sections
MORE

ലോകത്തെ ആദ്യ 18 ജിബി റാം ഫോണ്‍! ഗെയിമിങ് പ്രേമികൾക്കായി ഫാനും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു

nubia-redmagic6
SHARE

ആദ്യ 18 ജിബി റാം ഫോണ്‍, അതിൽ ഗെയിമിങ് പ്രേമികൾക്കായി ഫാൻ. ലോകത്തെ ആദ്യ 18 ജിബി റാം ഫോണിൽ ഈ മെമ്മറിയാണോ, ഫോണിനുള്ളിലെ ഫാൻ ആണോ കൂടുതല്‍ വിചിത്രമെന്നാണ് ടെക് വിദഗ്ധർ ചോദിക്കുന്നത്. എന്തായാലും അത്തരമൊരു അമ്പരപ്പിക്കുന്ന ഉദ്യമം ന്യൂബിയയുടെ റെഡ്മാജിക് 6 പ്രോ മോഡലില്‍ സംഭവിച്ചിരിക്കുന്നു.

∙ ഇതുകൊണ്ടൊന്നും തീരുന്നില്ല അത്യാകര്‍ഷകമായ ഫീച്ചറുകള്‍

റെഡ്മാജിക് 6 പ്രോയ്ക്ക് 165 ഹെട്‌സ് റിഫ്രഷ് റേറ്റ് സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം ' ടച്ച് കോറിയോഗ്രാഫര്‍ ' ടെക്‌നോളജിയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഫോണിന്റെ സ്‌ക്രീനില്‍ നടത്തുന്ന ഇടപെടലിന് ഏറ്റവും അനുയോജ്യമായ റിഫ്രഷ് റേറ്റ് നല്‍കുകയാണ് ഇതുവഴി ചെയ്യുക. ഇതിലൂടെ സ്‌ക്രീനില്‍ നിന്ന് മികച്ച അനുഭവം ലഭിക്കും. കൂടാതെ ബാറ്ററി ലാഭിക്കാം.

ഫോണിന്റെ റെസ്‌പോണ്‍സ് ടൈം 8 മില്ലി സെക്കന്‍ഡ്‌സ് വരെയാണെന്ന് കമ്പനി അവകാശപ്പെടുന്നു. ടച്ചിനോടുള്ള സ്‌ക്രീനിന്റെ പ്രതികരണം അതിവേഗമായിരിക്കുമെന്നതില്‍ സംശയം വേണ്ട. ഗെയിമര്‍മാര്‍ക്ക് കളി അതിവേഗം തുടരാനാകും. സ്‌ക്രീനിന് ഇന്നു ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച ടച് സാമ്പിളിങ് റേറ്റും ഉണ്ടെന്നാണ് കമ്പനിയുടെ വാദം. ഒരു വിരല്‍ ഉപയോഗിച്ചാല്‍ 500 ഹെട്‌സും, മള്‍ട്ടി ടച്ചിന് 360 ഹെട്‌സുമാണ് റിഫ്രഷ് റേറ്റ്.

∙ ശക്തരില്‍ ശക്തന്‍?

ഇപ്പോള്‍ വാങ്ങാന്‍ ലഭിക്കുന്ന ഫോണുകളില്‍ ഏറ്റവും കരുത്തന്‍ സാംസങ് ഗ്യാലക്‌സി എസ്21 അള്‍ട്രയാണെന്നു പറയുന്നു. വണ്‍പ്ലസ് 9 പ്രോ തുടങ്ങിയ ഫോണുകള്‍ താമസിയാതെ വിപണിയിലെത്തുമ്പോള്‍ കരുത്തന്‍ ഫോണുകളുടെ ഒരു നിര തന്നെ ലഭ്യമാകും. എന്നാല്‍, ഇതിനേക്കാൾ എടുത്തു നില്‍ക്കുന്ന ഒരു മോഡല്‍ പുറത്തിറക്കാനാണ് ന്യൂബിയ ശ്രമിക്കുന്നത്. പ്രത്യേകിച്ചും ഗെയിമര്‍മാര്‍ക്ക് ഇത് അത്യാകര്‍കഷമായ ഫോണായിരിക്കും. എന്നാല്‍, സാധാരണ ഉപയോക്താവിന് ഇത്തരം ഫോൺ അത്ര ആകര്‍ഷകമാകില്ല. കാരണം കെട്ടിലും മട്ടിലും ഇതൊരു ഗെയിമിങ് ഫോണാണ്. ഈ വര്‍ഷം ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും ശക്തമായ ഫോണുകളിലൊന്നുമായിരിക്കും റെഡ്മാജിക് 6 പ്രോ.

∙ ഇതെല്ലാം ആവശ്യമില്ലാത്തതോ?

പലപ്പോഴും ഇത്തരം ഹാര്‍ഡ്‌വെയര്‍ അനാവശ്യമാണെന്ന് കരുതുന്നവരും ഉണ്ട്. ഇന്ന് ആന്‍ഡ്രോയിഡില്‍ ലഭ്യമായ ഗെയിമുകള്‍ കളിക്കാന്‍ ഇത്തരം കരുത്തിന്റെയൊന്നും ആവശ്യമില്ലെന്നാണ് അവര്‍ വാദിക്കുന്നത്. എങ്കിലും ഓരോ വര്‍ഷവും ഇങ്ങനെ കരുത്തിന്റെ പേരും പറഞ്ഞെത്തുന്ന ഫോണുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും പറയുന്നു.

∙ ഗെയ്മിങ് പ്രേമികള്‍ ഇത്തരം വിമര്‍ശനങ്ങള്‍ വകവയ്ക്കില്ല

പണക്കാരായ ഗെയ്മിങ് പ്രേമികള്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കില്ലെന്ന ആത്മവിശ്വാസമാണ് കമ്പനികളെക്കൊണ്ട് ഇതു ചെയ്യിപ്പിക്കുന്നത്. ഫോണിന് എത്ര ശക്തിയുണ്ടോ അത്രയും നല്ലത് എന്നതാണ് അവരുടെ നിലപാട്. റെഡ്മാജിക് 6 പ്രോയുടെ മറ്റു ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകളും ഗെയിമിങ് പ്രേമികള്‍ക്ക് ഇഷ്ടപ്പെടും. സ്‌നാപ്ഡ്രാഗണ്‍ന്റെ 888 പ്രോസസര്‍ ആണ് ഫോണിന് മൊത്തത്തില്‍ കരുത്തുപകരുന്നത്. ഫോണിന് 5ജിയും വൈ-ഫൈ 6 ഇയും ഉണ്ട്. എല്‍പിഡിഡിആര്‍ 5 റാമാണ് ഉപയോഗിച്ചിരിക്കുന്നത്. അവ 5500 എംബിപിഎസില്‍ പ്രവര്‍ത്തിക്കുന്നു. സംഭരണത്തിന് ഉപയോഗിച്ചിരിക്കുന്നത് യുഎഫ്എസ് 3.1 ആണ്. 6.8-ഇഞ്ച് വലുപ്പമുളള ഫുള്‍ എച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെയാണുള്ളത്. ആന്‍ഡ്രോയിഡ് 11നുമേല്‍ കമ്പനിയുടെ സ്വന്തം റെഡ്മാജിക് ഒഎസ് 4.0 ഉപയോഗിച്ചിരിക്കുന്നു. ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, സ്റ്റീരിയോ സ്പീക്കറുകള്‍, മൂന്നു മൈക്കുകള്‍ എന്നിവയും ഉണ്ട്.

∙ റാം 18 തന്നെയോ?

ഫോണില്‍ റാം ബൂസ്റ്റ് കംപ്രഷന്‍ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ശരിക്കും മെമ്മറി 18 ജിബി ഇല്ല. എന്നാല്‍, തങ്ങള്‍ മെമ്മറി വെര്‍ച്വലായി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നു പറഞ്ഞാല്‍ 12 ജിബി മെമ്മറിക്ക് 18 ജിബിയുടെ ഗുണം ലഭ്യമാക്കുകയാണ് ചെയ്യുന്നതെന്ന് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്. ഫലത്തില്‍ ആപ്പുകള്‍ക്ക് ഉപയോഗിക്കാനായി അധികം മെമ്മറി ഫ്രീയാക്കുകയാണ് ചെയ്യുന്നത്.

∙ കൂളിങ് ഫാന്‍

കൂളിങ് ഫാൻ ഉപയോഗിച്ച് ഗെയിം കളിക്കുന്നവര്‍ ഫോണിന്റെ കരുത്തു പരമാവധി ഉപയോഗിക്കുന്നു. സ്വാഭാവികമായും ഫോണുകള്‍ക്കും കംപ്യൂട്ടറുകള്‍ക്കും ഇത്തരം സാഹചര്യത്തില്‍ ചൂടു കൂടും. ഇതിനാണ് റെഡ്മാജിക് 6 പ്രോ ഫോണില്‍ ഐസിഇ 6.0 മള്‍ട്ടിഡൈമന്‍ഷണല്‍ കൂളിങ് സിസ്റ്റം ഉപയോഗിച്ചിരിക്കുന്നത്. ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഹൈ-സ്പീഡ് സെന്‍ട്രിഫ്യൂഗല്‍ ടര്‍ബോ ഫാനിന്റെ വേഗവും ഞെട്ടിക്കുന്നതാണ്. ഫാൻ മിനിറ്റില്‍ 20,000 തവണ കറങ്ങും! ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന കാന്യോണ്‍ എയര്‍ ഡക്ട് ഡിസൈന്‍ വായുസഞ്ചാരം വര്‍ധിപ്പിക്കുന്നു. ബാറ്ററിയ്ക്ക് ചുറ്റും വലിയ ചെമ്പു പാളിയും പിടിപ്പിച്ചിട്ടുണ്ട്. അതുപോലെ ലോകത്തെ ഏറ്റവും കനം കുറഞ്ഞ 0.33 എംഎം വേപ്പര്‍ ചെയിംബറാണ് മദര്‍ബോഡിനു പിന്നിലുള്ളത്. ഇത് തെര്‍മ്മല്‍ പശ ഉപയോഗിച്ച് ചേര്‍ത്തുവച്ചിരിക്കുകയാണ്.

ഇതെല്ലാം മികവാര്‍ന്നതു തന്നെയെന്നു പറയപ്പെടുന്നു. ഇതു പോരെങ്കില്‍ ഫാനിന്റെ പ്രവര്‍ത്തനം നിശബ്ദമാണെന്നും (28ഡിബി) പറയുന്നു. ഫാന്‍ 30,000 മണിക്കൂര്‍ പ്രവര്‍ത്തിക്കും. എന്നു പറഞ്ഞാല്‍ ഒരാള്‍ 3 മണിക്കൂര്‍ വച്ച് ദിവസം ഉപയോഗിച്ചാല്‍ പോലും 10,000 ദിവസത്തേക്കു പ്രവര്‍ത്തിക്കും. ഫാനിന്റെ ബ്ലെയ്ഡിന് 0.1എംഎം ആണ് കനം.

∙ ക്യാമറ

ഗെയിം കളിക്കുന്നവരൊന്നും ഫോട്ടോ എടുക്കാൻ അത്ര താൽപര്യപ്പെടുന്നവരല്ല. എങ്കിലും ഫോണിന് 64 എംപി പ്രധാന ക്യാമറ, 8 എംപി അള്‍ട്രാ വൈഡ്, 2 എംപി മാക്രോ അടങ്ങുന്ന പിന്‍ ക്യാമറാ സിസ്റ്റം നല്‍കിയിരിക്കുന്നു. സെല്‍ഫിക്കായി 8 എംപി സെന്‍സറും ഉള്‍പ്പെടുത്തിയിരിക്കുന്നു.

∙ ബാറ്ററി

റെഡ്മാജിക് 6 പ്രോയ്ക്ക് 4500 എംഎഎച് ബാറ്ററിയും 120W ഫാസ്റ്റ് ചാര്‍ജിങും ഉണ്ട്.

∙ വില

തുടക്ക വേരിയന്റിന് 4399 യുവാനാണ് വില. എന്നു പറഞ്ഞാല്‍ ഏകദേശം 49,510 രൂപ. ആഗോള തലത്തിൽ ഫോണ്‍ വില്‍ക്കുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്.

English Summary: Nubia beats Asus; launches world's first smartphone with 18GB RAM

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA