sections
MORE

ട്രംപ് 'വളഞ്ഞിട്ട്' ആക്രമിച്ചു, തിരിച്ചടിച്ച് വാവെയ്, സ്വന്തം ആപ് ഗ്യാലറിയുമായി ചൈനീസ് ഫോൺ

appgallery
SHARE

ആഗോളതലത്തിലെ ഇപ്പോഴത്തെ മൂന്നാമത്തെ വലിയ ആപ് ഡൗണ്‍ലോഡിങ് പ്ലാറ്റ്‌ഫോം ആണ് ആപ്ഗ്യലറി (AppGallery). നാളെ ആപ്ഗ്യാലറിയുമായി ഇറങ്ങുന്ന ഫോണ്‍ വാങ്ങേണ്ടി വരില്ലെന്ന് ആര്‍ക്കും പറയാനാവില്ല. ഇതിനാല്‍ തന്നെ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. ചൈനയിലെ സ്മാര്‍ട് ഫോണ്‍ നിര്‍മാണ ഭീമനായ വാവെയ് കമ്പനിയോട് ഗൂഗിള്‍ മൊബൈല്‍ സര്‍വീസസ് ഉപയോഗിക്കരുതെന്ന് വിലക്കിയതിനാല്‍ കമ്പനി തന്നെ അവതരിപ്പിച്ച വാവെയ് മൊബൈല്‍ സര്‍വീസസ് ഉപയോഗിച്ചു നിര്‍മിച്ച ആപ് സ്‌റ്റോറാണ് ആപ്ഗ്യാലറി. ചൈന-അമേരിക്ക ബന്ധം കൂടുതല്‍ വഷളായാല്‍ മിക്ക ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളും ഒരുപക്ഷേ ആപ് ഗ്യാലറി ആയിരിക്കാം ഉപയോഗിക്കുന്നത്. വാവെയ്ക്കെതിരെ യുഎസ് പ്രസിഡന്റ് ട്രംപ് വിലക്ക് നീട്ടിയിരിക്കുകയാണ്. ഇതിനു തൊട്ടുപിന്നാലെയാണ് ആപ്ഗ്യാലറിയും അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ വിലകുറഞ്ഞ ഫോണുകളേറെയും വില്‍ക്കുന്നത് ചൈനീസ് കമ്പനികളായതിനാല്‍ ആപ്ഗ്യാലറിയുടെ സാധ്യതകള്‍ എന്താണെന്ന് അറിഞ്ഞിരിക്കണം.

ഇന്ത്യയില്‍ ആപ് ഗ്യാലറിയുമായി ഇറങ്ങിയ ആദ്യ ഫോണ്‍ വാവെയുടെ സബ് ബ്രാന്‍ഡ് ആയ ഓണറിന്റേതാണ്- ഓണര്‍ 9എക്‌സ് പ്രോ. കാഴ്ചയിലും പ്രകടനത്തിലും മികച്ച ഫോണായി വിലയിരുത്തപ്പെടുന്ന ഈ ഫോണിലുള്ള പുതിയ ആപ്‌സ്റ്റോര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? ഇതുവരെ ഉപയോഗിച്ചുവന്ന ആപ്പുകള്‍ ഇനി ലഭ്യമാകുമോ എന്നതായിരിക്കും മിക്ക ഉപയോക്താക്കളും ആപ്ഗ്യാലറിയുമായി ഇറങ്ങുന്ന ഉപകരണം വാങ്ങുന്നതിനു മുൻപ് ഉപയോക്താക്കള്‍ ഭയക്കുന്നത്. പുതിയൊരു ആപ് സംസ്‌കാരവുമായി പെ‌ട്ടെന്ന് ഒത്തുപോകാന്‍ സാധിച്ചില്ലെങ്കിലോ? ഇന്ത്യക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന 150 ആപ്പുകളില്‍ 95 ശതമാനവും ആപ് ഗ്യാലറിയിലുണ്ട്. അടുത്തതായി ഇന്ത്യക്കാര്‍ക്കു പ്രിയപ്പെട്ട ആദ്യ 5,000 ആപ്പുകള്‍ ഉള്‍പ്പെടുത്താനായിരിക്കും കമ്പനി ശ്രമിക്കുക.

ആപ്ഗ്യാലറിയുടെ വിജയത്തിനു പിന്നില്‍ ഒരു കാര്യം മാത്രമല്ല ഉള്ളത്, മറിച്ച് പല കാര്യങ്ങളുണ്ടത്രെ. ഇപ്പോള്‍ത്തന്നെ ലോകമെമ്പാടും ഉപയോക്താക്കളുള്ള വാവെയ് പ്രാദേശിക ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി തന്നെയാണ് ആപ്പുകള്‍ സൃഷ്ടിച്ചെടുക്കുന്നത്. അവരുടെ സ്മാര്‍ട് ഫോണ്‍ സാമ്രാജ്യം 170 രാജ്യങ്ങളിലായി, 40 കോടി പ്രതിമാസ ആക്ടീവ് ഉപയോക്താക്കളിലായി വ്യാപിച്ചു കിടക്കുന്നു. വാവെയ്ക്കായി ആപ് നിര്‍മിക്കാമെന്നു സമ്മതിച്ച് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഡെവലപ്പര്‍മാരുടെ എണ്ണം 13 ലക്ഷമാണ്. കൂടാതെ, പ്രാദേശിക ഇഷ്ടാനിഷ്ടങ്ങളറിഞ്ഞ് ആപ്പുകള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ വാവെയ്ക്ക് ഒൻപത് വര്‍ഷത്തെ അനുഭവജ്ഞാനമാണുള്ളത്.

മാപ്‌മൈഇന്ത്യ (MapmyIndia), ജിയോ ബ്രൗസര്‍ തുടങ്ങിയവ നല്‍കുന്നതോടെ, പരമ്പരാഗത രീതിയില്‍ ആപ്പുകള്‍ അന്വേഷിക്കുന്നവര്‍ക്കും അതു കണ്ടെത്താനാകുമെന്നു പറയുന്നു. ഓണര്‍ 9എക്‌സ് പ്രോയില്‍, വാവെയുടെ ഇമെയില്‍ ക്ലൈന്റിലൂടെ ജിമെയില്‍ ഉപയോഗിക്കാം. വെബ് ബ്രൗസറിലൂടെ യൂട്യൂബ് സ്ട്രീം ചെയ്യാം. സ്‌നാപ്ചാറ്റ് ആപ്ഗ്യാലറിയില്‍ തന്നെയുണ്ട്. വാട്‌സാപും ഫെയ്‌സ്ബുക്കും അതതു വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ലൈഫ്‌സ്റ്റൈല്‍, ട്രാവല്‍, ഇകൊമേഴ്‌സ്, ന്യൂസ്, എജ്യൂകേഷന്‍ തുടങ്ങിയവ അടക്കം, ആപ്ഗ്യാലറിയില്‍ 18 വ്യത്യസ്ത വിഭാഗത്തിലുള്ള ആപ്പുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ട്രൂകോളര്‍, വിചാറ്റ്, സാറാ (Zara) തുടങ്ങിയ ആപ്പുകള്‍ മുതല്‍ പ്രാദേശിക ആപ്പുകളായ എക്‌സ്‌പ്ലോറീ (Xploree), ഹംഗാമാ പ്ലേ, ജിയോ ന്യൂസ്, എച്ഡിഎഫ്‌സി, ബൈജൂസ്, ഓയോ, സൊമാറ്റോ, ഗ്രോഫേഴ്‌സ്, പേടിഎം തുടങ്ങി പല പ്രധാന ആപ്പുകളും ഇപ്പോള്‍ത്തന്നെ ആപ്ഗ്യാലറിയില്‍ ഇടംപിടിച്ചു കഴിഞ്ഞു. കാലത്തിന് അനുസരിച്ച്, 'ആരോഗ്യ സേതുവും' ഉള്‍ക്കൊള്ളിക്കാന്‍ വാവെയ് മറന്നിട്ടില്ലെന്നും കാണാം.

ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ തന്നെയാണ് കമ്പനി തങ്ങളുടെ പ്രൊഡക്ടുകള്‍ ഇറക്കുന്നത്. ഹാര്‍ഡ്‌വെയര്‍ നിര്‍മാണത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന കമ്പനിയായി ആണ് അവര്‍ അറിയപ്പെടുന്നത്. എന്നാല്‍, ആളുകളുടെ സുരക്ഷയ്ക്കും തങ്ങള്‍ പ്രാധാന്യം നല്‍കുന്നതായികമ്പനി പറയുന്നു. ആപ്ഗ്യാലറിയലെത്തുന്ന ആപ്പുകളെല്ലാം കമ്പനി ടെസ്റ്റു ചെയ്തതിനു ശേഷമാണ് ലഭ്യമാകുക. ആളുകളുടെ സ്വകാര്യത സംരക്ഷിക്കാനായി, സ്വന്തം ടെക്‌നോളജിയായ, സെയ്ഫ്റ്റി ഡിറ്റെക്ട് ആണ് ഉപയോഗിക്കുന്നത്. ഇതിലൂടെ സിസ്ഇന്റഗ്രിറ്റി, ആപ്‌ചെക്ക്, യുആര്‍എല്‍ചെക്ക്, യൂസര്‍ഡിറ്റെക്ട് (SysIntegrity, AppsCheck, URLCheck, UserDetect) കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതായി കമ്പനി അവകാശപ്പെടുന്നു.

huawei-ceo

കൊറോണാവൈറസ് വ്യാപനത്തിനു മുൻപ് തന്നെ ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പുതിയ പാത വെട്ടിത്തുറക്കാനുള്ള ചില പരിശ്രമങ്ങള്‍ നടത്തിയിരുന്നു. അത്തരമൊരു നീക്കം വിജയിച്ചാല്‍ അത് വിവിധ തട്ടുകളിലുള്ള ഫോണ്‍ നിര്‍മാതാക്കള്‍ക്കും വെല്ലുവളി ഉയര്‍ത്തും. ഗൂഗിളിന്റെ പ്ലേസ്റ്റോറുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന് എന്തായാലും കോവിഡ്-19 താത്കാലികമായി തടയിട്ടിരിക്കുകയാണ്. പക്ഷേ, അത് ഭാവിയില്‍ വന്നുകൂടായ്ക ഇല്ല. അങ്ങനെയാണെങ്കില്‍ ആപ്ഗ്യാലറി ആയിരിക്കാം അന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോഗിക്കേണ്ടിവരിക.

English Summary: All you need to know about Huawei's AppGallery 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA