ADVERTISEMENT

ലോകത്തെ ഇപ്പോഴത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ വാവെയ് പി, മെയ്റ്റ് സീരീസുകൾ വിറ്റ് കളംവിടാനുള്ള തയാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനായി കമ്പനി ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിവരികയാണ് എന്നാണ് ഇതേക്കുറിച്ച് നേരിട്ട് അറിവുണ്ടെന്ന് അവകാശപ്പെട്ട രണ്ടു വ്യക്തികള്‍ അറിയിച്ചത്. നേരത്തെ, തങ്ങളുടെ സബ് ബ്രാന്‍ഡ് ആയിരുന്ന ഓണര്‍ കമ്പനിയെ വേര്‍പെടുത്തിയ വാവെയ് ഹൈ-എന്‍ഡ് ഫോണ്‍ നിര്‍മാണവും അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സ്മാര്‍ട് ഫോണ്‍ നിര്‍മാണം കൂടാതെ, ലോകത്തെ ഏറ്റവും വലിയ ടെലികോം ഉപകരണ നിര്‍മാതാവു കൂടിയായ വാവെയ് ഇപ്പോള്‍ ഷാങ്ഹായ് സർക്കാരിന്റെ പിന്തുണയുള്ള ചില കമ്പനികളുമായി തങ്ങളുടെ പി, മെയ്റ്റ് സീരീസുകളുടെ വില്‍പനയ്ക്കുള്ള ചര്‍ച്ചകള്‍ നടത്തുകയാണ്. 

 

മെയ്റ്റ്, പി സീരീസുകള്‍ക്ക് 2019 മൂന്നാം പാദത്തിനും, 2020 മൂന്നാം പാദത്തിനുമിടയില്‍ 39.7 ബില്ല്യന്‍ ഡോളറിന്റെ വിറ്റുവരവാണ് ലഭിച്ചിരിക്കുന്നതെന്ന് ഐഡിസിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഈ നീക്കത്തെക്കുറിച്ച് ഒന്നും തുറന്നു പറയാന്‍ കമ്പനി തയാറായിട്ടുമില്ല. എന്നാല്‍, ഇത്ര വിജയകരമായി നടത്തിവന്ന കമ്പനി എന്തുകൊണ്ടാണ് വിറ്റൊഴിവാക്കാന്‍ തീരുമാനിച്ചത് എന്നാണ് ഉയരുന്ന ചോദ്യം.

 

∙ പ്രശ്‌നം അമേരിക്ക തന്നെ

 

ബൈഡന്‍ ഭരണകൂടം അധികാരമേറ്റതോടെ അമേരിക്കയില്‍ എന്തെങ്കിലും കാതലായ നയമാറ്റം ഉണ്ടാകുമോ എന്നറിയാനായിരുന്നു വാവെയ് കാത്തിരുന്നത്. എന്നാല്‍, അങ്ങനെയൊന്നും ഉണ്ടായേക്കില്ല പഴയ നയങ്ങള്‍ തുടരാനാണ് സാധ്യത എന്ന വ്യക്തമായ സൂചന ലഭിച്ചു തുടങ്ങിയതോടെ കമ്പനി വില്‍ക്കാനുള്ള നീക്കങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുകയാണ് വാവെയ്. സ്മാര്‍ട് ഫോണ്‍ നിര്‍മാണം നിർത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കമ്പനിക്കുള്ളില്‍ നടക്കുന്നുണ്ട്. അതേസമയം, തങ്ങള്‍ക്ക് തൃപ്തികരമായ ഒരു വില കിട്ടുന്നില്ലെങ്കില്‍ കമ്പനി മുന്നോട്ടു കൊണ്ടുപോകാനായി വാവെയ് തന്നെ നിര്‍മിച്ച അവരുടെ ഹൈ-എന്‍ഡ് സ്മാര്‍ട് ഫോണ്‍ പ്രോസസറായ കിരിന്റെ പുതിയ പതിപ്പ് നിർമിക്കാനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെന്നും പറയുന്നു.

 

ബൈഡന്‍ ഭരണകൂടത്തിലും പ്രതീക്ഷവയ്ക്കുന്നതില്‍ അര്‍ഥമില്ലെന്നു കണ്ടതോടെയാണ് വാവെയുടെ സ്വപ്നങ്ങള്‍ അസ്തമിച്ചതെന്നു പറയുന്നു. ട്രംപ് ഭരണകൂടം 2019 മെയ് മാസത്തിലാണ് വാവെയ്ക്ക് ഘടകഭാഗങ്ങളും മറ്റും നല്‍കുന്ന കാര്യത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതോടെ അമേരിക്കന്‍ കമ്പനികൾക്ക് പേറ്റന്റുള്ള ഘടകഭാഗങ്ങള്‍ വാവെയ്ക്ക് ലഭിക്കില്ലെന്നു വന്നു. ഇനി ഷാങ്ഹായ് സർക്കാരിന്റെ പിന്തുണയുള്ള ഒരു കണ്‍സോര്‍ഷ്യത്തിന് ബിസിനസ് പൂര്‍ണമായി വില്‍ക്കാനാകുമോ എന്നായിരിക്കും വാവെയ് ചിന്തിക്കുക എന്നു പറയുന്നു. ഓണര്‍ ബ്രാന്‍ഡിന്റെ കാര്യത്തില്‍ ഇത്തരത്തിലൊരു നീക്കമാണ് വിജയിച്ചത്. പുതിയ നീക്കം വിജയിച്ചാല്‍ തങ്ങളുടെ പി, മെയ്റ്റ് സീരീസുകളുടെ മാനേജ്‌മെന്റ് ടീമുകളെയും വാവെയ് വിട്ടു നല്‍കിയേക്കുമെന്നും പറയുന്നു. അതേസമയം, ഇത്തരം ഒരു ചര്‍ച്ച നടക്കുന്നതായി സ്ഥിരീകരിക്കാന്‍ ഷാങ്ഹായ് സർക്കാരോ, വാവെയ് കമ്പനിയോ വിസമ്മതിച്ചു. ഇത്തരത്തില്‍ ചില ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ അതില്‍ ഒരു കഴമ്പുമില്ലെന്നാണ് വാവെയ് വക്താവ് പ്രതികരിച്ചത്.

 

ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ വാവെയ് കഴിഞ്ഞ നവംബറിലാണ് തങ്ങളുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഓണര്‍ ബ്രാന്‍ഡ് ഷെന്‍സെന്‍ സർക്കാരിന്റെ പിന്തുണയുള്ള 30 ഡീലര്‍മാരുടെ ഒരു കണ്‍സോര്‍ഷ്യത്തിന് വിറ്റത്. ഏകദേശം 15.5 ബില്ല്യന്‍ ഡോളറിനായിരുന്നു വിറ്റത്. വാവെയ്‌ക്കെതിരെയുള്ള ഉപരോധം ഈ ബ്രാന്‍ഡിനെ എങ്കിലും ബാധിക്കാതിരിക്കട്ടെ എന്നു കരുതിയാണ് വിറ്റത്. എന്തായാലും, ഓണറും വാവെയും ഒരുമിച്ചുകൊണ്ടുപോകാന്‍ വേണ്ടത്ര ചിപ്പുകളും സോഫ്റ്റ്‌വെയറും കിട്ടില്ലെന്നും ഉറപ്പായിരുന്നു. വില്‍പ്പന വഴി ആ ബ്രാന്‍ഡ് എങ്കിലും രക്ഷപെടട്ടെ എന്നാണ് മാതൃ കമ്പനി കരുതിയത്. ട്രംപ് ഭരണകൂടം പോയാല്‍ തങ്ങള്‍ക്കെതിരെയുള്ള ഉപരോധത്തില്‍ അയവു വന്നേക്കാമെന്നും അവര്‍ കരുതി. ഹാര്‍ഡ്‌വെയര്‍ മാത്രമല്ല ഗൂഗിളിന്റെ മൊബൈല്‍ സര്‍വീസുകൾക്കും വിലക്കേർപ്പെടുത്തിയിരുന്നു.

 

ഓണര്‍ ഒഴിവായിട്ടും ഇനിയും ഫോണുകളിറക്കാന്‍ വേണ്ട ചിപ്പുകള്‍ ലഭ്യമാക്കുക എന്നത് ശ്രമകരമായ കാര്യമാണെന്നു മനസ്സിലായതാണ് ബാക്കിയുള്ള ഹൈ-എന്‍ഡ് സീരീസുകളും കൈവിട്ടുകളയാനുള്ള ആലോചനയ്ക്ക് കാരണം. വാവെയ് ദേശീയ സുരക്ഷയക്ക് ഭീഷണിയാണെന്നാണ് വാഷിങ്ടണ്‍ പറയുന്നത്. എന്നാല്‍, ഒരു ഭീഷണിയും തങ്ങള്‍ ഫോണുകളിലോ ടെലികോം ഉപകരണങ്ങളിലോ ഒളിപ്പിക്കുന്നില്ലെന്ന് വാവെയ് പറയുന്നു. എന്തായാലും തങ്ങളുടെ വാദം ഇനിയും ആരും കേൾക്കില്ലെന്ന് ഇപ്പോള്‍ കമ്പനിക്ക് ഉറപ്പായിരിക്കുകയാണ്.

 

കഴിഞ്ഞ വര്‍ഷം തന്നെ കമ്പനിയുടെ കണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പിന്റെ മേധാവി റച്ചാഡ് യു പറഞ്ഞത് അമേരിക്കന്‍ ഉപരോധം മൂലം തങ്ങളുടെ സ്വന്തം കിരിന്‍ ചിപ്പ് നിര്‍മിച്ചെടുക്കലും വിഷമമാണ് എന്നാണ്. എന്തായാലും, അവര്‍ വാങ്ങിക്കൂട്ടിയ ചിപ്പുകള്‍ക്കു വേണ്ട അനുബന്ധ ഘടകങ്ങള്‍ ഈ വര്‍ഷം കൊണ്ട് ഉപയോഗിച്ചു തീര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. വാവെയുടെ ഹൈസിലിക്കണ്‍ വിഭാഗം അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ കമ്പനികളായ കെയ്ഡന്‍സ് ഡിസൈന്‍ സിസ്റ്റം, സിനോപ്‌സിസ് എന്നിവയെ ആശ്രയിച്ചാണ് ചിപ്പുകള്‍ ഡിസൈന്‍ ചെയ്യുന്നത്. ഇവ നിര്‍മിച്ചെടുക്കാന്‍ തായ്‌വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് കമ്പനിയെയും ആശ്രയിക്കുന്നു.

 

പി, മെയ്റ്റ് മോഡലുകള്‍ എക്കാലത്തും വിസ്മയിപ്പിക്കുന്ന മികവുകളുമായാണ് അവതരിപ്പിച്ചിരുന്നത്. ക്യാമറ പ്രകടനത്തില്‍ ഇപ്പോള്‍പ്പോലും ഐഫോണ്‍ 12 പ്രോ മാക്‌സിനെക്കാള്‍ (130 പോയിന്റ്‌സ്) വാവെയ് പി40 പ്രോ പ്ലസ് (139 പോയിന്റ്‌സ്) മുന്നിലാണ്. (കൃത്യമായി പറഞ്ഞാല്‍ വാവെയുടെ മൂന്നു മോഡലുകള്‍ ഐഫോണ്‍ 12 പ്രോ മാക്‌സിനെക്കാള്‍ മുന്നിലാണ്. വാവെയ് പി40 പ്രോ (132 പോയിന്റ്‌സ്), മെയ്റ്റ് 40 പ്രോ (136 പോയിന്റ്‌സ്). സാംസങ്ങിനും ആപ്പിളിനുമെതിരെ ശക്തി തെളിയിച്ച കമ്പനി പിന്‍വാങ്ങുന്നത് നിശ്ചയമായും ടെക്‌നോളജി ലോകത്തെ മത്സരം കുറയ്ക്കുമെന്ന വാദമുണ്ട്. ഇപ്പോള്‍ത്തന്നെ ആവശ്യമുള്ളത്ര മെയ്റ്റ് 40, പി40 ഫോണുകള്‍ ഇറക്കാന്‍ കമ്പനി പാടുപെടുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

English Summary: Why the world’s No 2 smartphone maker is trying to sell the company?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com