ADVERTISEMENT

ആഭ്യന്തര ഉൽ‌പാദനം വർധിപ്പിക്കുന്നതിനുള്ള ആത്മ നിർഭർ ഭാരതിന്‍റെ ഭാഗമായി ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ബജറ്റ് പ്രഖ്യാപനം. മൊബൈൽ ഫോണിന്റെ അനുബന്ധ ഉൽപന്നങ്ങൾക്ക് നൽകി വരുന്ന ഇളവുകൾ അവസാനിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.

 

ആഭ്യന്തര ഉൽ‌പാദനം വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി മൊബൈൽ ചാർജറുകളുടെയും ഫോണുകളുടെ ചില ഉപഭാഗങ്ങളുടെയും ഇറക്കുമതി തീരുവ 2.5 ശതമാനം വർധനവാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇത് ഫോണുകളെ കൂടുതൽ ചെലവേറിയതാക്കും. സ്മാർട് ഫോണുകൾക്ക് വേണ്ടതെല്ലാം ഇപ്പോഴും ചൈന, കൊറിയ തുടങ്ങി രാജ്യങ്ങളിൽ നിന്നു തന്നെയാണ് വരുന്നത്.

 

ചാർജറുകൾക്കും മൊബൈൽ പാർട്സുകൾക്കുമുള്ള ഇളവുകൾ പിൻവലിക്കുന്നത് പ്രാദേശിക സ്മാർട് ഫോണുകളുടെ ഉൽ‌പാദനം വർധിപ്പിക്കാൻ സഹായിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ആഭ്യന്തര ഇലക്ട്രോണിക് മേഖല അതിവേഗം വളരുന്നുണ്ട്. എന്നാൽ നമ്മൾ ഇപ്പോഴും മൊബൈൽ, ചാർജർ തുടങ്ങിയ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് തുടരുകയാണ്.

 

വർധിച്ചുവരുന്ന ഇറക്കുമതി തടയുന്നതിനായി ഇലക്ട്രോണിക്സ് നിർമാണ മേഖലയ്ക്ക്, പ്രത്യേകിച്ച് മൊബൈൽ ഫോൺ നിർമാണത്തിനായി, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി‌എൽ‌ഐ) പദ്ധതി കേന്ദ്രം ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. പി‌എൽ‌ഐ പദ്ധതി പ്രകാരം ഇന്ത്യയിൽ മൊബൈൽ ഫോണുകൾ നിർമിക്കാന്‍ വിദേശ കമ്പനികൾക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു.

 

സാംസങ്, ഫോക്സ്കോൺ ഹോൺ ഹായ്, പെഗട്രോൺ, റൈസിങ് സ്റ്റാർ, വിസ്ട്രോൺ തുടങ്ങി ഫോൺ നിർമാതാക്കളുടെ അപേക്ഷകൾക്ക് കഴിഞ്ഞ ഒക്ടോബറിൽ തന്നെ ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം അംഗീകാരം നൽകി. ലാവ, ഭഗവതി (മൈക്രോമാക്സ്), പാഡ്‌ജെറ്റ് ഇലക്ട്രോണിക്സ്, യുടിഎൽ നിയോലിൻ‌സ്, ഒപ്റ്റിമസ് ഇലക്‌ട്രോണിക്‌സ് എന്നിവയാണ് മൊബൈൽ ഫോൺ നിർമാണത്തിന് അംഗീകാരം നൽകിയിട്ടുള്ള ആഭ്യന്തര കമ്പനികൾ.

 

English Summary: Budget 2021: Customs duty hiked 2.5% on mobile parts, phones to get more expensive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com