ADVERTISEMENT

മുഹമ്മദ് സയീദ് അല്‍ഷംറാനി (Mohammed Saeed Alshamrani) എന്നയാള്‍ അമേരിക്കയുടെ പെന്‍സകോളയിലുള്ള നാവിക സേനയുടെ കേന്ദ്രത്തില്‍ 2019ല്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ മരണപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രത്യാക്രമണത്തില്‍ ആക്രമണകാരിയും മരിച്ചു. എന്നാല്‍, ഇയാളുടെ വേരുതേടിപോയ അമേരിക്കയുടെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എഫ്ബിഐ അയാള്‍ക്ക് അല്‍ഖ്വയ്ദയുമായുള്ള ബന്ധം കണ്ടെത്തി. ആക്രമണകാരി മരിച്ചെങ്കിലും അയാള്‍ ഉപയോഗിച്ചുവന്ന ഐഫോണ്‍ എഫ്ബിഐക്കു ലഭിച്ചിരുന്നു. ഇതൊന്ന് അണ്‍ലോക് ചെയ്ത് അതിലെ ഡേറ്റ എടുത്തു നല്‍കണമെന്നു പറഞ്ഞ് എഫ്ബിഐ ആപ്പിളിനെ ഏല്‍പ്പിച്ചുവെങ്കിലും കമ്പനി അയാളെപ്പറ്റി തങ്ങളുടെ കൈയ്യിലുള്ള ഡേറ്റ കൊടുത്തതല്ലാതെ ഫോണ്‍ അണ്‍ലോക് ചെയ്തില്ല എന്നാണ് എഫ്ബിഐയുടെ പരാതി. 

 

'ഞങ്ങള്‍ക്ക് ആപ്പിളില്‍ നിന്ന് പൂജ്യം സഹായമാണ് ലഭിച്ചത്,' എഫ്ബിഐ ആരോപിക്കുന്നു. എന്നാല്‍ കമ്പനി ഈ ആരോപണം തള്ളിക്കളയുന്നു എന്നു മാത്രമല്ല, ഇക്കാര്യത്തില്‍ സാങ്കേതികമായി എന്തെല്ലാമാണ് സാധ്യമായതെന്നും വിശദീകരിക്കുന്നു. അമേരിക്കന്‍ നിയമപാലകരും ആപ്പിളും തമ്മിലുള്ള ഉരസല്‍ ഇപ്പോള്‍ തുടങ്ങിയതൊന്നുമല്ല. ആപ്പിളിനെതിരെ ഇതിനു മുൻപും തങ്ങള്‍ക്കു വേണ്ട സഹായം നല്‍കിയില്ലെന്നു പറഞ്ഞ് നിയമപാലകര്‍ കമ്പനിക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. എന്നാല്‍, സ്വകാര്യതയുടെ കാര്യത്തില്‍ അധികം വിട്ടുവീഴ്ച വരുത്താനൊന്നും കമ്പനി ഒരു കാലത്തും തയാറായിട്ടില്ല. മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത അമേരിക്കന്‍ അറ്റോര്‍ണി ജനനറല്‍ വില്യം ബാര്‍, എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ എന്നിവര്‍ കമ്പനിയെ നിശിതമായി വിമര്‍ശിച്ചു. ഫലത്തില്‍ തങ്ങള്‍ക്ക് യാതൊരു സഹായവും ആപ്പിള്‍ ചെയ്തില്ല എന്നാണ് റേ പറഞ്ഞത്. ആക്രമണകാരിയെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ കമ്പനി തങ്ങളില്‍ നിന്നു മറച്ചുവച്ചുവെന്നും അധികാരികള്‍ പറഞ്ഞു.

 

അതിരൂക്ഷമായ ഭാഷയിലാണ് അധികാരികള്‍ ആപ്പിളിനെ വിമര്‍ശിച്ചത്. ആപ്പിള്‍ ഇവിടെ തുടങ്ങിവയ്ക്കുന്ന സമ്പ്രദായം അപകടകരമാണ് എന്നാണ് ബാര്‍ പറഞ്ഞു. ഏതോ കാരണത്താല്‍ ചില കമ്പനികള്‍ കരുതുന്നത് തങ്ങള്‍ എല്ലാത്തിനും മേലെയാണെന്നാണ്. അവര്‍ക്ക് അവരുടെ ബിസിനസ് താത്പര്യങ്ങള്‍ മാത്രം മുന്‍നിർത്തി ഏകപക്ഷിയമായ തീരുമാനം എടുക്കാമെന്നും അവര്‍ കരുതുന്നു. പൊതുജനത്തിനു മൊത്തത്തില്‍ പ്രശ്‌നമുള്ള കാര്യങ്ങളില്‍ പോലും ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് അനുവദിച്ചു നല്‍കാനാവില്ലെന്നും ബാര്‍ പറഞ്ഞു.

 

എന്നാല്‍, കൊലയാളിയുടെ ഫോണ്‍ അണ്‍ലോക് ചെയ്തു നല്‍കിയില്ലെന്ന ആരോപണം നിഷേധിച്ച് ആപ്പിള്‍ രംഗത്തെത്തി. തെറ്റായ ഈ ആരോപണം തങ്ങള്‍ ഫോണുകളിലും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന എന്‍ക്രിപ്ഷന്‍ അടക്കമുള്ള സുരക്ഷാ നടപടികളുടെ ശക്തി കുറപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇത് ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ മാത്രമല്ല, ദേശീയ സുരക്ഷയും തങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് കമ്പനി പറഞ്ഞു. എഫ്ബിഐക്ക് തങ്ങള്‍ ഡേറ്റാ സപ്പോര്‍ട്ട് നല്‍കിയിരുന്നു. തങ്ങള്‍ക്കു ലഭ്യമായ ഡേറ്റ എല്ലാം കൈമാറിയിരുന്നു. ഐക്ലൗഡ് ബാക്അപ്പുകള്‍, അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം നൽകി. തങ്ങള്‍ എഫ്ബിഐയുമൊത്തു പ്രവര്‍ത്തിച്ചിരുന്നു, ഇപ്പോഴും പ്രവര്‍ത്തിക്കുന്നുമുണ്ട്.

 

അധികാരികള്‍ക്ക് വേണ്ടത് ഫോണുകളില്‍ ഉപയോക്താക്കളുടെ ഡേറ്റാ ചോര്‍ത്താനൊരു പിന്‍വാതലാണ്. അത് ആപ്പിള്‍ നടപ്പാക്കിയിട്ടില്ല. കമ്പനി പറയുന്നത് അത് തങ്ങള്‍ ദേശീയ സുരക്ഷ എന്ന ഉത്തരവാദിത്വവും കാര്യമായി എടുക്കുന്നതുകൊണ്ടാണ്. അത്തരമൊരു പിന്‍വാതില്‍ ഉണ്ടാക്കിയിടുക എന്ന ആശയത്തോട് യോജിപ്പില്ല. അങ്ങനെ ചെയ്താല്‍ ഒരോ ഫോണും കള്ളന്മാര്‍ക്കു കയറാവുന്ന രീതിയിലാകും. ഇതിലൂടെ ദേശീയ സുരക്ഷയും ഉപയോക്താക്കളുടെ സുരക്ഷയും അപകടത്തിലാകും. നല്ലയാളുകള്‍ക്കു മാത്രമായി പിന്‍വാതില്‍ നല്‍കാതിരിക്കുക എന്നത് നടക്കില്ല.

 

ലോകമെമ്പാടുമുളള രാജ്യങ്ങള്‍ നേരിടുന്ന ഒരു പ്രശ്‌നമാണിത്. നേരത്തെ ബ്ലാക്‌ബെറി അതിശക്തമായ സുരക്ഷാ വലയം തങ്ങളുടെ ഉപയോക്താക്കള്‍ക്കു നല്‍കിയിരുന്നു. അക്കാരണത്താല്‍ മാത്രം ബ്ലാക്‌ബെറി പല ഉപയോക്താക്കള്‍ക്കും പ്രിയപ്പെട്ടതായി. ഇനിയുള്ളത് ആപ്പിളാണ്. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്ന സുരക്ഷയെന്തിന് സാധാരണക്കാര്‍ക്കു നല്‍കണമെന്ന ചോദ്യം ഇനി കൂടുതലായി ഉയര്‍ന്നു കേട്ടേക്കും. ശ്രദ്ധയില്‍ പെട്ടാല്‍ ഡേറ്റാ ചോര്‍ത്താനിടുന്ന ആപ്പുകളെ അത് ആരുടെയാണെന്നു നോക്കാതെ ഒരു ദയയുമില്ലാതെ പുറത്താക്കുന്ന കമ്പനി ആപ്പിളാണ്. കൊറോണാവൈറസുമായി ബന്ധപ്പെട്ട് നിരവധി അതി വിപുലമായ ഡേറ്റാ ചോര്‍ത്തല്‍ സംവിധാനങ്ങളാണ് ലോകമെമ്പാടും കെട്ടിപ്പൊക്കപ്പെടുന്നത്. സമീപഭാവിയില്‍ തന്നെ സാധാരണക്കാരനും അധികാരത്തിലുള്ളവര്‍ക്കുമായി വ്യത്യസ്ത സുരക്ഷാ ഫീച്ചറുകളുള്ള ഐഫോണുകള്‍ ആപ്പിള്‍ ഇറക്കേണ്ടിവന്നാലും അദ്ഭുതപ്പെടേണ്ട.

English Summary : Apple denies not helping FBI, reveals reasons for not creating backdoor in iPhones.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com