ADVERTISEMENT

റിലയൻസ് ജിയോയുടെ വിലകുറഞ്ഞ ജിയോഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10 ന് പുറത്തിറങ്ങുമെന്ന് കമ്പനി മേധാവി മുകേഷ് അംബാനി കഴിഞ്ഞ മാസമാണ് അറിയിച്ചത്. എന്നാൽ, പ്രാദേശികമായി നിര്‍മിച്ച സ്മാര്‍ട് ഫോണുമായി രംഗത്തെത്തുന്ന ജിയോയ്ക്ക് ഇപ്പോഴത്തെ ആഗോള പ്രോസസർ ക്ഷാമം തിരിച്ചടിയായേക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കന്‍ ടെക്‌നോളജി ഭീമന്‍ ഗൂഗിളുമായി ചേര്‍ന്ന് ഇന്ത്യയില്‍ തന്നെ നിര്‍മിച്ച സ്മാര്‍ട് ഫോണുകള്‍ വിപണിയിലെത്തിക്കാനാണ് അംബാനിയുടെ ശ്രമം. 

വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും, ഘടകഭാഗങ്ങള്‍ക്ക് നാള്‍ക്കുനാള്‍ ഉയരുന്ന വിലയും ജിയോ ഫോണിന് മറ്റൊരു തലവേദനയായേക്കും. എന്തായാലും വന്‍തോതില്‍ വില കുറഞ്ഞ സ്മാര്‍ട് ഫോണുകള്‍ വിപണിയിലെത്തിക്കുക വൻ വെല്ലുവിളിയായിരിക്കുമെന്ന് നിരീക്ഷകർ പറയുന്നു. വിലകുറഞ്ഞ (ഏകദേശം 52 ഡോളര്‍) കോടിക്കണക്കിന് ആൻഡ്രോയിഡ് ഫോണുകള്‍ വിപണിയിലെത്തിക്കാനാണ് ശ്രമം. എന്നാല്‍, നിലവിലെ പ്രതിസന്ധികൾ കാരണം തുടക്കത്തില്‍ വളരെ കുറച്ച് ഫോണുകള്‍ മാത്രമായിരിക്കും വിപണിയിലെത്തിക്കാന്‍ സാധിക്കുക.

 

ലോകത്തെ അതിവേഗ വളര്‍ച്ചയുള്ള സ്മാര്‍ട് ഫോണ്‍ വിപണിയിലേക്ക് ഒരു മാസ് എന്‍ട്രിയാണ് അംബാനി ലക്ഷ്യമിടുന്നത്. ടെലികോം മേഖലയിലേക്ക് കടന്നുവന്ന് മറ്റ് ഓപ്പറേറ്റര്‍മാരെ കെട്ടുകെട്ടിച്ചതിനു സമാനമായ ഒരു നീക്കമാണ് അംബാനിയുടെ സ്വപ്‌നമെന്നും റിപ്പോർട്ടുകളുണ്ട്. ചൈനീസ് കമ്പനികളായ ഷഓമി, ഒപ്പോ, വണ്‍പ്ലസ് തുടങ്ങിയ കമ്പനികളെ രാജ്യത്തിന്റെ അതിര്‍ത്തി കടത്താനുള്ള ഒരു ശ്രമമായിരുന്നു ഇതെന്നു വേണമെങ്കില്‍ പറയാം. ഈ കമ്പനികള്‍ക്കും പ്രാദേശിക നിര്‍മാണശാലകളുണ്ട്. ഇവരും 2ജി ഫോണില്‍ നിന്ന് സ്മാര്‍ട് ഫോണിലേക്ക് കടക്കുന്നവരെ ലക്ഷ്യമിട്ട് ഫോണ്‍ നിര്‍മിക്കുന്നുമുണ്ട്.

 

റിലയന്‍സിന്റെയും ഗൂഗിളിന്റെയും എൻജിനീയര്‍മാര്‍ സംയുക്തമായാണ് ചൈനീസ് കമ്പനികളെ അട്ടിമറിക്കാനുള്ള നീക്കത്തിന് ചുക്കാന്‍പിടിക്കുന്നത്. ഇന്ത്യക്കാര്‍ കടുത്ത ടെക്‌നോളജി ഭ്രമക്കാര്‍ ആണെങ്കിലും പലര്‍ക്കും മുന്തിയ ഹാന്‍ഡ്‌സെറ്റുകള്‍ വാങ്ങാനുള്ള പണമില്ല, ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് ഇരുകമ്പനികളും ചേർന്ന് പുതിയ ഫോൺ അവതരിപ്പിക്കുന്നത്. ഇത്തരം ഫോണിനു വേണ്ട ഹാര്‍ഡ്‌വെയറും ഡിസൈനും നേരത്തെ തയാറാക്കിയിരുന്നു. ഇത് മികച്ച ഹാന്‍ഡ്‌സെറ്റുകളില്‍ നിന്നു പ്രതീക്ഷിക്കുന്നത്ര മികവ് നല്‍കാന്‍ കെല്‍പ്പുള്ളതായിരിക്കുമെന്നും കരുതുന്നു. പ്രകടനം മികച്ചതായിരിക്കുമെങ്കിലും നിര്‍മാണ വസ്തുക്കള്‍ക്ക് അത്ര മികവുണ്ടായിരിക്കില്ലെന്നും പറയുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 200 ദശലക്ഷം ഫോണുകള്‍ ഇറക്കാന്‍ വേണ്ട ഘടകഭാങ്ങള്‍ നിര്‍മിച്ചു കൈമാറാനായിരുന്നു റിലയന്‍സ് പ്രാദേശിക വിതരണക്കാരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇത്രയധികം ഘടകഭാഗങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിന് കോവിഡ്-19 തടസ്സമായി. അതേസമയം, മഹാമാരി സ്മാര്‍ട് ഫോണ്‍ ആവശ്യക്കാരുടെ എണ്ണത്തില്‍ വര്‍ധന വരുത്തുകയും ചെയ്തു.

 

∙ ഹാര്‍ഡ്‌വെയര്‍ ദൗർലഭ്യം

 

ഇതിനെല്ലാം പുറമെയാണ് ഹാര്‍ഡ്‌വെയര്‍ ദൗര്‍ലഭ്യം പദ്ധതിക്കു വിലങ്ങുതടിയാകുന്നത്. നിര്‍ണായക ഘടകഭാഗങ്ങളായ ഡിസ്‌പ്ലെ, പ്രോസസര്‍ തുടങ്ങിയവയ്ക്ക് ലഭ്യത കുറഞ്ഞിരിക്കുകയാണ്. ഇവ നിർമിച്ചെടുക്കാനും കൂടുതല്‍ കാലതാമസം നേരിടുന്നുണ്ട്. ഇത്തരം ഘടകഭാഗങ്ങള്‍ ചൈനയില്‍ നിന്ന് നിർമിച്ചു ലഭിക്കണമെങ്കില്‍ നേരത്തെ 30 മുതല്‍ 45 ദിവസം മതിയായിരുന്നു എങ്കില്‍ ഇപ്പോള്‍ അത് 60 മുതല്‍ 75 ദിവസം വരെ എടുക്കുമെന്നു പറയുന്നു. ഇങ്ങനെ ലഭിക്കുന്ന ഘടകഭാഗങ്ങൾ കൂട്ടിയിണക്കിയായിരിക്കും ജിയോ-ഗൂഗിള്‍ ഫോണ്‍ സമ്പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ഫോണാക്കി വില്‍ക്കുക. ലോകത്ത് ലഭ്യമായ ഏതു സ്മാര്‍ട് ഫോണിനും വേണ്ട ഘടകഭാഗങ്ങള്‍ ചൈനയിലുണ്ട്. 

 

∙ വിലയും വര്‍ധിച്ചു

 

ലഭ്യതക്കുറവിനു പുറമെയാണ് വില വര്‍ധന. സ്മാര്‍ട് ഫോണിന്റെ ബാറ്ററി ചാര്‍ജറിനു വേണ്ട ഒരു മൈക്രോപ്രോസസറിന് നേരത്തെ 5 സെന്റ് മതിയായിരുന്നു എങ്കില്‍ ഇപ്പോള്‍ അത് 9 സെന്റ് നൽകണം. അതായത് ഏകദേശം ഇരട്ടി വിലയാണ് മാസങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്. റിലയന്‍സ്-ഗൂഗിള്‍ ഫോണിന്റെ ഡിസ്‌പ്ലെയ്ക്കു വേണ്ടി ഇന്ത്യന്‍ നിര്‍മാതാക്കളെയും സമീപിച്ചിരുന്നു. ഡിസ്പ്ലെക്ക് 40 ശതമാനം വിലയാണ് വര്‍ധിച്ചിരിക്കുന്നത്. അതേസമയം, വന്‍തോതില്‍ ചിപ്പുകള്‍ ലഭ്യമാക്കുക എന്നത് ഏറെ വിഷമംപിടിച്ച കാര്യമായിരിക്കുമെന്നും പറയുന്നു.

 

∙ ചൈനയില്‍ നിന്ന് ഘടകഭാഗങ്ങള്‍ എത്തിക്കാനുള്ള ഷിപ്പിങ് ചെലവും വര്‍ധിച്ചു

 

ചൈനയില്‍ നിന്ന് 20 അടി നീളമുള്ള ഒരു കണ്ടെയ്‌നറില്‍ സാധനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള നേരത്തെ ചെലവ് 800 ഡോളറായിരുന്നു. ഇത് 5000 ഡോളറായി വര്‍ധിച്ചിരുന്നുവെങ്കിലും പിന്നീട് 3600 ഡോളറായി താഴ്ന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് റിലയന്‍സും-ഗൂഗിളും ചേര്‍ന്ന് ഫോണ്‍ നിര്‍മിക്കാൻ തീരുമാനമെടുത്തത്. അക്കാലത്ത് ഇത്തരമൊരു ചെലവു വര്‍ധനയും ഘടകഭാഗങ്ങളുടെ ദൗര്‍ലഭ്യവും ചിന്തിക്കാനാകുമായിരുന്നല്ല. വില കുറഞ്ഞ ഹാര്‍ഡ്‌വെയറില്‍ പരമാവധി സുഗമമായി പ്രവര്‍ത്തിക്കാന്‍ പാകത്തിന് ആന്‍ഡ്രോയിഡിനെ പരുവപ്പെടുത്തിയെടുക്കുക എന്നതാണ് എൻജിനീയര്‍മാര്‍ ചെയ്യുന്നത്. ഫെയ്‌സ്ബുക്, ഗൂഗിള്‍, ക്വാല്‍കം തുടങ്ങിയ അമേരിക്കന്‍ ഭീമന്മാരില്‍ നിന്ന് അംബാനിക്ക് 20 ദശലക്ഷം ഡോളറിലേറെ നിക്ഷേപം ലഭിച്ചിട്ടുണ്ട്. പുതിയ സ്മാര്‍ട് ഫോണിന് ക്വാല്‍കമിന്റെ സഹകരണവും ഉണ്ടായിരിക്കും. അതുപോലെ ഫെയ്‌സ്ബുക്കിനെയും വാട്‌സാപ്പിനെയും ഫോണില്‍ ഉള്‍ക്കൊള്ളിക്കും. വാട്‌സാപ്പ് വഴിയായിരിക്കും അംബാനിയുടെ 5ജി ഇകൊമേഴ്‌സ് സ്വപ്‌നങ്ങള്‍ പൂവണിയുക എന്നും കരുതുന്നു.

 

English Summary: Reliance-Google phone project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com