ADVERTISEMENT

കഴിഞ്ഞ വർഷം ഐഫോൺ ബോക്സിൽ നിന്ന് ചാർജിങ് അഡാപ്റ്റർ നീക്കംചെയ്യാൻ തീരുമാനിച്ചപ്പോൾ ആപ്പിളിനെ പരിഹസിച്ചവരാണ് സാംസങ്. എന്നാൽ, സാംസങും ഇപ്പോൾ ആപ്പിളിന്റെ പിന്നാലെ പോകുകയാണ്. പുതുതായി അവതരിപ്പിച്ച സാംസങ് ഗ്യാലക്‌സി എസ് 21, ഗ്യാലക്‌സി എസ് 21 +, ഗ്യാലക്‌സി എസ് 21 അൾട്ര എന്നിവയുടെ ബോക്‌സിൽ ചാർജിങ് അഡാപ്റ്റർ ഇല്ലെന്നാണ് അറിയുന്നത്. റീട്ടെയിൽ ബോക്സിൽ ഇൻ-ഇയർ ഇയർഫോണുകളും കമ്പനി പായ്ക്ക് ചെയ്യുന്നില്ല.

 

സാംസങ്ങിന്റെ റീട്ടെയിൽ ബോക്സിൽ യുഎസ്ബി-സി കേബിൾ മാത്രമാണ് അധികമായി ഉൾപ്പെടുത്തുന്നത്. ഇതിനർഥം നിങ്ങൾക്ക് അതിവേഗ ചാർജിങ് അഡാപ്റ്റർ ഇല്ലെങ്കിൽ ഒരെണ്ണം സ്വന്തമാക്കാൻ അധിക തുക നൽകേണ്ടിവരും. മറ്റ് വിപണികളിൽ, സാംസങ് 25W ചാർജറിന്റെ വില 35 ഡോളറിൽ നിന്ന് 19.99 ഡോളറായി കുറച്ചിട്ടുണ്ട്. ഇത് കുറച്ച് ആശ്വാസം നൽകുന്നുണ്ടെങ്കിലും ഇന്ത്യയിലെ വിലനിർണയത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. നിലവിൽ, ചാർജർ സാംസങ്ങിന്റെ ഇന്ത്യയിലെ ഓൺലൈൻ സ്റ്റോറിൽ 1,999 രൂപയ്ക്കാണ് വിൽക്കുന്നത്.

 

കഴിഞ്ഞ 12 മുതൽ 18 മാസമായി സാംസങ് അതിന്റെ റീട്ടെയിൽ ബോക്സിൽ നിന്ന് ചില ആക്സസറികൾ പുതുക്കെ നീക്കംചെയ്യുന്നുണ്ട്. ഇത് ചെലവ് ചുരുക്കലിന്റെ ഭാഗമായിരിക്കാം. സ്മാർട് ഫോണുകൾക്കൊപ്പം ടൈപ്പ്-സി ഒടിജി കണക്റ്റർ നൽകാൻ സാംസങ് തയാറായിരുന്ന ഒരു കാലമുണ്ടായിരുന്നു. റീട്ടെയിൽ ബോക്സുകളിൽ യുഎസ്ബി-സി കേബിളുകൾ നൽകാൻ തുടങ്ങിയതോടെ ടൈപ്പ്–സി ഒടിജി കണക്റ്റർ അപ്രത്യക്ഷമായി.

 

ഐഫോണുകൾക്കൊപ്പം ചാർജിങ് അഡാപ്റ്റർ നൽകില്ലെന്ന് ആപ്പിൾ സ്ഥിരീകരിച്ചപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു. സാംസങ്ങിന്റെ തീരുമാനത്തിന് അതിനേക്കാൾ കൂടുതൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് നിരീക്ഷണം. സാങ്കേതികവിദ്യയുടെ ലളിതമായ ജനാധിപത്യവൽക്കരണമാണ് ഇതിന് കാരണം. കാലങ്ങളായി, ആപ്പിൾ അതിന്റെ ചാർജിങ് സാങ്കേതികവിദ്യയിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതിവേഗ ചാർജിങ് ശേഷിയുള്ള ഉൽപന്നങ്ങളെ ആപ്പിൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് വസ്തുത.

 

ആൻഡ്രോയിഡ് ഫോൺ നിർമാതാക്കളുടെ കാര്യങ്ങൾ വ്യത്യസ്‌തമാണ്. ബാറ്ററി വലുപ്പവും ചാർജിങ് കഴിവുകളും ഉപയോഗിച്ച് അവർ പരിധിവിട്ട് മുന്നോട്ട് പോകുന്നു. സാംസങ് ഉൾപ്പെടെയുള്ള കമ്പനികൾ ഫാസ്റ്റ് ചാർജറുകൾ പ്രത്യേകം വിൽക്കാൻ തുടങ്ങി. സാങ്കേതികവിദ്യ ഉൽ‌പാദിപ്പിക്കുന്ന ഇ-മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ സ്മാർട് ഫോൺ നിർമാതാക്കൾ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂവെങ്കിലും ചാർജറുകൾ ആവശ്യമുള്ളവർക്ക് അവ ലഭിക്കുമെന്ന് ഉറപ്പാക്കാൻ കമ്പനികൾ ഒരു മാർഗം ആവിഷ്കരിക്കണം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഷഓമിയുടെ എംഐ 11 അവതരിപ്പിച്ചപ്പോൾ ചാർജർ ഉൾപ്പെട്ട ബോക്സും ചാർജര്‍ ഉൾപ്പെടുത്താത്ത ബോക്സും അവതരിപ്പിച്ചിരുന്നു.

 

വയേർഡ് ഇയർഫോണുകളുടെ കാര്യത്തിലും ഇത് ബാധകമാണ്. എല്ലാവർക്കും വയർലെസ് ഹെഡ്‌ഫോണോ ഇയർബഡുകളോ ഉണ്ടാകില്ല. എസ് 21 സീരീസിൽ നിന്ന് ശ്രദ്ധേയമായ മറ്റൊരു ഒഴിവാക്കൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടാണ്. ഇത് സ്റ്റോറേജ് വികസിപ്പിക്കുന്നതിനെ തടയുന്നു.

 

English Summary: Samsung Galaxy S21 phones come without charger and earphones because environment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com