ADVERTISEMENT

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ മൈക്രോമാക്സ് വൻ തിരിച്ചുവരവിനൊരുങ്ങുകയാണ്. രാജ്യത്തുടനീളമുള്ള ചൈന വിരുദ്ധവികാരം ഉപയോഗപ്പെടുത്താനാണ് മൈക്രോമാക്സിന്റെ ശ്രമം. ചൈനീസ് കമ്പനികള്‍ കയറിക്കളിക്കാന്‍ തുടങ്ങിയതോടെ പിന്നോട്ടു പോയ മൈക്രോമാക്‌സ് ഇപ്പോൾ പുതിയൊരു നീക്കത്തിനു തയാറെടുപ്പിലാണ്. 

 

ഗുരുഗ്രാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നാമമാത്രമായ സാന്നിധ്യമായി ഒതുങ്ങിയിരുന്നു. പുതിയതായി അവതരിപ്പിക്കാന്‍ പോകുന്ന സ്മാര്‍ട് ഫോണ്‍ നിരയെക്കുറിച്ചു പുറത്തുവിട്ട വിഡിയോയിലാണ് തങ്ങള്‍ തന്ത്രമൊരുക്കി കളിക്കാന്‍ പോകുന്നുവെന്ന വ്യക്തമായ സൂചന കമ്പനി നല്‍കുന്നത്. ഫോണിന്റെ നീല നിറത്തിലുള്ള കവറില്‍ ഇന്‍ (in) എന്ന് എഴുതിയിരിക്കുന്നു. ഇന്ത്യ എന്ന വ്യക്തമായ സൂചന നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്.

 

ചൈനാ വിരോധവും രാജ്യസ്‌നേഹവും തങ്ങള്‍ക്കു മുതലാക്കാനായേക്കുമെന്നു കരുതിയാണ് കമ്പനി തിരിച്ചുവരവിന് ഒരുങ്ങുന്നതെന്നാണ് സൂചന. കമ്പനി മേധാവി ചൈനയുടെ അതിര്‍ത്തിയിലെ നീക്കത്തെക്കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി എന്നതും ശ്രദ്ധേയമാണ്. ഇന്‍ സീരിസ് ഫോണുകള്‍ രാജ്യസ്‌നേഹം ആളിക്കത്തിക്കുകയും പണം തങ്ങളുടെ പെട്ടിയില്‍ വീഴുകയും ചെയ്യുമെന്നു തന്നെയാകണം കമ്പനി കരുതുന്നത്. ഇന്‍ സീരിസില്‍ 7000-15000 രൂപ വരെ വിലയുള്ള ഹാന്‍ഡ്‌സെറ്റുകളാണ് ഇറക്കുക എന്നു കരുതുന്നു. എന്നാല്‍ 20,000- 25,000 റെയ്ഞ്ചിലും ഫോണിറക്കിയേക്കുമെന്നും കരുതുന്നു. രാജ്യസ്‌നേഹത്തിനു പുറമെ ചൈനീസ് കമ്പനികളെ കെട്ടുകെട്ടിക്കാനുള്ള എന്തു സൂത്രങ്ങളാണ് ഫോണില്‍ ഒളിപ്പിച്ചിരിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമല്ല.

 

ഇന്ത്യയിൽ നിന്നുള്ള പ്രമുഖ സ്മാർട് ഫോൺ നിർമാതാക്കളായ മൈക്രോമാക്സിന് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. തീർത്തും മോശമെന്ന് വിശേഷിപ്പിക്കാവുന്ന അവസ്തയാണ് ഇന്ന് ഈ ഇന്ത്യൻ മൊബൈൽ ബ്രാന്റിന്റേതെന്ന് തന്നെ പറയാം. ആഗോള ഇലക്ട്രോണിക് ഭീമൻമാരായ സാംസങ്ങിനെപ്പോലും പിന്നിലാക്കി ഇന്ത്യയിലെ മികച്ച ഹാൻഡ് സെറ്റ് ബ്രാന്റ് എന്ന നിലയിലേക്ക് പോലും എത്തിയ മൈക്രോമാക്സ് രാജ്യത്തെ മൊബൈൽ വിപണിയിലിപ്പോൾ കിതച്ച് നീങ്ങുകയാണ്.

 

മൊബൈൽ നിർമാണത്തിലെ പ്രാദേശിക വാദത്തിലൂടെ മികച്ച കുതിപ്പിന് തുടക്കമിട്ട കമ്പനിയുടെ മാർക്കറ്റ് ഷെയറുകൾ ഇടിയുകയും മുൻനിര സാങ്കേതിക വിദഗ്ധരും, മറ്റ് പ്രധാന ചുമതല വഹിച്ചിരുന്ന മുതിർന്ന ജീവനക്കാരും കമ്പനി വിട്ടു പോയതോടെ നില തെറ്റുകയായിരുന്ന മൈക്രോമാക്സ് ഇന്ത്യൻ വിപണിയെ കൈവിട്ട് വിദേശ മാർക്കറ്റുകളെ പുൽകാനുള്ള തയാറെടുപ്പ് വരെ നടത്തിയിരുന്നു.

 

ഏറെ മത്സരം നിറഞ്ഞ ഇന്ത്യൻ സ്മാർട് ഫോൺ വിപണിയിൽ കുറഞ്ഞ കാലം കൊണ്ട് തന്നെ ശ്രദ്ധാ കേന്ദ്രമാകാൻ കഴിഞ്ഞ മൈക്രോമാക്സിന് ചൈനീസ് കമ്പനി ഫോണുകളുടെ കുത്തൊഴുക്കാണ് ഭീഷണിയായത്. സാംസങ് പോലുള്ള പ്രമുഖ നിർമാതാക്കൾ പോലും വിലകുറഞ്ഞ സ്മാർട് ഫോണുകൾ പുറത്തിറക്കാൻ നിർബന്ധിതമായ ഈ സാഹചര്യത്തിൽ മൈക്രോമാക്സിന് പിടിച്ചു നിൽക്കാൻ കഴിയാതെ പോയതിൽ അതിശയോക്തിയില്ല.

 

രണ്ടായിരമാണ്ടിൽ ന്യൂ ഡൽഹിയിൽ സ്ഥാപിതമായ മൈക്രോമാക്സ് 2008 മുതലാണ് ഇന്ത്യയിൽ മൊബൈൽ ഫോൺ വിൽപനയാരംഭിച്ചത്. ചൈനീസ് കമ്പനികളെയാശ്രയിച്ച് ഫോൺ നിർമാണം നടത്തി വന്ന മൈക്രോമാക്സ് കഴിഞ്ഞ വർഷത്തിനുള്ളിൽ അൻപതോളം മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തിച്ചു.

 

നിക്ഷേപകരുടെ അപ്രതീക്ഷിതമായ പിൻമാറ്റവും മുതിർന്ന ജീവനക്കാരുടെ രാജിയും ചേർന്നപ്പോൾ കമ്പനി കാറ്റിലും കോളിലും പെട്ട നൗകയുടെ അവസ്ഥയിലേക്ക് കൂപ്പ് കുത്തി. അതിനൊപ്പം മൈക്രോമാക്സിന് ഫോൺ നിർമിച്ചു നൽകിയിരുന്ന കൂൾപാഡ് പോലുള്ള കമ്പനികൾ മികച്ച സ്പെസിഫിക്കേഷനോട് കൂടിയ വില കുറഞ്ഞ സ്മാർട് ഫോണുകൾ ഇന്ത്യയിലെത്തിച്ചത് കമ്പനിക്ക് ഇരുട്ടടിയായി.

 

മൈക്രോമാക്സിനൊപ്പം മറ്റ് ഇന്ത്യൻ ബ്രാൻറുകളായ ലാവ, കാർബൺ, ഇന്റക്സ് എന്നിവയുടെ മാർക്കറ്റ് ഷെയറുകൾക്കും ക്ഷീണം തട്ടി. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ ഇ-കൊമേഴ്സ് കമ്പനികളുമായി കൈകോർത്ത് ചൈനീസ് ബ്രാന്റുകളായ ലീക്കോ, ലെനോവ എന്നിവ ഇന്ത്യയിൽ സജീവമായതോടെ ഇന്ത്യ വിടാനുള്ള നീക്കം വരെ മൈക്രോമാക്സ് നടത്തിയിരുന്നു.

 

English Summary: Micromax comeback in Indian smartphone market with “IN Mobiles”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com