തിരിച്ച് വരവിനൊരുങ്ങി മൈക്രോസോഫ്റ്റ്: ഐഫോണിനെ നേരിടാൻ സര്‍ഫസ് ഡുവോ, കൂട്ടിന് ഗൂഗിളും!

surface-duo-
SHARE

പേഴ്‌സണല്‍ കംപ്യൂട്ടര്‍ രംഗത്ത് ഏറ്റവും വലിയ എതിരാളികളാണ് മൈക്രോസോഫ്റ്റും ആപ്പിളും. ആപ്പിള്‍ ഐഫോണ്‍ ഇറക്കിയ സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇരു കമ്പനികളും തന്നെ മൊബൈല്‍ കംപ്യൂട്ടിങിലും എതിരാളികളാകുമായിരുന്നു. എന്നാല്‍, മൈക്രോസോഫ്റ്റിന്റെ മേധാവികള്‍ക്ക് ഇന്നത്തെ രീതിയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് പ്രചാരം നേടുന്നത് സ്വപ്‌നത്തില്‍ പോലും കാണാനാകാതിരുന്നതാണ് ഗൂഗിളിന് ആന്‍ഡ്രോയിഡുമായി മുന്നോട്ടുപോകാനായത്. ഇക്കാര്യം ഗൂഗിളിന്റെ മുന്‍ മേധാവി എറിക് സ്മിഡ്റ്റും, മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗെയ്റ്റ്‌സും പല സമയത്തായി തുറന്നു സമ്മതിച്ചിട്ടുമുണ്ട്. 

സ്മാര്‍ട് ഫോണ്‍ രംഗത്ത് ശക്തിയാകാനായി നോക്കിയ ഏറ്റെടുത്തൊരു പയറ്റു പയറ്റി നോക്കിയെങ്കിലും മൈക്രോസോഫ്റ്റ് പരാജയപ്പെട്ടു. അവര്‍ അടുത്തകാലത്തൊന്നും സ്മാര്‍ട് ഫോണ്‍ രംഗത്തേക്കു കടന്നുവരുമെന്നുള്ള സൂചനകളും നല്‍കിയിരുന്നില്ല. എന്നാല്‍, തങ്ങളുടെ സര്‍ഫസ് ശ്രേണിയിലുള്ള ലാപ്‌ടോപ്പുകളുടെ വിജയത്തെ തുടര്‍ന്നന് സര്‍ഫസ് ഡുവോ എന്ന പേരില്‍ ഒരു സ്മാര്‍ട് ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഈ ഇരട്ട സ്‌ക്രീന്‍ ഫോണ്‍ ആദ്യ കാഴ്ചയില്‍ റിവ്യൂവര്‍മാരെ ആകര്‍ഷിച്ചു കഴിഞ്ഞു. 

പ്രകടനവും മറ്റും ഏതാനും മാസം കൊണ്ടേ വിലയിരുത്താനാകൂ എങ്കിലും പലരും പറയുന്നത് ഐഫോണിന് കരുത്തുറ്റ ഒരു എതിരാളിയായരിക്കും ഡുവോ എന്നാണ്. സെപ്റ്റംബര്‍ 10 മുതല്‍ അമേരിക്കയില്‍ വില്‍പ്പന തുടങ്ങുന്ന ഫോണ്‍ എന്നാണ് ഇന്ത്യയില്‍ എത്തുക എന്ന് ഇപ്പോള്‍ ഉറപ്പില്ലെങ്കിലും ഇവിടെയും ചില ഉപയോക്താക്കള്‍ ഡുവോയ്ക്കായി കാത്തരിക്കുകയാണെന്നു പറയുന്നു. ഐഫോണിന് ഒരു എതിരാളിയാകുമോ ഡുവോ? ഫോണിനെ അടുത്തറിയാം:

ഇതുവരെ നിലവിലില്ലാത്ത ഒരു തരം ഉപകരണമാണ് ഡുവോ- പോക്കറ്റിലിടാവുന്ന, ഇരട്ട സ്‌ക്രീനുകളുള്ള ഒന്ന്. അതു ഫോണാണെന്നോ ടാബ്‌ലറ്റാണെന്നോ പറയാനും വയ്യ. ഒരു ഫോണ്‍ ഉപയോഗിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കുക എന്ന ആശയമാണ് മൈക്രോസോഫ്റ്റ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഐഫോണടക്കം നിലവിലുള്ള ഒരു സ്മാര്‍ട് ഫോണിലും സാധ്യമല്ലാത്ത തരത്തില്‍ ഉപയോഗപ്രദമാണ് ഡുവോ. സര്‍ഫസ് പ്രോ ഒരു ഫോണാണോ? ആണെന്നും അല്ലെന്നും പറയാം. അതിന് ഐഫോണ്‍ 11 പോലെയോ, സ്ാംസങ് ഗ്യാലക്‌സി എസ്20യെ പോലെയോ ഫോണ്‍ കോളുകള്‍ നടത്താം, ടെക്‌സ്‌റ്റ് സന്ദേശങ്ങളും അയയ്ക്കാം. എന്നാല്‍, ഡുവോയുടെ ഇരട്ട സ്‌ക്രീനുകളിലായി വത്യസ്ത ആപ്പുകള്‍ ഒരേസമയം തുറന്നുവയ്ക്കാം. രണ്ട് 5.6-ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേകള്‍ കൂട്ടിയോജിപ്പിച്ചാണ് ഡുവോ ഉണ്ടാക്കിയരിക്കുന്നത്. ഇത് 360 ഡിഗ്രിയും തിരിക്കാം. അതിന് ഒരു 8.3-ഇഞ്ച് ടാബ് പോലെയും പ്രവര്‍ത്തിക്കാം. ഒരു പുസ്തകം തുറക്കുന്നതു പോലെയാണ് അതു തുറക്കുന്നത്. നിലവിലുള്ള ഒറ്റ സ്‌ക്രീന്‍ ഫോണുകളില്‍ നിന്നുള്ള ഒരു പുരോഗതിയാണ് ഡുവോ കാണിക്കുന്നതെന്ന് വിലയിരുത്തുന്നവരുണ്ട്. അതിനെ വളച്ച് ഒരു കൂടാരം (ടെന്റ്) പോലെ മേശപ്പുറത്തും മറ്റും വച്ചും ഉപയോഗിക്കാം.

അതേസമയം, ഗ്യാലക്‌സി ഫോള്‍ഡ്, വാവെയ് മെയ്റ്റ് എക്‌സ് തുടങ്ങിയവയുടെ പാതയല്ല മൈക്രോസോഫ്റ്റ് പിന്തുടര്‍ന്നിരിക്കുന്നത്. ഇരു ഫോണുകളും വളയ്ക്കാവുന്ന ഗ്ലാസ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഡുവോ ശരിക്കൊരു ഗൊറിലാ ഗ്ലാസ് ഉപകരണമാണ്. ഒരു പക്ഷേ, മേല്‍പ്പറഞ്ഞ ഫോള്‍ഡബിൾ ഫോണുകളെക്കാള്‍ സുരക്ഷിതമായേക്കാം ഡുവോ എന്നൊരു അഭിപ്രായവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഡുവോയുടെ ലക്ഷ്യം മള്‍ട്ടിടാസ്‌കിങ് - ഒന്നിലേറെ കാര്യങ്ങള്‍ ഒരേസമയം ചെയ്യുക - എളുപ്പമാക്കുക എന്നതാണ്. ഇതൊക്കെയാണെങ്കിലും ഡുവോ അധികം കട്ടിയില്ലാത്ത ഉപകരണവുമാണ്- 4.8എംഎം മാത്രമാണ് കട്ടി.

നേരത്തെ പറഞ്ഞതു പോലെ, ഇത് ആന്‍ഡ്രോയിഡ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നു. ഇതിനായി ഗൂഗിളും മൈക്രോസോഫ്റ്റും ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നിലേറെ ആപ്പുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കുക എന്നത് സുഗമാക്കാനാണ് ഇരു കമ്പനികളും ഒന്നിച്ചത്. വേണമെങ്കില്‍ ഒരേ ആപ് തന്നെ രണ്ടു സ്‌ക്രീനിലും ഒരേ സമയം തുറക്കുയും ചെയ്യാം. ആമസോണ്‍ കിന്‍ഡില്‍ ആപ് ഒരു സ്‌ക്രീനില്‍ തുറന്ന് പുസ്തകം വായിക്കുന്ന സമയത്ത് അടുത്ത സ്‌ക്രീനില്‍ ഒരു വേഡ് ഡോക്യുമെന്റും തുറന്നു വയ്ക്കാം. സര്‍ഫസ് ഡുവോ ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ നിന്നാണ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. മൈക്രോസോഫ്റ്റ് ലോഞ്ചറും ഉള്‍പ്പെടുത്തിയിരിക്കുന്നു. ആന്‍ഡ്രോയിഡിന്റെ സുരക്ഷാ കവചം ഡുവോയ്ക്കു നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞിട്ടുണ്ട്.

സ്‌നാപ്ഡ്രാഗണ്‍ 855 ആണ് ഡുവോയുടെ പ്രോസസര്‍. ( ഏറ്റവും പുതിയ പ്രോസസര്‍ 865 ആണ്.) കഴിഞ്ഞ വര്‍ഷത്തെ കരുത്തുറ്റ ആന്‍ഡ്രോയിഡ് ഫോണുകളെല്ലാം ഈ പ്രോസസര്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. പ്രോസസര്‍ ഏറ്റവും പുതിയതല്ലെങ്കിലും ഡുവോയുടെ പ്രവര്‍ത്തനം മികവുറ്റതാണെന്നാണ് പറയുന്നത്. എന്നാല്‍, ഗ്യാലക്‌സി നോട്ട് 20, വണ്‍പ്ലസ് 8 പ്രോ തുടങ്ങിയ ഫോണുകളുടെയത്ര വേഗം പ്രതീക്ഷിക്കരുതെന്നും പറയുന്നു. ഡുവയ്ക്ക് മെമ്മറി കാര്‍ഡ് സ്ലോട്ട് ഇല്ല. 5ജി സപ്പോര്‍ട്ടും ഇല്ല. ഡുവോ 4ജിയാണ്. 3.5 ഹെഡ്‌ഫോണ്‍ ജാക്കും ഇല്ല. ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളോ, യുഎസ്ബി-സി ഹെഡ്‌ഫോണുകളോ ഉപയോഗിക്കേണം. ബാറ്ററി ലൈഫിനെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഒറ്റ ചാര്‍ജില്‍ 15.5 മണിക്കൂര്‍ വിഡിയോ കാണാന്‍ സാധിക്കുമെന്ന് കമ്പനി പറയുന്നു. 10 ദിവസത്തെ സ്റ്റാന്‍ഡ് ബൈ സമയവും, 27 മണക്കൂര്‍ ടോക് ടൈമും കിട്ടുമെന്നും പറയുന്നു. 3,577 എംഎഎച് ബാറ്ററിയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വയര്‍ലെസ് ചാര്‍ജിങും വാട്ടര്‍ റെസിസ്റ്റന്‍സും ഇല്ല. സ്റ്റീരിയോ സ്പീക്കറും ഇല്ല. സ്‌ക്രീനിനു താഴെ ഒറ്റ സ്പീക്കറാണ് ഉള്ളത്.

മറ്റു സര്‍ഫസ് പ്രൊഡക്ടുകളെ പോലെ ഇതില്‍ സര്‍ഫസ് പെന്‍ ഉപയോഗിക്കാം. ഈ ഫോണ്‍ വാങ്ങാന്‍ സാധ്യതയുള്ളവര്‍ക്ക് അത് വളരെ ഉപകാരപ്രദമായിരിക്കും. പുതിയ സര്‍ഫസ് സ്ലിം പെന്‍, സര്‍ഫസ് പെന്‍, സര്‍ഫസ് ഹബ് 2 പെന്‍ എന്നിവ ഉപയോഗിക്കാം. എന്നാല്‍, പെന്‍ ഡുവോയ്ക്ക ഒപ്പം ലഭിക്കില്ല. ഫോണിനൊപ്പം ബോക്‌സിന്‍ ഉണ്ടാകുക ഒരു കെയ്‌സ്, 18 വോട്ട് ചാര്‍ജര്‍, യുഎസ്ബി-സി കേബിള്‍, സിം ടൂള്‍, ഉപയോഗിക്കാനുള്ള ഗൈഡ് എന്നിവയായിരിക്കും. ഒറ്റ ക്യാമറായണ് ഉളളത്. സ്‌ക്രീനിനു മുകളില്‍ വലതുവശത്തെ ഡിസ്‌പ്ലേയിലാണ് 11 എംപി എഫ്/2 അപേര്‍ചറുള്ള ക്യാമറ പിടിപ്പിച്ചിരിക്കുന്നത്.

എന്നാല്‍, ഫോണ്‍ വാങ്ങുമ്പോള്‍ നിരവധി മൈക്രോസോഫ്റ്റ് ആപ്പുകള്‍ ലഭിക്കുന്നു. മൈക്രോസോഫ്റ്റ് ഓഫിസ് (വേഡ്, എക്‌സല്‍, പവര്‍പോയിന്റ്, ഓഫിസ് ലെന്‍സ്); ഔട്ട്‌ലുക്ക്, വണ്‍ഡ്രൈവ്, എജ്, വണ്‍നോട്ട്, റ്റുഡു, ന്യൂസ്, ഒതന്റിക്കേറ്റര്‍, ബിങ്, സേര്‍ച്ച്, പോര്‍ട്ടല്‍, ലിങ്ക്ട്ഇന്‍, സോളിട്ടയര്‍ കളക്ഷന്‍, സര്‍ഫസ് ഓഡിയോ, മൈക്രോസോഫ്റ്റ് സ്വിഫ്റ്റ് കീ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഗൂഗിള്‍ സേര്‍ച്ച്, അസിസ്റ്റന്റ്, മാപ്‌സ്, ജിമെയില്‍, യുട്യൂബ് തുടങ്ങിയവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതു കൂടാതെ പ്ലേസ്റ്റോറില്‍ ലഭ്യമായ എല്ലാ ആപ്പുകളും ഡ്യൂവല്‍ സ്‌ക്രീന്‍ സപ്പോര്‍ട്ടു ചെയ്യും.

surface-duo

എന്തായിരിക്കും വില? 1399 ഡോളറാണ് 125ജിബി വേര്‍ഷന്റെ വില. 256 ജിബി വേര്‍ഷന്‍ വേണമെങ്കില്‍ 1499 ഡോളര്‍ നല്‍കണം. യുഎഫ്എസ് 3.0ആണ് സ്‌റ്റോറേജിനു നല്‍കിയിരിക്കുന്നത്. ഈ ഫോണ്‍ ഐഫോണ്‍ പോലെ ആകര്‍ഷകമാകുമോ? ചിലതരം ഉപയോക്താക്കള്‍ക്ക് ഐഫോണിനേക്കാള്‍ ആകര്‍ഷകമാകാമെന്നാണ് പറയുന്നത്. ഫോണ്‍ ഉപയോഗിച്ച് എന്തെങ്കിലും പ്രൊഡക്ടിവിറ്റി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ ഉചിതമായ മോഡലായിരിക്കും ഇത്. ബിസിനസുകാര്‍, കമ്പനി മേധാവികള്‍ തുടങ്ങിയവര്‍ക്ക് പുതിയൊരു ലോകം തുറന്നു കൊടുക്കുകയാണ് ഡുവോ ചെയ്യുന്നതെന്നു വിലയിരുത്തപ്പെടുന്നു.

English Summary: Surface duo introduced; Will challenge iPhone?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA