sections
MORE

അതിവേഗ പ്രോസസർ, അത്യുഗ്രൻ ക്യാമറാ ഫീച്ചറുകൾ... പുതിയ ഐഫോണുകളിലെ സുപ്രധാന മാറ്റങ്ങള്‍ ഇവ

iphone-13-series
SHARE

ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 13 സീരീസിലെ ഫോണുകളിലെല്ലാം മുന്‍ വര്‍ഷത്തെ മോഡലുകളെ അപേക്ഷിച്ച് പല മാറ്റങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടത് പ്രോസസിങ് കരുത്താണ്. പുതിയ ഫീച്ചറുകളില്‍ പലതും സുഗമമായി പ്രവര്‍ത്തിക്കാന്‍ ആപ്പിള്‍ എ15 ബയോണിക് ചിപ്പിന്റെ അധിക ശേഷി പ്രയോജനപ്പെടുത്തുന്നു. ഈ വര്‍ഷത്തെ പ്രോസസറിന് മുന്‍ വര്‍ഷത്തെ പ്രോസസറിനേക്കാള്‍ 50 ശതമാനം അധിക കരുത്തുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുറത്തിറക്കിയ നാലു മോഡലുകളും എ15 പ്രോസസര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതാണ്. പുതിയ പ്രോസസര്‍ 5എന്‍എം ടെക്‌നോളജി പ്രയോജനപ്പെടുത്തുന്നു. ആറു കോറുകളാണ് ഇതിന്. മെഷീന്‍ ലേണിങ്ങിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും പുതിയ സാധ്യതകളും ഇവ ഉള്‍ക്കൊള്ളുന്നു.

∙ ജിപിയു

അതേസമയം, 13 പ്രോ, 13 പ്രോ മാക്‌സ് മോഡലുകളില്‍ 5 കോറുകളുള്ള ജിപിയു ആണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന അനുമാനം ഉണ്ട്. ഐഫോണ്‍ 13, 13 മിനി മോഡലുകളില്‍ 4 കോറുകളുള്ള ജിപിയു ആണെന്നും കരുതുന്നു. കൂടുതല്‍ മികവാര്‍ന്ന ക്യാമറാ സിസ്റ്റവും സ്‌ക്രീനും പ്രോ മോഡലുകളില്‍ ലഭ്യമാണ്. കരുത്തിന്റെ കാര്യത്തില്‍ മുതല്‍ ബാറ്ററിയുടെ വലുപ്പത്തില്‍ വരെ മുന്‍ വര്‍ഷത്തേ മോഡലുകളേക്കാള്‍ മികച്ച പ്രകടനം ഈ വര്‍ഷത്തെ മോഡലുകളില്‍ കാണാന്‍ സാധിച്ചേക്കും.

∙ പ്രോമോഷന്‍ ഡിസ്‌പ്ലെ

ആപ്പിള്‍ ഉപയോക്താക്കള്‍ ഏറെ കാലമായി കാത്തിരിക്കുന്ന ഫീച്ചറുകളിലൊന്നാണ് പുതിയ ഡിസ്‌പ്ലെ ടെക്‌നോളജി. തങ്ങളുടെ എക്കാലത്തേയും മികച്ച പ്രോ മോഡലുകളാണിതെന്നു പറഞ്ഞ് അവതരിപ്പിച്ച ഈ വര്‍ഷത്തെ ഐഫോണ്‍ 13 പ്രോ, 13 പ്രോ മാക്‌സ് മോഡലുകളുടെ സ്‌ക്രീനുകളില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോമോഷന്‍ ടെക്‌നോളജിക്ക് സ്‌ക്രീനിന്റെ റിഫ്രഷ് റേറ്റ് 120 ഹെട്‌സ് വരെ എത്തിക്കാനാകും. വിഡിയോ കാണുമ്പോഴും ഗെയിം കളിക്കുമ്പോഴും ടെക്‌സ്റ്റ് സ്‌ക്രോൾ ചെയ്യുമ്പോഴും എല്ലാം ഇത് കൊണ്ടുവരുന്ന മാറ്റം മികച്ചതായിരിക്കും. അതേസമയം, സ്റ്റില്‍ ഫോട്ടോയും മറ്റും കാണുമ്പോള്‍ റിഫ്രഷ് റേറ്റ് കുറച്ച് ബാറ്ററി സേവ് ചെയ്യാനുള്ള ശേഷിയും ഇവയ്ക്കുണ്ടായിരിക്കും. വിവിധ ആപ്പുകള്‍ റിഫ്രഷ് റേറ്റ് പ്രയോജനപ്പെടുത്താം. പൊതുവേയുള്ള നാവിഗേഷനിലും വെബ് ബ്രൗസിങ്ങിലും എല്ലാം ഇതിന്റെ പ്രഭാവം ഉചിതമായ രീതിയില്‍ കാണാം. പ്രോ മോഡലുകളുടെ ഡിസ്‌പ്ലെ ബ്രൈറ്റ്‌നസ് എച്ഡിആര്‍ സ്റ്റില്ലുകളും വിഡിയോയും കാണുമ്പോള്‍ 1200 നിറ്റ്‌സ് വരെ ഉയരും. അല്ലാത്ത സമയത്ത് 1000 നിറ്റ്‌സ് വരെ ലഭിക്കും.

∙ ബാറ്ററി കൂടുതല്‍ ഉപയോഗിച്ചേക്കും

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം ബ്രൈറ്റ്‌നസ് വര്‍ധിപ്പിച്ച സ്‌ക്രീനുകളാണ് പ്രോ മോഡലുകളില്‍ ഉള്ളത്. എന്നാല്‍, ഇവയുടെ ഒരു പ്രധാന ന്യൂനത ധാരാളമായി ബാറ്ററി ഉപയോഗിക്കും എന്നതാണ്. സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്പ്ലേ വിത് പ്രൊമോഷന്‍ എന്നാണ് കമ്പനി സ്‌ക്രീനിനെ വിളിക്കുന്നത്. റിഫ്രഷ് റേറ്റ് 10 ഹെട്‌സ് മുതല്‍ 120 ഹെട്‌സ് വരെ കണ്ടെന്റിന് അനുസരിച്ച് സ്വയം ക്രമീകരിക്കും. അതേസമയം, വര്‍ഷങ്ങളായി സാംസങ്ങിന്റെയും മറ്റും ഫോണുകളില്‍ ഈ ഫീച്ചര്‍ ഉള്ളതാണ്.

iphone-13-

∙ ക്യാമറാ സിസ്റ്റം

ഈ വര്‍ഷത്തെ ഐഫോണുകളുടെ രൂപകല്‍പനയില്‍ സമ്പൂര്‍ണ മാറ്റങ്ങളൊന്നുമില്ലെങ്കിലും ചില മാറ്റങ്ങള്‍ ഉണ്ടുതാനും. ഇവയ്ക്ക് 20 ശതമാനം ചെറിയ സെൽഫി ക്യാമറാ സിസ്റ്റമാണ് ഉള്ളതെന്നു കമ്പനി പറയുന്നു. പ്രോ മോഡലുകളുടെ പിന്‍ ക്യാമറാ സിസ്റ്റത്തില്‍ മൂന്നു ക്യാമറകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇവ 77 എംഎം, 26എംഎം, 13എംഎം എന്നിവയാണ്. ഇവയ്ക്ക് മികച്ച പ്രകാശം സ്വീകരിക്കാനുള്ള ശേഷിയും ഉണ്ട്. പ്രധാന ക്യാമറയ്ക്ക് സെന്‍സര്‍ ഷിഫ്റ്റ് ഇമേജ് സ്റ്റബിലൈസേഷന്‍ ഉണ്ട്. അള്‍ട്രാ വൈഡ് ക്യാമറയ്ക്കും ടെലി ക്യാമറയ്ക്കും ഇരട്ട ഒപ്ടിക്കല്‍ സ്റ്റബിലൈസേഷന്‍ ആണ് നല്‍കിയിരിക്കുന്നത്. ഐഫോണ്‍ 13 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ക്ക് ഡോള്‍ബി വിഷന്‍ എച്ഡിആര്‍ വിഡിയോ 4കെ60പി വരെ റെക്കോർഡ് ചെയ്യാം. ഏറ്റവും വലിയ ക്യാമറാ ഫീച്ചറുകളിലൊന്ന് സിനിമാറ്റിക് മോഡ് ആണ് (പ്രത്യേക റിപ്പോര്‍ട്ട് കാണുക). ഇത് നേരത്തെ സാംസങ്, എല്‍ജി, വാവെയ് തുടങ്ങിയ ഫോണ്‍ നിര്‍മാതാക്കള്‍ കൊണ്ടുവന്നതാണെങ്കിലും അവയ്ക്ക് എടുത്തുപറയത്തക്ക മികവ് കാണാനായില്ലെന്ന് റിവ്യൂവര്‍മാര്‍ പറയുന്നു. ആപ്പിളിന്റെ രീതി കുറച്ചുകൂടി മാറ്റമുളളതാണ് എന്നാണ് കരുതപ്പെടുന്നത്. മറ്റൊരു ക്യാമറാ ഫീച്ചര്‍ 'ഫൊട്ടോഗ്രഫിക് സ്റ്റൈല്‍സ്' ആണ്.

നാലു വ്യത്യസ്ത പ്രീസെറ്റുകള്‍ നല്‍കിയിരിക്കുന്നു. ഇവയില്‍ ഏതെങ്കിലും തിരഞ്ഞെടുത്ത ശേഷം ചിത്രം പകര്‍ത്തിയാല്‍ അവ കലര്‍ത്തി പ്രോസസു ചെയ്ത ചിത്രം ഫോണില്‍ നിന്നു നേരിട്ടു ലഭിക്കും. കൂടുതല്‍ പ്രോസസിങ് വേണ്ടിവരില്ല. കൂടാതെ, ഇന്നേവരെ ഇറങ്ങിയിരിക്കുന്ന ഐഫോണുകളില്‍വച്ച് ഏറ്റവും മികച്ച മാക്രോ ഫോട്ടോകളും പ്രോ മോഡലുകള്‍ ഉപയോഗിച്ച് പകര്‍ത്താം. സബ്ജക്ടിന്റെ 2 സെന്റീമീറ്റര്‍ അടുത്തു വരെ ഷൂട്ടു ചെയ്യാം. ഒരു വസ്തുവിനെ ആറു മടങ്ങുവരെ പെരുപ്പിച്ചു കാണുകയും, ഫോട്ടോയോ വിഡിയോയോ പകര്‍ത്തുകയും ചെയ്യാം. ഐഫണ്‍ 13, 13 മിനി മോഡലുകളുടെ ക്യാമറകള്‍ ഘടിപ്പിച്ചിരിക്കുന്ന രീതിക്ക് മാറ്റം വരുത്തിയിരിക്കുന്നു. മുന്‍ വര്‍ഷത്തേ ഫോണുകളല്ല എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. ഇവയുടെ സെന്‍സറുകള്‍ക്കും കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 12 സീരീസിനെ അപേക്ഷിച്ച് 47 ശതമാനം അധിക പ്രകാശം സ്വീകരിക്കാന്‍ സാധിക്കും. ഇതുവഴി നോയിസ് കുറഞ്ഞ ചിത്രങ്ങളും വിഡിയോയും പകര്‍ത്താനാകും. എല്ലാ ക്യമറകള്‍ക്കും നൈറ്റ് മോഡും പ്രവര്‍ത്തിപ്പിക്കാം. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫി, സിനിമാറ്റിക് വിഡിയോ, അല്‍ഗോറിതം കേന്ദ്രീകൃതമായ ഓട്ടോമാറ്റിക് ഫോക്കസ് ഷിഫ്റ്റ്, കസ്റ്റമൈസ് ചെയ്യാവുന്ന ഫോട്ടോ മോഡുകള്‍ എന്നിവയാണ് പ്രധാന മാറ്റങ്ങളെന്നു ചുരുക്കി പറയാം.

∙ പ്രോറെസ്‌റോ സപ്പോര്‍ട്ട്

പ്രോറെസ് റോ സപ്പോര്‍ട്ടാണ് പ്രോ മോഡലുകളില്‍ വിഡിയോ ഷൂട്ടിങ്ങില്‍ ലഭ്യമാക്കിയിരിക്കുന്നത്. എഡിറ്റിങ് സമയത്ത് കൂടുതല്‍ ഗുണം കിട്ടുന്ന ഈ ഫോര്‍മാറ്റില്‍ സെക്കന്‍ഡില്‍ 30 ഫ്രെയിം വച്ച് 4കെ വിഡിയോ ഷൂട്ടു ചെയ്യാം. സ്മാര്‍ട് ഫോണുകളില്‍ സമാനമായ അനുഭവം മുൻപ് കിട്ടിയിട്ടില്ലെന്നു പറയുന്നു. എന്നാല്‍, പ്രോറെസ് സപ്പോര്‍ട്ട് ഫീച്ചര്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റു വഴി പിന്നീട് നല്‍കുകയായിരിക്കും ചെയ്യുക.

∙ ഇരട്ട ഇസിം സപ്പോര്‍ട്ട്

ഐഫോണ്‍ 13, 13 പ്രോ മോഡലുകള്‍ക്ക് ഇരട്ട ഇസിം സപ്പോര്‍ട്ട് ലഭ്യമാക്കിയിരിക്കുന്നു. ഫോണിന്റെ രണ്ടു സിം സ്ലോട്ടുകളിലും ഇസിമ്മുകള്‍ ഉപയോഗിക്കാം. എന്നാല്‍, ഒരു സ്ലോട്ടില്‍ നാനോ സിമ്മും ഉപയോഗിക്കാം. ചുരുക്കി പറഞ്ഞാല്‍ മൂന്നു സിമ്മുകള്‍ വേണമെങ്കില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇവ. എന്നാല്‍, മൂന്നു സിമ്മുകള്‍ ഒരേ സമയത്ത് ഇപ്പോള്‍ സപ്പോര്‍ട്ടു ചെയ്യുന്നില്ല. ഇസിമ്മുകള്‍ മാത്രമാക്കിയാല്‍ ഉപയോഗിച്ചാല്‍ ഒരു ടെലികോം ഓപ്പറേറ്ററില്‍ നിന്നു വാങ്ങുന്ന ഫോണ്‍ മറ്റൊരു ഒപ്പറേറ്ററിലേക്ക് മാറുന്നത് കൂടുതല്‍ വിഷമംപിടിച്ച കാര്യമായിരിക്കുമെന്നും പറയുന്നു. ഉദാഹരണത്തിന് നിങ്ങള്‍ റിലയന്‍സ് ജിയോയില്‍ നിന്ന് ഇസിം ലോക് ചെയ്ത ഫോണ്‍ വാങ്ങിയാല്‍ ഏതെങ്കിലും കാരണവശാല്‍ മറ്റൊരു സേവനദാതാവിലേക്കു മാറണമെന്നു തോന്നിയാല്‍ ഈ സിം ഡിസേബിൾ ചെയ്യല്‍ കുറച്ചു പ്രശ്‌നംപിടിച്ച ജോലിയാണെന്നും വാദങ്ങളുണ്ട്.

മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഏറ്റവും കുറവ് അപ്‌ഗ്രേഡുള്ള ഒരു സീരിസാണ് ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

English Summary: iPhone 13, iPhone 13 Pro Series Announced: Features, Specifications

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA