ADVERTISEMENT

ചൈനീസ് പ്ലാന്റുകളിലെ നിര്‍മാണം പൂർണമായും ഉപേക്ഷിക്കാനുള്ള നീക്കമാണ് അമേരിക്കൻ കമ്പനിയായ ആപ്പിൾ നടത്തുന്നത്. ചൈനയിലെ നിർമാണം അവസാനിപ്പിച്ച് ഇന്ത്യയിലെ പ്ലാന്റുകളിൽ കൂടുതൽ മോഡൽ ഐഫോണുകൾ നിർമിക്കാനാണ് ആപ്പിളിന്റെ നീക്കം. ഇന്ത്യയിലെ ഐഫോണ്‍ പ്രേമികളെ മാത്രമല്ല രാജ്യത്തെ സ്മാര്‍ട് ഫോണ്‍ പ്രേമികളെ ഒന്നടങ്കം ആഹ്ലാദഭരിതരാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചരിത്രത്തിലാദ്യമായി തങ്ങളുടെ ഏറ്റവും പുതിയ, പ്രീമിയം ശ്രേണിയിലുള്ള ഹാൻഡ്സെറ്റിന്റെ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങിയിരിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍ 11 മോഡലാണ് ഇപ്പോള്‍ കമ്പനി നിര്‍മിച്ചു തുടങ്ങിയിരിക്കുന്നത്. ഇത് മധ്യനിര സ്മാര്‍ട് ഫോണുകളുടെ വിലയിലും വില്‍പ്പനയിലും വന്‍ മാറ്റം വരുത്തിയേക്കാം. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവുമധികം ആളുകള്‍ വാങ്ങുന്ന ഐഫോണ്‍ മോഡലുകളിലൊന്നാണ് ഐഫോണ്‍ 11.

 

ആപ്പിളിനായി ഐഫോണുകള്‍ നിര്‍മിച്ചു കൊടുക്കുന്ന ഫോക്‌സ്‌കോണ്‍ കമ്പനിയുടെ ചെന്നൈയിലുള്ള ഫാക്ടറിയിലാണ് ഐഫോണ്‍ 11ന്റെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഐഫോണ്‍ 11ന്റെ വിലയില്‍ കാര്യമായി കുറവു വന്നേക്കാമെന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്. കൃത്യമായി പറഞ്ഞാല്‍ 22 ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്. ആപ്പിള്‍ ഇപ്പോള്‍ നല്‍കുന്ന ഇറക്കുമതി ചുങ്കം 22 ശതമാനമാണ്. ഇതു കുറഞ്ഞേക്കമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ആപ്പിള്‍ ഇതുവരെ ഐഫോണുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടില്ല. അതിന്റെ ഒരു കാരണമായി പറയുന്നത്, ഇപ്പോഴും ചൈന നിര്‍മിത ഐഫോണ്‍ 11 ഇന്ത്യയില്‍ ലഭ്യമാണ് എന്നതാണ്. എന്നാല്‍, അധികം താമസിയാതെ ഇതിനൊരു മാറ്റം വന്നേക്കാം. ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഐഫോണ്‍ 11 ഹാന്‍ഡ്‌സെറ്റുകള്‍ കടകളില്‍ എത്തിത്തുടങ്ങിയെന്നും വാര്‍ത്തകളുണ്ട്.

 

എന്നാല്‍, അങ്ങനെ വില കുറയ്ക്കുമ്പോള്‍ ഏതാനും മാസങ്ങള്‍ക്കു മുൻപ് അവതരിപ്പിച്ച ഐഫോണ്‍ എസ്ഇ 2020 മോഡലിന്റെ പ്രസക്തി കുറഞ്ഞു തുടങ്ങില്ലേ എന്ന പേടിയും കമ്പനിക്കു കണ്ടേക്കും. ഇതിനാല്‍ ഐഫോണ്‍ എസ്ഇ മോഡലും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചു തുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആപ്പിളിന് ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന വിന്‍സ്ട്രണ്‍ കമ്പനിയുടെ ബെംഗളൂരുവിലെ ഫാക്ടറിയിലായിരിക്കും ഐഫോണ്‍ എസ്ഇ  2020 നിര്‍മിച്ചു തുടങ്ങുക എന്നാണ് വാര്‍ത്തകള്‍. വിന്‍സ്ട്രണിന്റെ ഇതേ ഫാക്ടറിയിലാണ് ഐഫോണ്‍ എസ്ഇ ആദ്യ എഡിഷന്‍ നിര്‍മിച്ചിരുന്നത്. ഐഫോണ്‍ എസ്ഇ മോഡലിന് വെല്ലുവിളി ഉയര്‍ത്താനെന്നു പറഞ്ഞാണ്‍ വണ്‍പ്ലസിന്റെ പുതിയ മോഡലായ നോര്‍ഡ് അവതരിപ്പിച്ചത്. നോര്‍ഡിന്റെ തുടക്ക വില 24,999 രൂപയാണ്. എസ്ഇ മോഡലിനോട് മത്സരിക്കുമെന്നു കരുതുന്ന മറ്റൊരു മോഡലാണ് ഗൂഗിള്‍ പിക്‌സല്‍ 4എ. മികച്ച പ്രകടനം നടത്തുമെന്നു കരുതുന്ന ഇടത്തരം മോഡലുകളെല്ലാം ഐഫോണുകള്‍ക്കു വില കുറഞ്ഞാല്‍ വില കുറയ്‌ക്കേണ്ടതായി വന്നേക്കാം.

 

ഐഫോണ്‍ 11 ന്റെ തുടക്ക മോഡലിന്റെ എംആര്‍പി ഇപ്പോള്‍ 62,900 രൂപയാണ്. ഈ ഹാൻഡ്സെറ്റ് ഇപ്പോള്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലാണ്. ഐഡിസിയുടെ കണക്കുകള്‍ പ്രകാരം 35,000 രൂപയ്ക്കു മുകളില്‍ വില്‍ക്കുന്ന ഫോണുകളില്‍ ഏറ്റവുമധികം വിറ്റിരിക്കുന്നത് ഐഫോണ്‍ 11 ആണ്. 35,000 രൂപയ്ക്കു മുകളില്‍ വിലയുള്ള ഫോണുകളില്‍ 62.7 ശതമാനവും ഐഫോണ്‍ 11 ആണ് വിറ്റിരിക്കുന്നത്. ഇതിനു പിന്നിലായി സാംസങ്ങിന്റെയും വണ്‍പ്ലസിന്റെയും മോഡലുകളാണ് ഉള്ളത്. ഐഫോണ്‍ 11 ന്റെയും ഐഫോണ്‍ എസ്ഇയുടെയും വില കുറഞ്ഞാല്‍ മറ്റു ഫോണ്‍ നിര്‍മാതാക്കളും തങ്ങളുടെ മോഡലുകളുടെ വില കുറയ്‌ക്കേണ്ടതായി വന്നേക്കാമെന്നാണ് വലയിരുത്തലുകള്‍. ഐഫോണ്‍ എസ്ഇ 2020യുടെ തുടക്ക മോഡലിന്റെ എംആര്‍പി 42,500 രൂപയാണ്. ഇന്ത്യയില്‍ നിര്‍മിച്ചു തുടങ്ങിയാല്‍ ഈ മോഡലിനും 22 ശതമാനം വിലക്കുറവ് ലഭിച്ചേക്കാം.

 

കൂടുതല്‍ ആഹ്ലാദകരമായ വാര്‍ത്തയും ഉണ്ട്. ഇന്ത്യയിലെ ഐഫോണുകളുടെ ഉത്പാദനം വീണ്ടും വര്‍ധിപ്പിച്ചേക്കാം. കൂടുതല്‍ പ്രീമിയം മോഡലുകളും ഭാവിയില്‍ ഇവിടെ നിര്‍മിച്ചെടുത്തേക്കാം. ആപ്പിളിന്റെ മറ്റരു വലിയ ഐഫോണ്‍ നിര്‍മാണക്കമ്പനിയായ പെഗാട്രോണും അടുത്തിടെ ഇന്ത്യയില്‍ തങ്ങളുടെ യൂണിറ്റ് സ്ഥാപിക്കാനായി റജിസ്റ്റര്‍ ചെയ്തു എന്നതാണ് ഇതിലേക്കു വിരല്‍ ചൂണ്ടുന്നത്. ഐഫോണ്‍ 11 കൂടാതെ, ഐഫോണ്‍ XR ഇപ്പോള്‍ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന മറ്റൊരു മോഡല്‍ ഐഫോണ്‍ 7 ആണ്. ഇതു നിര്‍മിക്കുന്നത് വിന്‍സ്ട്രണ്‍ ആണ്. ഇതൊക്കെയാണെങ്കിലും ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ കാത്തിരിക്കുന്ന ആ വിലക്കുറവ് ആപ്പിള്‍ എപ്പോള്‍ അവതരിപ്പിക്കുമെന്നതാണ് ഇനി അറിയേണ്ടത്.

 

English Summary: Apple creates history in India!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com