ADVERTISEMENT

കോവിഡ്-19ന്റെ പ്രതിസന്ധികൾക്കിടയിലും തങ്ങളുടെ പ്രൊഡ്കുകളോടുള്ള പ്രീയം ആഗോള വിപണി നിലനിര്‍ത്തുന്നുവെന്നു വിലയിരുത്തിയ ആപ്പിള്‍ കമ്പനി ഈ വര്‍ഷം അവസാനത്തിലേക്ക് 7.5 കോടി 5ജി ഐഫോണുകള്‍ നിര്‍മിച്ചു നല്‍കാന്‍ ഫോണ്‍ നിർമിച്ചുനല്‍കുന്ന കമ്പനികള്‍ക്ക് ഓര്‍ഡര്‍ കൊടുത്തതായി വാര്‍ത്ത. കഴിഞ്ഞ വര്‍ഷവും ഏകദേശം ഇതേ എണ്ണം ഫോണുകളാണ് കമ്പനി പുറത്തിറക്കിയതത്രെ. ഏകദേശം 8 കോടി ഐഫോണുകള്‍ ഈ വര്‍ഷം തന്നെ ആപ്പിള്‍ വിപണിയിൽ എത്തിച്ചേക്കാമെന്നാണ് പുതിയ വിവരം. ഈ വര്‍ഷം 5ജി കണക്ടിവിറ്റിയുള്ള നാല് ഐഫോണ്‍ മോഡലുകളായിരിക്കും കമ്പനി പുറത്തിറക്കുക എന്നും പറയുന്നു. പുതിയ 5ജി ആന്റിന കൂടാതെ, പുതിയ ഡിസൈന്‍, സ്‌ക്രീന്‍ സൈസിലുള്ള വ്യത്യാസം തുടങ്ങിയവയായിരിക്കും കഴിഞ്ഞ വര്‍ഷത്തെ ഫോണുകളെ അപേക്ഷിച്ച് ഇവയെ വേര്‍തിരിച്ചു നിർത്തുക.

 

ഐഫോണ്‍ കൂടാതെ, ഐപാഡ് എയര്‍ ശ്രേണിയില്‍ പുതിയ ടാബ്‌ലറ്റും പുറത്തിറക്കുമെന്നും പറയുന്നു. ഐപാഡ് പ്രോയുടെ മോഡലിലായിരിക്കും ഇവയുടെ രൂപകല്‍പന. രണ്ട് ആപ്പിള്‍ വാച്ചുകളും, ഒരു ചെറിയ ഹോംപോഡ് സ്പീക്കറും പുറത്തിറക്കുമെന്നും അഭ്യൂഹങ്ങളുണ്ടെങ്കിലും ഇക്കാര്യങ്ങളെക്കുറിച്ചൊന്നും പ്രതികരിക്കാന്‍ ആപ്പിള്‍ വക്താവ് തയാറായില്ല. ഐഫോണ്‍ നിര്‍മാണത്തില്‍ ആപ്പിളുമായി സഹകരിക്കുന്ന കമ്പനികളോട് ഏകദേശം 7.5 കോടി ഫോണുകള്‍ക്കുള്ള യന്ത്രഭാഗങ്ങള്‍ ഓര്‍ഡര്‍ ചെയ്തതായി പറയുന്നു. ഐഫോണ്‍ നിര്‍മാണത്തില്‍ ആപ്പിളിനോട് സഹകരിച്ചുവരുന്ന കമ്പനിയായ ഫോക്‌സ്‌കോണ്‍ എന്ന പേരില്‍ പ്രശസ്തമായ, ഹോണ്‍ ഹായ് പ്രസിഷന്‍ ഇന്‍ഡസ്ട്രി കമ്പനി, വീചാറ്റില്‍ ഐഫോണ്‍ നിര്‍മാണശാലയിലേക്ക് പുതിയ ജോലിക്കാരെ വേണമെന്ന് പരസ്യം ചെയ്തതായും വാര്‍ത്തയുണ്ട്. തങ്ങളുടെ പ്രധാന ഐഫോണ്‍ ക്യാംപസായ മധ്യ ചൈനാ നഗരമായ ഷെങ്ഷൂവിലേക്കാണ് കൂടുതല്‍ ആളുകളെ ആവശ്യമുണ്ടെന്ന് കമ്പനി പറഞ്ഞിരിക്കുന്നത്.

 

കൊറോണാവൈറസ് വ്യാപനം ആഗോള സമ്പദ്‌വ്യവസ്ഥയെയും പല വിതരണ ശൃംഖലകളെയും തകര്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടയിലാണ് ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ട്. വര്‍ക് ഫ്രം ഹോം തുടങ്ങിയതോടെ ഐഫോണുകള്‍ക്കും, ഐപാഡുകള്‍ക്കും, മാക് കംപ്യൂട്ടറുകള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചുവെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐഫോണില്‍ നിന്ന് ആപ്പിളിനു ലഭിക്കുമെന്ന് വാള്‍സ്ട്രീറ്റ് പ്രവചിച്ചതിനേക്കാള്‍ വലിയ വരുമാനവും കമ്പനിക്കു ലഭിച്ചു. ഇതോടെ ആപ്പിളിന്റെ ഓഹരികള്‍ ഉയര്‍ന്ന് കമ്പനിയുടെ മൂല്യം 2 ട്രില്ല്യന്‍ ഡോളറിലേറെയായി.

 

∙ നാലു മോഡലുകള്‍ക്കും ഓലെഡ് സ്‌ക്രീന്‍?

 

കഴിഞ്ഞ വര്‍ഷം രണ്ട് ഹൈ-എന്‍ഡ് മോഡലുകളും ഒരു ലോ-എന്‍ഡ് മോഡലും എന്ന വേര്‍തിരിവായിരുന്നു ഐഫോണ്‍ 11 സീരിസിന് ഉണ്ടായിരുന്നത്. എന്നാല്‍, ഈ വര്‍ഷം രണ്ട് ഹൈ-എന്‍ഡ് ഫോണുകളും (പ്രോ) രണ്ട് ലോ-എന്‍ഡ് ഫോണുകളും ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം വരെയുണ്ടായിരുന്ന ലോ എന്‍ഡ് ഫോണുകള്‍ക്ക് (XR, ഐഫോണ്‍ 11) മോഡലുകള്‍ക്ക് എല്‍സിഡി സ്‌ക്രീനുകളായിരുന്നു നല്‍കിയതെങ്കില്‍ ഈ വര്‍ഷം 4 മോഡലുകള്‍ക്കും ഓലെഡ് പാനല്‍ നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, താഴ്ന്ന ശ്രേണിക്ക് എല്‍സിഡി തന്നെ ആയിരിക്കുമെന്നു പറയുന്നവരും ഉണ്ട്. എല്ലാ മോഡലും ഓലെഡ് സ്‌ക്രീന്‍ ആക്കിയ ശേഷം ഹൈ-എന്‍ഡ് മോഡലുകളുടെ വശങ്ങള്‍ സ്‌റ്റെയ്ന്‍ലെസ് സ്റ്റീലില്‍ നിര്‍മിക്കുമെന്നും, കുറഞ്ഞ മോഡലുകള്‍ക്ക് അലുമിനം ആയിരിക്കും ഉപയോഗിക്കുക എന്നും വാദമുണ്ട്. നീല നിറത്തിലുള്ള പ്രോ വേരിയന്റ് പുറത്തിറക്കുമെന്നും പറയുന്നു. വലിയ ഐഫോണ്‍ പ്രോ മോഡലുകള്‍ക്ക്, കഴിഞ്ഞ വര്‍ഷത്തെ ഐപാഡ് പ്രോ മോഡലിനു നല്‍കിയ ലിഡാര്‍ (LiDAR) സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുമെന്നും പറയുന്നു. ഓഗ്‌മെന്റഡ് റിയാലിറ്റിക്കാണ് ഈ സാങ്കേതികവിദ്യ കൂടുതല്‍ ഉപകരിക്കുക. ഫോണിന് അതിരിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഇത് ഉപകരിക്കുമെന്നു പറയുന്നു. ഫോണുകള്‍ക്കെല്ലാം അതി ശക്തമായ എ14 പ്രോസസര്‍ ലഭിക്കുമെന്നത് ഉറപ്പാണ്. ഏറ്റവും വലുപ്പമുള്ള പ്രോ മോഡലിന് 6.7-ഇഞ്ച് വലുപ്പമുണ്ടാകുമത്രെ.

 

നാലു ഫോണുകളും ഒരുമിച്ച് അവതരിപ്പിക്കുമെങ്കിലും ഈ വര്‍ഷം വില കുറഞ്ഞ മോഡലുകളായിരിക്കും ആദ്യം വിപണിയിലെത്തുക എന്നും അഭ്യൂഹങ്ങള്‍ പറയുന്നു. ഈ വര്‍ഷം ഇറക്കാന്‍ പോകുന്ന ഫോണുകളുടെയെല്ലാം ഡിസൈന്‍ കോവിഡ്-19 തുടങ്ങുന്നതിനു മുൻപ് തന്നെ ഉറപ്പിച്ചിരുന്നു. ഇവയ്ക്കുള്ള ഐഒഎസ് 14ന്റെ പ്രധാന ഫീച്ചറുകളെക്കുറിച്ചും കമ്പനി വിവരിച്ചിരുന്നു. ഐഒഎസ് 14 ഈ മാസം പുറത്തിറക്കിയേക്കുമെന്നും ചില അഭ്യൂഹങ്ങളുണ്ട്. സാധാരണ ഐഫോണുകള്‍ക്കൊപ്പമാണ് പുതിയ ഐഒഎസും പുറത്തിറക്കുക.

 

ഈ വര്‍ഷം ഇറക്കുമെന്നു പറയുന്ന ചെറിയ ഹോംപോഡിന് 299 ഡോളറായിരിക്കും വില. ആപ്പിളിന്റെ ആദ്യ ഹോംപോഡിന് ഇപ്പോള്‍ ഇന്ത്യയിലെ വില 19,900 രൂപയാണ്. ചെറിയ ഹോംപോഡ് വരുമ്പോള്‍ അതിന് വില കൂടുമോ എന്നറിയില്ല. 399 ഡോളര്‍ വിലയുള്ള ഐഫോണ്‍ എസ്ഇ ഇന്ത്യയിലെ എംആര്‍പി 42,500 രൂപയാണന്ന് ഓര്‍ക്കുക.

 

കൂടുതല്‍ ശക്തിയുള്ള പ്രോസസറുമായി ഒരു ആപ്പിള്‍ ടിവിയും പുറത്തിറക്കുമെന്നും പറയുന്നു. മെച്ചപ്പെട്ട റിമോട്ട് കണ്ട്രോളും ഒപ്പമുണ്ടാകും. എന്നാല്‍ ഇത് 2021ല്‍ മാത്രമാകും വിപണിയിലെത്തുക. കുറേ നാളായി പറഞ്ഞു കള്‍ക്കുന്ന എയര്‍ടാഗ്‌സ് എന്ന ബ്ലൂടൂത്ത് ഡിവൈസും ചിലപ്പോള്‍ ഈ വര്‍ഷം അവതരിപ്പിച്ചേക്കാം.

 

English Summary: Apple preparing 75 mn 5G iPhones alongside new Watches, iPad, Homepod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com