sections
MORE

സോണി എക്‌സ്പീരിയ പ്രോ: ഏറ്റവും ശക്തവും വേഗവുമുള്ള അദ്ഭുത ഫോൺ! വില ഇത്തിരി കൂടുതലാണ്...

sony-xperia-pro
SHARE

സോണി കമ്പനിക്കു പോലും തങ്ങള്‍ എന്തുകൊണ്ടാണ് സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ ശോഭിക്കാതെ പോയതെന്ന ചോദ്യത്തിനുത്തരം കണ്ടെത്താനാകുമെന്നു കരുതുന്നില്ല. സാംസങ്ങിനെക്കാള്‍ വിശ്വാസ്യതയുള്ള കമ്പനി. ഐഫോണ്‍ അടക്കമുള്ള സ്മാര്‍ട് ഫോണുകള്‍ക്ക് ക്യാമറാ സെന്‍സര്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനി. വിജയിക്കാന്‍ വേണ്ടതെല്ലാമുണ്ടായിട്ടും സ്മാര്‍ട് ഫോണ്‍ നിര്‍മാണ രംഗത്ത് ശോഭിക്കാന്‍ കഴിയാതെ പോയ കമ്പനിയായ സോണി ഇപ്പോള്‍ തങ്ങളുടെ ഫ്‌ളാഗ്ഷിപ് 5ജി ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ്– എക്‌സ്പീരിയ പ്രോ. 

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഒരു എക്‌സ്‌റ്റേണല്‍ മോണിട്ടറായി കൂടെ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍, ലോകത്തെ ആദ്യത്തെ 4കെ എച്ഡിആര്‍ ഓലെഡ് എക്‌സ്‌റ്റേണല്‍ മോണിട്ടറാണ് ഈ ഫോണ്‍. ഫോണിന് അഞ്ച് 5ജി ആന്റിനകളാണ് നല്‍കിയിരിക്കുന്നത്. സ്മാര്‍ട് ഫോണുകള്‍ക്ക് സുപരിചിതമല്ലാത്ത മൈക്രോ എച്ഡിഎംഐ പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ഈ ഫോണ്‍ തങ്ങള്‍ സൃഷ്ടിക്കുന്ന കണ്ടെന്റ് അതിവേഗം ട്രാന്‍സ്ഫര്‍ ചെയ്യണം എന്നാഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ക്കും, കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും മറ്റുമുള്ളതാണ്.

തത്സമയം തന്നെ കണ്ടെന്റ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. ഫോണിന്റെ നിര്‍മാണ രീതി എക്‌സ്പീരിയ 1 മാര്‍ക്ക് IIനെ അനുസ്മരിപ്പിക്കുന്നതാണ്. എന്നാല്‍, എച്ഡിഎംഐ പോര്‍ട്ടിന്റെ സാന്നിധ്യം ഫോണിനെ വേറിട്ടതാക്കുന്നു. വിഡിയോ ഷൂട്ടു ചെയ്യുന്ന ക്യാമറകള്‍ക്ക് എക്‌സ്‌റ്റേണല്‍ മോണിട്ടറായി ഉപയോഗിക്കാമെന്നതാണ് ഈ ഫോണിന്റെ ഗുണം. നിരവധി പ്രൊഫഷണല്‍ ക്യാമറകള്‍ക്ക് സപ്പോര്‍ട്ടുള്ളതായിരിക്കും എക്‌സ്പീരിയ പ്രോ. ഇത്തരം ഫങ്ഷനുകള്‍ ഉളള മറ്റുപകരണങ്ങള്‍ ഇല്ലെന്നതാണ് ഇതിനെ ആകര്‍ഷകമാക്കുന്നത്. മിക്കവരും ഇക്കാലത്ത് തങ്ങള്‍ ഒരു കണ്ടന്റ് ക്രിയേറ്ററാണ് എന്നു ഭാവിക്കാറുണ്ട് എന്നും ഓര്‍ക്കുക. അങ്ങനെ നോക്കിയാല്‍ ഫോണിന് മറ്റു ഫോണുകള്‍ക്ക് സാധിക്കാത്ത പല ഗുണങ്ങളുമുള്ളതാണെന്നു കാണാം. അതിനാല്‍ തന്നെ പല പ്രൊഫഷണലുകളുടെയും താത്പര്യമുണര്‍ത്താന്‍ സാധ്യതയുള്ളതാണിത് എന്നാണ് വിലയിരുത്തല്‍.

∙ ക്യാമറകള്‍

തത്സമയം മനുഷ്യരുടെയും മൃഗങ്ങളുടെയും കണ്ണുകളെ ഫോക്കസില്‍ നിർത്താനുള്ള സോണി ക്യാമറകളുടെ കഴിവ് ലോകമെമ്പാടും വാഴ്ത്തപ്പെടുന്നതാണ്. ഈ കഴിവാണ് എക്‌സ്പീരിയ പ്രോയെ വേര്‍തിരിച്ചു നിർത്തുന്ന മറ്റൊരു ഘടകം. സോണി ആര്‍ഫാ എ9 ക്യാമറകളെപ്പോലെ സെക്കന്‍ഡില്‍ 20 ഫോട്ടോകള്‍ വരെ എടുക്കാനുള്ള കഴിവും, കൃത്യതയുള്ള ഓട്ടോ ഫോക്കസും, ഓട്ടോ എക്‌സ്‌പോഷറും എക്‌സ്പീരിയ പ്രോയുടെ നിര്‍മിതിയില്‍ ഉൾപ്പെടുത്തിയിരിക്കുന്നു. 24എംഎം എഫ്/1.7 ക്യാമറയാണ് ട്രിപ്പിള്‍ പിന്‍ക്യാമറാ സിസ്റ്റത്തില്‍ പ്രധാനപ്പെട്ടത്. സെന്‍സര്‍ സൈസ് 1/1.7 ആണ്. (ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ പ്രധാന ക്യാമറയുടെ സെന്‍സറിന്റെ വലുപ്പം.) ഡ്യൂവല്‍ ഓട്ടോഫോക്കസുമുണ്ട്. 70എംഎം ടെലി, 16എംഎം അള്‍ട്രാ വൈഡ് എന്നിവയും ഒരു 3ഡി ഐടിഒഎഫ് മൊഡ്യൂളും പിന്നിലുണ്ട്. 4കെഎച്ഡിആര്‍ വിഡിയോ 60പി വരെ പകര്‍ത്താനും സാധിക്കും.

∙ കേവലം സ്മാര്‍ട് ഫോണല്ലിത്

പല ക്യാമറകള്‍ക്കും, വിശേഷിച്ചും സോണി മോഡലുകള്‍ക്ക്, ഒരു എക്‌സ്‌റ്റേണല്‍ മോണിട്ടറായി ഫോട്ടോ എടുക്കുമ്പോഴും, വിഡിയോ ഷൂട്ടു ചെയ്യുമ്പോഴും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും ആകര്‍ഷകമായ ഫീച്ചറുകളിലൊന്ന്. സാധാരണ എല്‍സിഡി മോണിട്ടറുകളെ പോലെയല്ലാതെ ഇതിന് അതീവ വ്യക്തതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും മികച്ച മിറര്‍ലെസ് ക്യാമറകളില്‍ പോലും ലഭ്യമായ എല്‍സിഡി മോണിട്ടര്‍ അല്ലെങ്കില്‍ ഓലെഡ് വ്യൂഫൈന്‍ഡറുകളെ നാണിപ്പിക്കുന്ന മികവാണ് സോണി എക്‌സ്പീരിയ പ്രോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. സപ്പോര്‍ട്ടു ചെയ്യുന്ന ക്യമാറയുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിച്ചാല്‍ എക്‌സ്പീരിയ പ്രോ ഉപയോഗിച്ച് വിഡിയോ മോണിട്ടറായും വിഡിയോ സ്ട്രീമിങ് ഉപകരണമായും ഒരേസമയം പ്രവര്‍ത്തിക്കും. ഫോണിന് 6.5-ഇഞ്ച് വലുപ്പമുള്ള 4കെ ട്രൂ എച്ഡിആര്‍ സ്‌ക്രീനാണ് ഉള്ളത്. സ്‌ക്രീനില്‍ കാണുന്ന ചിത്രം പിഞ്ച് ചെയ്ത് സൂം ചെയ്തു കാണുകയും ചെയ്യാം. ക്യാമറ ഫോക്കസു ചെയ്തിരിക്കുന്നത് അതീവ കൃത്യതയോടെയാണെന്ന് ഉറപ്പിക്കാന്‍ ഇത് ഉപകരിക്കും. ഇതിനെ ഒരു 4കെ ലൈവ് സ്ട്രീമിങ് ഉപകരണമായും വിഡിയോ ട്രാന്‍സ്ഫറിങ് ഉപകരണമായും ഉപയോഗിക്കാം. സെക്കന്‍ഡില്‍ 131 എംബി വരെ ഫയല്‍ ട്രാന്‍സ്ഫര്‍ സാധ്യമാണ്. എന്നാല്‍, ബാറ്ററി പ്രകടനത്തെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.

∙ ഫോണിന്റെ വില 2500 ഡോളര്‍!

ജോലി സ്ഥലങ്ങളിൽ 35000 ഡോളര്‍ വിലയുള്ള മോണിട്ടറുകളും മറ്റും ചുമന്നു നടക്കുന്നവരുടെ ജോലി ലഘൂകരിക്കുക എന്നതു കൂടെയാണ് എസ്പീരിയ പ്രോയുടെ മറ്റൊരു ലക്ഷ്യം എന്നു പറഞ്ഞാല്‍ ഈ വില ന്യായികരിക്കപ്പെടുമോ എന്ന കാര്യത്തിലുള്ള സംശയം ദുരീകരിക്കപ്പെടും. ഐഫോണ്‍ പോലെയൊരു ഫോണ്‍ വേണ്ടവര്‍ക്കുള്ളതല്ല എക്‌സ്പീരിയ പ്രോ. മൈക്രോ എച്ഡിഎംഐ പോര്‍ട്ടിലൂടെ 60പി വരെയുള്ള 4കെ സിഗ്നല്‍ സ്വീകരിക്കാനൊന്നും ഐഫോണിന് സാധിക്കില്ല. ഹോളിവുഡ് മൂവികള്‍ക്കു പോലും അനുയോജ്യമായ 21:9 അനുപാതമാണ് സ്‌ക്രീനിന്. 1,000,000:1 സ്റ്റാറ്റിക് കോണ്‍ട്രാസ്റ്റ് റേഷ്യോയും ഉണ്ട്.

∙ കുറവുകള്‍

നിലവില്‍ മറ്റു ക്യാമറകളില്‍ നിന്നുള്ള വിഡിയോ ഫോണില്‍ സ്‌റ്റോർ ചെയ്യാന്‍ കഴിയില്ല. അത് കാണാനും മറ്റേതെങ്കിലും ഉപകരണത്തിലേക്ക് റെക്കോഡു ചെയ്യാനും മാത്രമാണ് സാധിക്കുക. ഏതു ക്യാമറയില്‍ നിന്നുമുള്ള 720പി കണ്ടെന്റ് യുട്യൂബിലേക്കും ഫെയ്‌സ്ബുക് ലൈവിലേക്കും മറ്റും സ്ട്രീം ചെയ്യാനാകും. ക്യാമറയ്ക്കും ഫോണിനുമിടയ്ക്ക് എച്ഡിഎംഐ വഴി ഡേറ്റ കൈമാറ്റം ചെയ്യുന്നത് അവിശ്വസനീയമായ സ്പീഡിലാണ്- 12ജിബിപിഎസ്. അതേസമയം 5ജി അപ്‌ലോഡിന്റെ പരിമിതികള്‍ സ്ട്രകീമിങ്ങിനെ ബാധിക്കുകയും ചെയ്യും. നിലവില്‍ പലയിടത്തും പരമാവധി 5ജി അപ്‌ലോഡ് സ്പീഡ് 115-131 എംബിപിഎസ് ആണല്ലോ. എന്തായാലും, സാങ്കേതികമായി ഉന്നത നിലവാരം പുലര്‍ത്തുന്ന ഒന്നാണ് സോണിയുടെ പുതിയ ഫോണ്‍-മോണിട്ടര്‍ ഉപകരണമെന്നാണ് പ്രഥമ റിപ്പോർട്ടുകള്‍ പറയുന്നത്.

English Summary: Sony's $2500 Xperia Pro is an incredible device

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA