ADVERTISEMENT

ആപ്പിള്‍ ഐഫോണ്‍ 11ന്റെ തുടക്ക വേരിയന്റ് ഇപ്പോള്‍ ആമസോണില്‍ വില്‍ക്കുന്നത് 47,999 രൂപയ്ക്കാണ്. ബാങ്ക് കാർഡുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ കൂടി കൂട്ടിയാല്‍ വന്‍ വിലക്കുറവ് ഈ മോഡലിനു ലഭിക്കാം. ഇതോടെ തങ്ങളുടെ പ്രീമിയം സ്മാര്‍ട് ഫോണുകളുടെ വില വെട്ടിക്കുറയ്ക്കാനുള്ള ധൃതിയാലാണ് സാംസങ്, ഷഓമി, ഒപ്പോ തുടങ്ങിയ ബ്രാന്‍ഡുകള്‍ എന്നു റിപ്പോര്‍ട്ടുകള്‍. ഇതോടെ, ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട് ഫോണ്‍ വിപണിയില്‍ മത്സരം മുറുകുമെന്ന് ഉറപ്പായി. ഇന്ത്യയില്‍ തങ്ങളുടെ ഫോണുകള്‍ക്ക് ഡിസ്‌കൗണ്ട് വില്‍പ്പനയും മറ്റും നടത്താന്‍ വൈമുഖ്യം കാണിച്ചിരുന്ന ആപ്പിള്‍ സ്വന്തമായി ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുടങ്ങിയപ്പോൾ ചെയ്തതും അതാണ്. ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന കാര്യത്തില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് വ്യക്തമായ സൂചനയാണ് ആപ്പിൾ നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ഒരു മുന്‍ ആപ്പിള്‍ മേധാവി, ഫ്‌ളിപ്കാര്‍ട്ടിലൂടെയും ആമസോണിലൂടെയും ഐഫോണുകള്‍ വിലയിടിച്ചു വിറ്റതിന് സെല്ലര്‍മാരൊടു കയര്‍ത്തിട്ടു പോലുമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെ വിലകുറച്ചു വില്‍ക്കാനുള്ളതല്ല ഐഫോണ്‍ എന്നാണ് അദ്ദേഹം അന്നു പറഞ്ഞത്.

 

ഇപ്പോള്‍ ഇന്ത്യയില്‍ നേരിട്ടു ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഇറങ്ങിയ ആപ്പിളിന്റെ ആദ്യ ഓഫര്‍ തന്നെ ഐഫോണ്‍ പ്രേമികളെ മയക്കി വീഴ്ത്തുകയായിരുന്നു. ഐഫോണ്‍ 11ന്റെ തുടക്ക വേരിയന്റ് 54,900 രൂപയ്ക്കു വില്‍ക്കുകയും, അതിനൊപ്പം 14,900 രൂപ വിലയുള്ള എയര്‍പോഡ്‌സ് 2 ഫ്രീയായി നല്‍കുകയുമാണ് ആപ്പിള്‍ ചെയ്തത്. ആപ്പിളിനെപ്പോലും അദ്ഭുതപ്പെടുത്തി ഐഫോൺ 11 മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റു തീര്‍ന്നു! കൃത്യമായി എത്ര ഫോണുകള്‍ വിറ്റു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. പക്ഷേ വന്‍തോതില്‍ ഫോണ്‍ വിറ്റിട്ടുണ്ടാകാമെന്നാണ് പറയുന്നത്. അതായത്, ചില ചൈനീസ് കമ്പനികള്‍ നൂറും ആയിരവും ഫോണ്‍ മാത്രം വില്‍പ്പനയ്ക്കുവച്ചിട്ട് എണ്ണമൊന്നും പറയാതെ ഫോണുകളെല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ സോള്‍ഡ് ഔട്ടായി എന്നു പറയുന്ന വില കുറഞ്ഞ തന്ത്രമായിരുന്നില്ല ആപ്പിളിന്റേത്. 

 

സ്വാഭാവികമായും ഇന്ത്യയില്‍ പയറ്റേണ്ട വില്‍പ്പനാ തന്ത്രമേതാണെന്ന കാര്യത്തില്‍ ഇനിയാരും ആപ്പിളിനു ക്ലാസെടുത്തു നല്‍കേണ്ട കാര്യമില്ല. എന്നാല്‍, ഇതു കണ്ടു കിടുങ്ങിയത് ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളാണ്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിലവില്‍ ഏകദേശം ഒരു ശതമാനം സാന്നിധ്യം മാത്രമുള്ള ഐഫോണ്‍ തങ്ങളുടെ കഞ്ഞികുടി മുട്ടിക്കുമോ എന്ന പേടിയിലാണവര്‍.

 

സാംസങ്ങിന്റെ രണ്ടു പ്രധാന മോഡലുകള്‍ക്ക് വന്‍ വിലക്കുറവാണ് ഓഫര്‍ ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സാംസങ് എസ്20 എഫ്ഇയ്ക്ക് 49,999 രൂപയാണ് വില. എക്‌സ്‌ചേഞ്ചിലൂടെ 38,130 രൂപ വരെ ഇളവു നല്‍കാമെന്നാണ് കമ്പനി പറയുന്നത്. ബാങ്ക് ഓഫറുകള്‍ പുറമെയും ലഭിക്കും. ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാവായ ഒപ്പോ തങ്ങളുടെ പ്രീമിയം ഫോണിന്റെ വില ഒരടിക്കു കുറച്ചത് 7000 രൂപയാണ്. അതേസമയം, തങ്ങളുടെ എട്ടു മികച്ച മോഡലുകള്‍ക്ക് 5000 രൂപ വീതമാണ് ഷഓമി കുറച്ചിരിക്കുന്നത്. തയ്‌വാനിസ് നിര്‍മാതാവ് എയ്‌സ്യൂസ് തങ്ങളുടെ പ്രീമിയം ഫോണിന്റെ വില 7000 രൂപയാണ് കുറച്ചിരിക്കുന്നത്. പല കമ്പനികളും പ്രീമിയം സെഗ്‌മെന്റിലല്ലാത്ത മോഡലുകള്‍ക്കു പോലും 1000-2000 രൂപ വീതമാണ് കുറച്ചിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന സെയിലിലും അതതു നിര്‍മാതാക്കളുടെ വെബ്‌സൈറ്റുകളിലും വിലക്കുറവ് പ്രതിഫലിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

 

വിവിധ ബ്രാന്‍ഡുകളുടെ വിലകളില്‍ വമ്പന്‍ കിഴിവാണ് ഇപ്പോള്‍ കാണുന്നത്. അത് ആപ്പിള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കണ്ണുവച്ചിരിക്കുന്നു എന്ന തോന്നലില്‍ നിന്ന് ഉണ്ടായതാണെന്ന് മാര്‍ക്കറ്റ് ഗവേഷകര്‍ പറയുന്നു. ആപ്പിളിന്റെ പുതിയ വിലയിടല്‍ തന്ത്രമാണ് ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ വിലയിടിക്കാന്‍ കാരണമായത് എന്നാണ് കൗണ്ടര്‍പോയിന്റ് റിസേര്‍ച്ചിലെ പ്രാചിര്‍ സിങും പറയുന്നത്. മധ്യനിര ഫോണുകളുടെ നിര്‍മാണത്തിലും വില്‍പ്പനയിലും ശ്രദ്ധിച്ചിരുന്ന ഷഓമി, വിവോ, ഒപ്പോ തുടങ്ങിയ കമ്പനികള്‍ പ്രീമിയം മോഡലുകളില്‍ കൂടുതല്‍ ശ്രദ്ധയര്‍പ്പിച്ചു തുടങ്ങിയിട്ടും അധികം കാലമായിട്ടില്ല. അവര്‍ക്ക് 30,000 രൂപയ്ക്കു മുകളില്‍ അധികം മോഡലുകള്‍ ഉണ്ടായിരുന്നില്ല. പല കമ്പനികളും ഈ ഉത്സവ സീസണില്‍ 60 ശതമാനം വരെ ഡിസ്‌കൗണ്ടും, 12.5 ശതമാനം വരെ ക്യാഷ്ബാക്കും ഉള്ള മോഡലുകള്‍ കണ്ടെത്താനാകുമെന്നാണ് സാംസങ് ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് അസിം വര്‍സി പറഞ്ഞത്. പുതിയ തന്ത്രങ്ങളുമായി ഇന്ത്യയില്‍ ഒരു തിരിച്ചുവരവു നടത്തിയ സാംസങ് ഇപ്പോള്‍ പ്രീമിയം സെഗ്‌മെന്റില്‍ ആപ്പിളിനോടും, താഴത്തെ തട്ടില്‍ ചൈനീസ് നിര്‍മാതാക്കളോടും ഏറ്റുമുട്ടുകയാണ്.

 

എന്നാല്‍, ഇന്ത്യയില്‍ നിര്‍മിച്ചുവരുന്ന ഐഫോണുകള്‍ ഇവിടെ തന്നെ വില്‍പ്പന തുടങ്ങിയാല്‍ ഐഫോണുകളുടെ വില വീണ്ടും കുറയാമെന്നാതാണ് മറ്റൊരു രസകരമായ കാര്യം. ഐഫോണ്‍ എസ്ഇ 2020യുടെ തുടക്ക വേരിയന്റിന്റെ വില 20,000 രൂപയില്‍ കുറയാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ ഐഫോണ്‍ 12 പ്രോ ഇന്ത്യയില്‍ ഉടനെ നിര്‍മാണം തുടങ്ങിയേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. അതും നേരിട്ടു വില്‍പ്പനയ്ക്ക് എത്തിയാല്‍ എംആര്‍പിയില്‍ കുറവു വരേണ്ടതാണ്. പ്രീമിയം സെഗ്‌മെന്റില്‍ ഇനിയും വിലക്കുറവു പ്രതീക്ഷിക്കാമെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്.

 

English Sumamry: Android phone prices fall as Apple begins new innings in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com