24 മണിക്കൂറിനിടെ വാങ്ങാനെത്തിയത് 20 ലക്ഷം പേർ, വിപണിയിൽ അദ്ഭുതമായി ഐഫോൺ 12, റെക്കോർഡ് നേട്ടം

iphone-12-pro-max-camera
SHARE

ഒക്ടോബർ 13 ന് അവതരിപ്പിച്ച ആപ്പിളിന്റെ പുതിയ ഐഫോണുകൾ വിപണിയിൽ വൻ മുന്നേറ്റം നടത്തുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രീ ബുക്കിങ് തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 20 ലക്ഷം പേരാണ് ഐഫോൺ 12 വാങ്ങാനെത്തിയത്. ഇത് ഐഫോൺ ചരിത്രത്തിലെ റെക്കോർഡ് നേട്ടമാണ്.

ഐഫോൺ 6, ഐഫോൺ 6 പ്ലസ് മോഡലുകൾക്ക് ലഭിച്ച അതേ പ്രതികരണം നടത്താൻ ഐഫോൺ 12 ന് സാധിക്കുമെന്നാണ് കരുതുന്നത്. ഐഫോൺ 12 ബുക്കിങ് തുടങ്ങിയ തായ്‌വാൻ കമ്പനികളും ഇക്കാര്യം തന്നെയാണ് പറയുന്നത്. ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവയുടെ പ്രീ ഓർഡറുകൾ കുത്തനെ കൂടിയതോടെ ആപ്പിൾ വിതരണക്കാരായ ഫോക്‌സ്‌കോണും പെഗാട്രോണും അസംബ്ലിങ് മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് വർധിച്ച ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നുണ്ട്.

ഐഫോൺ 12, ഐഫോൺ 12 പ്രോ ഹാൻഡ്സെറ്റുകളുടെ പ്രീ-ഓർഡറുകൾ വെള്ളിയാഴ്ചയാണ് തുടങ്ങിയത്. ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവ നവംബർ 6 മുതലാണ് പ്രീ ഓർഡർ തുടങ്ങുക. ഇതിനു മുൻപ് 2014-ൽ അവതരിപ്പിച്ച ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവ‍ അവതരിപ്പിച്ചതിനു ശേഷം രണ്ട് പാദങ്ങളിലുമായി 135.6 ദശലക്ഷം ഐഫോണുകളാണ് വിറ്റത്. എന്നാൽ, 2018 സാമ്പത്തിക വർഷത്തിനുശേഷം ഐഫോണുകളുടെ വിൽപ്പന കണക്കുകൾ വെളിപ്പെടുത്തുന്നത് ആപ്പിൾ നിർത്തിയിരുന്നു.

ടിഎഫ് ഇന്റർനാഷണൽ സെക്യൂരിറ്റികളുടെ ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോയുടെ അഭിപ്രായത്തിൽ, ഐഫോൺ 12 ന്റെ ആദ്യ ദിവസത്തെ പ്രീ-ഓർഡറുകൾ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ ഐഫോൺ 11 മോഡലുകളെ മറികടന്നു എന്നാണ്. ആദ്യ 24 മണിക്കൂറിനുള്ളിൽ ആപ്പിൾ 20 ലക്ഷം ഐഫോൺ 12 യൂണിറ്റുകൾ വിറ്റഴിച്ചതായി സി‌എൻ‌ബി‌സി റിപ്പോർട്ട് ചെയ്തു. ചൈനയിൽ 5 ജി ഹാൻഡ്സെറ്റിന്റെ ഡിമാൻഡും ലഭ്യതയും കാരണം ഐഫോൺ 12 പ്രോ പ്രതീക്ഷിച്ചതിലും മികച്ച വിൽപ്പനയാണ് നടത്തിയതെന്ന് കുവോ പറഞ്ഞു.

കൂടാതെ, മിക്ക ഐഫോൺ മോഡലുകളുടെയും ഷിപ്പിങ് സമയം അഞ്ച് മുതൽ 10 ദിവസമാണെന്ന് കുവോ പറഞ്ഞു. എന്നാൽ അടുത്ത മാസം വിൽപ്പനയ്‌ക്കെത്തുന്ന ഐഫോൺ 12 മിനി (ഐഫോൺ 12 ന്റെ ചെറിയ പതിപ്പ്), ഐഫോൺ 12 പ്രോ മാക്‌സ് (ഐഫോൺ 12 പ്രോയുടെ വലിയ പതിപ്പ്) എന്നിവയുടെ ആവശ്യം 12 നെക്കാൾ ദുർബലമാകുമെന്നും കുവോ പ്രവചിച്ചു. ചെറിയ സ്‌ക്രീനും രണ്ട് സിം കാർഡുകളുടെ അഭാവവും കാരണം ഐഫോൺ 12 മിനി ചൈനയിലും വിറ്റുപോകില്ലെന്നാണ് പ്രവചനം.

English Summary: Up to 2 million iPhone 12 already sold, analyst says iPhone 12 could be best selling Apple phone in 5 years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.