sections
MORE

എല്‍ടിപിഒ: ഇത് പുതിയ ഐഫോൺ 13 സ്ക്രീനിനെ മാറ്റിമറിക്കും, പ്രതീക്ഷയോടെ ഉപഭോക്താക്കള്‍

iphone-se-plus
SHARE

ഓരോ വര്‍ഷവും ശ്രദ്ധേയമായ നൂതന ഫീച്ചറുകള്‍ ഉൾപ്പെടുത്തി ഐഫോണുകള്‍ ഇറക്കുന്ന കാര്യത്തില്‍ ആപ്പിള്‍ ഒരു വിട്ടുവീഴ്ചയും വരുത്താറില്ല. ഐഫോണ്‍ 13 സീരീസ് എന്നു പേരിടാന്‍ സാധ്യതയുള്ള ഈ വര്‍ഷത്തെ മോഡലുകളില്‍ വരുമെന്നു കരുതുന്ന ഫീച്ചറുകളില്‍ ഒന്നിനെക്കുറിച്ചു ഇപ്പോൾ തന്നെ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ലോ-ടെംപറേചര്‍ പോളിക്രിസ്റ്റലൈന്‍ ഓക്‌സൈഡ് (എല്‍ടിപിഒ) സാങ്കേതികവിദ്യയാണ് പുതിയ ഐഫോണിനെ മുന്‍വര്‍ഷ മോഡലുകളേക്കാൾ മികവുറ്റതാക്കാന്‍ പോകുന്നത്. എന്താണ് ഈ സാങ്കേതികവിദ്യ ചെയ്യുക? ഈ ഫീച്ചര്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുമോ തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ തുടര്‍ന്നു വായിക്കുക.

എല്‍ടിപിഒ സാങ്കേതികവിദ്യ ഫോണ്‍ സ്‌ക്രീനിന്റെ പ്രതികരണരീതി നാടകീയമായി മാറ്റിമറിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതുവഴി ബാറ്ററി ലൈഫ് വര്‍ധിപ്പിക്കാനായേക്കുമെന്നു കരുതുന്നു. എല്‍ടിപിഒ സാങ്കേതികവിദ്യയ്‌ക്കൊപ്പം ഐഫോണ്‍ 13 സീരീസില്‍ സ്‌ക്രീനിലെ ഉള്ളടക്കത്തിനു അനുസരിച്ച് മാറ്റം വരുന്ന റിഫ്രെഷ് റേറ്റും ഡിസ്‌പ്ലെയ്ക്ക് നല്‍കിയേക്കും. ഇതുവഴി മുൻപൊരു ഐഫോണും നല്‍കാത്ത തരിത്തിലുളള സ്‌ക്രീന്‍ അനുഭവം ഈ വര്‍ഷത്തെ ഐഫോണില്‍ പ്രതീക്ഷിക്കാമെന്നു പറയുന്നു.

∙ 120 ഹെട്സ് റിഫ്രെഷ് റേറ്റ്

ആപ്പിളിന്റെ എതിരാളികളില്‍ പലരും 120 ഹെട്‌സോ അതിലേറെയോ റിഫ്രെഷ് റേറ്റുള്ള സ്‌ക്രീനുകള്‍ ഉള്‍പ്പെടുത്തി ഫോണ്‍ നിർമിച്ച് നല്‍കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരിക്കുന്നു. നിലവിലുള്ള ഐഫോണുകള്‍ക്കൊക്കെ സാധാരണ 60 ഹെട്‌സ് ഡിസ്‌പ്ലെയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, 120 ഹെട്‌സ് റിഫ്രെഷ് റേറ്റുള്ള സ്‌ക്രീനുകളില്‍ സ്‌ക്രോളു ചെയ്യുന്നതും ഗെയിം കളിക്കുന്നതും മികച്ച അനുഭവം നൽകുന്നുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു. 

∙ റിഫ്രെഷ് റേറ്റ് എന്നു പറഞ്ഞാലെന്താണ്?

ചില ടെക്‌നോളജികള്‍ ആപ്പിള്‍ ഉപയോഗിച്ചു തുടങ്ങുമ്പോള്‍ മാത്രമാണ് സാധാരണക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുക. എന്നാല്‍, ആപ്പിള്‍ 120 ഹെട്‌സ് ഡിസ്‌പ്ലെ ഉപയോഗിച്ചിട്ടില്ലെന്നു പറയുന്നതും തെറ്റാണ്. അവര്‍ തങ്ങളുടെ ഐപാഡുകളില്‍ ഇവ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഒരു ഐഫോണ്‍ മോഡലില്‍ പോലും ഉപയോഗിച്ചിട്ടില്ല. റിഫ്രെഷ് റേറ്റ് എന്നു പറഞ്ഞാല്‍ ഒരു സെക്കന്‍ഡില്‍ ഫോണിന്റെ സ്‌ക്രീന്‍ എത്ര തവണ റിഫ്രെഷ് ആകുമെന്നാണ് പറയുന്നത്. അതായത്, 60 ഹെട്‌സ് ആണെങ്കില്‍ സെക്കന്‍ഡില്‍ 60 തവണ, 90 ആണെങ്കില്‍ 90 തവണ, 120 ആണെങ്കില്‍ 120 തവണ എന്നിങ്ങനെ പോകുന്നു കണക്കുകള്‍. 

∙ കൂടിയ റിഫ്രെഷ് റേറ്റ് കൂടുതല്‍ മികവു നല്‍കുമോ?

മിക്ക സ്മാര്‍ട് ഫോണുകളുടെയും ഡിഫോള്‍ട്ട് റിഫ്രെഷ് റേറ്റ് 60 ഹെട്‌സ് ആയിരിക്കും. അതേസമയം, ഇന്ന് 90, 120 അതിലേറെ റിഫ്രെഷ് റേറ്റുകളുള്ള സ്‌ക്രീനുകള്‍ ഘടിപ്പിച്ച ഫോണുകള്‍ ഉണ്ട്. കൂടിയ റിഫ്രെഷ് റേറ്റ് കൂടുതല്‍ മികച്ച സ്‌ക്രീന്‍ അനുഭവം തരും.

∙ ബാറ്ററി ലൈഫ് പ്രശ്‌നമാകും

എന്നാല്‍, സദാസമയം കൂടിയ റിഫ്രെഷ് റേറ്റ് കൂടി നില്‍ക്കുകയാണെങ്കില്‍ ബാറ്ററി പെട്ടെന്നു തീരും. ഇതിനാല്‍ തന്നെയാണ് പല കമ്പനികളും ഡിഫോള്‍ട്ടായി 60 ഹെട്‌സ് നല്‍കിയിരിക്കുന്നത്. അതുപോലെ, ഉപയോക്താവ് 120 ഹെട്‌സ് റിഫ്രെഷ് റേറ്റിലേക്കു മാറ്റുമ്പോള്‍ സ്‌ക്രീനിന്റെ റെസലൂഷന്‍ ഫുള്‍എച്ഡി ആക്കി കുറയ്ക്കുന്ന കമ്പനികളും ഉണ്ട്. ഇതും ബാറ്ററി ലൈഫ് മെച്ചപ്പെടുത്താനാണ്. അതേസമയം, 90 ഹെട്‌സ് വലിയ കുഴപ്പമില്ലാത്ത ബാറ്ററി പ്രകടനം നല്‍കുകയും, സ്‌ക്രീന്‍ അനുഭവം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

∙ അപ്പോള്‍ സ്‌ക്രീന്‍ റിഫ്രെഷ് റേറ്റ് കൂട്ടരുത് എന്നാണോ?

സത്യം പറഞ്ഞാല്‍ സാധാരണ ഉപയോഗക്കാര്‍ക്ക് 60 ഹെട്‌സിലേറെ റിഫ്രെഷ് റേറ്റ് ആവശ്യമില്ല. ഗെയിമുകള്‍ കളിക്കുമ്പോഴും, ആക്ഷന്‍ സിനിമകള്‍ കാണുമ്പോഴുമാണ് 90, 120 ഹെട്‌സ് റിഫ്രെഷ് റേറ്റിന്റെ പ്രഭാവം കാണാന്‍ പോലും സാധിക്കുക. പക്ഷേ സ്‌ക്രോളിങ് സ്പീഡിലും അല്‍പം വ്യത്യാസമുണ്ടെന്ന് കാണാം. അടുത്തടുത്ത് 120 ഹെട്‌സ് റിഫ്രെഷ് റേറ്റുള്ള ഫോണും, 60 ഹെട്‌സ് ഉള്ള ഫോണും വച്ചു സ്‌ക്രോളു ചെയ്തു നോക്കിയാല്‍ ഈ വ്യത്യാസം കാണാം. 

∙ എല്‍ടിപിഒ സാങ്കേതികവിദ്യ

ബാറ്ററി പ്രശ്‌നം പരിഹരിക്കാനാണ് ആപ്പിള്‍ എല്‍ടിപിഒ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതെന്നാണ് പറയുന്നത്. ഉപയോക്താവ് കാണുന്ന ഉള്ളടക്കത്തിന് ഏതു റിഫ്രെഷ് റേറ്റാണ് ഉചിതമമെന്ന് സോഫ്റ്റ്‌വെയര്‍ വച്ച് കണ്ടെത്താനായിരിക്കും ശ്രമം. ഇന്റര്‍നെറ്റ് ബ്രൗസിങ്, ചാറ്റ്, കോള്‍ തുടങ്ങി സാധാരണ നടത്തുന്ന പ്രവൃത്തികള്‍ക്ക് റിഫ്രെഷ് റേറ്റ് 60 ഹെട്‌സിനു താഴേക്കു പോലും കൊണ്ടുപോയി നിർത്തിയേക്കും. എന്നാല്‍, ഗെയിം കളി തുടങ്ങുമ്പോള്‍ ഒറ്റച്ചാട്ടത്തിന് 120 ഹെട്‌സിലേക്കും പോകും. ഇങ്ങനെ ചാടിക്കളിക്കാനുള്ള ശേഷി അവതരിപ്പിക്കാനാണ് എല്‍ടിപിഒ പോലെയുള്ള സാങ്കേതികവിദ്യ വേണ്ടിവരുന്നത്.

∙ എന്താണ് എല്‍ടിപിഒ സാങ്കേതികവിദ്യ?

ഹാര്‍ഡ്‌വെയറിന്റെ അധിക ഇടപെടലില്ലാതെ റിഫ്രെഷ് റേറ്റ് മാറ്റാനുള്ള കഴിവാണ് ഇതുകൊണ്ട് ഫലത്തില്‍ ലഭിക്കുക. ഇതുവഴി ബാറ്ററിക്ക് അധികം ആയാസപ്പെടേണ്ടതായി വരുന്നില്ലെന്നും കാണാം.

∙ ആദ്യമായാണോ എല്‍ടിപിഒ സാങ്കേതികവിദ്യ ആപ്പിള്‍ ഉപയോഗിക്കുന്നത്?

അല്ല. ആപ്പിള്‍ വാച്ച് 5ല്‍ ആണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. ഇതില്‍ 1 ഹെട്‌സിനും 60 ഹെട്‌സിനും ഇടയിലാണ് റിഫ്രെഷ് നടത്തുന്നത്.

∙ അപ്പോള്‍ ഇത് ആപ്പിളിന്റെ സ്വന്തമാണോ?

സാംസങും, വണ്‍പ്ലസും ഈ സാങ്കേതികവിദ്യ ചില വിലകുറഞ്ഞ മോഡലുകളില്‍ പോലും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, അവര്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഉപയോഗിക്കുന്നത്. അതുവഴി അവര്‍ക്ക് ആപ്പിളിന് അവകാശധനം നല്‍കേണ്ടതായി വരുന്നില്ല. സാംസങ് നോട്ട് 20 അള്‍ട്രായില്‍ ഇത് ഉപയോഗിക്കുന്നത് ഹൈബ്രിഡ് ഓക്‌സൈഡ് പോളിക്രിസ്റ്റലൈന്‍ സിലിക്കണ്‍ എന്ന പേരിട്ടാണ്. വണ്‍പ്ലസ് ആകട്ടെ ലോ ടെംപറേച്ചര്‍ പോളിക്രിസ്റ്റലൈന്‍ സിലിക്കന്‍ എന്നും വിളിക്കുന്നു. എന്നാല്‍, ഇത് ചില ഹാര്‍ഡ്‌വെയര്‍ കളികള്‍ കൂടി നടത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതെല്ലാം ഒഴിവാക്കാനായിരിക്കും ആപ്പിളിന്റെ ശ്രമം.

∙ ഈ വര്‍ഷത്തെ എല്ലാ ഐഫോണിലും ഇതു ലഭിക്കുമോ?

സാധ്യതയില്ല. ഏറ്റവും കൂടിയ മോഡലുകളില്‍ മാത്രമായി പരിമിതപ്പെടുത്താനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. 

∙ ടച് സാംപിളിങ് റേറ്റ്

ഇത് ചില കമ്പനികള്‍ നടത്തുന്ന ഒരു മാര്‍ക്കറ്റിങ് കളിയാണ്. പല കമ്പനികളും ടച്ച് സാംപിളിങ് റേറ്റ് 180 ഹെട്‌സ്, 300 ഹെട്‌സ് എന്നൊക്കെ പറയും. വ്യത്യാസം അറിയാത്ത ഉപയോക്താവ് അത് റിഫ്രെഷ് റേറ്റ് ആണെന്നു കരുതി വാങ്ങും. ടച്ച് സാംപിളിങ് റേറ്റ് 180 ഹെട്‌സ് ആണെങ്കിലും റിഫ്രെഷ് റേറ്റ് 60 ഹെട്‌സ് ആണോ എന്നും പരിശോധിക്കുക.

English Summary: What is LTPO, next iPhone's main feature?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA