ADVERTISEMENT

ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുന്ന ചൈനീസ് കമ്പനിയായ ഷഓമിയുടെ എംഐ 11 ഹാൻഡ്സെറ്റ് ബോക്സിൽ ചാർജർ കാണില്ലെന്ന് റിപ്പോർട്ട്. എംഐ 11 ന്റെ റീട്ടെയിൽ പാക്കേജിന്റെ ഒരു ചിത്രം കഴിഞ്ഞ ദിവസം തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. എംഐ 11 റീട്ടെയിൽ ബോക്സ് ഐഫോണിന്റെ പാക്കേജിങ് പോലെ നേർത്തതാണെന്ന് ചിത്രം ചോർത്തിയ ടിപ്പ്സ്റ്റർ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതോടെ എംഐ 11 ന്റെ ബോക്സിൽ ചാർജർ ഉൾപ്പെടില്ലെന്ന് അദ്ദേഹം അനുമാനിച്ചു. എന്നാൽ, ശനിയാഴ്ച കമ്പനി തന്നെ എംഐ 11 ൽ ചാർജർ ഉണ്ടാകില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തിറക്കിയതോടെ ഉപഭോക്താക്കൾ ഞെട്ടി.

ഷഓമി എംഐ 11 ന്റെ ഏറ്റവും പുതിയ ബോക്സിന്റെ വിഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. ഇത് വളരെ നേർത്തതും ഭാരം കുറഞ്ഞതുമായ ഫോൺ ആണെന്നും കമ്പനി അവകാശപ്പെടുന്നു. പരിസ്ഥിതിയെ പരിരക്ഷിക്കുന്നതിനായി റീട്ടെയിൽ ബോക്സിൽ നിന്ന് ചാർജർ നീക്കംചെയ്തുവെന്ന് കമ്പനി വക്താവ് തന്നെ വെയ്ബോ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുകയാണ്.

നേരത്തെ അവതരിപ്പിച്ച സ്മാർട് ഫോണുകൾക്കൊപ്പം ചാർജറുകൾ നൽകും. എന്നാൽ എംഐ 11 വാങ്ങുന്നവർക്ക് പുതിയ ചാർജർ നൽകുന്നത് പരിസ്ഥിതിയെ ബാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചാർജറിനെ ഒഴിവാക്കാനുള്ള തീരുമാനം ഉപഭോക്താക്കൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായേക്കും. ഐഫോൺ ബോക്സിൽ നിന്ന് ചാർജർ നീക്കിയതിനെതിരെ ചില രാജ്യങ്ങളിൽ കോടതി വരെ ഇടപ്പെട്ടിരുന്നു. ഇതിനാൽ വിപണിയിൽ ഷഓമിയെ കാത്തിരിക്കുന്നത് വൻ പ്രതിഷേധമായിരിക്കുമെന്ന് ഉറപ്പാണ്.

ഐഫോൺ 12 സീരീസ് റീട്ടെയിൽ പാക്കേജിൽ നിന്ന് ചാർജർ നീക്കം ചെയ്തപ്പോൾ സാംസങ്, ഷഓമി തുടങ്ങിയ ബ്രാൻഡുകളെല്ലാം ആപ്പിളിനെ പരിഹസിച്ചിരുന്നു. എന്നാൽ, സാംസങ്ങിന്റെ വരാനിരിക്കുന്ന ഗാലക്‌സി എസ് 21 സീരീസും ഇൻ-ബോക്‌സ് ചാർജറില്ലാതെ വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തുകൊണ്ടാണ് എംഐ 11 ന്റെ പാക്കേജിൽ നിന്ന് ചാർജർ നീക്കംചെയ്തതെന്നതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ തിങ്കളാഴ്ച ഒരു വാർത്താസമ്മേളനം നടത്തുമെന്ന് ഷഓമി അറിയിച്ചു.

English Summary: Xiaomi Confirms Mi 11 Series Will Not Come with a Charger in the Box

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com