ADVERTISEMENT

വര്‍ഷാവര്‍ഷം നാമമാത്രമായ മാറ്റങ്ങളുമായി എത്തുന്ന സ്മാര്‍ട് ഫോണുകളില്‍ ആകെ വര്‍ധിക്കുന്നത് വില മാത്രമായിരുന്നു എന്ന കടുത്ത വിമര്‍ശനത്തിനിടയില്‍ ഈ വര്‍ഷത്തെ സ്മാര്‍ട് ഫോണ്‍ വിസ്മയങ്ങളിലൊന്നായേക്കാവുന്ന സാംസങ് ഗ്യാലക്‌സി എസ് 21 സീരീസ് അവതരിപ്പിച്ചു. ഇതിന്റെ പ്രധാന 'ഫീച്ചര്‍' 200 ഡോളര്‍ വിലക്കുറവാണ് എന്നാണ് ഒരു ലേഖകന്‍ തമാശയായി വിശേഷിപ്പിച്ചത്. ഗ്യാലക്‌സി എസ് 21ന് സമാനമായ മുന്‍ വര്‍ഷത്തെ മോഡലിനെ അപേക്ഷിച്ച് 200 ഡോളര്‍ കുറവാണ് എംആര്‍പി ഇട്ടിരിക്കുന്നത്. എല്ലാ വര്‍ഷവും ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുന്ന ശീലമുളളവരാണെങ്കില്‍ അത്തരക്കാരെ ആകര്‍ഷിക്കാന്‍ ആവശ്യത്തിനു പുതിയ ഫീച്ചറുകള്‍ സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. ഫോണിന്റെ ക്യാമറകളിലും ഡിസ്‌പ്ലേയിലും 5ജി ശേഷിയിലും ഇതു പ്രകടമാണ്. പുതിയ ഡിസൈനില്‍ ഗ്യാലക്‌സി എസ് 21 സീരീസില്‍ എടുത്തു കാണിക്കുന്നത് അതിന്റെ പിന്‍ ക്യാമറാ സിസ്റ്റമാണ്. മെറ്റല്‍ ഫ്രെയിമിലാണ് ഇവ ഉറപ്പിച്ചു നിർത്തിയിരിക്കുന്നത്. വ്‌ളോഗര്‍മാരെ അടക്കം എല്ലാത്തരം ഉപയോക്താക്കളെയും മുന്നിൽകണ്ടാണ് ക്യാമറ, ഫോട്ടോ ഫീച്ചറുകള്‍ സന്നിവേശിപ്പിച്ചിരിക്കുന്നത് എന്നും മനസ്സിലാക്കാനാകും. ഫോണുകള്‍ക്കൊപ്പം ചാര്‍ജര്‍ ഉണ്ടായിരിക്കില്ലെന്ന കാര്യത്തില്‍ സാംസങ് ആപ്പിളിനെ അനുകരിക്കുകയും ചെയ്തിരിക്കുന്നു.

 

galaxy-s21-phones

എസ് 21 സീരീസിന്റെ തുടക്ക വേരിയന്റിന് 128 ജിബി സ്റ്റോറേജ് ശേഷിയുണ്ടായിരിക്കും. വിലക്കുറവ് എന്തിന്റെ സൂചകമാണ് എന്ന ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു. കൊറോണാവൈറസ് ബാധിത ലോകത്ത് സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ദശലക്ഷക്കണക്കിന് ജോലികളാണ് ഇല്ലാതായിരിക്കുന്നത്. അതേസമയം, ബന്ധുക്കളും സുഹൃത്തക്കളും സഹപ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള ഒരു അവശ്യ ഉപകരണമായി സ്മാര്‍ട് ഫോണ്‍ സ്ഥാനം പിടിക്കുകയും ചെയ്തിരിക്കുകയാണ്. പുതിയ 5ജി ടെക്‌നോളജിയടക്കം കൊണ്ടുവരുന്ന എസ്21 സീരീസിന് വില വര്‍ധിക്കുകയല്ല, താഴുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമായ കാര്യമാണ്. കൂടാതെ ഷഓമി, വണ്‍പ്ലസ് തുടങ്ങിയ കമ്പനികള്‍ കാശിനു കൂടുതല്‍ മൂല്യമുള്ള ഹാര്‍ഡ്‌വെയര്‍ ഒരുക്കുന്നതില്‍ വിജയിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു എന്നതും സാംസങ് വില കുറയ്ക്കാന്‍ തീരുമാനിച്ച സമയത്ത് ഉയര്‍ന്നുവന്ന കാരണങ്ങളിലൊന്നാകാം.

 

എസ്21 സീരീസ് സാംസങ് ഇന്നേവരെ ഇറക്കിയിരിക്കുന്നതില്‍ വച്ച് ഏറ്റവും കരുത്തുറ്റ ഫോണ്‍ ശ്രേണിയാണ്. ഗ്യാലക്‌സി എസ്21, എസ്21 പ്ലസ്, എസ്21 അള്‍ട്രാ എന്നീ മൂന്നു മോഡലുകളാണ് അനാവരണം ചെയ്തരിക്കുന്നത്. ഏറ്റവും നല്ലതു മാത്രമേ വാങ്ങൂ എന്ന നിര്‍ബന്ധ ബുദ്ധിക്കാര്‍ക്കായാണ് എസ്21 അള്‍ട്രാ ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ നോട്ട് സീരീസിനു വെളിയില്‍ എസ്-പെന്‍ സപ്പോര്‍ട്ടുള്ള പ്രീമിയം മോഡലുമാണിത്. ഇതില്‍ 6.8-ഇഞ്ച് വലുപ്പമുള്ള ക്യൂഎച്ഡി പ്ലസ്, ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. 120 ഹെട്‌സ് റിഫ്രഷ് റെയ്റ്റുമുണ്ട്. ഇന്ന് വാങ്ങാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ഡിസ്‌പ്ലേയുള്ള ഫോണ്‍ ഇതായിരിക്കാനുള്ള സാധ്യതയുണ്ട്. ലോകത്തെ ഏറ്റവും മികച്ച ഡിസ്പ്ലേ നിര്‍മാതാവാണ് സാംസങ്. അള്‍ട്രാ മോഡലിന് നാലു പിന്‍ ക്യാമറക്കണ്ണുകളും നല്‍കിയിരിക്കുന്നു. കോര്‍ണിങ്ങിന്റെ പോറലേല്‍ക്കാത്ത ഗൊറിലാ ഗ്ലാസ് വിക്ടസ് ഫോണിന്റെ മുന്നിലും പിന്നിലും പ്രതിരോധം തീർക്കുന്നു. മറ്റൊരു പ്രധാന ഫീച്ചര്‍ 5000 എംഎഎച് ബാറ്ററിയാണ്. അസാധാരണ കരുത്ത് ബോഡിക്ക് തോന്നുന്നു.

 

അള്‍ട്രാ മോഡലിന് 108 എംപി വൈഡ് ആംഗിള്‍ ലെന്‍സും, 12എംപി അള്‍ട്രാ വൈഡ് ആംഗിള്‍, രണ്ട് ടെലി ലെന്‍സുകള്‍ എന്നിവയും ഉണ്ട്. ഒന്നിന് 3x ഒപ്ടിക്കല്‍ സൂം ആണെങ്കില്‍ അടുത്തതിന് 10x സൂം ആണുള്ളത്. കഴിഞ്ഞ വര്‍ഷത്തേ മോഡലിനെ പോലെ 100X സ്‌പെയ്‌സ് സൂമും ഉണ്ട്. ഇരു ക്യാമറകള്‍ക്കും ഡ്യൂവല്‍ പിക്‌സല്‍ ഓട്ടോഫോക്കസും ഉണ്ട്. ഇതി ഡിജിറ്റല്‍ സൂമാണ്. ഇത്തവണ പക്ഷേ സൂം ലോക് എന്നൊരു ഫീച്ചറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതു വഴി ക്യാമറയുടെ ഫോക്കസ് ഒരു വസ്തുവില്‍ ഉറപ്പിച്ചു നിർത്താനും അങ്ങനെ കൂടുതല്‍ വ്യക്തമായ ചിത്രമെടുക്കാനും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോണിന് എഐ സ്റ്റബിലൈസര്‍ ഉണ്ടെന്നും അത് ട്രൈപ്പോഡ് ഉപയോഗിച്ചാലെന്നവണ്ണം സ്ഥിരത നല്‍കുമെന്നും കമ്പനി പറയുന്നു.

 

s21

വെളിച്ചക്കുറവിലെ ഫൊട്ടോഗ്രാഫിക്കും വേണ്ട പ്രാധാന്യം നല്‍കിയാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. ബ്രൈറ്റ് നൈറ്റ് സെന്‍സറും, നൈറ്റ് മോഡും കൂടുതല്‍ മികവാര്‍ജ്ജിച്ചിരിക്കുന്നതായി കമ്പനി അറിയിക്കുന്നു. പ്രൊഫഷണല്‍ ക്വാളിറ്റിയുള്ള ഫോട്ടോകളും, 8കെ വിഡിയോയും റെക്കോഡു ചെയ്യാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് സാംസങ്ങിന്റെ അവകാശവാദം.

 

∙ പ്രോസസര്‍

 

മൂന്നു മോഡലുകളും സ്‌നാപ്ഡ്രാഗണ്‍ 888 അല്ലെങ്കില്‍, അതിനു തുല്യമായ സാംസങ് പ്രോസസര്‍ എക്‌സിനോസ് 2100 ആയിരിക്കും ശക്തി പകരുക. 5ജി മോഡം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന 5എന്‍എം ചിപ്പിന് എട്ടു കോറുകളുണ്ട്. അള്‍ട്രാ വൈഡ്ബാന്‍ഡ് സാങ്കേതികവിദ്യയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഉപയോക്താവ് എവിടെ നില്‍ക്കുന്നു എന്നത് അത്ര കൃത്യതയോടെ അറിയാനൊക്കുന്ന ഒന്നാണിത്. സാംസങ് എസ്21, 21 പ്ലസ് മോഡലുകള്‍ക്ക് 8ജിബിയാണ് റാം. അള്‍ട്രാ സീരീസിന് 12 അല്ലെങ്കില്‍ 16 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജ് ശേഷിയും ഉണ്ടായിരിക്കും.

 

ഏറ്റവും വില കുറഞ്ഞ എസ്21 മോഡലിന്റെ തുടക്ക വേരിയന്റിന് 69,999 ആയിരിക്കും വില. 6.2-ഇഞ്ച് ആണ് സ്‌ക്രീന്‍ വലുപ്പം. 4000 എംഎഎച് ബാറ്ററിയുമുണ്ട്. ഐഫോണ്‍ 12 നുള്ള ഉത്തരമാണ് ഈ മോഡല്‍. എസ്21, 21 പ്ലസ് മോഡലുകള്‍ക്ക് മൂന്നു പിന്‍ ക്യാമറകളായിരിക്കും ഉണ്ടായിരിക്കുക. ഇവയ്ക്ക് 30x സ്‌പെയ്സ് സൂമായിരിക്കും ഉണ്ടായിരിക്കുക. എസ്21 പ്ലസ് മോഡലിന് 6.7-ഇഞ്ച് വലുപ്പമുള്ള ഡൈനാമിക് അമോലെഡ് 2x ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക. പ്ലസ് മോഡലിന് ഗ്ലാസ് പിന്‍പ്രതലമാണ്. എസ്21ന് പ്ലാസ്റ്റിക്കും. ഇപ്പോള്‍ വാങ്ങാന്‍ ലഭിക്കുന്ന ഫോണുകളില്‍ ഏറ്റവും മികച്ചവയുടെ കൂടെയാണ് ഈ ഫോണുകളുടെ നില.

 

∙ വില

 

എസ് 21 (8+128 ജിബി): 69,999 രൂപ 

എസ്21 (8+256ജിബി): 73,999 രൂപ

എസ്21+ (8+128ജിബി): 81,999 രൂപ

എസ്21+ (8+256ജിബി): 85,999 രൂപ 

എസ്21 അള്‍ട്ര (12+256ജിബി): 1,05,999 രൂപ

എസ്21 അള്‍ട്രാ (16+512ജിബി): 1,16,999 രൂപ

 

∙ ക്യാഷ്ബാക്ക്

 

ഇതു കൂടാതെ അള്‍ട്രാ മോഡലിന് ഇന്ത്യയില്‍ 10,000 രൂപ ക്യാഷ് ബാക്ക് നല്‍കുന്നു. പ്ലസ് മോഡലിന് 7,000 രൂപയും എസ്21 മോഡലിന് 5,000 രൂപയും തുടക്കത്തില്‍ ക്യാഷ് ബാക്ക് ലഭിക്കുമെന്നും പറയുന്നു.

 

English Summary: Samsung Galaxy S21 vs. S21+ vs. S21 Ultra - Pros and Cons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com