ADVERTISEMENT

പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അമേരിക്ക–ചൈന ബന്ധത്തില്‍ വന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ഇനിയും സാഹസത്തിനു മുതിരാനാവില്ലെന്ന നിലാപാടാണ് ആപ്പിള്‍ കമ്പനി എടുത്തിരിക്കുന്നതെന്നും, ചൈനയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നല്ലൊരു പങ്കും ഇന്ത്യയിലേക്കും വിയറ്റ്‌നാമിലേക്കും മാറ്റാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിക്കെയ് ഏഷ്യയ്ക്കു ലഭ്യമായ വിവരങ്ങള്‍ വച്ച് ഐപാഡുകളുടെ നിര്‍മാണം 2021 പകുതിയോടെ വിയറ്റ്‌നാമിൽ തുടങ്ങുമെന്നും 5ജി ഐഫോണുകളുടെ (ഐഫോണ്‍ 12 സീരിസ്) നിര്‍മാണം ഈ വര്‍ഷം നടപ്പു പാദത്തില്‍ തന്നെ ഇന്ത്യയില്‍ തുടങ്ങിയേക്കുമെന്നും മനസ്സിലാക്കാം. 

 

ആപ്പിള്‍ ഇനിയും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത ഈ റിപ്പോര്‍ട്ടുകളില്‍ കഴമ്പുണ്ടെങ്കില്‍ ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് വില കുറയുമെന്നാണ് മാര്‍ക്കറ്റ് നിരീക്ഷകര്‍ വിധിയെഴുതുന്നത്. അതേസമയം, ഐഫോണിന്റെയും ഐപാഡിന്റെയും മാത്രമല്ല എയര്‍പോഡ്‌സിന്റെയും ഹോംപോഡ് മിനിയുടെയും മാക്ബുക്കുകളുടെയും നിര്‍മാണവും ചൈനയില്‍ നിന്ന് മാറ്റിത്തുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തിലും ആപ്പിള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

പുതിയ റിപ്പോര്‍ട്ട് പ്രകാരം ഹോംപോഡ് മിനിയുടെ നിര്‍മാണം വിയറ്റ്‌നാമില്‍ വികസിപ്പിച്ചേക്കും. ഇവ ഇപ്പോള്‍ത്തന്നെ വിയറ്റ്‌നാമില്‍ നിര്‍മിക്കുന്നുണ്ട്. എയര്‍പോഡ്‌സിന്റെ നിര്‍മാണവും വിയറ്റ്‌നാമില്‍ തുടങ്ങിയെന്നും പറയുന്നു. മാക്ബുക്‌സന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി ചൈനയ്ക്കു വെളിയിലേക്കു കൊണ്ടുവരുന്നു. ഇവയും വിയറ്റ്‌നാമിലായിരിക്കും തുടങ്ങുക. മാക് മിനിയുടെ നിര്‍മാണം മലേഷ്യയിലും തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

 

അതേസമയം, ആപ്പിള്‍ മാത്രമല്ല പല വമ്പന്‍ കമ്പനികളും ചൈന വിടാന്‍ കച്ചകെട്ടിയിരിക്കുകയാണെന്ന് നിക്കെയ്ക്കു ലഭിച്ച വിവരങ്ങളില്‍ നിന്നു മനസ്സിലാക്കാം. തങ്ങളുടെ പ്രധാന പ്രൊഡക്ടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ചൈനയില്‍ നിന്നു മാറ്റാന്‍ കമ്പനികള്‍ ഒരുങ്ങുന്ന്. ഇത്തരം ഒരു സംഭവവികാസം രണ്ടുവര്‍ഷം മുൻപ് സ്വപ്‌നം കാണാന്‍ പോലും സാധ്യമല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  

iphone-12-foxconn

 

ആപ്പിളിന് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനികളും കളംമാറിച്ചവിട്ടുന്ന തിരിക്കിലാണ്. ഉദാഹരണത്തിന് ഫോക്‌സ്‌കോണ്‍ 270 ദശലക്ഷം ഡോളര്‍ ആണ് തങ്ങളുടെ വിയറ്റ്‌നാമിലെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനായി മുടക്കിയിരിക്കുന്നതെന്നു പറയുന്നു. അതേപോലെ, ലക്‌സ്‌ഷെയര്‍ പ്രിസിഷന്‍ ഇന്‍ഡസ്ട്രി (ആപ്പിളിനായി എയര്‍പോഡുകളും, ഹോംപോഡ് മിനിയും നിര്‍മിക്കുന്ന കമ്പനി) വിയറ്റ്‌നാമില്‍ കൂടുതല്‍ പണം മുടക്കി വികസനപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നു പറയുന്നു. തങ്ങളുടെ ഉപകരണങ്ങളില്‍ നല്ലൊരു ശതമാനവും ചൈനയ്ക്കു വെളിയില്‍ നിര്‍മിച്ചെടുക്കാന്‍ ഒരുങ്ങുകയാണ് ആപ്പിളെന്നും, ചൈനയ്ക്കു വെളിയില്‍ കമ്പനിയുടെ രണ്ടാമത്തെ വലിയ നിര്‍മാണശാല ഇന്ത്യയാണെന്നും പറയുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക്് മാറ്റുന്നത് 2020ലാണ് തുടങ്ങിയത്. അത് ഈ വര്‍ഷവും നിര്‍ബാധം തുടര്‍ന്നേക്കും. ബൈഡന്‍ അമേരിക്ക-ചൈന ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നതെങ്കിലും, ട്രംപ് തുടങ്ങിയ താരിഫ് നയം അടുത്തെങ്ങും നീക്കിയേക്കില്ലെന്ന തോന്നലാണ് ചൈന വിടാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

∙ ഇന്ത്യയില്‍ നിര്‍മിച്ച ഐഫോണ്‍ 12 ഉടന്‍

 

ആപ്പിളിന്റെ രണ്ടാമത്തെ വലിയ ഐഫോണ്‍ നിര്‍മാണ ശാലയാകാന്‍ പോകുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ 5ജി ഐഫോണ്‍ അധികം താമസിയാതെ പുറത്തിറക്കിയേക്കുമെന്നു പറയുന്നു. ഐഫോണ്‍ 12 സീരീസിലെ എല്ലാ മോഡലുകളും ഇന്ത്യയില്‍ നിര്‍മിച്ചെടുത്തേക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. ആപ്പിളിന്റെ ആദ്യ 5ജി ആന്റിന വച്ച സീരീസാണ് ഐഫോണ്‍ 12. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ ഐഫോണ്‍ 12 സീരീസിലെ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വില്‍പനയ്ക്ക് എത്തിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ നവംബറിലാണ് ഐഫോണ്‍ 11 ഇന്ത്യയില്‍ നിര്‍മിച്ചു തുടങ്ങിയത്. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ കമ്പനിയുടെ യൂണിറ്റിലാണ് ഐഫോണ്‍ 11 നിര്‍മിച്ചു തുടങ്ങിയത്. ഐഫോണ്‍ 12 അവിടെ തന്നെയായിരിക്കാം നിര്‍മിച്ചെടുക്കുക എന്നാണ് കരുതുന്നത്. മൂന്നു കാരണങ്ങള്‍ മൂലമാണ് ആപ്പിളടക്കമുള്ള കമ്പനികള്‍ ചൈന വിടാന്‍ ഒരുങ്ങുന്നത്- ഒന്നാമത്തെ കാരണം അമേരിക്ക-ചൈന ബന്ധം വഷളായതാണെങ്കില്‍ രണ്ടാമത്തെ കാരണം ചൈനയില്‍ പണിക്കൂലി വര്‍ധിക്കുന്നു എന്നതാണ്. മൂന്നാമതായി മഹാമാരി ചൈനയിലെ സപ്ലൈ ചെയ്‌നുകളുടെ പ്രവര്‍ത്തനം താറുമാറാക്കിയതാണെന്നും പറയുന്നു.

 

∙ എങ്ങനെയാണ് ഇത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ‌ഉപകാരമാകുന്നത്?

 

ഇന്ത്യയില്‍ നിര്‍മിച്ചെടുക്കുന്ന ഉപകരണങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ഒഴിവാക്കാം. അത്തരം ഉപകരണങ്ങള്‍ ഇന്ത്യയില്‍ വിലകുറച്ചു വില്‍ക്കാം. തത്വത്തില്‍ ഇതെല്ലാം സാധ്യമാണെങ്കിലും ഏതാനും വര്‍ഷങ്ങളായി ഇതെല്ലാം പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ ആപ്പിള്‍ ഇന്ത്യക്കാര്‍ക്കുള്ള എംആര്‍പിയില്‍ മാറ്റം വരുത്തിയതായി കണ്ടിട്ടില്ല. എന്തായാലും അത്തരമൊരു നീക്കം കമ്പനി താമസിയാതെ നടത്തുമെന്നാണ് പ്രതീക്ഷ. ഐഫോണ്‍ എസ്ഇ 2020 പോലത്തെ ഒരു മോഡലിന് ഇന്ത്യയില്‍ 25,000 രൂപ തുടക്ക വിലയിട്ടാല്‍ അത് കമ്പനിക്ക് വന്‍ വിജയമായേക്കുമെന്നാണ് പറയുന്നത്. ഐഫോണ്‍ 12 സീരീസിലെ ഫോണുകള്‍ക്കും ആനുപാതികമായ ഒരു വിലക്കുറവ് കമ്പനി നല്‍കുമെന്നാണ് കരുതുന്നത്. അതേസമയം, പതിവിനു വിപരീതമായി കഴിഞ്ഞ വര്‍ഷം തുടങ്ങിയ ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ഡിസ്‌കൗണ്ടുകളും മറ്റും നല്‍കി ആപ്പിള്‍ വില്‍പന കൊഴിപ്പിച്ചിരുന്നു.

 

English Summary: Price of Apple iPhone 12 may fall in India soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com