രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ വിവോയുടെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിലെത്തി. വി 20 സീരീസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിവോ വി 20 എസ്ഇ 20,990 രൂപയ്ക്കാണ് അവതരിപ്പിച്ചത്. നവംബർ 3 മുതൽ സ്മാർട് ഫോൺ വിൽപ്പനയ്‌ക്കെത്തും. വിവോ ഇന്ത്യ ഇ-സ്റ്റോർ, പ്രധാന ഇ-കൊമേഴ്‌സ് പോർട്ടലുകൾ എന്നിവ വഴി വാങ്ങാം.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 ചിപ്‌സെറ്റിനൊപ്പം 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് (1 ടിബി വരെ വികസിപ്പിക്കാവുന്നതാണ്) സ്മാർട് ഫോണിന്റെ കരുത്ത്. 6.44 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയിൽ വാട്ടർ ഡ്രോപ്പ് നോച്ച് ഉള്ള ഈ ഹാൻഡ്സെറ്റിന്റെ സ്‌ക്രീൻ-ടു-ബോഡി അനുപാതം 90.12 ശതമാനം ആണ്.
സൂപ്പർ എം നൈറ്റ് സെൽഫി, ഓറ സ്‌ക്രീൻ ലൈറ്റ് എന്നിവയും അതിലേറെയും ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന 32 മെഗാപിക്സലിന്റേതാണ് മുൻ ക്യാമറ. എഫ് / 1.8 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി ഷൂട്ടർ, എഫ് / 2.2 അപ്പേർച്ചറുള്ള 8 എംപി അൾട്രാവൈഡ് സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി ബോക്കെ ലെൻസ് എന്നിവ ഉൾപ്പെടുന്ന ലംബ ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഫോണിന്റെ പിൻവശത്ത്.
4100 എംഎഎച്ച് ആണ് ബാറ്ററി. ഇത് 33W ഫ്ലാഷ്ചാർജ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നതാണ്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ, ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു.
English Sumamry: Vivo V20 SE with Snapdragon 665 chip launched for Rs 20,990