ADVERTISEMENT

ഈ വര്‍ഷം ഗൂഗിള്‍ പുറത്തിറക്കിയ പിക്‌സല്‍ 6 ആയിരിക്കാം ഇപ്പോള്‍ വാങ്ങാന്‍ ലഭിക്കുന്ന പ്രീമിയം ഫോണുകളില്‍, കൊടുക്കുന്ന കാശിനുള്ള ആനുപാതിക മൂല്യം തിരിച്ചു നല്‍കുന്ന ഫോണ്‍ എന്നു വിലയിരുത്തൽ. പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രോ എന്നീ ഫോണുകളാണ് കമ്പനി ഈ വര്‍ഷം പുറത്തിറക്കിയത്. അവയില്‍ പ്രോ മോഡലിന് ചില അധിക മേന്മകള്‍ ഉണ്ടെങ്കിലും നല്‍കുന്ന കാശ് മുതലായി എന്ന തോന്നല്‍ നല്‍കുന്നത് പിക്‌സല്‍ 6 ആണെന്നു പറയുന്നു. ഫോണുകളില്‍ പിക്‌സല്‍ 2 മോഡല്‍ മുതല്‍ തനതു രൂപകല്‍പനാ വൈഭവം പ്രകടിപ്പിക്കാന്‍ ഗൂഗിള്‍ ശ്രമിച്ചിട്ടുണ്ട്. ആ പാരമ്പര്യം നിലനിര്‍ത്തുന്ന ഫോണാണ് പിക്‌സല്‍ 6 എന്ന് 9ടു5 ഗൂഗിള്‍ വിലയിരുത്തുന്നു. അതേസമയം, പ്രോ മോഡല്‍ കൂടുതല്‍ ആകര്‍ഷകമാണ്; നിര്‍മാണത്തിന്റെ കാര്യത്തിലും. പക്ഷേ വില 300 ഡോളര്‍ കൂടും. പിക്‌സല്‍ 6 ഡിസൈനിലെ ഏറ്റവും വലിയ പോരായ്മ അതിന്റെ ബെസലിന് അല്‍പം വലുപ്പം കൂടുതലുണ്ട് എന്നതാണ്.

∙ ഡിസ്‌പ്ലേ

പിക്‌സല്‍ 6ന് 6.4-ഇഞ്ച് വലുപ്പമുള്ള 1080പി അമോലെഡ് ഡിസ്‌പ്ലേയാണ്. പിക്‌സല്‍ 6 പ്രോയുടെ സ്‌ക്രീന്‍ കൂടുതല്‍ മികച്ചതാണെങ്കിലും പിക്‌സല്‍ 6 നിരാശപ്പെടുത്തില്ല. എന്നാല്‍, ഡിസ്‌പ്ലേയുടെ റിഫ്രഷ് റേറ്റ് അല്‍പം കൂടി മികച്ചതായിരുന്നെങ്കില്‍ എന്ന തോന്നലും ഉണ്ടാകാം. സ്‌ക്രീനിലേക്ക് നേരേ നോക്കിയാല്‍ കിട്ടുന്ന ഡിസ്‌പ്ലേ മികവ് മറ്റ് കോണുകളില്‍നിന്നു നോക്കിയാല്‍ കിട്ടില്ല. പക്ഷേ, ഇത്തരം പ്രശ്‌നങ്ങളൊന്നും ശരാശരി ഉപയോക്താക്കള്‍ അറിയാനേ പോകുന്നില്ല. അതേസമയം, സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് മികവാര്‍ന്നതാണു താനും. ഈ ഫോണ്‍ വലുപ്പമുള്ളതാണ് എന്നതും മനസ്സില്‍ വയ്ക്കണം.

∙ സോഫ്റ്റ്‌വെയര്‍

പ്യുവർ ആന്‍ഡ്രോയിഡ് അനുഭവം വേണമെന്നുള്ളവര്‍ നോക്കി വാങ്ങുന്നത് പിക്‌സല്‍ ഫോണുകളാണ്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 12 ഏറ്റവും മികവോടെ പ്രവര്‍ത്തിക്കുക പിക്‌സല്‍ 6 മോഡലുകളിലായിരിക്കും. ഈ വര്‍ഷം സ്വന്തം ഒഎസിനൊപ്പം സ്വന്തം പ്രോസസറും കമ്പനി അവതരിപ്പിച്ചിരുന്നു. ടെന്‍സര്‍ എന്നു പേരിട്ടിരിക്കുന്ന പ്രോസസറും ആന്‍ഡ്രോയിഡ് 12 ഉം മികച്ച രീതിയില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ പിക്‌സല്‍ 6ന്റെ പ്രവര്‍ത്തനത്തില്‍ മന്ദഗതി തോന്നില്ല. അതേമസയം, വേണ്ടത്ര മിനുക്കു പണികള്‍ നടത്താത്ത ഒഎസ് ആണ് ആന്‍ഡ്രോയിഡ് 12 എന്ന തോന്നല്‍ വരികയും ചെയ്യുന്നു. ഇത് പിക്‌സല്‍ ഫോണുകളുടെ പ്രശ്‌നമല്ല. ഫീഡ്‌ലി തുടങ്ങിയ ചില ആപ്പുകള്‍ ലോഗ്-ഇന്‍ ചെയ്യുമ്പോഴേ ക്രാഷ് ആകുന്നു തുടങ്ങിയ ചില ബഗുകള്‍ കാണാം. പക്ഷേ, ഇവ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴി പരിഹരിക്കപ്പെടാവുന്നതാണ്.

google-pixel-6-pro

∙ പ്രകടനം

ഗൂഗിള്‍ പിക്‌സല്‍ 6ന് വില 599 ഡോളറാണ്; പ്രോ മോഡലിന് 899 ഡോളറും. ഇവ തമ്മിലുള്ള പ്രകടന വ്യത്യാസം കാര്യമായി തിരിച്ചറിയാനാവില്ല എന്നതാണ് പിക്‌സല്‍ 6നെ ആകര്‍ഷകമാക്കുന്നത്. ഒരേ ടെന്‍സര്‍ പ്രോസസര്‍ തന്നെയാണ് ഇരു മോഡലുകളിലും പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ത്തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രകടനവും ഇരു ഫോണുകളിലും സമാനമായി അനുഭവപ്പെടുന്നു. സാധാരണ കാര്യങ്ങള്‍ക്കൊന്നും ഒരു മന്ദതയും പ്രകടിപ്പിക്കാത്ത മോഡലുകളാണ് പിക്‌സല്‍ 6, പ്രോ മോഡലുകള്‍. അതേസമയം, ഗെയിം കളിച്ചാല്‍ ഇരു മോഡലുകളും കുറച്ചു ചൂടാകുന്നു. എന്നാല്‍, ഇതു പ്രതീക്ഷിക്കുന്ന തരത്തിലുള്ള ചൂടാകലേ ഉളളു. ഗെയിമിങ് ഫോണായല്ല അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും ഇരു മോഡലുകളും ഗെയിമിങ്ങിലും നിരാശപ്പെടുത്തിയേക്കില്ല.

∙ മൂല്യം

ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഓര്‍മവരുന്ന ഒരു കാര്യം വിലയാണ്. ഇത്രയും പ്രകടന മികവ് ഈ വിലയ്ക്കു ലഭിച്ചല്ലോ എന്നു ചിന്തിച്ചു പോകും. മെറ്റീരിയല്‍ യു, ആന്‍ഡ്രോയിഡ് 12, പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത ഗൂഗിള്‍ ആപ്പുകള്‍ എന്നിവയിലെല്ലാം പ്രകടന മികവ് കാണാം. ജിബോര്‍ഡ് കീബോര്‍ഡ് തന്നെ മറ്റൊരു മികച്ച ഉദാഹരണമാണ്. വോയിസ് ടൈപ്പിങ് പ്രയോജനപ്പെടുത്തി ഇന്നുള്ള മറ്റേതു ഫോണിനേക്കാളും വേഗവും കൃത്യതയുമുള്ള രീതിയില്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്‌തെടുക്കാം. വോയിസ് ഉപയോഗിച്ചുള്ള എഡിറ്റിങ്ങും ഉന്നതമായ രീതിയിലാണ് ഈ ഫോണുകളില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയ്‌ക്കെല്ലാം അപ്പുറമാണ് ഗൂഗിളിന്റെ സ്വന്തം ഇമോജി കിച്ചന്‍ കൊണ്ട് ഒപ്പിക്കാവുന്ന കുസൃതികള്‍. ഇത് പിക്‌സല്‍ ഫോണുകളില്‍ മാത്രമാണ് ലഭിക്കുക.

∙ മാജിക് ഇറെയ്‌സര്‍, മറ്റു ചില ഫീച്ചറുകള്‍

നിങ്ങള്‍ എടുത്ത മികച്ച ഫോട്ടോയില്‍ അനാവശ്യമായ ഒരു വസ്തു ഉണ്ടെന്നിരിക്കട്ടെ. ഫോട്ടോഷോപ് പോലുള്ള വലിയ സോഫ്റ്റ്‌വെയറിന്റെ ആവശ്യമില്ലാതെ, സാമാന്യം വൃത്തിയായിത്തന്നെ അതു നീക്കം ചെയ്യാനുള്ള ഒരു ഫീച്ചറാണ് മാജിക് ഇറെയ്‌സര്‍. ലൈബ്രറിയിലുള്ള ഏതു ഫോട്ടോയും ഇങ്ങനെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ വൃത്തിയാക്കാം. സ്പാം കോളുകള്‍ക്കെതിരെയുള്ള മുന്‍കരുതല്‍, ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് തുടങ്ങിയവയും മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

∙ കാര്‍ ക്രാഷ് ഡിറ്റക്ട്

ഗൂഗിളിന്റെ ഏറ്റവും പുതിയ ഫീച്ചറുകളിലൊന്നായ കാര്‍ ക്രാഷ് ഡിറ്റെക്ട് ജീവന്‍ രക്ഷിക്കാന്‍ ഉപകരിക്കുമെന്നു കരുതുന്ന ഫീച്ചറുകളിലൊന്നാണ്. വാഹനം അപകടത്തില്‍ പെട്ടാല്‍ അതു തിരിച്ചറിഞ്ഞ് എമര്‍ജന്‍സി നമ്പറുകളിലേക്ക് ഉടമയുടെ ഇടപെടലില്ലാതെ സ്വയം വിളിക്കാനുള്ള കഴിവിനെയാണ് കാര്‍ ക്രാഷ് ഡിറ്റക്ട് എന്നു വിളിക്കുന്നത്. ഇത്തരം ഫീച്ചറുകള്‍ ഉള്‍പ്പടെയാണ് 599 ഡോളറിനു ലഭിക്കുന്നത് എന്നത് പിക്‌സല്‍ 6നെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളിലൊന്നാണ്.

∙ ബാറ്ററി

പിക്‌സല്‍ 6 ലുള്ളത് 4,600 എംഎഎച് ബാറ്ററിയാണ്. ഇത് 6.4-ഇഞ്ച് വലുപ്പമുള്ള 90 ഹെട്‌സ് സ്‌ക്രീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ മതിയാകുമോ എന്ന ചോദ്യത്തിന്, 'തീര്‍ച്ചയായും' എന്നായിരിക്കും ഉത്തരം. സാധാരണ ഗതിയിലുള്ള ഉപയോഗത്തിനാണെങ്കില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുമെന്ന് ഉറപ്പാണ്. അതേസമയം, ഏകദേശം ആറു മണിക്കൂറായിരിക്കും ഫോണ്‍ സ്‌ക്രീനുള്‍പ്പടെ പ്രവര്‍ത്തിപ്പിക്കാനാകുക എന്നും പറയുന്നു. എന്നാല്‍, പുതിയ ചിപ്പില്‍ ഇനിയും പരിഹരിക്കപ്പെടേണ്ട ചില പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍, ചില ഫോണുകള്‍ക്ക് ഇത്ര മികച്ചപ്രകടനം ലഭിക്കണമെന്നില്ലെന്നും പറയുന്നു.

pixel-6-phone-features

∙ ക്യാമറ

ഗൂഗിള്‍ ഫോണുകള്‍ എക്കാലത്തും ക്യാമറാ പ്രേമികളെ ആകര്‍ഷിച്ചിട്ടുണ്ട്. പിക്‌സല്‍ 6 ആ പൈതൃകം നിലനിര്‍ത്തുന്നു എന്നുമാത്രമല്ല പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു. ഫോണിന്റെ 50 എംപി പ്രധാന സെന്‍സറിന്റെ പ്രകടനം അത്യന്തം മികച്ചതാണ്. നിറത്തിന്റെയും വിശദാംശങ്ങളുടെയും ഷാര്‍പ്‌നെസിന്റെയും കാര്യത്തില്‍ വിപണിയിലുള്ള മറ്റു ഫോണുകളെ അപേക്ഷിച്ച് ഫ്‌ളാഗ്ഷിപ് പ്രകടനം തന്നെയാണ് ഇതു പുറത്തെടുക്കുന്നത്. അതേസമയം, എച്ഡിആര്‍ പ്രകടനം അല്‍പം അതിരുവിടുന്നു എന്ന തോന്നലുണ്ടാക്കുന്നുമുണ്ട്. പ്രത്യേകിച്ചും മുഖം ചിത്രീകരിക്കുമ്പോള്‍. ഇത് ക്രമീകരിക്കാനുള്ള അവകാശം ഉപയോക്താവിന് നല്‍കുക എന്നത് ഗൂഗിളിന് ചെയ്യാവുന്ന പരിഹാര മാര്‍ഗങ്ങളിലൊന്ന്.

എന്നാല്‍, പ്രധാന ക്യാമറയ്ക്ക് ഒപ്പമുള്ള 12എംപി അള്‍ട്രാ വൈഡോ 8എംപി സെല്‍ഫി ക്യാമറയോ ഇത്ര മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നുമില്ല. പിക്‌സല്‍ 6ന് ടെലി ലെന്‍സ് ഇല്ല എന്നതും ഒരു കുറവാണ്. ഫോണിന് 7എക്‌സ് ഡിജിറ്റല്‍ സൂം വഴി കുറച്ച് അകലെയുള്ള വസ്തുക്കളുടെ ഫോട്ടോയും പകര്‍ത്താം. ചില ആളുകള്‍ക്ക്, ടെലി ലെന്‍സ് ഇല്ല എന്നത് ഒരു കുറവു തന്നെ ആയിരിക്കാം. എന്നാല്‍, 599 ഡോളറിന് ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും നല്ല ക്യാമറാ അനുഭവം പിക്‌സല്‍ 6ല്‍ നിന്നു തന്നെയാണ് എന്ന കാര്യം വിസ്മരിക്കാനുമാകില്ല. പുതിയ ടെന്‍സര്‍ ചിപ്പാകട്ടെ ക്യാമറയുടെ ചടുലമായ പ്രകടനത്തില്‍ അദൃശ്യ ശക്തിയായി നിലകൊള്ളുകയും ചെയ്യുന്നു. മോഷന്‍ മോഡ്, വിഡിയോയില്‍ ലൈവ് എച്ഡിആര്‍ തുടങ്ങിയ ഫീച്ചറുകളും ആകര്‍ഷകമാണ്. വിഡിയോ ക്വാളിറ്റി മികച്ചതാണെങ്കിലും ഇക്കാര്യത്തില്‍ ഐഫോണുകള്‍ ഒരു പടി മുന്നിലാണ്. പല ആന്‍ഡ്രോയിഡ് ഫോണുകളും പിക്‌സല്‍ 6ന് ഒപ്പമെത്തുകയും ചെയ്യുന്നു.

ടച്ചിന്റെ കാര്യത്തലും മികവാര്‍ന്ന പ്രകടനമാണ് പിക്‌സല്‍ 6 നല്‍കുന്നത്. ഇക്കാര്യത്തില്‍ ഐഫോണുകളെ പരാജയപ്പെടുത്തില്ലെങ്കിലും മോശപ്പെട്ട പ്രകടനമല്ല. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഡിസ്‌പ്ലേയ്ക്ക് ഉള്ളിലാണ്. ഇത് അല്‍പം പതുക്കെയാണ് പ്രവര്‍ത്തിക്കുക. കൂടാതെ വണ്‍പ്ലസ് തുടങ്ങിയ മോഡലുകളെക്കാള്‍ മോശവുമാണ്. സ്പീക്കറുകൾ മോശമല്ലെങ്കിലും പിക്‌സല്‍ 6നേക്കാള്‍ മികച്ച സ്പീക്കറുകളുള്ള ഫോണുകള്‍ ഉണ്ട്.

Pixel-6-Pro

∙ അവസാന വാക്ക്

ഏറ്റവും മുന്തിയ ഫോണുകളുടെ മുഴുവന്‍ പ്രകടന മികവും ലഭിക്കില്ലെങ്കിലും അവയ്ക്ക് സമാനമായ അനുഭവം പ്രദാനം ചെയ്യാനുള്ള കഴിവുള്ള ഫോണാണ് പിക്‌സല്‍ 6. അതേസമയം വില പരിഗണിച്ചാല്‍, ഇന്നു വാങ്ങാന്‍ ലഭിക്കുന്ന, നല്‍കുന്ന പണം മുതലായി എന്ന തോന്നലുണ്ടാക്കുന്ന ചുരുക്കം ചില ഫോണുകളിലൊന്നാണ് പിക്‌സല്‍ 6. പിക്‌സല്‍ 6 പ്രോ തുടങ്ങി മറ്റു ഫോണുകള്‍ക്കെല്ലാം ചില അധിക ഫീച്ചറുകള്‍ ഉണ്ടെങ്കിലും അവയ്ക്ക് കൂടുതല്‍ വില നല്‍കേണ്ടതായും വരും. പിക്‌സല്‍ 6 ഈ വര്‍ഷം ഇറങ്ങിയ ഏറ്റവുമധികം കാശു മുതലാകുന്ന ഫോണുകളുടെ ഗണത്തിലാണ് പെടുന്നത്.

Specifications
Google Pixel 6
Display

6.4in 90Hz FHD+ OLED (411ppi)
Processor

Google Tensor
Front Camera

8MP selfie
Rear Camera

50MP + 12MP ultrawide
RAM

8GB
Storage

128 or 256GB
Battery Capacity

4614mAh
OS

Android 12
Resolution

1080x2400 pixels

English Summary: Pixel 6 review: the cut-price Google flagship phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com