ADVERTISEMENT

ഒട്ടേറെ സവിശേഷതകളുള്ള എച്ച്എംഡി ഗ്ലോബലിന്റെ നോക്കിയ ജി20 ഇന്ത്യയില്‍ അവതരിപ്പിച്ചു. നോക്കിയയുടെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ മൂന്ന് ദിവസത്തെ ബാറ്ററി ലൈഫാണ് നോക്കിയ ജി20 വാഗ്ദാനം ചെയ്യുന്നത്. രണ്ട് വര്‍ഷത്തെ ഓപറേറ്റിങ് സിസ്റ്റം അപ്ഡേറ്റുകള്‍ക്കൊപ്പം ഉപഭോക്താവിന്റെ ഡേറ്റ പരമാവധി സുരക്ഷിതമായി സൂക്ഷിക്കാന്‍ സഹായിക്കുന്നതിന് മൂന്ന് വര്‍ഷത്തെ പ്രതിമാസ സുരക്ഷാ അപ്ഡേറ്റുകളും നോക്കിയ ജി20 ഉറപ്പ് നല്‍കുന്നു. വൈഡ് ആംഗിള്‍, മാക്രോ ലെന്‍സ്, ശക്തമായ എഐ ഇമേജിങ് മോഡുകള്‍, ഓസോ ഓഡിയോ, വിപുലമായ സ്റ്റോറേജ് എന്നിവ ഉള്‍ക്കൊള്ളുന്ന 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയുള്ളതിനാല്‍ നോക്കിയ ജി20 എവിടെയായിരുന്നാലും ഒരു ക്രിയേറ്റീവ് സ്റ്റുഡിയോ കൂടിയായിരിക്കും. 

 

2021ലെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അവതരണങ്ങളിലൊന്നാണ് നോക്കിയ ജി20 എന്ന് എച്ച്എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു. പ്രീമിയം ഡിസൈന്‍, ഏറ്റവും പുതിയ സവിശേഷതകള്‍, വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ തുടങ്ങി ആധുനിക സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളുടെ ആവശ്യകതകള്‍ കണക്കിലെടുത്താണ് തങ്ങള്‍ ഈ ഫോണ്‍ രൂപകല്‍പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്തത്. നിങ്ങള്‍ക്ക് ദീര്‍ഘനേരം ഉപയോഗിക്കാൻ കഴിയുന്ന ഒരു ഫാണായിരിക്കും നോക്കിയ ജി20 എന്ന് സന്‍മീത് സിങ് കൊച്ചാര്‍ കൂട്ടിച്ചേര്‍ത്തു.

 

മീഡിയാടെക് ജി35 പ്രോസസറാണ് നോക്കിയ ജി20യുടെ കരുത്ത്. മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റം ഉള്ളതിനാല്‍ തടസമില്ലാത്ത രീതിയില്‍ ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുകയും മാറ്റുകയും ചെയ്യാം. ഫെയ്സ്, സൈഡ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് പോലുള്ള മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകളും ഇതില്‍ ഉള്‍പ്പെടും.

 

48 മെഗാപിക്സൽ ക്വാഡ് ക്യാമറയും 8 മെഗാപിക്സൽ മുന്‍ ക്യാമറയുമായാണ് ഫോൺ എത്തുന്നത്. ടിയര്‍ട്രോപ്പ് ഡിസ്പ്ലേയ്ക്കൊപ്പം ബ്രൈറ്റ്നെസ് എളുപ്പം കൈകാര്യം ചെയ്യാനാവുന്ന വിധത്തിലാണ് 6.5 എച്ച്ഡി+ സ്‌ക്രീന്‍. മേന്മയേറിയ നിര്‍മാണ വൈദഗ്ധ്യത്തോടെ നോര്‍ഡിക് ഡിസൈനില്‍ എത്തുന്ന നോക്കിയ ജി20യ്ക്ക് സ്ലിംലൈനോടു കൂടിയ ഭാരം കുറഞ്ഞ, ദൃഢമായ കെയ്സുകളാണുള്ളത്. പോക്കറ്റിലും കൈവശം വയ്ക്കാനും എളുപ്പമാണെന്നതിന് പുറമെ, ത്രീഡി നാനോടെക്സ്ചേര്‍ഡ് പിന്‍ഭാഗ കവര്‍ ഫോണ്‍ കയ്യില്‍ നിന്ന് എളുപ്പത്തില്‍ വഴുതിപ്പോകില്ലെന്നും ഉറപ്പാക്കുന്നു. 

 

4ജിബി റാം/64 ജിബി സ്റ്റോറോജോടെ നൈറ്റ്, ഗ്ലേസിയര്‍ നിറഭേദങ്ങളില്‍ നോക്കിയ ജി20 ലഭ്യമാവും. 12,999 രൂപയാണ് വില. ആമസോണ്‍, നോക്കിയ ഡോട്ട് കോം/ഫോണ്‍ എന്നിവ വഴി പ്രീബുക്കിങ് തുടങ്ങി. ഇരു പ്ലാറ്റ്ഫോമുകളിലും ജൂലൈ 15 മുതല്‍ നോക്കിയ ജി20 വില്‍പനക്ക് ലഭ്യമാവും. ആമസോണ്‍, നോക്കിയ ഡോട്ട് കോം/ഫോണ്‍ വഴി നോക്കിയ ജി20 മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഫോണ്‍ വിലയില്‍ 500 രൂപയോ, അല്ലെങ്കില്‍ നോക്കിയ ജി20 ഫോണും നോക്കിയ പവര്‍ ഇയര്‍ബഡ്സ് ലൈറ്റും ഒരുമിച്ച് വാങ്ങുമ്പോള്‍ 2099 രൂപയോ ഇളവ് ലഭിക്കും.

 

English Summary: Nokia G20 with three days of battery life and three years of security updates, launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com