sections
MORE

സ്മാർട് ഫോൺ സ്ക്രീൻ വീണ് തകർന്നാലും പ്രശ്നമില്ല, ഒഴിവാകുന്നത് വലിയൊരു തലവേദന!

screen-crash
SHARE

ചെറിയൊരു അശ്രദ്ധയില്‍ കൈവിട്ടു പോകുന്ന സ്മാര്‍ട് ഫോണുകള്‍ പലപ്പോഴും സ്‌ക്രീന്‍ തകര്‍ന്നാണ് തിരികെ കൈകളിലെത്താറ്. മുടക്കേണ്ടി വരുന്ന പണത്തിന്റെ ചിന്തയില്‍ പലപ്പോഴും ഇതേ തകര്‍ന്ന സ്‌ക്രീന്‍ തന്നെയാകും ഫോണ്‍ മാറ്റുന്നതുവരെ പലരും ഉപയോഗിക്കാറ്. ഇതിനൊരു പരിഹാരമായി സ്വയം കേടുപാടുകള്‍ തീര്‍ക്കുന്ന സ്‌ക്രീന്‍ അവതരിപ്പിച്ചാണ് ഒരുകൂട്ടം ഗവേഷകര്‍ ഞെട്ടിച്ചിരിക്കുന്നത്.

കൊറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്‌നോളജി (കെഐഎസ്ടി)യിലെ ഗവേഷക സംഘമാണ് സ്വയം നന്നാക്കുന്ന സ്‌ക്രീന്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കളുടെ വലിയൊരു തലവേദനക്ക് പ്രകൃതിയില്‍ നിന്നാണ് ഇവര്‍ പരിഹാരം കണ്ടെത്തിയത്. ചണവിത്തില്‍ നിന്നെടുക്കുന്ന എണ്ണയാണ് സ്വയം നന്നാക്കുന്ന സ്‌ക്രീനില്‍ ഉപയോഗിച്ചിരിക്കുന്ന രഹസ്യക്കൂട്ട്. മടക്കാവുന്ന സ്മാര്‍ട് ഫോണുകളിലും മറ്റും ഇപ്പോള്‍ തന്നെ സ്‌ക്രീനുകളിലെ കളര്‍ലസ് പോളിമൈഡിന് (CPI) പകരമായി ഈ എണ്ണ ഉപയോഗിക്കുന്നുണ്ട്.

സ്‌ക്രീനില്‍ പൊട്ടലുകള്‍ സംഭവിക്കുമ്പോള്‍ നേരത്തെ കരുതിവെച്ചിരുന്ന ചണ വിത്തിന്റെ എണ്ണ ഈ പൊട്ടലുകളിലേക്ക് ഒലിച്ചിറങ്ങുകയും ചില്ലിന് പകരമായി തീരുകയുമാണ് ചെയ്യുന്നത്. വിടവുകളിലേക്ക് ഒലിച്ചിറങ്ങുന്ന മുറക്ക് വായുവുമായി സമ്പര്‍ക്കത്തിലെത്തുമ്പോള്‍ ഇത് കട്ടിയാവുകയും പൊട്ടിയ സ്‌ക്രീന്‍ മിനിറ്റുകള്‍ക്കകം പൂര്‍വസ്ഥിതിയിലാവുകയും ചെയ്യും. നിയന്ത്രിത സാഹചര്യങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 20 മിനിറ്റിനകം 91 ശതമാനം സ്‌ക്രീനിലെ പൊട്ടലുകള്‍ വരെ ഇത്തരത്തില്‍ ഇല്ലാതായി.

ഈ പുതിയ സാങ്കേതികവിദ്യയുടെ മറ്റൊരു പ്രധാന പ്രത്യേകത സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ തന്നെ ഇതിന്റെ പ്രവര്‍ത്തനം നടക്കുമെന്നതാണ്. നേരത്തെയും സ്വയം കേടുപാടുകള്‍ പരിഹരിക്കുന്ന സ്‌ക്രീനുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇവക്ക് മറ്റു പല സഹായങ്ങളും വേണ്ടിയിരുന്നു. ഉയര്‍ന്ന ഊഷ്മാവ്, ഉയര്‍ന്ന ഈര്‍പ്പം, അള്‍ട്രാവയലറ്റ് ലൈറ്റ് തുടങ്ങി പലതും അറ്റകുറ്റപ്പണികള്‍ ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായിരുന്നു. 

സ്മാര്‍ട് ഫോണുകളുടെ സ്‌ക്രീനില്‍ മാത്രമായി ഈ സാങ്കേതികവിദ്യയുടെ ഗുണം ഒതുങ്ങില്ലെന്നതും ശ്രദ്ധേയമാണ്. കളര്‍ലെസ് പോളിമൈഡുകള്‍ സോളാര്‍ പാനലുകള്‍ അടക്കം പല മേഖലകളിലും ഉപയോഗിക്കുന്നുണ്ട്. ഇവിടെയെല്ലാം ഇതേ സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്നും കോംപോസിറ്റ്‌സ് പാര്‍ട്ട് ബി: എൻജിനീയറിങ്ങില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ എടുത്തുപറയുന്നു.

English Summary: Smartphone Screens That Can 'Heal' Their Own Cracks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA