sections
MORE

ഐഫോണ്‍ എസ്ഇക്ക് വെല്ലുവിളിയായി പിക്‌സല്‍ 4എ; വില കുറഞ്ഞ നോർഡ് മോഡലുകൾ ഇറക്കാൻ വണ്‍പ്ലസ്

Google-Pixel-4a
SHARE

ഗൂഗിളിന്റെ വില കുറഞ്ഞ സമാര്‍ട് ഫോണ്‍ മോഡലായ പിക്‌സന്‍ 4എ, വിദേശ വിപണികളില്‍ ചലനം സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്. കേവലം 349 ഡോളര്‍ വിലയിട്ട് ഇറങ്ങിയിരിക്കുന്ന പുതിയ മോഡല്‍ ഇന്ത്യയിലും പുതിയൊരു തുടക്കം കുറിച്ചേക്കാം. വണ്‍പ്ലസിന്റെ വഴി പിന്തുടര്‍ന്ന് രാജ്യത്തെ സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ക്ക് ഉചിതമായ വിലയിട്ടാല്‍ പിക്സൽ 4യും രക്ഷപ്പെടും. എനിക്ക് ഒന്നിലേറെ ക്യാമറയൊന്നും വേണ്ട, സ്‌ക്രീനിന്റെ റിഫ്രെഷ് അനുപാതത്തെക്കുറിച്ചും എനിക്ക് ഒന്നുമറിയില്ല എന്നു കരുതുന്നവര്‍ക്ക് ചിലപ്പോള്‍ ഐഫോണ്‍ എസ്ഇ (2020) മോഡലിനേക്കാള്‍ ഇഷ്ടപ്പെടാന്‍ വഴി പിക്‌സല്‍ 4എ ആയിരിക്കും. 

ഫ്‌ളാഗ്ഷിപ് ഫോണുകളുടെ സോഫ്റ്റ്‌വെയര്‍ അനുഭവം അത്ര വില നല്‍കേണ്ടാത്ത ഒരു ഫോണില്‍ ഒരുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഗൂഗിളിന്റെ പിക്‌സല്‍ ബിസിനസിന്റെ സീനിയര്‍ ഡയറക്ടര്‍ നന്ദനാ രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പിക്‌സല്‍ 3യുടെ ആശയം തന്നെയാണ് പിക്‌സല്‍ 4എയിലും പ്രയോഗത്തില്‍ വരുത്തിയിരിക്കുന്നതെന്ന് നന്ദന പറഞ്ഞു. ഗൂഗിളിന്റെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, എഐ മികവുകള്‍ വേണ്ട വിധത്തില്‍ സമ്മേളിപ്പിച്ച ഫോണാണ് പിക്‌സന്‍ 4എ. ഐഫോണ്‍ എസ്ഇയുടെ കാര്യത്തില്‍ ആപ്പിള്‍ അനുവര്‍ത്തിച്ച അതേ രീതികള്‍ തന്നെയാണ് പിക്‌സല്‍ 4എയുടെ നിര്‍മിതിയില്‍ ഗൂഗിളും കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍, വില കുറയ്ക്കുകയും ചെയ്തിരിക്കുന്നു. ഇരു മോഡലുകള്‍ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്താനായി വണ്‍പ്ലസ് നോര്‍ഡും ഉണ്ട്.

കുറഞ്ഞ വിലയ്ക്കു ഫോണിറക്കാന്‍ ഗൂഗിള്‍ പല ഒത്തൂതീര്‍പ്പുകളും നടത്തിയിട്ടുണ്ടായിരിക്കുമെന്നാണ് പലരു കരുതുന്നത്. എന്നാല്‍ പൂര്‍ണമായും അങ്ങനെയല്ല. പിക്‌സല്‍ 4 മോഡലുകളുടെ നല്ല ചില ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയുള്ള നിര്‍മിതിയാണ് പുതുയ മോഡലിന്- 5.8-ഇഞ്ച് ഫുള്‍എച്ഡി പ്ലസ് ഓലെഡ് സ്‌ക്രീനാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഇത് ഐഫോണ്‍ എസ്ഇയെ അപേക്ഷിച്ച് മികച്ച സ്‌ക്രീനാണ്. ചെറിയ ബെസല്‍ മാത്രമാണുള്ളത്. പിക്‌സല്‍ 3എ മോഡലിനേക്കാള്‍ 4.5 ശതമാനം വലുപ്പക്കൂടുതല്‍ പുതിയ ഫോണിനുണ്ടെന്ന് ഗൂഗിള്‍ പറയുന്നു. എന്നാല്‍, ഫോണിന്റെ മൊത്തം സൈസ് 5.8 ശതമാനം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 5.8-ഇഞ്ച് സ്‌ക്രീന്‍ വളരെ വലുതോ ചെറുതോ അല്ല. പിക്‌സന്‍ 4എ ചെറിയ ഫോണല്ല. പക്ഷേ, അതു ചെറുതാക്കി നിര്‍മിച്ചിരിക്കുന്നു.

സ്‌നാപ്ഡ്രാഗണ്‍ 730ജി പ്രോസസറാണ് ഫോണിന്. വില കൂടിയ ആന്‍ഡ്രോയിഡ് ഫോണുകളില്‍ കളിക്കാവുന്ന എല്ലാ ഗെയ്മുകളും തന്നെ സുഗമമായി കളിക്കാനാകുമെന്നു കരുതുന്നു. എന്നാല്‍, ഫോണിന് മറ്റ് പല ആന്‍ഡ്രോയിഡ് ഫോണുകളെക്കാളും മികച്ച ഫോട്ടോകള്‍ എടുക്കാനുള്ള ശേഷിയുണ്ട് എന്നതാണ് അതിനെ എടുത്തു കാണിക്കുന്ന മറ്റൊരു പ്രധാന കാര്യം. പിന്നില്‍ പിടിപ്പിച്ചിരിക്കുന്ന 12 എംപി ക്യാമറ, പിക്‌സല്‍ 4 മോഡലില്‍ സാധ്യമായതു പോലെ മികച്ച ഒരുപിടി മാന്ത്രികവിദ്യകള്‍ പുറത്തെടുക്കും. എച്ഡിആര്‍ പ്ലസ്, നൈറ്റ് സൈറ്റ് മോഡ്, അസ്‌ട്രോഫൊട്ടോഗ്രാഫി തുടങ്ങിയവയൊക്കെ പുതിയ ഫോണിന്റെ മികവുകളാണ്. വില കുറച്ചു നിർത്താനായി ടെലിഫോട്ടോ ലെന്‍സ് വേണ്ടന്നു വച്ചു എന്നത് പിക്‌സല്‍ 4എയുടെ കുറവാണ്. പിക്‌സല്‍ 4എയ്ക്ക് 4എംപി വൈഡ് സെല്‍ഫി ക്യാമറയും ഉണ്ട്. 3140 എംഎഎച് ബാറ്ററിയാണ് ഫോണിനുള്ളത്. ഫോണിനൊപ്പം 18-വാട്ട് ചാര്‍ജറും ലഭിക്കും. സെറ്റീരിയോ സ്പീക്കറുകളും ഉണ്ട്. ഒരു വേരിയന്റേ ഇപ്പോള്‍ വിപണിയിലെത്തൂ- 6ജിബി റാം, 128ജിബി സ്റ്റോറേജ് ശേഷിയുള്ളത്. 5ജി-സജ്ജമായ ഒരു പിക്‌സല്‍ 4എയും വഴിയെ എത്തും. പക്ഷേ, അതിന് 499 ഡോളര്‍ ആയിരിക്കും വില. ഇന്ത്യന്‍ വിപണിയില്‍ 4ജി മോഡല്‍ ആയിരിക്കും എത്തുക. ഒക്ടോബറിലായിരിക്കും അത് ഇവിടെ എത്തുക എന്നും പറയുന്നു.

ഇന്ത്യയിലെ പിക്‌സല്‍ 4എ മോഡലിന്റെ ജയപരാജയങ്ങള്‍ നിശ്ചയിക്കുക അതിന് തീരുമാനിക്കാൻ പോകുന്ന വിലയായിരിക്കും. 399 ഡോളര്‍ വിലയുള്ള ഐഫോണ്‍ എസ്ഇക്ക് ഇട്ടിരിക്കുന്ന എംആര്‍പി 42,500 രൂപയാണ്. എന്നാല്‍ 470ഡോളര്‍ വിലയുള്ള വണ്‍പ്ലസ് നോര്‍ഡിന് 24,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഗൂഗിളിന് ഇതില്‍ രണ്ടില്‍ ഏതു വഴിയും സ്വീകരിക്കാം. ആപ്പിളിന്റെ വഴിയാണെങ്കില്‍ ഫോണിന് 35,000 രൂപയായിരിക്കാം വില. അല്ലാ, വണ്‍പ്ലസിന്റെ പാതയാണെങ്കല്‍ 25,000 രൂപയായിരിക്കാം. ഐഫോണ്‍ എസ്ഇ താമസിയാതെ ഇന്ത്യയില്‍ നിര്‍മാണം തുടങ്ങിയേക്കും. അങ്ങനെ വന്നാല്‍ അതിന് 30,000 രൂപയില്‍ താഴെയായിരിക്കാം വില. വില്‍ക്കാനുള്ള ഉദ്ദേശത്തോടെയാണോ ഗൂഗിള്‍ തങ്ങളുടെ ഫോണിന് വിലയിടാന്‍ പോകുന്നതെന്ന കാര്യത്തെക്കുറിച്ചാണ് ഇന്ത്യയിലെ പിക്‌സല്‍ പ്രേമികള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. കാരണം, ഗൂഗിള്‍ തങ്ങളുടെ പിക്‌സല്‍ ഫോണുകള്‍ ഇറക്കുന്നത് തങ്ങള്‍ക്ക് അതു സാധിക്കുമെന്നു കാണിച്ചുകൊടുക്കാനാണ് അല്ലാതെ വിറ്റു കാശു കീശയിലിടാനല്ല എന്ന വിശ്വാസവും ഉണ്ട്.

∙ കൂടുതല്‍ വില കുറഞ്ഞ നോര്‍ഡ് മോഡലുകള്‍ വണ്‍പ്ലസ് ഇറക്കിയേക്കും

ബില്ലി 1, ബില്ലി 2 എന്നിങ്ങനെ കോഡ് പേരുകള്‍ നല്‍കി രണ്ടു പുതിയ നോര്‍ഡ് മോഡലുകള്‍ വണ്‍പ്ലസ് നിര്‍മിച്ചു വരികയാണെന്ന് വാര്‍ത്തകള്‍ പറയുന്നു. ഇവയുടെ വില 18,000 മുതല്‍ 24,000 രൂപ വരെയായിരിക്കുമെന്നു പറയുന്നു. കുറഞ്ഞത് 6ജിബി റാം ഈ ഫോണുകള്‍ക്ക് ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പറയുന്നു.

oneplus-nord

∙ ആപ്പിളിനെതിരെ ചൈനീസ് കമ്പനി 1.4 ബില്ല്യന്‍ ഡോളറിന് കേസു കൊടുത്തു

തങ്ങള്‍ക്ക് പേറ്റന്റുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയിലേക്ക് കടന്നുകയറി എന്ന് ആരോപിച്ച് ചൈനയിലെ ഷാങ്ഹായ് ഷിഷെന്‍ ഇന്റെലിജന്റ് നെറ്റ്‌വര്‍ക്ക് കമ്പനി അമേരിക്കയിലെ ആപ്പിള്‍ കമ്പനിക്കെതിരെ കേസു കൊടുത്തു. 1000 കോടി യുവാനാണ് നഷ്ടപരിഹാരമായി ചോദിച്ചിരിക്കുന്നത്. തങ്ങള്‍ക്കു പേറ്റന്റുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ആപ്പിള്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതും, വില്‍ക്കുന്നതും തടയണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പിളിന്റെ സിറിയില്‍ ഉപയോഗിച്ചിരിക്കുന്ന വോയിസ് റെക്കഗ്നിഷന്‍ സോഫ്റ്റ്‌വെയര്‍ തങ്ങള്‍ക്ക് പേറ്റന്റുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്നാണ് അവരുടെ ആരോപണം. തങ്ങള്‍ 2004ല്‍ അപേക്ഷിക്കുയും 2009ല്‍ പതിച്ചുകിട്ടുകയും ചെയ്ത സാങ്കേതികവിദ്യയാണ് ആപ്പിള്‍ ഉപയോഗിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. കമ്പനി 2012ലും ആപ്പിളിനെതിരെ കേസുകൊടുത്തിരുന്നു.

∙ ക്യാനന്‍ ആര്‍5, ആര്‍6 ക്യമാറകള്‍ വിഡിയോ റെക്കോഡിങ്ങിനിടയില്‍ ചൂടാകുന്നു

മികച്ച വിഡിയോ റെക്കോഡിങ് ശേഷിയുമായി എത്തിയ ക്യാനന്‍ ആര്‍5, ആര്‍6 മോഡലുകള്‍ ക്യാനന്‍ അവകാശപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയെ പരിപൂര്‍ണമായി വിശ്വസിച്ച് ഷൂട്ടിങിന് ഇറങ്ങാന്‍ സാധിക്കില്ല എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഒരു ആക്ഷേപം. ധാരാളം ഡേറ്റ ഉത്പാദിപ്പിക്കപ്പെടുന്ന 8കെ, 4കെ 120പി തുടങ്ങിയ മോഡലുകളില്‍ ഇത് പല ഷൂട്ടര്‍മാരും പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍, ഒന്ന് ചൂടായി പ്രവര്‍ത്തനരഹിതമാകുന്ന സമയത്ത് ഷൂട്ടു ചെയ്യാന്‍ വേറെ ഒന്നോ രണ്ടോ ക്യാമറകള്‍ കൂടെയുണ്ടെങ്കില്‍ മികച്ച വിഡിയോ റെക്കോഡു ചെയ്യാമെന്നു പറയുന്നവരും ഉണ്ട്. ക്യാനന്‍ ക്യാമറാ സെന്‍സര്‍ തണുപ്പിക്കാനുള്ള ചില മാര്‍ഗങ്ങള്‍ ആരായുന്നുണ്ടന്നും പറയുന്നു.

iphone-apple

English Summary: Google Pixel 4a With Hole-Punch Display, 12-Megapixel Rear Camera Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA