ADVERTISEMENT

തദ്ദേശീയമായി 5ജി സ്മാർട് ഫോണുകൾ നിർമിച്ച് അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ബ്രാൻഡായി ലാവ മാറി. 'അഗ്നി' എന്ന ബ്രാൻഡിൽ പുറത്തിറക്കിയ സ്മാർട് ഫോൺ ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്തതാണ്. ഉത്തർപ്രദേശിലെ നോയിഡയിലുള്ള പ്ലാന്റിലാണ് അഗ്നി 5ജി ഫോൺ നിർമിച്ചത്.

 

ലാവ അഗ്നി 5ജി എന്ന സ്മാർട് ഫോണിന്റെ ഫീച്ചറുകളും വിലയും കമ്പനി നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. മീഡിയടെക് ഡൈമെൻസിറ്റി 810 പ്രോസസറിലാണ് അഗ്നി 5ജി ഫോൺ വരുന്നതെന്ന് ലാവ ഇന്റർനാഷണൽ പ്രസിഡന്റും ബിസിനസ് മേധാവിയുമായ സുനിൽ റെയ്‌ന പിടിഐയോട് പറഞ്ഞു. നിലവിൽ ഇന്ത്യൻ വിപണിയിൽ ആധിപത്യം പുലർത്തുന്ന ചൈനീസ് ബ്രാൻഡുകളെ അപേക്ഷിച്ച് അഗ്‌നിയുടെ വില 19,999 രൂപയായി നിലനിർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

6.78 ഇഞ്ച് ഫുൾ ഹൈ-ഡെഫനിഷനും ഐപിഎസ് പഞ്ച് ഹോൾ ഡിസ്‌പ്ലേയുമായാണ് ലാവ അഗ്നി 5G വരുന്നത്. സെൽഫി ക്യാമറയ്‌ക്കായി പഞ്ച്-ഹോൾ കട്ട്‌ഔട്ടിനൊപ്പം 90Hz റിഫ്രെഷ് റേറ്റുള്ള ഡിസ്‌പ്ലേയാണ് പുതിയ ലാവ ഫോണിലുള്ളത്. ഫോണിന്റെ സ്‌ക്രീനിനു കോർണിങ് ഗോറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ലാവ അഗ്നി 5ജിയിലെ ഒഎസ് ആൻഡ്രോയിഡ് 11 ആണ്.

 

8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് മറ്റു ഫീച്ചറുകൾ. ഒരേ മീഡിയടെക് 5ജി ചിപ്‌സെറ്റിൽ സ്മാർട് ഫോണുകൾ വിൽക്കുന്ന ചൈനീസ് ബ്രാൻഡുകളെ അപേക്ഷിച്ച് ലാവ ഉയർന്ന ക്യാമറ സവിശേഷതകൾ നൽകിയിട്ടുണ്ടെന്നും കമ്പനി വക്താവ് പറഞ്ഞു. 5 എംപി വൈഡ് ആംഗിൾ ക്യാമറ, 2 എംപി ഡെപ്ത് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവയ്‌ക്കൊപ്പം 64 മെഗാപിക്‌സൽ പ്രൈമറി ക്യാമറയുമായാണ് ലാവ അഗ്നി 5 ജി വരുന്നത്. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 10 പ്രീലോഡഡ് ക്യാമറ ഫീച്ചറുകളും ഉണ്ട്.

 

30W സൂപ്പർഫാസ്റ്റ് ചാർജറോട് കൂടിയ 5000 എംഎഎച്ച് ബാറ്ററിയാണ് ലാവ അഗ്നി 5ജിയിൽ ഉള്ളത്. ഇതിലെ ബിൽറ്റ്-ഇൻ ബാറ്ററി 90 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ചെയ്യാൻ കഴിയുന്നതെന്നാണ് എന്ന് കമ്പനി പ്രസിഡന്റ് റെയ്ന അവകാശപ്പെടുന്നത്. 5ജി, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്.

 

ലാവ അഗ്നി 5ജി നവംബർ 18 മുതൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിലൂടെയും ലഭ്യമാകും. നവംബർ 9 മുതൽ 17 വരെ ലാവ ഇ-സ്റ്റോറിലും ആമസോണിലും 500 രൂപ മുൻകൂർ തുക അടച്ച് പ്രീ-ബുക്കിങ് ചെയ്യാം. റിയൽമി 8എസ് 5ജി, മോട്ടോ ജി 5ജി, സാംസങ് ഗ്യാലക്സി എം32 5ജി എന്നിവയ്‌ക്കെതിരെയാണ് ലാവ അഗ്നി 5ജി മത്സരിക്കുക.

 

English Summary: Lava launches its first 5G smartphone 'Agni' at Rs 19,999

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com