ADVERTISEMENT

വിഡിയോ കൺടെന്റ് ഒരുക്കലാണ് ഇക്കാലത്തിന്റെ ഏറ്റവും പ്രിയപ്പെട്ട തൊഴിലുകളിലൊന്ന്. വിഡിയോ ക്യാമറ ചെറിയൊരു വിഭാഗത്തിന്റെ മാത്രം കയ്യിലുണ്ടായിരുന്ന കാലത്തുനിന്നുള്ള മാറ്റം. ഇതിനു വഴിയൊരുങ്ങിയത് വിഡിയോ ക്യാമറകൾക്കു വില കുറഞ്ഞതുകൊണ്ടല്ല, അവ ഏറെക്കുറെ ആവശ്യമില്ലാത്ത നില വന്നതോടെയാണ്. എന്തിനും പോന്ന ഉപകരണമായി സ്മാർട്ഫോണുകൾ ലോകം കീഴടക്കിയപ്പോൾ, ഫോട്ടോ ക്യാമറയും വിഡിയോ ക്യാമറയും ആ പ്രഫഷനുകളിലുള്ളവർക്കു മാത്രം മതി എന്നായി. മറ്റെല്ലാവരും ഫോണിൽ തന്നെ ലോകം പകർത്തുന്നു. 

 

സ്മാർട്ഫോണുകൾ ഫോട്ടോയെടുപ്പിന്റെ കാര്യത്തിൽ സാങ്കേതികത്തികവിന്റെ കൊടുമുടികൾ താണ്ടിയിട്ടുണ്ട് സമീപകാലത്ത്. എന്നാൽ വിഡിയോഗ്രഫിയുടെ കാര്യത്തിൽ ഇത്ര ടോപ് ആയിട്ടില്ല. ഉദാഹരണത്തിന്, പശ്ചാത്തലം മങ്ങുകയും നായകകഥാപാത്രം മാത്രം തെളിഞ്ഞുനിൽക്കുകയും ചെയ്യുന്ന സിനിമാദൃശ്യങ്ങൾ അനുകരിക്കാൻ ഫോണിലെടുക്കുന്ന ഫോട്ടോകൾക്കു കഴിയും, വിഡിയോകൾക്കു സാധിക്കുന്നില്ല. ബൊക്കെ ഇഫക്ട് എന്ന ഈ സംവിധാനം വിഡിയോകളിലും വരുത്തിയാൽ ഫോൺ ക്യാമറകൾ വേറെ ലെവൽ എത്തും എന്ന് കണ്ടന്റ് ക്രിയേറ്റർമാർ പലപ്പോഴും പറയാറുണ്ട്. അത് മൊബൈൽ ഫോൺ നിർമാതാക്കൾ ശ്രദ്ധിക്കുന്നുമുണ്ട്. അത്തരം ഫീഡ്ബാക്കുകൾ കണക്കിലെടുത്താണല്ലോ അവർ ഗവേഷണങ്ങൾ നടത്തുക.

 

ലോകത്തെ ഏറ്റവും വിൽപനയുള്ള നാലാമത്തെ ബ്രാൻഡ് ആയ ഓപ്പോ ഇക്കാര്യത്തിൽ വമ്പൻ സ്കോറിങ് നടത്തിയിരിക്കുന്നു ഇപ്പോൾ. ഓപ്പോ റെനോ 6 സീരീസ് ജൂലൈ 14ന് വിപണിയിലെത്തുമ്പോൾ, ബൊക്കെ ഇഫക്ടുള്ള വിഡിയോയും മൊബൈൽ ഫോണുകളിൽ ചിത്രീകരിക്കാൻ സാധ്യമാകുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് ഈ ‘സിനിമാറ്റിക്’ ഇഫക്ട് ഫോണിലെ ക്യാമറ സെൻസറുകൾ സാധ്യമാക്കുന്നത്. ബൊക്കെ ഫ്ലെയർ പോർട്രെയറ്റ് വിഡിയോ എന്ന ഈ ഒരു സവിശേഷത മാത്രമല്ല, റെനോ 6 സീരീസിനെ വിഡിയോഗ്രഫിക്ക് ഏറ്റവും അനുയോജ്യമാക്കുന്നത്. ഷോർട് വിഡിയോകളിലൂടെ ആത്മാവിഷ്കാരം നടത്തുന്ന യുവതലമുറയ്ക്കായിത്തന്നെ ഒരുക്കിയതാണ് റെനോ 6, റെനോ 6 പ്രോ എന്നിവ എന്ന് ഓപ്പോ ഇന്ത്യ റിസർച്ച് ആൻഡ് ഡവലപ്മെന്റ് മേധാവി തസ്‌ലീം ആരിഫ് ‘മനോരമ’യോടു പറ‍ഞ്ഞു. 

oppo-reno-6-pro

 

കംപ്യൂട്ടേഷനൽ ഫൊട്ടോഗ്രഫിയിലൂടെയാണ് റെനോ ഫോണുകൾ പ്രഫഷനൽ ക്യാമറകളെ അനുകരിക്കുന്നത്. ഹാർഡ്‌വെയറിന്റെ പരിമിതികളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ടു മറികടക്കുന്നു. ഫോക്കസ് ട്രാക്കിങ്, കളർ ടെംപറേച്ചർ സെൻസർ, എഐ ഹൈലൈറ്റ് വിഡിയോ ഫീച്ചറുകൾ എന്നിവയൊക്കെ ഈ ഫോണുകളെ വിഡിയോ ചിത്രീകരണ എക്സ്പേർട്ടുകളായിമാറ്റുന്നു. മാത്രമോ, സൊലൂപ് എന്ന റിയൽ–ടൈം വിഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയറുമുണ്ട്. 

 

ചുരുക്കിപ്പറഞ്ഞാൽ, ഡയറക്ടർ, ക്യാമറമാൻ, എഡിറ്റർ എല്ലാം ഒറ്റയാളായി മാറുകയാണ് ഈ ഫോണിലൂടെ. സ്റ്റുഡിയോയിൽ നൽകുന്ന ഇഫക്ടുകളും ഫോണിൽത്തന്നെ ഒരുക്കുന്നതിനാൽ ‘സഞ്ചരിക്കുന്ന സ്റ്റുഡിയോ’ എന്നും വിശേഷിപ്പിക്കാമെന്ന് തസ്‌ലീം പറഞ്ഞു.

 

∙ ഫോട്ടോയെടുക്കുന്നത്ര ഈസിയല്ല ഫോണിൽ വിഡിയോ എടുക്കൽ. ഹാർഡ്‌വെയറിന് (ലെൻസിന്) ഇമേജ് ക്വാളിറ്റിയുടെ കാര്യത്തിൽ അടിസ്ഥാന ഉറപ്പു നൽകാനാകും. എന്നാൽ ഉയർന്ന തലത്തിലുള്ള ക്വാളിറ്റി ഉറപ്പാക്കാൻ കംപ്യൂട്ടറിന്റെ സഹായം വേണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ബൊക്കെ വിഡിയോ സാധ്യമാക്കാൻ ഓപ്പോ ഉണ്ടാക്കിയ ഡേറ്റ ശേഖരം ഒരു കോടിയിലേറെ വിവരങ്ങളുടേതാണ്. പല പല സീനുകൾ, ആളുകളുടെ നിൽപുരീതി, ഫ്രെയിമിലെ സ്ഥാനം, ഷൂട്ടിങ് ആംഗിൾ, ലൈറ്റിങ്ങിലെ മാറ്റം, വസ്തുക്കളും ക്യാമറയും തമ്മിലുള്ള ദൂരം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ആയിരക്കണക്കിനു പതിവുകൾ പഠിച്ചു. ഇങ്ങനെയാണ്, വിഡിയോ ചിത്രീകരണത്തിൽ ഉണ്ടാകാവുന്ന സിറ്റ്വേഷനുകൾ ഫോണിന്റെ തലച്ചോറിന് വിശകലനം ചെയ്യാനാകുന്നത്. 97% കൃത്യതയാണ് പോർട്രെയ്റ്റിന്റെ സ്വഭാവം വിലയിരുത്തുന്നതിൽ റെനോ 6 ഫോണുകൾക്കുള്ളതെന്ന് തസ്‌ലീം ആരിഫ് പറഞ്ഞു. ഈ വിലയിരുത്തൽ നടക്കുന്നതാകട്ടെ 10 മില്ലിസെക്കൻഡിനുള്ളിൽ. 

 

∙ 5ജിയാണ് മറ്റൊരു ആകർഷണം. പരമാവധി 5ജി ബാൻഡുകൾ സപ്പോർട്ട് ചെയ്യുന്ന മീഡിയടെക് മോഡം വളരെ കുറഞ്ഞ അളവിലേ വൈദ്യുതി ഉപയോഗിക്കൂ. മൾട്ടി ടാസ്കിങ്ങിലും ഗെയിമിങ്ങിലുമൊക്കെ സ്മൂത്തായ പെർഫോമൻസും കുറഞ്ഞ ഊർജോപയോഗവുമാണ് ഇതിന്റെ പ്രോസസർ വാഗ്ദാനം ചെയ്യുന്നത്.

 

∙ വിഡിയോഗ്രഫി, 5ജി, ഫാസ്റ്റ് ചാർജിങ്, ഡിസൈൻ എന്നിവയാകും ഇക്കൊല്ലം സ്മാർട്ഫോൺ വിപണിയെ നിർവചിക്കുകയെന്ന് തസ്‌ലിം പറഞ്ഞു. വിവിധ വില നിലവാരങ്ങളിൽ, മികച്ച വിഡിയോചിത്രീകരണശേഷിയുള്ള ഫോണുകൾ ഇക്കൊല്ലം പ്രതീക്ഷിക്കാം.

 

English Summary: Smartphone makers focus on videography

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com