ADVERTISEMENT

ഇന്ത്യയില്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ മതിയെന്ന് മുറവിളി എല്ലാ ഭാഗത്തു നിന്നും ഉയരുകയാണ്. എന്നാല്‍, ഇത് എത്രമാത്രം പ്രായോഗികമാണെന്ന കാര്യത്തെക്കുറിച്ച് പലരും ചിന്തിക്കാറില്ലെന്നു മാത്രം. ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഒരു ഫോണിന്റെ മൊത്തം വിലയുടെ 85 ശതമാനത്തിനുള്ള യന്ത്ര ഭാഗങ്ങളും ഇറക്കുമതി ചെയ്യുന്നവയാണ് എന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ പറയുന്നത്. പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ്, പ്രോസസറുകള്‍, ഡിസ്‌പ്ലെ, ക്യാമറാ മൊഡ്യൂളുകള്‍ തുടങ്ങിയ ഹൈ-ടെക് ഭാഗങ്ങള്‍ ഉണ്ടാക്കുന്നേ ഇല്ലെന്നോ അല്ലെങ്കില്‍ അത് നാമമാത്രമാണെന്നോ പറയേണ്ടി വരുമെന്നുമാണ് കൗണ്ടര്‍പോയിന്റ്, കനാലിസ് തുടങ്ങിയവ അടക്കമുള്ള ഗവേഷണ കമ്പനികള്‍ പറയുന്നത്. 

 

ഹൈ-ടെക് ഘടക ഭാഗങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതും നിര്‍മിക്കുന്നതും ചൈനയിലോ, തയ്‌വാനിലോ ആണ്. ഇന്ത്യയിലെ നിര്‍മാണ പ്രവര്‍ത്തനം എന്നു പറയുന്നത് പലതും എത്തിച്ച് കൂട്ടിയിണക്കുക എന്നതു മാത്രമാണെന്നാണ് കണ്ടെത്തല്‍. ചുരുക്കിപ്പറഞ്ഞാല്‍ പരിപൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ഫോണ്‍ എന്നത് തത്കാലം ഒരു വിദൂര സ്വപ്‌നമാണ് എന്നാണ് വിലയിരുത്തല്‍. എന്നാല്‍, ആ സ്വപ്‌നം മനസില്‍ കൊണ്ടുനടക്കുന്നതില്‍ ഒരു തെറ്റുമില്ല താനും.

 

സമ്പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട് ഫോണ്‍ എന്ന സ്വപ്‌നം പൂവണിയാന്‍ കുറഞ്ഞത് ഒരു പതിറ്റാണ്ടെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതും, സെമികണ്‍ഡക്ടറുകള്‍ പോലെയുള്ള മേഖലകളില്‍ ബില്ല്യന്‍ കണക്കിനു ഡോളര്‍ ഇന്ത്യയിലേക്ക് ആരെങ്കിലും ഒഴുക്കിയാല്‍ മാത്രമായിരിക്കും സംഭവിക്കുക. എന്നാല്‍, ഇത്തരം നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനായി രണ്ട് പുതിയ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. പ്രൊഡക്ഷന്‍ ലിങ്ക്ട് ഇന്‍സെന്റീവിനു പുറമെയാണിത്.

 

കമ്പനികള്‍ ധാരാളമായി മുതല്‍മുടക്കാന്‍ തയാറായി വന്നെങ്കില്‍ മാത്രമെ ഈ സ്വപ്‌നം സാക്ഷാത്കരിക്കാനാകൂ. സർക്കാരും ഇക്കാര്യത്തില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിക്കണം. അങ്ങനെ ലോകത്തെ പ്രധാന ടെക്‌നോളജി കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനായാല്‍ മാത്രമായിരിക്കും സ്വയംപര്യാപ്ത എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകൂ. ക്വാല്‍കം, മെഡിയാടെക്, സാംസങ് തുടങ്ങിയ ഭീമന്മാര്‍ തങ്ങളുടെ ചിപ് ഗവേഷണവും രൂപകല്‍പ്പനയുമൊക്കെ ഇവിടെ തുടങ്ങിയാല്‍ ഇക്കാര്യങ്ങളൊക്കെ എളുപ്പമായേക്കും. ചിപ്പുകള്‍ക്കും മറ്റുമാണ് വിലക്കൂടുതല്‍. എന്നാല്‍, ഇവയുടെ ഗവേഷണത്തിന് ആയിരക്കണക്കിനു പേര്‍ വേണ്ടിവരില്ല. ഇവിടെ തെളിയുക ശാസ്ത്ര രംഗത്തെ മിടുക്കന്മാര്‍ക്കുള്ള ജോലി സാധ്യതയാണ്. അതേസമയം, ഘടകഭാഗങ്ങള്‍ കൂട്ടിയിണക്കുന്നിടത്ത് ശാസ്ത്രാടിത്തറ ഒന്നുമില്ലാത്ത ധാരാളം പേര്‍ക്ക് ജോലി കിട്ടുകയും ചെയ്യും. എന്നാല്‍, കൂട്ടിയിണക്കല്‍ ജോലികള്‍ അധികം താമസിയാതെ റോബോട്ടുകള്‍ ഏറ്റെടുക്കില്ലെ എന്ന പേടിയുമുണ്ട്.

 

എന്തായാലും, എത്ര മുറവിളി കൂട്ടിയാലും സമ്പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ഫോണ്‍ എന്നത് തത്കാലം നടക്കാത്ത സ്വപ്‌നമാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അതിന് ക്ഷമയോടെ കാത്തിരിക്കേണ്ടി വരും. ഇതു തന്നെയാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്തും കഴിഞ്ഞ ദിവസം പറഞ്ഞത്- സ്വദേശി എന്നു പറഞ്ഞാല്‍ എല്ലാ വിദേശ പ്രൊഡക്ടും ബഹിഷ്‌കരിക്കുക എന്നതല്ല അര്‍ഥമാക്കുന്നത് എന്നാണ് അദ്ദേഹം ഓര്‍മിപ്പിച്ചത്. പ്രാദേശികമായി ലഭ്യല്ലാത്ത സാങ്കേതികവിദ്യ മാത്രമെ കൊണ്ടുവരാവൂ എന്നതാണ് നിലപാട് എന്നാണ് അദ്ദേഹം പറഞ്ഞത്. പരസ്പര സഹകരണമാണ് വേണ്ടതെന്നും ലോകത്തെ ഒരു കുടുംബമായി കാണണമെന്നും അല്ലാതെ ഒരു വിപണി ആയല്ല കാണേണ്ടത് എന്നുമാണ് അദ്ദേഹം ഓര്‍മിപ്പിച്ചത്. എന്‍ഡിഎ സർക്കാരിന്റെ സ്വയംപര്യാപ്തത നേടാനുള്ള ശ്രമത്തെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍, സ്വദേശി എന്നു പറഞ്ഞാല്‍, പ്രാദേശിക പ്രൊഡക്ടുകള്‍ക്ക് പ്രാധാന്യം ലഭിക്കണമെന്നാണെന്നും അല്ലാതെ വിദേശ വസ്തുക്കള്‍ ബഹിഷ്‌കരിക്കണമെന്നല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

എന്തായാലും വരും വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ ഇന്ത്യ കുതിപ്പു തുടങ്ങുമെന്നു തന്നെയാണ് ഇപ്പോള്‍ വിശ്വസിക്കപ്പെടുന്നത്. ചൈനയേക്കാളും ഇന്ത്യയെയാണ് വിശ്വസിക്കാവുന്നത് എന്ന ചിന്തയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇവിടെ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയേക്കും. അതേസമയം, പ്രാദേശികമായി തന്നെ ഉപയോക്താക്കളുടെ ഡേറ്റ ശേഖരിച്ചു വയ്ക്കണമെന്നും, ഓരോ കമ്പനിയും ശേഖരിക്കുന്ന ഡേറ്റ, തങ്ങളുടെ എതിരാളികളടക്കമുള്ള മറ്റു കമ്പനികള്‍ക്ക് വിശകലനത്തിന് വിട്ടു നല്‍കണമെന്നും പറയുന്ന ഇപ്പോഴത്തെ കരടു നിര്‍ദ്ദേശങ്ങള്‍ നിയമമായാല്‍ വിദേശ കമ്പനികള്‍ മുഖം തിരിച്ചേക്കുമെന്നും പറയുന്നു.

 

English Summary: Why a completely make in India phone is a distant dream

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com