ഓരോ പുതുവർഷത്തിലും ടെക് ലോകത്തും പുതുമകളുടെ കാലമാണ്. യുഎസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോയിലൂടെയാണ് പുതുമകളുടെ പുതുപ്പിറവി പതിവുള്ളത്. കോവിഡ് കാലത്തും പതിവ് മാറിയില്ല. ലക്ഷക്കണക്കിനു പേർ പങ്കെടുക്കാറുള്ള ഇവന്റ് ഇക്കുറി വെർച്വൽ ലോകത്താണ് അരങ്ങേറിയത് എന്നതാണ് പ്രധാന്യ വ്യത്യാസം. ഫോണുകളും കംപ്യൂട്ടറുകളും ഉൾപ്പെടെ ഒട്ടേറെ പുതിയ ഉൽപന്നങ്ങൾ മേളയിൽ പുറത്തിറക്കി. ശ്രദ്ധേയമായ 5 സ്മാർട്ട് ഇവയാണ്.
∙ എൽജി റോളബ്ൾ സ്മാർട്ട് ഫോൺ
സ്മാർട്ട് ഫോണുകളുടെ ഭാവി എന്താണെന്നുള്ള ചർച്ചകൾ സജീവമാകുന്ന കാലത്താണ് ചുരുട്ടിയെടുക്കാവുന്ന സ്ക്രീനുമായി എൽജി രംഗത്ത് എത്തുന്നത്. കഴിഞ്ഞ വർഷം ഫോൾഡബിൾ ഫോണുകൾ വിപണിയിൽ ചലനമുണ്ടാക്കി തുടങ്ങിയതിനു പിന്നാലെ റോൾ ചെയ്യാവുന്ന വിധത്തിലുള്ള സ്ക്രീൻ കൂടി എത്തുകയാണ്. കഴിഞ്ഞ വർഷം സമാനമായ കൺസപ്റ്റ് ചില കമ്പനികൾ അവതരിപ്പിച്ചിരുന്നു. ഇക്കുറി ടീസർ വിഡിയോ ആണ് പുറത്തുവിട്ടത്. ഈ വർഷം തന്നെ വിപണിയിലെത്തുമെന്ന് സൂചനയുണ്ടെങ്കിലും കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ മേളയുടെ ശ്രദ്ധേയമായ അവതരണം ഇതായിരുന്നു. ഫോൺ ആയും ടാബ്ലറ്റ് ആയും ഉപയോഗിക്കാം. എന്നാൽ സ്പെസിഫിക്കേഷൻ പുറത്തു വന്നിട്ടില്ല. ടിസിഎല്ലും സമാനമായ അവതരണം നടത്തിയിട്ടുണ്ട്.

∙ സാംസങ് ഗാലക്സി എസ് 21
സാംസ്ങ് ഗാലക്സി എസ് സീരിസുകളിലെ പുതിയ മോഡൽ ആണ് 2021ൽ പുറത്തിറങ്ങിയ ആദ്യ ഫ്ലാഗ്ഷിപ് കില്ലർ. പതിവിനും മുന്നേയാണ് സാംസങ് അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമായി. എസ് –21, എസ്–21 പ്ലസ്, എസ്– 21 അൾട്ര എന്നിവയാണ് അവതരിപ്പിക്കപ്പെട്ട മോഡൽ. സ്റ്റൈല്ലസിലും പുതുമകളുണ്ട്. കോവിഡ് കാലത്തിന്റെ പശ്ചാത്തലത്തിൽ വർക് അറ്റ് ഹോം സൗകര്യം മെച്ചപ്പെടുത്തിയാണ് ഫോൺ എത്തിയതെന്നു വിദഗ്ധർ പറയുന്നു. വിഡിയോ കോൺഫറൻസിങ് സംവിധാനമുൾപ്പടെ മെച്ചപ്പെടുത്തിയിട്ടുണ്ട്.

∙ ടിസിഎൽ 20 5ജി
ഇതുവരെ പുറത്തെത്തിയ ബജറ്റ് ഫോണുകളിൽ 5ജി സൗകര്യമുള്ളത് എന്ന വിശേഷവുമായാണ് ടിസിഎൽ 20 50 മോഡൽ എത്തിയത്. 5ജി സൗകര്യമുള്ള ഏറ്റവും വില കുറഞ്ഞ മോഡൽ എന്നും കമ്പനി അവകാശപ്പെടുന്നു. 6.67 ഇഞ്ച് ഫുൾ എച്ച്ഡി സ്ക്രീൻ,സ്നാപ്ഡ്രാഗൾ 695ജി ചിപ്സെറ്റ്, 6 ജിബി റാം, 128 ജിബി റോം, 4500 എംഎഎച്ച്, 48 മെഗാപ്രിക്കൽ ട്രിപ്പിൾ റെയർ കാമറ തുടങ്ങിയ സവിശേഷതകളാണ് ഫോണിനുള്ളത്.

∙ മോട്ടറോള വൺ 5ജി

മോട്ടോ ജി പവർ, പ്ലേ, സ്റ്റൈലസ് എന്നിവ മെച്ചപ്പെടുത്തി ബജറ്റ് ഡിവൈസ് ആയി ആണ് വൺ സീരീസിലെ പുതിയ മോഡൽ അവതരിപ്പിച്ചിട്ടുള്ളത്. 5ജി സൗകര്യമുണ്ട്. മിഡ–ടയർ മാർക്കറ്റ് ലക്ഷ്യമിട്ടുള്ള ഫോണാണ് മോട്ടോ പുറത്തെത്തിച്ചത്. എസ്ഡി കാർഡ് സപോർട്ട് ചെയ്യുന്ന ഫോൺ ആണ്. ഓൺലൈൻ സ്റ്റോറുകളിലും ഫോൺ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പുതിയ ചിപ്സെറ്റ് ഉപയോഗിച്ചത് വഴിയാണ് മുൻ മോഡലിനുണ്ടായ പോലെ വലിയ വിലയില്ലാതെ മോട്ടോയ്ക്ക് പുതിയ ഫോൺ എത്തിക്കാൻ കഴിഞ്ഞത്. സ്നാപ്ഡ്രാഗൺ 750 ജി 5ജി പ്രോസസർ, 4 ജിബി മുതൽ 6 ജിബി വരെയുള്ള റാം, 64, 128 വേരിയന്റുകളിൽ റോം, 1 ടിബി വരെയുള്ള മൈക്രോ എസ്ഡി ഉപയോഗിക്കാനുള്ള സ്ലോട്ട് തുടങ്ങിയവയാണ് 5ജി എയ്സിലുള്ളത്. 6.7 ഇഞ്ച് സ്ക്രീൻ, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയും 48 മെഡാപിക്സൽ ഉൾപ്പെടെയുള്ള ട്രിപ്പിൾ റെയർ ക്യാമറയും ഉണ്ട്.

∙ വിവോ എക്സ് 60 പ്രോ
ചൈനയിൽ മുൻപ് പുറത്തെത്തിയെങ്കിലും ഫോണിന്റെ ഔദ്യോഗിക അവതരണം സിഇഎസിലായിരുന്നു. 6.56 ഇഞ്ച് സ്ക്രീനുള്ള എക്സ്60 പ്രോ എക്സൈനോസ് പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 33 വാട്ട് ഫാസ്റ്റ് ചാർജിങ്, 48 മെഗാപിക്സൽ ക്യാമറ, 120 ജിഎച്ച്എസ് ഡിസ്പ്ലേ എന്നിവയുണ്ട്. 60 എക്സ് ഡിജിറ്റൽ സൂം ആണ് ക്യാമറയുടെ പ്രത്യേക. വലിയ വിലയുള്ള ഫ്ലാഗ് ഷിപ് ഫോണുകളോട് കിടപിടിക്കുന്നതാണ് വിവോ പുറത്തിറക്കിയ ഈ മോഡലെന്ന് ടെക് വിദഗ്ധർ പറയുന്നു.
English Summary: New Phones Announced in CES