sections
MORE

ഫോണ്‍ വിപണി ചൈന വിഴുങ്ങിയപ്പോൾ തകർന്നത് ഇന്ത്യയുടെ ഡിജിറ്റൽ സ്വപ്നങ്ങളാണ്!

phone-china
SHARE

ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പറേഷന്‍ അഥവാ ഐഡിസിയുടെ കണക്കുകള്‍ പ്രകാരം 2019ല്‍ വിറ്റുപോയ 86 ശതമാനം സ്മാര്‍ട് ഫോണുകളും നിര്‍മിച്ചത് ഷഓമി, സാംസങ്, വിവോ, ഒപ്പോ, റിയല്‍മി എന്നീ കമ്പനികളാണ്. ഇവയില്‍ സാംസങ് ഒഴികെയുള്ള കമ്പനികളെല്ലാം ചൈനീസാണ് എന്നു പറയേണ്ട കാര്യമില്ലല്ലോ. ബാക്കി 14 ശതമാനം മാത്രമാണ് മറ്റെല്ലാ ബ്രാന്‍ഡുകളും കൂടെ വിറ്റിരിക്കുന്നത്. ഇത് 2017ല്‍ 30 ശതമാനമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളടക്കം പല കമ്പനികളും തകര്‍ന്നടിയുകയാണ്. അതെ, ഫോണ്‍ വിപണി ചൈന വിഴുങ്ങിയപ്പോൾ തകർന്നത് ഡിജിറ്റൽ ഇന്ത്യയുടെ സ്വപ്നങ്ങളാണ്! എന്താണ് അതിനു കാരണം?

ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 3,400 രൂപ മുതല്‍ 1,64,999 രൂപ വരെയുള്ള സ്മാര്‍ട് ഫോണുകള്‍ ലഭ്യമാണ്. (ഓഫര്‍ സമയത്ത് വില അല്‍പം താഴാം.) എന്നാല്‍, ഫോണ്‍ വില്‍പന മൊത്തം നടത്തുന്നത് മുകളില്‍ പറഞ്ഞ കമ്പനികളാണ്. ഈ ബ്രാന്‍ഡുകള്‍ വര്‍ഷാവര്‍ഷം ചീര്‍ത്തുവരികയും മറ്റുള്ളവ കളം വിടുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. നോക്കിയ ഫോണുകളിറക്കുന്ന എച്എംഡി ഗ്ലോബല്‍, മോട്ടറോള, ഓണര്‍ അഥവാ വാവെയ്, സോണി തുടങ്ങിയ കമ്പനികളെല്ലാം അഞ്ചു കരുത്തന്മാര്‍ക്കിടയില്‍ പെട്ട് ഞെരുങ്ങുകയാണ്. ആകെ ഒരു വ്യത്യാസമുള്ളത് ആപ്പിള്‍ കമ്പനി മാത്രമാണ്. താരതമ്യേന വില്‍പ്പന കുറവാണെങ്കിലും ചൈനീസ് കമ്പനികള്‍ക്ക് അവരെ എതിര്‍ക്കാന്‍ കഴിയില്ല. അവര്‍ ശ്രദ്ധിക്കുന്നത് കൂടുതല്‍ എണ്ണം ഫോണ്‍ വില്‍ക്കാനല്ല, വില്‍ക്കുന്ന ഫോണുകളില്‍ നിന്ന് പരമാവധി ലാഭമുണ്ടാക്കാനാണ്.

∙ അഞ്ചു കരുത്തര്‍ നില മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു

കഴിഞ്ഞ പാദങ്ങളിലെല്ലാം മുകളില്‍ പറഞ്ഞ അഞ്ചു ബ്രാന്‍ഡുകളുടെ വിളയാട്ടമാണ് നടക്കുന്നത്. ഇവയില്‍ തന്നെ സാംസങ് മതിയെന്നു വയ്ക്കുന്നവര്‍ ചൈനീസ് ബ്രാന്‍ഡ് വേണ്ട എന്നു വയ്ക്കുന്നവരാണ്. ഫീച്ചറുകളും മറ്റും ആണ് അന്വേഷിക്കുന്നതെങ്കില്‍ മിക്കവാറും സാംസങ് ഉപയോക്താക്കളും ചൈനീസ് ബ്രാന്‍ഡുകളിലേക്ക് മാറിയേക്കും. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം മത്സരം നടക്കുന്നത് 7,000 മുതല്‍ 15,000 രൂപ വരെ വിലയുള്ള ഫോണുകളുടെ വില്‍പ്പനയിലാണ്. എന്നാല്‍, 15,000 മുതല്‍ 25,000 രൂപ വരെ വിലയുള്ള ഫോണുകള്‍ വാങ്ങുന്നവര്‍ ബ്രാന്‍ഡുകളുടെ പേര് പരിഗണിക്കുന്നവരാണ്. അതിനും മുകളിലുള്ള ഫോണുകള്‍ വാങ്ങുന്നവര്‍ വ്യക്തമായ കാഴ്ചപ്പാടുകളുള്ളവരാണ്. ആപ്പിള്‍, സാംസങിന്റെ പ്രീമിയം ഫോണുകള്‍, വണ്‍പ്ലസ് തുടങ്ങിയവ ഈ ഗണത്തില്‍ വരും.

china-phone

∙ ഫോണ്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ നിന്നു പോകുന്നു

മൂന്നോ നാലോ നിര്‍മാതാക്കളുടെ കൈകളിലേക്ക് ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണി അമരുമ്പോള്‍ പല കമ്പനികളും ഇന്ത്യ വിടുകയാണ്. തങ്ങളുടെ പ്രൊഡക്ടുകള്‍ക്ക് വില കുറച്ചു നല്‍കാനോ, മറ്റേതെങ്കിലും രീതിയില്‍ വില്‍പ്പന വര്‍ധിപ്പിക്കാനോ കഴിയാത്ത ഇത്തരം കമ്പനികള്‍ക്ക് പുറത്തു പോകുകയാല്ലാതെ തരമില്ല. ഐഡിസിയുടെ കണക്കു പ്രകാരം എല്ലാ ചെറിയ ഫോണ്‍ നിര്‍മാതാക്കള്‍ക്കും കൂടെ 2019 അവസാന പാദത്തില്‍ വില്‍പ്പന കേവലം 10.9 ശതമാനമാണ്. മുകളില്‍ പറഞ്ഞ കമ്പനികള്‍ ഞെരുക്കി പുറത്താക്കുകയോ, പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുകയൊ ചെയ്യുന്ന കമ്പനികളില്‍ ചിലത് ഇതാ- സോണി, ഓബി, കോമിയോ, മോബിസ്റ്റാര്‍, ടിസിഎല്‍, ലെഎക്കോ. ഗെയ്മിങ് സ്മാര്‍ട് ഫോണുകള്‍ ഇറക്കുന്ന ബ്ലാക് ഷാര്‍ക്ക് ഇന്ത്യയില്‍ അവ അവതരിപ്പിക്കണമോ എന്ന് നിശ്ചയമില്ലാതെ പിന്നോട്ടു പോയിരിക്കുകയാണ്.

നല്ല പേരുള്ള ബ്രാന്‍ഡ് ആണ് സോണി. എന്നാല്‍, ആരുംതന്നെ സോണിയുടെ ഫോണുകള്‍ വാങ്ങാന്‍ വരുന്നില്ല. അവരുടെ ഫോണുകള്‍ക്ക് വിപണിയിലെ പല ഫോണുകളുടെയും നൂതനത്വം ഇല്ലെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. പുതിയ പുതിയ മോഡലുകള്‍ സമയാസമയങ്ങളില്‍ ഇറക്കാറില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഫോണ്‍ വിപണിയിലുള്ള താത്പര്യം സോണി അവസാനിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഫോണ്‍ വില്‍പ്പനയ്ക്ക് പ്രാധാന്യം കുറയ്ക്കാന്‍ തീരുമാനിച്ച മറ്റൊരു കമ്പനിയാണ് എല്‍ജി. എന്നാല്‍, ഇങ്ങനെ ഇന്ത്യന്‍ വിപണി വേണ്ടന്നുവച്ച കമ്പനികള്‍ പില്‍ക്കാലത്ത് തരിച്ചുവന്ന സംഭവങ്ങളും ഉണ്ട്.

മികച്ച ഫോണുകള്‍ ഇറക്കിയിരുന്ന കമ്പനിയാണ് എച്ടിസി. അവര്‍ 2018ല്‍ പടം മടക്കി പോയി. എന്നാല്‍, പിന്നീട് അവര്‍ ഇന്‍വണ്‍ സ്മാര്‍ട് ടെക്‌നോളജിയുമായി ചേര്‍ന്ന് ഒരു തിരിച്ചുവരവിന് ശ്രമിച്ചുവെങ്കിലും അതും വിജയമായില്ല. നല്ലപോലെ ഫോണ്‍ വിറ്റിരുന്ന ബ്രാന്‍ഡ് ആണ് ജിയോണി. അവരും ഇപ്പോള്‍ കഷ്ടി പിടിച്ചു നില്‍ക്കുകയാണ്.

China-phone

∙ ഇന്ത്യന്‍ നിര്‍മാതാക്കള്‍ എവിടെ?

ഇന്ത്യന്‍ ടെലികോം സെക്ടറിലേക്ക് ജിയോ വന്നതുപോലെയൊരു വരവായിരുന്നു 2014ല്‍ ഷഓമി നടത്തിയത്. അവരുടെ പേര് നാള്‍ക്കുനാള്‍ മെച്ചപ്പെട്ടുവന്നു. അവരുടെ ഫോണ്‍ വാങ്ങുന്നവരെ സംതൃപ്തരാക്കാന്‍, പലപ്പോഴും പ്രതീക്ഷിക്കുന്നതിനപ്പുറം നല്‍കാന്‍ അവര്‍ക്കു സാധിച്ചു. കുറഞ്ഞ വിലയില്‍ തന്നെ കൂടുതല്‍ ഫീച്ചറുകള്‍ ആളുകളിലെത്തിക്കാന്‍ വിജയിച്ച കമ്പനിയാണ് ഷഓമി. ഷഓമിയുടെ സൂപ്പര്‍സ്റ്റാര്‍ എന്‍ട്രിക്കു മുൻപ് ഒരു പറ്റം ഇന്ത്യന്‍ കമ്പനികളും ഇവിടെ മുണ്ടു മടക്കിക്കുത്തിയും മീശ പിരിച്ചും നടന്നിരുന്നു. മൈക്രോമാക്സ്, ലാവാ, കാര്‍ബണ്‍, ഇന്റെക്‌സ് തുടങ്ങിയവയാണ് അവ. ഇവയില്‍ കാര്‍ബണും ഇന്റെക്‌സും പണി നിർത്താന്‍ തീരുമാനിച്ചു. മറ്റു കമ്പനികള്‍ നാമമാത്രമായ സാന്നിധ്യമായി ഇപ്പോഴും വിപണിയിലുണ്ട്. ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് എല്ലാം കൂടെ ഏകദേശം 4.1 ശതമാനം മാര്‍ക്കറ്റ് ഷെയറാണ് 2019ല്‍ ഉണ്ടായിരുന്നത്. എന്നാല്‍, വില്‍പ്പനയില്‍ ഏകദേശം 0.7 ശതമാനം ഇടിവാണ് ഈ കമ്പനികള്‍ ഓരോ വര്‍ഷവും കാണിക്കുന്നത്. ഒരു കാലത്ത് മൈക്രോമാക്‌സിനു മാത്രം ഇന്ത്യന്‍ വിപണിയില്‍ 20 ശതമാനം വില്‍പ്പനയുണ്ടായിരുന്നു.

ഇപ്പോള്‍ മൈക്രോമാക്‌സും ലാവയും പോലെയുള്ള ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഫീച്ചര്‍ ഫോണ്‍ വില്‍പ്പനയിലാണ് കാണാവുന്നത്. ഇരു ബ്രാന്‍ഡുകള്‍ക്കും ഇത്തരം ഫോണുകളുടെ നിര്‍മാണശാലകളുണ്ട്. അവരുടെ ഫീച്ചര്‍ ഫോണുകള്‍ക്ക് പല വിദേശ കമ്പനികളും ആവശ്യക്കാരായും ഉണ്ട്. എന്നാല്‍, ഇന്ന് 'ദേശീ' കമ്പനികള്‍ക്ക് വിദേശ കമ്പനികളോട് സ്മാര്‍ട് ഫോണ്‍ ഗോദായില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല. കാരണം, അവര്‍ ഉപയോക്താക്കള്‍ പ്രതീക്ഷിക്കുന്ന തരം നൂതനത്വം കൊണ്ടുവരുന്നില്ല. ഗവേഷണത്തിലും മറ്റും വേണ്ടത്ര ശ്രദ്ധിക്കാത്തതാണ് ഇതിനു കാരണം. ഇതില്‍ ശ്രദ്ധിച്ചാല്‍ വമ്പന്‍ നഗരങ്ങള്‍ക്കു വെളിയില്‍ അവര്‍ക്കും ഫോണ്‍ വില്‍ക്കാന്‍ സാധിക്കേണ്ടതാണ് എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ഇനി അവര്‍ക്കു പിടിച്ചു നില്‍ക്കണമെങ്കില്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗങ്ങളിലൊന്ന് അതാണെന്നും പറയുന്നു. സവിശേഷമായ ഫോണുകളൊന്നും ഇറക്കാത്തതായിരിക്കാം ഇന്ത്യന്‍ കമ്പനികളുടെ പതനത്തിന്റെ ഒരു കാരണം.

റിയല്‍മിയെ നോക്കുക. അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം ചലനമുണ്ടാക്കിയ ബ്രാന്‍ഡ് ആണ് ഒപ്പോയുടെ സബ്-ബ്രാന്‍ഡ് ആയി തുടങ്ങി, ഇപ്പോള്‍ തനിച്ചൊരു കമ്പനിയായി റിയല്‍മി. ഷഓമിയെ വിറപ്പിച്ച ബ്രാന്‍ഡ് ആണ് അവര്‍. വില കുറഞ്ഞ ഫോണുകള്‍ക്കു പിന്നില്‍ പോലും, രണ്ടും മൂന്നും ക്യാമറകളൊക്കെ പിടിപ്പിച്ചെത്തിയപ്പോള്‍ അവരുടെ ഫോണുകളിലേക്ക് ഉപയോക്താക്കള്‍ ശ്രദ്ധിച്ചു തുടങ്ങി. ഈ ക്യാമറകള്‍ ഉപകാരപ്രദമാണോ എന്ന കാര്യമൊന്നും ആളുകള്‍ക്ക് വിഷയമല്ല. ( എന്തിന്, ഈ വര്‍ഷത്തെ ഐഫോണ്‍ ക്യാമറകളുടെ ഏറ്റവും സവിശേഷമായ ഫീച്ചറുകളിലൊന്ന് ഡീപ് ഫ്യൂഷന്‍ സാങ്കേതികവിദ്യയാണ്. ഈ വര്‍ഷത്തേ മോഡലുകള്‍ക്ക് രണ്ടും മൂന്നും ക്യാമറയൊക്കെയുണ്ടെങ്കിലും, ഡീപ് ഫ്യൂഷന്‍ പ്രധാന ക്യാമറയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുക.) മാക്രോ ടെലി എന്നൊക്കെ പറഞ്ഞ് ലെന്‍സുകള്‍ പിടിപ്പിച്ചെത്തിയപ്പോള്‍ 'ആഹാ, ഇതു കൊള്ളാമല്ലോ!' എന്ന തോന്നലുണ്ടാക്കാനായി എന്നതാണ് ചില ബ്രാന്‍ഡുകളുടെ വിജയ രഹസ്യം. ഇത്തരം പുതുമകളുമായി വേണം ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ തിരിച്ചുവരവിനു ശ്രമിക്കാന്‍. അല്ലാതെ 'മീ ടൂ' ഫോണുകളിറക്കിയാല്‍ ആരും തിരിഞ്ഞു നോക്കില്ല.

സാംസങ് ഇന്ത്യന്‍ വിപണിയില്‍ പിടച്ചു നില്‍ക്കുന്നതിന്റെ പ്രധാന കാരണം ചൈനീസ് ബ്രാന്‍ഡുകളോട് അയിത്തമുള്ള ഉപയോക്താക്കളുടെ സാന്നിധ്യം തന്നെയാണ്. പകരം വയ്ക്കാന്‍ മറ്റൊരു ബ്രാന്‍ഡ് ഇല്ല. കഴിഞ്ഞ വര്‍ഷം അവരുടെ മേല്‍ക്കോയ്മയ്ക്കും ഇടിവു തട്ടിയിട്ടുണ്ട് എന്നും കാണാം.

china-phone

∙ ആപ്പിള്‍

പ്രീമിയം ഫോണുകള്‍ ഇറക്കുന്നതില്‍ ശ്രദ്ധിക്കുന്ന ആപ്പിളിന് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ഫോണ്‍ വില്‍ക്കാനൊന്നും താത്പര്യമില്ല. എന്നാല്‍, അടുത്തിറങ്ങാന്‍ പോകുന്ന ഐഫോണ്‍ 12 ചിലപ്പോള്‍ ആപ്പിളിന്റെ മാര്‍ക്കറ്റ് സാന്നിധ്യം വര്‍ധിപ്പിച്ചേക്കാം. പ്രീമിയം ഹാര്‍ഡ്‌വെയറില്‍ ശ്രദ്ധിക്കുന്ന, ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രീയപ്പെട്ട കമ്പനിയാണ് വണ്‍പ്ലസ്. അവരും തറ കളികള്‍ക്ക് നില്‍ക്കുന്നില്ല. എന്നാല്‍, ഇന്ന് തറ കളിയുണ്ടോ? പ്രായോഗികമായി ചിന്തിക്കുന്നവര്‍ ചോദിക്കുന്നത് ഇന്ന് 10,000 രൂപയുടെ ഫോണുകള്‍ നല്‍കുന്നതിനേക്കാള്‍ എന്തു ഫീച്ചറാണ് വില കൂടിയ ഫോണുകളില്‍ ഉള്ളത് എന്നാണ്. ഉണ്ടായിരിക്കാം. എന്നാല്‍, അവയൊന്നും തങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍, അവരെപ്പോലും മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച് ചൈനീസ് കമ്പനികള്‍ വില കൂടിയ ഫോണുകളില്‍ കാണുന്ന ഫീച്ചറുകള്‍ വില കുറച്ചു നല്‍കി മനം കവരുന്നു. അടുത്തിടെ ഇറങ്ങിയ ഷഓമിയുടെ സബ് ബ്രാന്‍ഡ് ആയിരുന്ന പോക്കയുടെ എക്‌സ്2 മോഡല്‍ 120 ഹെട്‌സ് റിഫ്രെഷ് റെയ്റ്റുള്ള ഫോണാണ് അവതരിപ്പിച്ചത്. തുടക്ക വേരിയന്റ് വില്‍ക്കുക 15,999 രൂപയ്ക്കാണ്. ഐഫോണിനു പോലും ഇത് റിഫ്രെഷ് റെയ്റ്റുള്ള ഫോണ്‍ ഇപ്പോഴില്ല. ഈ വര്‍ഷമായിരിക്കാം ആ ഫീച്ചറുള്ള ഐഫോണ്‍ എത്തുക.

English Summary: Where are Indian smartphone makers?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA