ADVERTISEMENT

കൊറോണ വൈറസ് മഹാമാരി മൂലം രാജ്യത്ത് സ്മാർട് ഫോൺ വിൽപ്പന ഈ വർഷം രണ്ടാം പാദത്തിൽ 48 ശതമാനം ഇടിഞ്ഞ് 17.3 ദശലക്ഷം യൂണിറ്റായി. ഇന്ത്യയിൽ 5.3 ദശലക്ഷം സ്മാർട് ഫോൺ യൂണിറ്റുകൾ വിൽപ്പന നടത്തിയ ഷഓമിയാണ് രണ്ടാം പാദത്തിൽ 31 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയത്. 3.7 ദശലക്ഷം യൂണിറ്റുമായി വിവോ രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ വിപണി വിഹിതം 21.3 ശതമാനമായി ഉയർന്നു. ഒന്നാം പാദത്തിൽ ഇത് 19.9 ശതമാനമായിരുന്നു.

 

2.9 ദശലക്ഷം സ്മാർട് ഫോണുകൾ വിൽപ്പന നടത്തിയ സാംസങ് മൂന്നാം സ്ഥാനത്താണ്. ദക്ഷിണ കൊറിയൻ കമ്പനിയുടെ വിയറ്റ്നാമിലെ ഏറ്റവും വലിയ നിർമാണ പ്ലാന്റ് അടച്ചിടേണ്ടി വന്നത് കമ്പനിയുടെ കയറ്റുമതിയെ കാര്യമായി ബാധിച്ചു. കൂടുതൽ ഫോണുകള്‍ വിൽപ്പനയ്ക്ക് എത്തിക്കാൻ കമ്പനിക്ക് സാധിച്ചില്ല. റിയൽ‌മി 1.7 ദശലക്ഷം ഫോണുകൾ വിറ്റപ്പോൾ 2.2 ദശലക്ഷം യൂണിറ്റുകൾ ‌വിൽപ്പന നടത്തിയ ഓപ്പോ നാലാം സ്ഥാനത്തെത്തി. 

 

ഷഓമിയും വിവോയും അവരുടെ ഓഫ്‌ലൈൻ നെറ്റ്‌വർക്കിനെ പിന്തുണയ്ക്കുന്നതിനായി ഒരു ഓഫ്‌ലൈൻ-ടു-ഓൺ‌ലൈൻ തന്ത്രം പരീക്ഷിക്കുകയായിരുന്നു. ഓൺലൈൻ ചാനലുകളും വിപണിയുടെ വിഹിതത്തിൽ നല്ല സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും വിൽപ്പന ഗണ്യമായി കുറഞ്ഞു എന്നാണ് റിപ്പോർട്ട്.

 

ആപ്പിൾ തങ്ങളുടെ വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും ഇന്ത്യയിലെ നിക്ഷേപം വർധിപ്പിക്കുന്നതിന് പ്രധാന പങ്കാളികളായ ഫോക്സ്കോൺ, വിസ്ട്രോൺ എന്നിവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓൺ‌ലൈൻ, ഓഫ്‌ലൈൻ റീട്ടെയിലർമാർ സ്മാർട് ഫോണുകൾ വിൽക്കുന്നത് നിരോധിച്ചിരിക്കുന്നതിനാൽ ജൂൺ പാദത്തിലെ സ്മാർട് ഫോൺ ഉത്പാദനം പൂർണമായും നിർത്തലാക്കിയിരുന്നു.

 

ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പറേഷന്‍ അഥവാ ഐഡിസിയുടെ കണക്കുകള്‍ പ്രകാരം 2019ല്‍ വിറ്റുപോയ 86 ശതമാനം സ്മാര്‍ട് ഫോണുകളും നിര്‍മിച്ചത് ഷഓമി, സാംസങ്, വിവോ, ഒപ്പോ, റിയല്‍മി എന്നീ കമ്പനികളാണ്. ഇവയില്‍ സാംസങ് ഒഴികെയുള്ള കമ്പനികളെല്ലാം ചൈനീസാണ് എന്നു പറയേണ്ട കാര്യമില്ലല്ലോ. ബാക്കി 14 ശതമാനം മാത്രമാണ് മറ്റെല്ലാ ബ്രാന്‍ഡുകളും കൂടെ വിറ്റിരിക്കുന്നത്. ഇത് 2017ല്‍ 30 ശതമാനമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളടക്കം പല കമ്പനികളും തകര്‍ന്നടിയുകയാണ്.

 

ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 3,400 രൂപ മുതല്‍ 1,64,999 രൂപ വരെയുള്ള സ്മാര്‍ട് ഫോണുകള്‍ ലഭ്യമാണ്. (ഓഫര്‍ സമയത്ത് വില അല്‍പം താഴാം.) എന്നാല്‍, ഫോണ്‍ വില്‍പന മൊത്തം നടത്തുന്നത് മുകളില്‍ പറഞ്ഞ കമ്പനികളാണ്. ഈ ബ്രാന്‍ഡുകള്‍ വര്‍ഷാവര്‍ഷം ചീര്‍ത്തുവരികയും മറ്റുള്ളവ കളം വിടുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. നോക്കിയ ഫോണുകളിറക്കുന്ന എച്എംഡി ഗ്ലോബല്‍, മോട്ടറോള, ഓണര്‍ അഥവാ വാവെയ്, സോണി തുടങ്ങിയ കമ്പനികളെല്ലാം അഞ്ചു കരുത്തന്മാര്‍ക്കിടയില്‍ പെട്ട് ഞെരുങ്ങുകയാണ്. ആകെ ഒരു വ്യത്യാസമുള്ളത് ആപ്പിള്‍ കമ്പനി മാത്രമാണ്. താരതമ്യേന വില്‍പ്പന കുറവാണെങ്കിലും ചൈനീസ് കമ്പനികള്‍ക്ക് അവരെ എതിര്‍ക്കാന്‍ കഴിയില്ല. അവര്‍ ശ്രദ്ധിക്കുന്നത് കൂടുതല്‍ എണ്ണം ഫോണ്‍ വില്‍ക്കാനല്ല, വില്‍ക്കുന്ന ഫോണുകളില്‍ നിന്ന് പരമാവധി ലാഭമുണ്ടാക്കാനാണ്.

 

English Summary: Smartphone shipments decline nearly 50% in India in Q2: Canalys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com