ വില 399 ഡോളര്‍ ആയിരിക്കാം.

English Summary : Marc Levoy, the force behind Pixel’s computational photography, has left Google

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA