ADVERTISEMENT

പുതിയ ഐഫോണ്‍ മോഡലുകള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ അടുത്തു വരാന്‍പോകുന്ന മോഡലുകളില്‍ കാണാന്‍ സാധ്യതയുള്ള ഫീച്ചറുകളെക്കുറിച്ചുള്ള ഊഹാപോഹങ്ങളാല്‍ ഇന്റര്‍നെറ്റ് നിറയുക സ്വാഭാവികമാണ്. ഈ വര്‍ഷവും അതുണ്ടെങ്കിലും താരതമ്യേന കുറവാണ്. കൊറോണാവൈറസ് ബാധമൂലം 2007 മുതല്‍ എല്ലാവര്‍ഷവും മുടങ്ങാതെ പുതിയ മോഡലുകള്‍ ഇറക്കുക എന്ന പതിവ് ഈ വര്‍ഷം ആപ്പിള്‍ ഉപേക്ഷിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ പ്രശസ്തരായ പലരും പറയുന്നത് ഈ വര്‍ഷവും പുതിയ ഐഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കപ്പെടുമെന്നു തന്നെയാണ്. ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നു തന്നെയാവും അവയുടെ പേരെന്നും പറയുന്നു.

 

സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ബദ്ധ വൈരികളാണെങ്കിലും ആദ്യ ഐഫോണിന്റെ കാര്യത്തില്‍ മുതല്‍ ആപ്പിളും സാംസങും തമ്മില്‍ ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍ സഹകരണം ഉണ്ടായിരുന്നു. കാരണം, ഡിസ്‌പ്ലേ അടക്കമുള്ള ഹാര്‍ഡ്‌വെയര്‍ ഘടകങ്ങള്‍ നിർമിക്കാന്‍ തികവുറ്റ ഫാക്ടറികള്‍ സാംസങ് എന്ന കൊറിയന്‍ ബിസിനസ് ഭീമന്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍, ഐഫോണ്‍ 12 ശ്രേണിയില്‍ സാംസങിന്റെ പങ്കാളിത്തം ഉണ്ടെന്ന വാര്‍ത്ത ആരെയും അദ്ഭുതപ്പെടുത്തേണ്ട കാര്യമില്ല. ഇപ്പോള്‍ ഡിസ്‌പ്ലേ സപ്ലൈ ചെയിന്‍ കണ്‍സള്‍ട്ടന്റ്‌സ് (ഡിഎസ്‌സിസി) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പുതിയ ഐഫോണ്‍ സീരിസിനുള്ള സ്‌ക്രീന്‍ സാംസങ് ആയിരിക്കും നിര്‍മിച്ചു നല്‍കുക എന്നാണ്.

 

ഐഫോണ്‍ 12

 

ഐഫോണ്‍ 12ന് പ്രതീക്ഷിക്കുന്നത് 5.4-ഇഞ്ച് ഡിസ്‌പ്ലേയാണ്. ഈ മോഡലിന് സാംസങ് വികസിപ്പിച്ച ഡിസ്‌പ്ലേ സാങ്കേതികവിദ്യയായ വൈ-ഒക്ടാ (Y-OCTA) ഉണ്ടായിരിക്കുമെന്നും ഇല്ലായിരിക്കും എന്നുമുള്ള പരസ്പര വിരുദ്ധമായ വാര്‍ത്തകളാണ് വരുന്നത്. വൈ-ഒക്ടാ സംയോജിപ്പിച്ച ടച്ച് ടെക്‌നോളജിയാണ് ഐഫോണ്‍ 12ല്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്നാണ് ഡിഎസ്‌സിസി പറയുന്നത്. ഡിസ്‌പ്ലേയുടെ റെസലൂഷന്‍ 2340 x 1080പി (475പിപിഐ) ആയിരിക്കുമെന്നും ഡിഎസ്‌സിസി പറയുന്നു.

 

ഐഫോണ്‍ 12 പ്രോ

 

ഡിഎസ്‌സിസി പറയുന്നതു വിശ്വസിക്കാമെങ്കില്‍, 6.1-ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേയുള്ള ഐഫോണ്‍ 12 പ്രോയ്ക്ക് സാംസങ് ഡിസ്‌പ്ലേയുടെ ഫ്‌ളെക്‌സിബിൾ ഓലെഡ് സ്‌ക്രീനായിരിക്കും ഉണ്ടാകുക. ഇതിന് 10 ബിറ്റ്സ് കളറും ഉണ്ടായിരിക്കും. ഐഫോണ്‍ 12 പ്രോ ആയിരിക്കും 10 ബിറ്റ്സ് കളറുമായി ഇറങ്ങാന്‍ പോകുന്ന ആദ്യ സ്മാര്‍ട് ഫോണ്‍ എന്നുള്ള വാദവുമുണ്ട്. ഐഫോണ്‍ 12 പ്രോയുടെ ഡിസ്‌പ്ലേയ്ക്ക് 2532 x 1170പി (460 പിപിഐ) റെസലൂഷന്‍ ഉണ്ടായിരിക്കുമെന്നും ഡിഎസ്‌സിസി പ്രവചിക്കുന്നു.

 

ഐഫോണ്‍ 12 പ്രോ മാക്‌സ്

 

ഇറങ്ങുകയാണെങ്കില്‍ ആപ്പിളിന്റെ ഈ വര്‍ഷത്തെ ഏറ്റവും വിലകൂടിയ മോഡലാകാന്‍ പോകുന്ന ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ കാര്യം പറഞ്ഞാല്‍, അത് മുൻപ് ഒരു ഫോണിലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒന്നായിരിക്കുമെന്നും ഡിഎസ്‌സിസി പറയുന്നു. ഈ മോഡലിനു മാത്രമായാണ് സാംസങിന്റെ ഡിസ്‌പ്ലേ നിര്‍മാണ വിഭാഗമായ 'സാംസങ് ഡിസ്‌പ്ലേ' ഈ സ്‌ക്രീന്‍ നിര്‍മിക്കുന്നതത്രെ. കൂറ്റന്‍ 6.68-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനിന് 2778 x 1284പി റെസലൂഷനായിരിക്കും ഉണ്ടാകുക. ഇതും ഫ്‌ളെക്‌സിബിൾ ഓലെഡ് പാനലായിരിക്കുമെന്നും ഡിഎസ്‌സിസി പറയുന്നു. എന്നാല്‍, ഐഫോണ്‍ 12 പ്രോ, 12 പ്രോ മാക്‌സ് എന്നീ മോഡലുകളുടെ സ്‌ക്രീനുകള്‍ തമ്മില്‍ സാങ്കേതികമായി എന്തു വ്യത്യാസമായിരിക്കും ഉണ്ടാകുക എന്ന് അവര്‍ വശദീകരിച്ചില്ല.

 

ഡിഎസ്‌സിസി പറയുന്നത് ഈ വര്‍ഷത്തെ ഡിസ്‌പ്ലേ നിര്‍മാണത്തിന് ആറ് ആഴ്ചത്തെ താമസം എടുക്കുമെന്നാണ്. സാധാരണഗതിയില്‍, ജൂണ്‍ ആദ്യവാരമാണ് ആ വര്‍ഷത്തെ ഐഫോണുകളുടെ ഡിസ്‌പ്ലേ നിര്‍മാണം തുടങ്ങുന്നത്. എന്നാല്‍, ഈ വര്‍ഷം അത് ജൂലൈ അവസാനം മാത്രമായിരിക്കും തുടങ്ങുക എന്നും അവര്‍ പറയുന്നു. ഇതിനാല്‍ തന്നെ, സെപ്റ്റംബറില്‍ പുറത്തിറക്കാറുള്ള ഐഫോണ്‍ ഈ വര്‍ഷം ഒക്ടോബറിലായിരിക്കും അവതരിപ്പിക്കുക എന്നും അവര്‍ പറയുന്നു.

 

എന്താണ് വൈ-ഒക്ടാ?

 

ഈ വര്‍ഷത്തെ പ്രീമിയം മോഡലുകളില്‍ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ 12ല്‍ കാണുമെന്നു പറയുന്ന ഈ സ്‌ക്രീന്‍ ഫീച്ചര്‍ ഒട്ടും പുതുമയില്ലാത്ത ഒന്നാണ്. ഇത് സാംസങിന്റെ ഗ്യാലക്‌സി നോട്ട് 7ലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. സാംസങ് വികസിപ്പിച്ചെടുത്ത ഡിസ്‌പ്ലേ നിര്‍മാണ രീതിയാണ് വൈ-ഒക്ടാ. ഇതിലൂടെ ഡിസ്‌പ്ലേ നിര്‍മാണച്ചിലവു കുറയ്ക്കാമെന്നു മാത്രമല്ല, സ്‌ക്രീനിന്റെ കനവും കുറയ്ക്കാനാകുമെന്നാണ് സാംസങിന്റെ എൻജിനീയര്‍മാര്‍ കണ്ടെത്തിയത്. സ്‌ക്രീന്‍ പാനലിനുള്ളില്‍ തന്നെ ടച്ച് സെന്‍സറും പിടിപ്പിക്കുക എന്നതാണ് അവര്‍ ചെയ്ത കാര്യം. സാധാരണ സ്‌ക്രീനുകളില്‍ പാനലിനും പ്രൊട്ടക്ടീവ് ഗ്ലാസിനുമിടയില്‍ ടച്ചിനായി ഒരു ലെയർ നിര്‍മിക്കുകയാണ് ചെയ്യുന്നത്.

English Summary: How Samsung may be an 'important part' of Apple iPhone 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com