ADVERTISEMENT

ഓര്‍ക്കുന്നുണ്ടോ ആപ്പിള്‍ കമ്പനിയുടെ സ്ഥാപകനും മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്‌സ് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്ന കാര്യം 3.5-ഇഞ്ച് വലുപ്പമാണ് ഒരു ഫോണിന് ഏറ്റവും ഉചിതമെന്ന്. അദ്ദേഹം മരിക്കുന്ന കാലം വരെ ഐഫോണുകള്‍ക്ക് ആ വലുപ്പമായിരുന്നു. എന്നാല്‍, ഐഫോണുകള്‍ക്കു വരെ ഇപ്പോള്‍ അതിന്റെ ഇരട്ടി വലിപ്പത്തോളമായി! ഓരോ വര്‍ഷവും കൂടുതല്‍ വലുപ്പത്തിലുള്ള ഫോണുകള്‍ ഇറക്കുന്ന കാര്യത്തില്‍ കമ്പനികള്‍ തമ്മിലുള്ള മത്സരമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം കണ്ടുവന്നത്. എന്നാല്‍, ഇവ കൊണ്ടുനടക്കലും ഉപയോഗിക്കലും പലര്‍ക്കും, പ്രത്യേകിച്ച് ചെറിയ കൈകളുള്ളവര്‍ക്ക് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അവിടെയാണ് പുതിയ ഐഫോണ്‍ 12 മിനിയുടെ പ്രസക്തി. ഐഫോണ്‍ 12 മിനിയും, ഐഫോണ്‍ 12ഉം തമ്മില്‍ സ്‌ക്രീനിന്റെ വലുപ്പത്തിലുള്ള നേരിയ വ്യത്യാസം മാത്രമെയുള്ളു. ഇത് ചെറിയ ഫോണുകള്‍ ഉപയോഗിക്കാന്‍ താത്പര്യമുള്ളവരെ കണ്ണുപൂട്ടി മിനി മോഡല്‍ വാങ്ങാന്‍ പ്രേരിപ്പിക്കും. ആപ്പിളടക്കമുള്ള കമ്പനികള്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇത്തരം ഒരു ബോധം വരുത്തിത്തീര്‍ത്തിരുന്നു- ചെറിയ ഫോണുകള്‍ക്കാണ് ഏറ്റവും കുറച്ചു ഫീച്ചറുകളുള്ളത്. ഈ വര്‍ഷം അതിനു പ്രായശ്ചിത്തം ചെയ്തിരിക്കുകയാണ് ആപ്പിള്‍ ഐഫോണ്‍ 12ലൂടെ.

 

ഒരു ചെറിയ കാലഘട്ടത്തിനുള്ളില്‍ ചെറിയ, മികച്ച ഫോണുകള്‍ക്ക് 'വംശനാശം' വന്നിരുന്നു. ചെറിയ മോഡല്‍ എന്നാല്‍ വില കുറഞ്ഞ, ഫീച്ചറുകള്‍ കുറഞ്ഞ മോഡലാണ് എന്ന ധാരണ വന്നതോടെ പലര്‍ക്കും ചെറിയ ഫോണുകള്‍ വാങ്ങുക എന്നത് താത്പര്യമില്ലാത്ത കാര്യമായി. എന്തായാലും പണം കളയുകയാണ്. അപ്പോള്‍പ്പിന്നെ കൂടുതല്‍ ഫീച്ചറുകളുള്ളതു തന്നെ വാങ്ങാം എന്ന ചിന്തയാണ് അവരെ നയിച്ചത്. ഐഫോണ്‍ എസ്ഇ 2020യുടെ കാര്യം പറഞ്ഞാല്‍, അത് 2018ല്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ ഡിസൈനുമായാണ് എത്തുന്നത്. എന്നാല്‍ 400 ഡോളറിന് അത് മികച്ച മോഡലുമാണ്. പക്ഷേ, എ13 പ്രോസസറിന്റെ കരുത്തു മാറ്റിനിർത്തിയാല്‍ അതില്‍ കാര്യമായ പുതുമകളില്ല. അതല്ല ഐഫോണ്‍ 12 മിനിയുടെ കാര്യം. അത് പുതുമകളാല്‍ വാര്‍ത്തെടുത്തതാണ്. അല്ലെങ്കില്‍ത്തന്നെ തങ്ങള്‍ വാങ്ങുന്ന ഫോണുകളുടെ പുതിയ ഫീച്ചറുകള്‍ മുഴുവന്‍ ഉപയോഗിച്ചുവെന്ന് അവകാശപ്പെടാന്‍ എത്രപേര്‍ക്കാകും?

 

iphone-12-mini

ആന്‍ഡ്രോയിഡിലും ചെറിയ ഫോണ്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ വാങ്ങാന്‍ കൊള്ളാവുന്ന ഒരു ഫോണെങ്കിലും ഉണ്ട്– സോണി എക്‌സ്പീരിയ എക്‌സ്‌സെഡ്2 കോംപാക്ട്. എന്നാല്‍, ഇക്കാലത്ത് ചെറിയ ഫോണുകളുടെ കഥ അവിട തീര്‍ന്നു. പക്ഷേ, ചെറിയ ഫോണ്‍ കൈയ്യില്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പറയുന്നത് ഐഫോണ്‍ 12 മിനിയുടെ ഒതുക്കമുള്ള 5.4-ഇഞ്ച് സൈസാണ് തങ്ങള്‍ കാത്തിരുന്ന മോഡലെന്നാണ്. നിങ്ങളുടെ കൈയ്യില്‍ ഒതുങ്ങുന്ന ഒരു ഫോണ്‍ എന്ന ആത്മവിശ്വാസം നല്‍കുന്ന തോന്നല്‍ പ്രാവര്‍ത്തികമാക്കിയ ആപ്പിളിന് നന്ദി പറയുകയാണ് ഒരു പറ്റം ഉപയോക്താക്കള്‍. ഇനി പുതിയ ട്രെന്‍ഡ് മറ്റു നിര്‍മാതാക്കളും തുടങ്ങാൻ സാധ്യതയുണ്ട്.

 

ശരിയാണ്. കൂടിയ സ്‌ക്രീന്‍ സൈസുള്ള ഫോണുകള്‍ പല രീതിയിലും ഉപകാരപ്രദമാണ്. അവയില്‍ കൂടുതല്‍ വലിയ ബാറ്ററി അടക്കംചെയ്യാം. വിഡിയോ കാണാനും മറ്റും അവ കൂടുതല്‍ മെച്ചമാണ്. എന്നാല്‍, അവ പോക്കറ്റുകളില്‍ നിന്ന് പൊങ്ങി നില്‍ക്കുന്നതും, പലരുടെയും കൈവിരലുകള്‍ അവയ്ക്കു ചുറ്റുമെത്താന്‍ പാടുപെടുന്നതും സ്ഥിരം കാഴ്ചകളാണ്. വലുതാണ് ഭേദമെന്ന കാര്യത്തില്‍ ഫോണ്‍ നിര്‍മാതാക്കള്‍ കൊണ്ടുനടന്ന പിടിവാശി ഉപേക്ഷിച്ചാല്‍ത്തന്നെ- പ്രത്യേകിച്ചും ചെറിയ മോഡലുകള്‍ക്ക് കുറച്ചു ഫീച്ചറുകള്‍ നല്‍കുന്ന രീതി- പലരും ഒതുക്കമുള്ളതും ഉപയോഗിക്കാന്‍ സൗകര്യമുള്ളതുമായ ഫോണുകള്‍ വാങ്ങാന്‍ താത്പര്യപ്പെടുമെന്നു പറയുന്നു. ചെറിയ ഫോണുകള്‍ക്കു കുറച്ചു ഫീച്ചറുകള്‍ നല്‍കുക എന്ന രീതി വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നതാണ്. അതിന്റെ കടയ്ക്കലാണ് ആപ്പിളിപ്പോള്‍ കത്തി വച്ചരിക്കുന്നത്. ചെറിയ ഫോണുകള്‍ക്ക് എക്കാലത്തും താരമ്യേന കുറഞ്ഞ വിലയുമാണ് ഈടാക്കി വന്നിരുന്നത്. ചെറിയ ഫോണാണെന്നു കേട്ടപാടെ ഐഫോണ്‍ 12 മിനിയുടെ സ്‌ക്രീന്‍ തീര്‍ത്തും ചെറുതാണെന്നും അനുമാനിക്കേണ്ട. വലുപ്പമുള്ള ഐഫോണായി കണ്ടുവന്ന ഐഫോണ്‍ 7 പ്ലസ്, 8 പ്ലസ് മോഡലുകളെക്കാള്‍ ഒരു തലമുടി നാരിഴ വലിപ്പക്കുറവേ ഐഫോണ്‍ 12 മിനിക്കുള്ളു എന്ന കാര്യവും മനസില്‍ വയ്ക്കണം. എന്നാല്‍, ഐഫോണ്‍ 7, 8 പ്ലസ് മോഡലുകളെക്കാള്‍ വലുപ്പക്കുറവുണ്ടു താനും. അതുകൊണ്ടു തന്നെയാണ് ചെറിയ ഫോണുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു ഉണര്‍ത്തുപാട്ടാണ് ഐഫോണ്‍ 12 മിനി എന്നു പറയുന്നത്. ബെസലുകള്‍ ഇല്ലാതാക്കിയതും, ടച്ച്‌ഐഡിയോടു വിടപറഞ്ഞതും ഫോണിന്റെ വലുപ്പം കുറച്ചിരിക്കുന്നു. അങ്ങനെ നോക്കിയാല്‍ 4.7-ഇഞ്ച് വലുപ്പമുള്ള ഐഫോണ്‍ എസ്ഇ മോഡലിനേക്കാളും പോലും ഒരു പൊടിക്കു വലുപ്പക്കുറവുണ്ടെന്നതും ഈ മോഡലിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

 

കരുത്തും, ഫീച്ചറുകളും, വലുപ്പക്കുറവുമുള്ള ഐഫോണ്‍ 12 മിനി എത്തിയെങ്കിലും തങ്ങളുടെ ഐഫോണ്‍ എസ്ഇ ശ്രേണി ആപ്പിള്‍ നിലനിര്‍ത്തിയേക്കുമെന്നു കരുതുന്നു. വിലക്കുറവാണ് കാരണം. എന്നാല്‍, ഒരു പക്ഷേ ഇപ്പോള്‍ വില്‍പ്പനയിലുള്ള എസ്ഇ മോഡലിനെക്കാളും നല്ലത് ഗൂഗിള്‍ പിക്‌സല്‍ എ ആണെന്നു വാദിക്കുന്നവരും ഉണ്ട്.

 

∙ ആപ്പിളിന്റെ മിനി തന്ത്രം അവിടെയും തീരുന്നില്ല

 

ഐഫോണ്‍ 11 മോഡലിനു പകരമിറക്കിയ ഐഫോണ്‍ 12ന് 100 ഡോളര്‍ ആപ്പിള്‍ വര്‍ധിപ്പിച്ചു. ആപ്പിൾ വില കുറഞ്ഞ ഐഫോണ്‍ 12 മിനി അവതരിപ്പിച്ചതോടെ എല്ലാവരും അതിനു പിന്നാലെ പോയി. ഐഫോണ്‍ 12നു വില കൂട്ടി എന്നു പറഞ്ഞ് ബഹളംവച്ചില്ല എന്നത് ഐഫോണ്‍ 12 മിനി എന്തിനിറക്കി എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളിലൊന്നാണ് എന്ന കാര്യം നിഷേധിക്കാനാവില്ല. എന്നാല്‍, ഒട്ടു മുക്കാലും പുതിയ ഫീച്ചറുകള്‍ ചെറിയൊരു ഫോണില്‍ വേണമെന്നുള്ളവര്‍ക്ക് നിശ്ചയമായും പരിഗണിക്കാവുന്ന മോഡലാണ് ഐഫോണ്‍ 12 മിനി.

 

∙ ഫോണ്‍ വാങ്ങല്‍ രീതി

 

എല്ലാ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളും നേരിടുന്ന ഒരു പ്രതിസന്ധി വര്‍ഷാവര്‍ഷം പുതിയ ഫോണ്‍ വാങ്ങണമെന്ന ചിന്ത മിക്ക ശരാശരി ഉപയോക്താക്കളും ഉപേക്ഷിച്ചു കഴിഞ്ഞു എന്നുള്ളതാണ്. പലരും രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഫോണ്‍ മാറിയാല്‍ മതി എന്ന നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ചതിന്റെ അലയൊലി ഫോണ്‍ വില്‍പ്പനയില്‍ കണ്ടു കഴിഞ്ഞു. ഇനിയത് മൂന്നു വര്‍ഷത്തിലൊരിക്കല്‍ മതി എന്ന തീരുമാനത്തിലേക്കാണ് നിങ്ങുന്നതെന്നും കരുതുന്നു. പുതിയ ഫീച്ചറുകളൊന്നും അത്രമേല്‍ മാറ്റം തന്റെ ഉപയോഗത്തില്‍ വരുത്തില്ലെന്ന തോന്നലാണ് ഇതിനു കാരണം. പോരെങ്കില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ മുന്‍ വര്‍ഷങ്ങളിലെക്കാള്‍ മികച്ച ഹാന്‍ഡ്‌സെറ്റ് വാങ്ങുകയും ചെയ്യാമെന്നും അവര്‍ മുന്നില്‍ കാണുന്നു. ഒരു ഫീച്ചറും തനിക്കു നഷ്ടമാകുന്നില്ല. അല്‍പ്പം കാത്തിരിക്കണമെന്നു മാത്രം.

 

അതൊക്കെ നില്‍ക്കട്ടെ. എത്ര പേര്‍ ഈ വര്‍ഷം പുതിയ സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ പണം കളയുമെന്ന കാര്യത്തിലും സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനികളില്‍ സന്ദേഹം നിലനില്‍ക്കുന്നു. ആപ്പിളിനെ ഈ വര്‍ഷം സ്ഥിരം കസ്റ്റമര്‍മാര്‍ കൈവെടിയില്ല. എന്നാല്‍, വര്‍ക് ഫ്രം ഹോമും മറ്റും വ്യാപകമാകുന്ന ഇക്കാലത്ത് പുതിയ ഫോണ്‍ വാങ്ങിയാല്‍ ആരെ കാണിക്കുമെന്ന പ്രശ്‌നം പലരെയും ഇരുത്തി ചിന്തിപ്പിക്കും. എന്തായാലും, ഐഫോണ്‍ 12 മിനി തീര്‍ച്ചയായും ചെറിയ ഫോണിന്റെ കരുത്തുറ്റ തിരിച്ചുവരവാണ്. വാങ്ങിയാലും ഇല്ലെങ്കിലും.

 

English Summary: iPhone 12 mini -strong comeback of the small form factor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com