ADVERTISEMENT

വൈഫൈ, ടെലികോം സിഗ്നലുകള്‍ ലഭ്യമല്ലാത്ത സ്ഥലത്തു പോലും കോളുകള്‍ ചെയ്യാനും എസ്എംഎസ് അയയ്ക്കാനും സാധിക്കുന്ന സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സംവിധാനം ഉള്‍ക്കൊള്ളിച്ചായിരിക്കും ഐഫോണ്‍ 13 സീരീസ് എത്തുക എന്നൊരു അഭ്യൂഹമുണ്ട്. ഇത് ശരിയാകാമെന്നും, ആയിരിക്കില്ലെന്നും ശക്തിയുക്തം വാദിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ആപ്പിള്‍ ഉൽപന്നങ്ങളെക്കുറിച്ച് വിശ്വസനീയമായ പ്രവചനങ്ങള്‍ നടത്തുന്ന മിങ്-ചി കുവോ തന്നെയാണ് ഈ വാദപ്രതിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 

 

∙ കുവോയുടെ വാദം

 

അദ്ദേഹം പറഞ്ഞത് ആപ്പിള്‍ കമ്പനിക്കായി ക്വാല്‍കം നിര്‍മിച്ചു നല്‍കിയ കസ്റ്റം ചിപ്പിന് ലോ-എര്‍ത്-ഓര്‍ബിറ്റ് (ലിയോ) സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ കമ്യൂണിക്കേഷന്‍സ് സംവിധാനം ഉപയോഗിച്ച് ഉപഗ്രഹങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാകുമെന്നാണ്. ഇതു ശരിയാണെങ്കില്‍ പോലും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ലെന്നു വാദിക്കുന്നവരും ഉണ്ട്. കാരണം സാറ്റലൈറ്റ് ഫോണുകള്‍ നിരോധിച്ച ചൈന, റഷ്യ തുടങ്ങിയ ഇരുപതിലേറെ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയും.

 

∙ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാനുള്ള ഫീച്ചറോ?

 

ആപ്പിളിന്റെ നീക്കങ്ങളെക്കുറിച്ച് കൃത്യമായ വാര്‍ത്തകള്‍ നല്‍കാറുള്ള ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക് ഗുര്‍മാനും വിശ്വസിക്കുന്നത് ഐഫോണ്‍ 13ല്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സാധ്യത പ്രയോജനപ്പെടുത്താന്‍ വേണ്ട ഹാര്‍ഡ്‌വെയര്‍ ഉണ്ടായിരിക്കുമെന്നാണ്. ഐഫോണ്‍ 13 ഉപയോക്താവിന് റെയ്ഞ്ചില്ലാത്ത സ്ഥലത്തുവച്ച് അപകടമോ മറ്റു പ്രശ്നങ്ങളോ നേരിട്ടാല്‍ പ്രയോജനപ്പെടുത്താനായിരിക്കും ഇതെന്നാണ് അദ്ദേഹത്തിന്റെ വാദം. അതേസമയം, ഐഫോണ്‍ 13 ഹാൻഡ്സെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷനു സജ്ജമാണെങ്കിലും ഈ ഫീച്ചര്‍ 2022ല്‍ ആയിരിക്കും അവതരിപ്പിക്കുക എന്നും അദ്ദേഹം പ്രവചിക്കുന്നു. ആപ്പിളിനായി ക്വാല്‍കം നിര്‍മിച്ചു നല്‍കിയ എക്‌സ്60 ബെയ്‌സ്ബാന്‍ഡ് മോഡം ചിപ്പാണ് ഇതിനു ശക്തി പകരുമെന്നു കരുതുന്നത്. ലൂയിസിയാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍സ്റ്റാര്‍ (Globalstar) എന്ന കമ്പനിയും ഇതിനായി ആപ്പിളുമായി സഹകരിച്ചേക്കാമെന്ന് കുവോ അനുമാനിക്കുന്നു. അതേസമയം, ഈ ടെക്‌നോളജി എങ്ങനെയാണ് ആപ്പിള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് കുവോയ്ക്കും കൂടുതല്‍ വിവരങ്ങൾ ലഭ്യമല്ല.

 

∙ സാധ്യതയില്ലെന്ന് ആപ്പിള്‍ഇന്‍സൈഡര്‍

 

ഈ രംഗത്തെ പല വിദഗ്ധരുടെയും എതിരഭിപ്രായങ്ങൾ ഉൾപ്പെടുത്തിയാണ് ആപ്പിള്‍ഇന്‍സൈഡര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ക്വാല്‍കമും ഗ്ലോബല്‍ സ്റ്റാറുമായി ചേര്‍ന്നു കസ്റ്റം ചിപ്പ് നിര്‍മിച്ചുവെന്നു പറഞ്ഞാല്‍ അതിന് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ ശേഷിയുണ്ടെന്നു കൂടി അനുമാനിക്കുന്നത് എന്തിനാണ് എന്നാണ് പീസിമാഗിന്റെ (PCMag) സാസ്ചാ സേഗനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചോദിക്കുന്നത്. കൂടുതല്‍ സാറ്റലൈറ്റ് ബാന്‍ഡുകള്‍ ഉള്‍പ്പെടുത്തുക വഴി 5ജി കണക്ഷന്‍ മെച്ചപ്പെടുത്താനുള്ള ശ്രമമായിരിക്കാം ആപ്പിള്‍ നടത്തുന്നതെന്ന് അദ്ദേഹം വാദിക്കുന്നു. 

ക്വാല്‍കമിന്റെ എക്‌സ്65 മോഡമാണ് ബി53/എന്‍53 സപ്പോര്‍ട്ട് നല്‍കുന്നത്. ഐഫോണില്‍ ഉണ്ടെന്നു പറയുന്ന എക്‌സ്60 ചിപ്പില്‍ ആ ശേഷിയില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, എക്‌സ്60 ചപ്പിനൊപ്പം ബി53/എന്‍53 സാങ്കേതികവിദ്യകള്‍ ആപ്പിള്‍ ഉപയോഗിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നുമില്ല.

 

∙ ടെലികോം കമ്പനികളുടെ കോപം ആപ്പിള്‍ ചോദിച്ചു വാങ്ങുമോ?

 

പുതിയ സാങ്കേതികവിദ്യ സാറ്റലൈറ്റുകളുമായി ബന്ധപ്പെടാനായിരിക്കും ഉപയോഗിക്കുക എന്നതിന് തെളിവൊന്നുമില്ല. മറിച്ച് എല്‍ടിഇ ബന്ധം മെച്ചപ്പെടുത്താനായിരിക്കും ഗ്ലോബല്‍സ്റ്റാര്‍ ശ്രമിച്ചിരിക്കുക എന്ന് സേഗന്‍ അനുമാനിക്കുന്നു. മറ്റൊരു സുരക്ഷാ വിദഗ്ധനായ റോബര്‍ട്ട് ഗ്രയാം പറയുന്നത് ഐഫോണ്‍ 13 മോഡലുകളില്‍ 2.4835 ഗിഗാഹെട്‌സ് മുതല്‍ 2.4950 ഗിഗാഹെട്‌സ് ബാന്‍ഡ് വരെയുള്ള ഡൗണ്‍ലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ ചാനല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നാണ്. എന്നാല്‍, അത് ഫോണ്‍-ടു-സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സപ്പോര്‍ട്ടു ചെയ്യില്ലെന്നും അദ്ദേഹം പറയുന്നു. സാമ്പത്തിക വിദഗ്ധന്‍ അന്‍പന്‍മാന്‍ (Anpanman) ഇതിന്റെ മറ്റൊരു വശമാണ് ചൂണ്ടിക്കാണിച്ചത്. വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള ടെലികോം കമ്പനികള്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. കാരണം, സാറ്റലൈറ്റ് സംവിധാനങ്ങള്‍ക്ക് പ്രാധാന്യമേറിയാല്‍ അവര്‍ക്ക് ലാഭമുണ്ടാക്കാനുള്ള അവസരങ്ങള്‍ കുറയും.

 

∙ എന്താണ് സാറ്റലൈറ്റ് ഫോണ്‍?

 

സാറ്റ്‌ഫോണ്‍, സാറ്റലൈറ്റ് ടെലിഫോണ്‍ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ മൊബൈല്‍ ടവറുകളെയോ വൈ-ഫൈയേയോ ആശ്രയിക്കാതെ ഉപഗ്രഹങ്ങളുമായി നേരിട്ടു ബന്ധപ്പെടുകയാണ് ചെയ്യുന്നത്. സാധാരണ ടെലികോം സേവനദാതാവില്‍ നിന്നു കിട്ടുന്നതു പോലെ വോയിസ് കോളുകളും ടെക്‌സ്റ്റ്സന്ദേശങ്ങളും കൈമാറാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ഇവയ്ക്ക് സാധിക്കും. ഇവയ്ക്ക് സെല്‍ ടവറുകള്‍ വേണ്ടെന്ന ഗുണവും ഉണ്ട്. ഇവ വഴി വിളിക്കണമെങ്കില്‍ രാജ്യാന്തര ഡയലിങ് കോഡ് ഉള്‍ക്കൊള്ളിക്കണം. 

 

∙ ഇന്ത്യ നിരോധിച്ചിരിക്കുന്നത് എന്തുകൊണ്ട്?

 

ഭീകരര്‍ക്കും കുറ്റവാളികള്‍ക്കും സർക്കാർ അറിയാതെ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കുമെന്ന കാരണത്താലാണ്  ഇന്ത്യയില്‍ ഇത് നിരോധിച്ചിരിക്കുന്നത്. നിങ്ങള്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചാല്‍ 1933ലെ ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രഫി ആക്ടിന്റെ, സെക്ഷന്‍ 4 ലംഘിക്കുകയായിരിക്കും ചെയ്യുക (https://trai.gov.in/about-us/acts-policies/indian-wireless-telegraphy-act-1933). വിദേശത്തു നിന്ന് സാറ്റലൈറ്റ് ഫോണുമായി എത്തുന്നവര്‍ അവ ഉപയോഗിക്കുന്നതിനു മുൻപ് അധികാരികളില്‍ നിന്ന് ലൈസന്‍സ് വാങ്ങണം. അല്ലത്തപക്ഷം അറസ്റ്റു ചെയ്യുകയോ, ശിക്ഷിക്കപ്പെടുകയോ ചെയ്യാം. അതേസമയം, സൈനികര്‍ സാറ്റലൈറ്റ് ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടെലികോം ഓപ്പറേറ്റര്‍ വഴിയുള്ള കോളുകള്‍ എന്തെങ്കിലും തെളിവ് അവശേഷിപ്പിക്കുമെങ്കില്‍ സാറ്റലൈറ്റ് കോളുകള്‍ പിന്തുടരുക എളുപ്പമല്ല എന്നതിനാലാണ് ഇന്ത്യ ഇത് നിരോധിച്ചിരിക്കുന്നത്.

 

∙ ഭീകരര്‍ ഉപയോഗിക്കുന്നത് നിർത്തിയോ?

 

സാറ്റലൈറ്റ് ഫോണ്‍ വിളി ഒരുപക്ഷേ ഭീകരര്‍ നിർത്തിയിട്ടുണ്ടാകാം. പക്ഷേ, എന്‍ക്രിപ്റ്റഡായിട്ടുളള ആപ്പുകള്‍ സുലഭമായ ഒരു കാലത്ത് എന്തിനാണ് ഇത്തരം ഫോണ്‍ കൈവശം വയ്ക്കുന്നതെന്നായിരിക്കാം കുറ്റവാളികളും മറ്റും കരുതുന്നത്.

 

∙ ഇന്ത്യ മാത്രമാണോ നിരോധിച്ചിരിക്കുന്നത്?

 

ചൈനയിലേക്ക് സാറ്റലൈറ്റ് ഫോണുമായി ചെല്ലുന്നത് കുറ്റകരമാണ്. സർക്കാർ അറിയാതെയുള്ള എല്ലാത്തരം ജിപിഎസ് സേവനങ്ങളും നിരോധിച്ചിരിക്കുകയാണ് ചൈന. ക്യൂബ, റഷ്യ, മൊറോക്കോ, മ്യാന്‍മാര്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെല്ലാം പൂര്‍ണമായോ ഭാഗികമായോ സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ശരിക്കും ആപ്പിള്‍ സാറ്റലൈറ്റ് ഫോണ്‍ സംവിധാനം ഐഫോണുകളില്‍ കൊണ്ടുവരുന്നുണ്ടെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ അവ നിരോധിച്ചിരിക്കുന്ന രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത രീതിയിലായിരിക്കും വില്‍ക്കുക.

 

∙ സാറ്റലൈറ്റ് ഫോണ്‍ സേവനം അത്ര കേമമോ?

 

കെട്ടിടങ്ങളുടെയും മറ്റും അകത്ത് ഇവയുടെ പ്രവർത്തനം മോശമാണ് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വല്ല ട്രെക്കിങ്ങിനോ മറ്റോ പോയി ഒറ്റപ്പെട്ടു പോയാല്‍ വിളിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലെങ്കിലാണ് സാറ്റലൈറ്റ് ഫോണുകള്‍ സാധാരണക്കാരെ സഹായിക്കാനെത്തുക. ഒരു പക്ഷേ, അത്തരം സാഹചര്യത്തില്‍ വിളിക്കാനാണ് ആപ്പിള്‍ ഈ ഫീച്ചര്‍ കൊണ്ടുവരുന്നതെങ്കിൽ വലിയ പ്രയോജനമാകുകയും ചെയ്യും.

 

∙ ഭാവി

 

ഭാവിയില്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ എല്ലാ രീതിയിലും മെച്ചപ്പെട്ടേക്കാം. സർക്കാരുകള്‍ക്ക് ട്രാക്കു ചെയ്യാവുന്ന രീതിയില്‍ അവ ക്രമീകരിക്കാന്‍ സാധിക്കുക എന്നത് അത്ര വലിയ വെല്ലുവിളി ആയിരിക്കണമെന്നില്ല. നാടു മുഴുവന്‍ കേബിളുകളും ടവറുകളും വിന്യസിക്കുന്ന രീതിക്ക് അറുതി വരുത്താനും സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ വഴി സാധിക്കും.

 

English Summary: iPhone 13 Could Support Low Earth Orbit (LEO) Satellite calling? True?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com