sections
MORE

പുതിയ ഫോൺ വാങ്ങാൻ പോകുന്നവർക്ക് 8 നിർദ്ദേശങ്ങൾ, കുറഞ്ഞ വിലയ്ക്ക് എങ്ങനെ ബുദ്ധിപൂര്‍വം സ്മാര്‍ട് ഫോണ്‍ വാങ്ങാം?

iphone-12
SHARE

തീര്‍ച്ചയായും, കൂടുതല്‍ പണം കൊടുത്താല്‍ കൂടുതല്‍ 'മികച്ച' സ്മാര്‍ട് ഫോണ്‍ കിട്ടും. എന്നാല്‍, ഈ അധിക ഫീച്ചറുകള്‍ എത്ര പേര്‍ക്ക് ഉപയോഗിക്കാനറിയാം? ഇവ എത്ര കാലത്തേക്കാണ് മികവോടെ നില്‍ക്കുക? ഉദാഹരണത്തിന് നിങ്ങള്‍ ഏറ്റവും പുതിയ ഐഫോണ്‍ 12 പ്രോ മാക്‌സ് തന്നെ വാങ്ങിയെന്നു സങ്കല്‍പ്പിക്കുക. അടുത്ത വര്‍ഷം ഐഫോണ്‍ 13 പ്രോ മാക്‌സ് ഇറങ്ങുമ്പോള്‍ അതാണ് മികച്ച ഫോണെന്ന് ഉറപ്പായും തോന്നും. അതായത് പരമാവധി ഒരു വര്‍ഷം മാത്രമാണ് വിലകൂടിയ ഫോണിന്റെ പ്രതാപം നിലനില്‍ക്കുക. എല്ലാവര്‍ഷവും പുതിയ ഫോണ്‍ വാങ്ങിക്കുമെന്നു തീരുമാനിച്ചാല്‍ അതു പരിഹരിക്കാം. എന്നാല്‍, ഇത്രയൊക്കെ പണം ഒരു ഫോണിനു നല്‍കേണ്ടതായി ഉണ്ടോ? പലപ്പോഴും നല്‍കുന്ന പണം നിങ്ങള്‍ ഉപയോഗിക്കുന്നില്ലാത്ത ഫീച്ചറിനും കൂടിയുള്ളതാണ്. കുറച്ചു ശ്രദ്ധിച്ചാല്‍ ഫോണുകള്‍ക്കായി അധികം പണം മുടക്കാതെ അത് വേറെന്തെങ്കിലും കാര്യത്തിനായി വിനിയോഗിക്കാമെന്നു കാണാം.

∙ ഏതു വാങ്ങണം എന്നറിയാത്ത സ്ഥിതി

പെട്ടെന്ന് ഒരു ദിവസം ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ എത്ര പഠനം നടത്തിയാലും ഏതു മോഡൽ വാങ്ങണമെന്നു തീര്‍ച്ചപ്പെടുത്താന്‍ വിഷമമായിരിക്കും. എല്ലാ ഹാന്‍ഡ്‌സെറ്റുകളിലും അത്യാധുനിക ഫീച്ചറുകളുണ്ടെന്നാണ് മിക്ക ബ്രാൻഡുകളുടെയും അവകാശവാദം. കൂടുതല്‍ മികച്ച ക്യാമറ, കൂടുതല്‍ എണ്ണം ക്യാമറ, ശക്തി കൂടിയ പ്രോസസര്‍, വലിയ ബാറ്ററി, കൂടുതല്‍ റിഫ്രഷ് റെയ്റ്റുള്ള സ്‌ക്രീന്‍ ഇങ്ങനെ ഓരോരോ അവകാശവാദവുമായി ഫോണുകള്‍ ലഭ്യമാണ്. നിര്‍മാണ കമ്പനികള്‍ തമ്മില്‍ മത്സരം നിലനില്‍ക്കുന്നത് വിലയുടെ കാര്യത്തിലായാലും ഫീച്ചറുകളുടെ കാര്യത്തിലാണെങ്കിലും ഉപയോക്താവിന് ഗുണകരമാണ്. എന്നാല്‍, ഇക്കാലത്ത് ഒരേ വിലയ്ക്കുള്ള ഏതു ഫോണ്‍ വാങ്ങിയാലും തമ്മില്‍ വലിയ വ്യത്യാസമൊന്നും കാണില്ല. ഒരേതരം അനുഭവമായിരിക്കും നല്‍കുക.

∙ ആദ്യം തീരുമാനിക്കേണ്ടത് ഏത്രമാത്രം പണം ചെലവിടുന്നു എന്നതു തന്നെ

അധികമായി നല്‍കുന്ന ഓരോ 2000 രൂപയ്ക്കും കൂടുതല്‍ ഫീച്ചറുകള്‍ ലഭ്യമായിരിക്കും എന്നാണ് ബ്രാൻഡുകൾ അവകാശപ്പെടുന്നത്. ഇവയില്‍ പലതും നാം ഉപയോഗിക്കുന്നില്ലെങ്കിലോ? അപ്പോള്‍ ചെലവിടാന്‍ ഉദ്ദേശിക്കുന്ന തുക തീരുമാനിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുക. ഉദാഹരണത്തിന് 14,000 രൂപ ചെലവിടാനാണ് തീരുമാനിച്ചിരിക്കുന്നതെങ്കില്‍ ഓണ്‍ലൈന്‍ സൈറ്റുകളിലാണെങ്കിലും, കടയിലാണെങ്കിലും ഫീച്ചറുകള്‍ നോക്കി 28,000 രൂപ മുടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക.

∙ വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങളുടെ ലിസ്റ്റ് തയാറാക്കുക

നിങ്ങള്‍ ഫോണ്‍ കൂടുതലായും കോളിനാണ് ഉപയോഗിക്കുന്നതെങ്കില്‍ സ്‌ക്രീനിന്റെ മികവ് അന്വേഷിച്ചു സമയം കളയേണ്ട കാര്യമില്ല. അതേസമയം, ധാരാളം ബ്രൗസ് ചെയ്യുന്നുവെങ്കില്‍ ഫുള്‍എച്ഡി പ്ലസ് സ്‌ക്രീനുള്ള ഫോണ്‍ പരിഗണിക്കാം. അതേസമയം, ഗെയ്മിങ്ങാണെങ്കില്‍ സ്‌ക്രീന്‍ റെസലൂഷന്‍ കൂടാതെ റിഫ്രഷ് റെയ്റ്റും പരിഗണിക്കാം. ഫോണില്‍ ഗെയിം കളിക്കാത്തവര്‍ റിഫ്രെഷ് റെയിറ്റിന് പണം കളയുന്നത് നീതീകരിക്കാനാവില്ല. വയര്‍ലെസ് ചാര്‍ജര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ വയര്‍ലെസ് ചാര്‍ജിങ് ശേഷിയുള്ള ഹാന്‍ഡ്‌സെറ്റിന് അധിക വില നല്‍കേണ്ട കാര്യമില്ല. വയര്‍ലെസ് ഇയര്‍ബഡ്‌സ് വേണ്ടെന്നാണെങ്കില്‍ 3.5 എംഎം ജാക്ക് ഉള്ള ഫോണ്‍ തിരഞ്ഞെടുത്താല്‍ മതി. ഫോണ്‍ ഫാസ്റ്റായി ചാര്‍ജ് ചെയ്യുന്നതു കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നും തോന്നുന്നില്ലെങ്കില്‍ ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറിന് അധിക വില നല്‍കേണ്ടതില്ല. ഇങ്ങനെ വേണ്ടതും വേണ്ടാത്തതുമായ ഫീച്ചറുകളുടെ ലിസ്റ്റ് തയാറാക്കുന്നത് പണം ലാഭിക്കാന്‍ ഉപകരിക്കും.

∙ നിരാശപ്പെടാതിരിക്കാന്‍ എന്തു പ്രതീക്ഷിക്കാമെന്ന് നേരത്തെ മനസ്സിലാക്കുക

നിങ്ങള്‍ 10,000 രൂപയുടെ ഫോണ്‍ വാങ്ങിയിട്ട് അത് പുതിയ ഐഫോണ്‍ സീരീസ് പോലെയോ, സാംസങ്ങിന്റെ നോട്ട് സീരീസ് പോലെയോ ഇരിക്കുന്നില്ലെന്നോ പ്രവര്‍ത്തിക്കുന്നില്ലെന്നോ പറഞ്ഞ് നിരാശപ്പെടേണ്ട കാര്യമില്ല. വിവിധ ബ്രാന്‍ഡുകള്‍ തങ്ങളുടെ ഹാന്‍ഡ്‌സെറ്റുകളില്‍ എന്തെല്ലാമൊക്കെയോ കുത്തി നിറച്ചിരിക്കുന്നുവെന്നും അത് നിങ്ങള്‍ക്ക് ഗുണകരമാകുമെന്നുമെല്ലാം പരസ്യങ്ങളിലൂടെയും മറ്റും പറഞ്ഞുകൊണ്ടിരിക്കും. ഇവ ആവര്‍ത്തിച്ചു കേള്‍ക്കുമ്പോള്‍ സംഗതി ശരിയാണല്ലോ എന്നും തോന്നും. അതില്‍ ശ്രദ്ധിക്കേണ്ട കാര്യമില്ല.

snapdragon-855

∙ പ്രോസസറുകള്‍

ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത് ഒരേ പ്രോസസറുകളാണെങ്കില്‍ അവയുടെ പ്രകടനത്തില്‍ വലിയ വ്യത്യാസമൊന്നും കാണാന്‍ വഴിയില്ല. എന്നാല്‍, പരസ്യങ്ങളിലൂടെ കമ്പനികൾ തങ്ങളുടെ ഫോണിന് അധിക ഗുണം നല്‍കാനാകുമെന്ന് ധരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഉദാഹരണത്തിന് ആന്‍ഡ്രോയിഡ് ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അവയില്‍ പലതും ക്വാല്‍കമിന്റെ സ്‌നാപ്ഡ്രാഗണ്‍ പ്രോസസറുകള്‍ ഉപയോഗിക്കുന്നവയായിരിക്കും. ഇവ 8, 7, 6, 4, 2 എന്നീ അക്കങ്ങളില്‍ തുടങ്ങുന്നവയായിരിക്കും. ഇതില്‍ 8 ഏറ്റവും നല്ല പ്രോസസറിനെ കാണിക്കുന്നുവെങ്കില്‍ 2 ഏറ്റവും ശക്തി കുറഞ്ഞ പ്രോസസറിനെ കാണിക്കുന്നു. ഇവ ഒരു പരിധിവരെ ആപ്പുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. എന്നാല്‍, ആപ്പുകളുടെ പ്രവര്‍ത്തനത്തെ റാം, ഇന്റര്‍നെറ്റ് സ്പീഡ്, സോഫ്റ്റ്‌വെയര്‍ തുടങ്ങിയവയും സ്വാധീനിക്കുന്നു.

∙ ക്യാമറകളുടെ എണ്ണം

ക്യാമറകളുടെ എണ്ണം വര്‍ധിപ്പിച്ച് ശ്രദ്ധ ആകര്‍ഷിക്കുക എന്നതാണ് കമ്പനികള്‍ നടത്തിവരുന്ന മറ്റൊരു കലാപരിപാടി. മിക്കപ്പോഴും പ്രധാന ക്യാമറ തന്നെയായിരിക്കും താരം. ചിലപ്പോള്‍ മികച്ച പോര്‍ട്രെയ്റ്റ് ലെന്‍സുകളും, മാക്രോ ലെന്‍സുകളും ലഭിക്കാനും വഴിയുണ്ട്. എന്നാല്‍, മിക്കവാറും എല്ലാ സാഹചര്യത്തിലും പ്രയോജനപ്പെടുക പ്രധാന ക്യാമറ തന്നെയായിരിക്കും. അത്തരത്തില്‍ നോക്കിയാല്‍ ഒരു ക്യാമറ പോലും മതിയാകും. ഐഫോണ്‍ എസ്ഇ 2020 തുടങ്ങിയ ഫോണുകളില്‍ ഈ സമീപനം കാണാം.

phone-camera

∙ ബാറ്ററി ലൈഫ്

സ്വാഭാവികമായും കുറച്ചു കാലം കഴിയുമ്പോള്‍ ആദ്യം ലഭിച്ചിരുന്ന അത്ര ബാറ്ററി ബാക്-അപ് പിന്നീട് ലഭിക്കില്ല. പല ഫോണുകളിലും ആറു മാസം കഴിയുമ്പോള്‍ മുതല്‍ ഇത് പ്രകടമായി തുടങ്ങും. ഒരു വര്‍ഷം കഴിയുമ്പോള്‍ മിക്ക ഫോണുകളും എല്ലാ ദിവസവും ചാര്‍ജ് ചെയ്യേണ്ട അവസ്ഥ വന്നേക്കാം. അതുകൊണ്ട് അധിക എംഎഎച് ബാറ്ററി ശക്തി കണ്ട് ഫോണ്‍ വാങ്ങുന്നതിലും വലിയ അര്‍ഥമൊന്നും ഇല്ലെന്നും കാണാം.

∙ ആഢംബരം കാണിക്കല്‍

പലരും അധിക വില നല്‍കുന്നത് ഫോണ്‍ എല്ലാവരെയും കാണിച്ച് താനൊരു സംഭവമാണെന്നു കാണിക്കാന്‍ കൂടിയാണ്. എന്തായാലും ഈ കോവിഡ് കാലത്ത് അധികം പേരും, ‘ഓ അതൊരു ഭയങ്കര ഹാന്‍ഡ്‌സെറ്റ് തന്നെ’ എന്നു പറഞ്ഞ് അസൂയകൊളളാനൊന്നും പോകുന്നില്ല. ഇതിനാല്‍ തന്നെ അധിക വില പാഴാകാനാണ് സാധ്യത. അതേസമയം, സാധാരണ ജീവിതം പുനഃസ്ഥാപിക്കപ്പെടുമ്പോള്‍ കൂടുതല്‍ നല്ല ഫോണ്‍ വാങ്ങാമെന്നു വേണമെങ്കില്‍ കരുതി അധികം പണം ഇപ്പോള്‍ ചെലവിടാതെ സൂക്ഷിച്ചുവയ്ക്കുകയോ, വീട്ടിലേക്കും മറ്റും കൂടുതല്‍ ഉപകാരപ്രദമായ സാധനങ്ങള്‍ വാങ്ങുകയും ചെയ്യാം.

English Summary: How to save money while buying a smartphone

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA