ADVERTISEMENT

ഉപയോക്താക്കൾ അറിയാതെ, രഹസ്യമായി പഴയ ഐഫോണുകളുടെ പ്രവർത്തന വേഗം കുറച്ച സംഭവത്തിൽ ആപ്പിളിന് അധിക പിഴ. ഇതേ കേസിൽ നേരത്തെയും നിരവധി തവണ പിഴ നൽകേണ്ടിവന്നിട്ടുള്ള ആപ്പിൾ ഇപ്പോൾ 113 ദശലക്ഷം ഡോളർ (ഏകദേശം 838.44 കോടി രൂപ) അധികം നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ ഫ്രാൻസിലെ കോംപറ്റീഷൻ, കൺസ്യൂമർ അഫേഴ്സ് ആൻഡ് ഫ്രോഡ് പ്രിവൻഷൻ ഡയറക്ടറേറ്റ് ജനറലും ആപ്പിളിന് 2.5 കോടി യൂറോ (ഏകദേശം 192.57 കോടി) പിഴ ചുമത്തിയിരുന്നു.

 

വേഗം കുറച്ച സംഭവത്തിൽ നേരത്തെ ആപ്പിൾ ഉപഭോക്താക്കളോടു മാപ്പും ചോദിച്ചിരുന്നു. ഐഫോൺ ഉപഭോക്താക്കളിൽ നിന്ന് നിരന്തരം പരാതി ഉയർന്നതും ചിലർ പരാതിയുമായി കോടതികളെ സമീപിച്ചതുമാണ് ആപ്പിളിന് വൻ തിരിച്ചടിയായത്. പഴയ മോഡൽ ഐഫോണുകളുടെ പ്രവർത്തന വേഗം മനഃപൂർവം കുറയ്ക്കുന്നുണ്ടെന്ന് ആപ്പിൾ തന്നെ സമ്മതിച്ചിരുന്നു.

 

തണുപ്പു കാലാവസ്ഥയിലോ ബാറ്ററി പഴക്കം ചെന്നതാകുമ്പോഴോ ബാറ്ററി ചാർജ് കുറവായിരിക്കുമ്പോഴോ ഐഫോൺ പ്രവർത്തനത്തിനാവശ്യമായ വൈദ്യുതി ലഭിക്കാതെ വരും. അപ്പോൾ ഫോൺ അപ്രതീക്ഷിതമായി ഓഫ് ആകും. ഈ ഓഫ് ആകൽ ഒഴിവാക്കാൻ കമ്പനി ഐഫോൺ 6 ലാണ് ‘വേഗം കുറയ്ക്കൽ’ വിദ്യ ആദ്യം പ്രയോഗിച്ചത്. വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണു ലക്ഷ്യമെന്നും ആപ്പിൾ അറിയിച്ചിരുന്നു.

 

2017 ലെ സംഭവത്തിൽ ആപ്പിൾ ഇപ്പോഴും പിഴ നല്‍കുന്നുണ്ട്. പ്രശ്ന ബാധിതരായ ഉപയോക്താക്കൾക്ക് ബാറ്ററി മാറ്റിസ്ഥാപിക്കാനായി ആപ്പിൾ ആദ്യം 29 ഡോളർ വാഗ്ദാനം ചെയ്തു, പിന്നീട് ഈ വർഷം മാർച്ചിൽ 500 ദശലക്ഷം ഡോളർ തുക ക്ലാസ് ആക്ഷൻ സെറ്റിൽമെന്റിനായി നൽകാമെന്നും സമ്മതിച്ചിരുന്നു. വാഷിങ്ടൺ പോസ്റ്റിലെ റിപ്പോർട്ട് അനുസരിച്ച് ആപ്പിൾ ഇപ്പോൾ രണ്ടാമത്തെ ഒത്തുതീർപ്പിന് സമ്മതിച്ചിട്ടുണ്ട് എന്നാണ്. ഇത്തവണ 34 യുഎസ് സ്റ്റേറ്റുകളിലായി 113 മില്യൺ ഡോളർ അധികമായി നൽകാമെന്നാണ്. ഐഫോൺ ഉടമകളിൽ നിന്ന് ത്രോട്ടിലിംഗ്, ബാറ്ററി നശീകരണം എന്നിവ രഹസ്യമാക്കിയതിന് സ്റ്റേറ്റ് അറ്റോർണി ജനറൽ ആപ്പിളിനെതിരെ കേസെടുത്തിരുന്നു.

 

ഐഒഎസ് 10.2.1, ശേഷമുള്ള ഐഒഎസ് 11.2 അല്ലെങ്കിൽ അതിനുശേഷമുള്ള ഐഫോൺ 6, 6 പ്ലസ്, 6 എസ്, 6 എസ് പ്ലസ്, 7, 7 പ്ലസ്, എസ്ഇ എന്നീ മോഡലുകൾക്കാണ് ആപ്പിൾ സെറ്റിമെന്റ് അനുസരിച്ച് നഷ്ടപരിഹാരം നൽകുന്നത്. നിലവാരമില്ലാത്ത ബാറ്ററികളുള്ള ചില ഐഫോൺ മോഡലുകളെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് മന്ദഗതിയിലാക്കിയതായി ആപ്പിൾ 2017 ൽ സമ്മതിച്ചിരുന്നു. അപ്രതീക്ഷിതമായി ഫോൺ പ്രവർത്തനം നിലയ്ക്കുന്നത് തടയുന്നതിനും ഉപകരണങ്ങളുടെ ആയുസ്സ് സംരക്ഷിക്കുന്നതിനും അപ്‌ഡേറ്റ് ആവശ്യമാണെന്ന് ഐഫോൺ അറിയിക്കുകയായിരുന്നു.

 

തങ്ങളുടെ ഫോണ്‍ സ്ലോ ആയത് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെയായിരുന്നുവെന്ന് ആപ്പിള്‍ ഉപഭോക്താക്കളെ അറിയിക്കേണ്ടതായിരുന്നു എന്നാണ് പരാതിക്കാരുടെ വാദം. കൂടാതെ ബാറ്ററി മാറ്റിവച്ചാല്‍ പ്രവര്‍ത്തനം പഴയപടിയാകുമെന്ന കാര്യവും തങ്ങളില്‍ നിന്നു മറച്ചു വച്ചു. ഇതറിഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ ബാറ്ററി മാറ്റുമായിരുന്നു, പുതിയ ഫോണ്‍ വാങ്ങേണ്ടി വരില്ലായിരുന്നു എന്നാണ് ഉപയോക്താക്കളുടെ നിലപാട്.

 

English Summary: Apple to pay $113 million in new 'batterygate' settlement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com