രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനികളായ ആമസോൺ, ഫ്ലിപ്കാർട്ട് വഴിയും മി.കോം പ്ലാറ്റ്ഫോമുകളിലൂടെയും ഏഴു ദിവസത്തിനിടെ ഷഓമി വിറ്റത് 50 ലക്ഷം ഹാൻഡ്സെറ്റുകളാണ്. ഉത്സവ വിൽപ്പനയുടെ ഏറ്റവും വലിയ പ്രത്യേകത (ഒക്ടോബർ 15 മുതൽ ഒക്ടോബർ 21 വരെ) എംഐ ഇന്ത്യയുടെ 15,000 ത്തിലധികം റീട്ടെയിലർ പങ്കാളികൾ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ബിസിനസ്സ് ഇരട്ടിയാക്കുന്നതിനും സഹായിച്ചുവെന്നാണ് ഷഓമി പ്രസ്താവനയിൽ പറഞ്ഞത്.
‘അഭൂതപൂർവമായ ഈ കാലഘട്ടത്തിൽ ചില്ലറ വ്യാപാരികളും പങ്കാളികളും ഒരുമിച്ച് നിൽക്കുന്നത് അവിശ്വസനീയമാണ്. ഈ ഉത്സവ സീസൺ ഞങ്ങൾക്ക് ഏറ്റവും വലിയ ഷോപ്പിങ് സീസണായിരുന്നു,’ എംഐ ഇന്ത്യ ചീഫ് ബിസിനസ് ഓഫിസർ രഘു റെഡ്ഡി പറഞ്ഞു.
ഉത്സവകാലത്ത് ബ്രാൻഡിന്റെ പ്രീമിയം മുൻനിര സ്മാർട് ഫോണായ എംഐ 10 രണ്ടു വേരിയന്റുകളിലായി യഥാക്രമം 44,999 രൂപയ്ക്കും 49,999 രൂപയ്ക്കും ലഭ്യമാണ്. ജനപ്രിയ നോട്ട് സീരീസായ റെഡ്മി നോട്ട് 9, റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്നിവ 1,000 രൂപ കിഴിവിൽ ലഭ്യമാണ്. റെഡ്മി നോട്ട് 9 പ്രോയ്ക്ക് 1,500 രൂപ വരെ കിഴിവുണ്ട്.
നേരത്തെ കൊൽക്കത്തയിൽ നടന്ന ദുർഗാ പൂജ ആഘോഷവേളയിൽ ലോകത്തിലെ ഏറ്റവും വലിയ ഓയിൽ ലാംപ് ‘ദി റേ ഓഫ് ഹോപ്പ്’ സ്ഥാപിച്ച് എംഐ ഇന്ത്യ പുതിയ ഗിന്നസ് റെക്കോർഡ് നേട്ടം സൃഷ്ടിച്ചിരുന്നു. എല്ലാവർക്കുമായി സുരക്ഷിതവും ആരോഗ്യകരവും തിളക്കമാർന്നതുമായ ഭാവി പ്രതീക്ഷിച്ച് ഞങ്ങൾ രാജ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന പ്രതീകമാണ് 'റേ ഓഫ് ഹോപ്പ്', എന്ന് എംഐ ഇന്ത്യ മാനേജിങ് ഡയറക്ടർ മനു ജെയിൻ പറഞ്ഞു.
English Sumamry: Mi India sells 50 lakh smartphones in 7-day festive sales