ADVERTISEMENT

ആഴ്ചകൾക്ക് മുൻപാണ് ആപ്പിളിന്റെ പുതിയ ഐഫോൺ 12 പുറത്തിറങ്ങിയത്. പുതിയ ഐഫോൺ സവിശേഷതകളെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം അതിന്റെ ഭീമമായ വിലയെ കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങിയപ്പോഴും ചിലർ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചിട്ടിരുന്നു, ‘ ഐഫോൺ 12 വാങ്ങാൻ കിഡ്നി വിൽക്കേണ്ടിവരും’. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഐഫോൺ വാങ്ങാൻ കിഡ്നി വിറ്റവരുണ്ട് എന്നത് വസ്തുതയാണ്.

 

എന്നാൽ, ഐഫോൺ വാങ്ങാൻ വൃക്ക വിറ്റവർക്ക് ഇത് ഒരിക്കലും തമാശയാകില്ല. ഒൻപത് വർഷം മുന്‍പ് ഐഫോൺ വാങ്ങാനായി ചൈനയിലെ 25 വയസുകാരനും കിഡ്നി വിറ്റിരുന്നു. പിന്നീട് ജീവിതത്തിൽ സംഭവിച്ചത് വൻ ദുരന്തമായിരുന്നു. 2011 ലാണ് സംഭവം, രണ്ട് ആപ്പിൾ ഡിവൈസുകൾ വാങ്ങാനായാണ് വാങ് ഷാങ്‌കു തന്റെ കിഡ്നികളിലൊന്ന് വിൽക്കാൻ തീരുമാനിച്ചത്.

 

അന്ന് 17 വയസുള്ള വാങ് 3,273 യുഎസ് ഡോളറിന് തുല്യമായ വിലയ്ക്ക് ബ്ലാക്ക് മാർക്കറ്റിലാണ് അവയവം വിറ്റത്. ഐഫോൺ 4, ഐപാഡ് 2 വാങ്ങാനായിരുന്നു അദ്ദേഹം കിഡ്നി വിറ്റത്. ആപ്പിൾ ഉപകരണങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിച്ച അദ്ദേഹം ഒരു ഓൺലൈൻ ചാറ്റ് റൂമിലെ അവയവ ഇടപാടുകാരന്റെ സന്ദേശത്തിന് മറുപടി നൽകുകയും കിഡ്നി വിൽക്കുകയുമായിരുന്നു. കിഡ്നി വിറ്റാൽ 20,000 യുവാൻ സമ്പാദിക്കാമെന്നാണ് ഇടപാടുകാരൻ വാങിനോട് പറഞ്ഞത്.

 

വർഷങ്ങൾക്ക് മുന്‍പ് ഏവരെയും ആകര്‍ഷിച്ചിരുന്ന മാസ്മരികതയായിരുന്നു ഐഫോണുകൾ. വിലയിൽ മുന്നിലെങ്കിലും സ്വന്തമായി ഒരു ഐഫോൺ കൈവശം വയ്ക്കുന്നതിൽ അഭിമാനികളാണ് മിക്ക ഫോണ്‍ പ്രേമികളും. ഐഫോൺ സ്വന്തമാക്കാനായി എന്തു വിട്ടു വീഴ്ചക്കും വരെ വിദ്യാർഥികൾ ഉൾപ്പെടെ തയാറായതിന്‍റെ കഥകൾ നിരവധിയാണ്.

 

ഒൻപത് വർഷങ്ങൾക്കു മുൻപ് വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു സംഭവമായിരുന്നു ഐഫോൺ സ്വന്തമാക്കാനായി ചൈനയിലെ സ്കൂൾ വിദ്യാർഥി സ്വന്തം കിഡ്നി വിറ്റത്. ഒരു കിഡ്നി വിൽക്കുന്നതു കൊണ്ട് ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടാകില്ലെന്ന് ആശുപത്രി അധികൃതർ ഉറപ്പു കൂടി നൽകിയതോടെയാണ് സ്വപ്ന സാക്ഷാത്ക്കാരത്തിനായി ആ വലിയ തീരുമാനം വാങ് കൈകൊണ്ടത്. 

 

എന്നാൽ ശസ്ത്രക്രിയുടെ ഭാഗമായുണ്ടായ മുറിവുകൾ ഉണങ്ങിയില്ല, കടുത്ത അണുബാധയിലാണ് ഇതവസാനിച്ചത്. ഇതിന്‍റെ ഫലമായി രണ്ടാമത്തെ കിഡ്നിയുടെയും പ്രവർത്തനം താറുമാറായി. ഡയാലിസ് കൂടാതെ ഒരു ദിവസം പോലും കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം.

 

ശസ്ത്രക്രിയ കഴിഞ്ഞയുടനെ വാങിന്റെ അമ്മയ്ക്ക് സംശയം തോന്നുകയും കുറ്റസമ്മതം നടത്തുകയും ചെയ്യുകയായിരുന്നു. സംഭവത്തെത്തുടർന്ന് അവയവക്കച്ചവടം ആരോപിച്ച് ഒമ്പത് പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിനെത്തുടർന്ന് യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുകയായി 3,00,00 ഡോളർ നഷ്ടപരിഹാരം ലഭിച്ചിരുന്നു.

 

English Sumamry: Man who sold his kidney to buy an iPhone in 2011 is now bedridden, requires daily dialysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com