ലോകത്തെ ഏറ്റവും സജീവമായ വിപണികളിൽ ഒന്നായ സ്മാർട് ഫോൺ മേഖലയിൽ ചൈനീസ് കമ്പനികൾക്ക് തിരിച്ചടി. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോയത് ആപ്പിളിന്റെ ഐഫോൺ 11 ആണെന്ന് റിപ്പോർട്ട്. മൂന്നാം പാദത്തിൽ ലോകമെമ്പാടും ഏറ്റവുമധികം വിൽക്കപ്പെട്ട സ്മാർട് ഫോണായി ഐഫോൺ 11 മാറി. മാർക്കറ്റ് അനാലിസിസ്–റിസർച്ച് കമ്പനിയായ കനാലിസിൽ നിന്നുള്ള കണക്കുകൾ പ്രകാരമാണ് ഐഫോൺ 11 മുന്നിലെത്തിയത്. മൂന്നാം പാദത്തില്‍ ഐഫോൺ 11 വിൽപന ആഗോളതലത്തിൽ 1.6 കോടി കടന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഐഫോൺ എസ്ഇ (2020) ഒരു കോടി വിൽപന നടത്തി രണ്ടാം സ്ഥാനത്തുമെത്തി.
കമ്പനിയുടെ മുൻനിര മോഡലുകളൊന്നും മികച്ച പത്ത് ഫോണുകളുടെ പട്ടികയിൽ ഇടം നേടിയിട്ടില്ലെങ്കിലും പത്ത് സ്ഥാനങ്ങളിൽ അഞ്ചെണ്ണം സാംസങ് സ്വന്തമാക്കി. ഗാലക്‌സി എ 21, ഗാലക്‌സി എ 11 എന്നിവ യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും സ്ഥാനത്തെത്തിയപ്പോൾ ഗാലക്‌സി എ 51 അഞ്ചാം സ്ഥാനത്തെത്തി. ഗാലക്‌സി എ 31 (എട്ടാം സ്ഥാനം), ഗാലക്‌സി എ 01 കോർ (പത്താമത്) എന്നിവയാണ് പട്ടികയിലുള്ള മറ്റ് രണ്ട് സാംസങ് ഫോണുകൾ.
പട്ടികയിലെ മറ്റ് മൂന്ന് സ്ഥലങ്ങൾ റെഡ്മി നോട്ട് 9 ഉം റെഡ്മി 9 എയും കൈവശപ്പെടുത്തി. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, രണ്ട് ആപ്പിൾ ഹാൻഡ്‌സെറ്റുകളും ഷഓമി, സാംസങ് എന്നിവയിൽ നിന്നുള്ള ഹാൻഡ്സെറ്റുകളും തമ്മിലുള്ള വില വ്യത്യാസമാണ്. എന്നാൽ, ചൈനീസ് കമ്പനികള്‍ക്കൊന്നും കാര്യമായി മുന്നേറ്റം നടത്താൻ സാധിച്ചില്ല. ലോകത്ത് ഏറ്റവും കൂടുതൽ ഫോൺ വിൽക്കുന്ന കമ്പനികളൊന്നായ വാവെയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ട്രംപിന്റെ വിലക്ക് കാരണം ഗൂഗിൾ സേവനങ്ങൾ ഒഴിവാക്കേണ്ടി വന്നത് വാവെയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
എന്നാൽ, മൂന്നാം പാദത്തിലെ മൊത്തം ഫോണുകളുടെ വിൽപനയില്‍ സാംസങ് തന്നെയാണ് ഒന്നാമത്. 80.2 ദശലക്ഷം ഫോണുകള്‍ വിറ്റ സാംസങ് വിപണിയുടെ 23 ശതമാനം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള വാവെയ് 51.7 ദശലക്ഷം ഫോണുകൾ വിറ്റു വിപണിയുടെ 14.9 വിഹിതവും സ്വന്തമാക്കി. 47.1 ദശലക്ഷം ഫോണുകൾ വിറ്റ ഷഓമി മൂന്നാമതും 43.2 ദശലക്ഷം ഫോണുകള്‍ വിറ്റ ആപ്പിള്‍ നാലാം സ്ഥാനത്തുമാണ്.
English Summary: Apple iPhone 11 emerges as the best-selling smartphone in Q3, 2020